Saturday, February 11, 2012

Unnam Review: പാതിപിഴച്ച ഉന്നം





 സിബി മലയില്‍ ഒരുക്കിയ 'ഉന്നം' വഴിത്തിരിവുകളുടെ ഘോഷയാത്രയുമായി വരുന്ന ഡാര്‍ക്ക് ത്രില്ലറാണ്. ഹിന്ദി ചിത്രമായ 'ജോണി ഗദ്ദാറിന്റെ' ഈ മലയാളം പതിപ്പിന് പക്ഷേ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതില്‍ ഒറിജിനലിനോട് കിടപിടിക്കാനാവുന്നില്ലെന്നാണ് ന്യൂനത.


അപ്രതീക്ഷിതമായി വീണുകിട്ടുന്ന ഒരു അവസരം ഉപയോഗപ്പെടുത്താന്‍ സുഹൃത്തുക്കളായ അഞ്ചുപേര്‍ പദ്ധതിയിടുകയാണ്. ബോംബെയിലെ പഴയകാല അധോലോക ജീവിതമൊക്കെ ഉപേക്ഷിച്ച് കൊച്ചിയില്‍ ഒതുങ്ങിക്കൂടുന്ന സണ്ണിക്ക് (ലാല്‍) ബാംഗ്ലൂരിലെ പഴയ സുഹൃത്തായ പൊലീസുകാരന്‍ ബാലകൃഷ്ണ (ശ്രീനിവാസന്‍)യുടെ ഫോണ്‍ വരുന്നു. അയാള്‍ക്ക് ലഭിച്ച അഞ്ചുകോടി വിലവരുന്ന മയക്കുമരുന്ന് ആരുമറിയാതെ വിറ്റുകൊടുക്കണം. വിറ്റുകിട്ടുന്ന പണത്തിന്റെ പകുതി മതി അയാള്‍ക്ക്. 


തുടര്‍ന്ന് സണ്ണി, സുഹൃത്തുക്കളായ മുരുകന്‍ (നെടുമുടി വേണു), അലോഷി (ആസിഫ് അലി), ടോണി (പ്രശാന്ത് നാരായണന്‍), ബഷീര്‍ (നൌഷാദ്) എന്നിവരെ കൂടി പങ്കാളികളാക്കുന്നു. പിന്നീട് ബാംഗ്ലൂരില്‍ ചരക്കെടുക്കാന്‍ പോകുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളും ചതികളും തുടര്‍ന്നുള്ള നിരവധി വഴിത്തിരിവുകളുമാണ് കഥ നിയന്ത്രിക്കുന്നത്. 


ആര് ആരെ ചതിക്കുന്നു, ഒരു ചതി മറയ്ക്കാനുള്ള ശ്രമത്തിനിടെ വിണ്ടും ചതികള്‍ തുടങ്ങി എണ്ണമറ്റ വഴിത്തിരിവുകള്‍ ചിത്രത്തിലുണ്ട്. പണത്തിന്റെ പ്രലോഭനം പല കഥാപാത്രങ്ങളുടെയും സ്വഭാവം തന്നെ കീഴ്മേല്‍ മറിക്കുന്നുണ്ട് എന്നതാണ് കഥയുടെ പ്രത്യേകത. എന്നാല്‍ പ്രധാന പ്രശ്നക്കാരന്‍ ആരെന്നറിയാന്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരുന്ന പതിവ് പരിണാമ ഗുപ്തി ചിത്രത്തിലില്ല. പകുതിക്ക് മുമ്പേ കള്ളനാണയമാരെന്ന് പ്രേക്ഷകരെ അറിയിക്കുകയും പിന്നീട് കള്ളത്തരം മറയ്ക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ്. 


ശ്രീറാം രാഘവന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ 'ജോണി ഗദ്ദാര്‍' ത്രില്ലര്‍ എന്ന നിലക്ക് മികച്ച അഭിപ്രായം നേടിയിരുന്നു. നായകവേഷത്തിലെത്തിയ പുതുമുഖം നീല്‍ നിതിന്‍ മുകേഷ് ഭാവപകര്‍ച്ചകള്‍ അദ്ദേഹത്തിന് ഹിന്ദിസിനിമയില്‍ സ്വന്തം ഇടം നേടിക്കൊടുക്കുകയും ചെയ്തു. 


'ജോണി ഗദ്ദാര്‍' മലയാളത്തില്‍ 'ഉന്ന'മായപ്പോള്‍ ചൂടാറിയിട്ടുണ്ട്. പ്രമേയത്തിലും ആഖ്യാനത്തിലും ഒറിജിനലിന്റെ ശൈലി ഏതാണ്ട് പിന്‍തുടരുന്നുണ്ട്. എന്നാല്‍ സ്വാതി ഭാസ്കര്‍ തയ്യാറാക്കിയ തിരക്കഥക്കും അത് സംവിധാനം ചെയ്ത സിബി മലയിലിനും ആ ശില്‍പഭദ്രത ഇവിടെയെത്തിക്കാനായില്ല. 


അന്യ ഭാഷാ ചിത്രങ്ങളില്‍ നിന്ന് 'പ്രചോദനം' ഉള്‍ക്കൊണ്ട പല സമീപകാല മലയാള സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒറിജിനലിന് 'ഉന്ന'ത്തിന്റെ ടൈറ്റിലില്‍ കടപ്പാട് നല്‍കിയിട്ടുണ്ടെന്നതും ആശ്വാസമാണ്.  


നീല്‍ നിതിന്‍ അവതരിപ്പിച്ച കഥാപാത്രം ആസിഫ് അലിയുടെ അലോഷിയായപ്പോള്‍ പൊതുവേ നന്നായെങ്കിലും ഭാവപകര്‍ച്ചകളില്‍ പതറുന്നതാണ് കണ്ടത്. ധര്‍മേന്ദ്ര അവതരിപ്പിച്ച കഥാപാത്രം മലയാളത്തില്‍ ലാലിന്റെ സണ്ണിയായപ്പോള്‍ മോശമായില്ല. 


അടിവരയിട്ടു ചൂണ്ടിക്കാണിക്കേണ്ടത് പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച ടോണിയാണ്. പ്രതിനായക പരിവേഷം ആദ്യാവസാനമുള്ള കഥാപാത്രം യാഥാര്‍ഥ്യബോധത്തോടെ, വ്യത്യസ്തത തോന്നിക്കുംവിധം പ്രശാന്തിന് കൈകാര്യം ചെയ്യാനായി. ഹിന്ദിചുവയുള്ള പ്രശാന്തിന്റെ മലയാളവും ഒരു പുതുമയായി. മര്‍ഡര്‍ 2 പോലുള്ള ചിത്രങ്ങളില്‍ മൃഗീയ വില്ലനെ അവതരിപ്പിച്ച ഇദ്ദേഹം മലയാള അരങ്ങേറ്റത്തിലും പേരുദേഷം കേള്‍പ്പിച്ചില്ല.


നായികയായ റീമാ കല്ലിംഗല്‍ വ്യത്യസ്ത ഗെറ്റപ്പിലാണെത്തുന്നത്. എന്നാല്‍ നായികക്ക് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുമില്ല. നെടുമുടി വേണു, ശ്രീനിവാസന്‍, ശ്വേതാ മേനോന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോടു നീതി പുലര്‍ത്തി. 


അജയന്‍ വിന്‍സന്റിന്റെ ക്യാമറ കഥ ആവശ്യപ്പെടുന്ന ദുരൂഹത ആദ്യാവസാനം നിലനിര്‍ത്തുന്നുണ്ട്. തിരക്കഥയിലും സംവിധാനത്തിലും വരുന്ന വലിച്ചിലിന് ഒരു പരിധിവരെ വേഗം കൂട്ടാന്‍ ബിജിത്ത് ബാലയുടെ എഡിറ്റിംഗിനുമായിട്ടുണ്ട്. ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ ജോസ് പി. വര്‍ക്കി ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതായി അനുഭവപ്പെടുന്നില്ല. ചിത്രത്തിന് ഇവ അവിഭാജ്യഘടകമല്ലാത്തതിനാലാവാം.


ഒരു ഡാര്‍ക്ക് ത്രില്ലറിന് വേണ്ട ദൃശ്യപരിചണ ശൈലി തന്നെയാണ് 'ഉന്നം' പിന്‍തുടരുന്നത്. എന്നാലത് കോര്‍ത്തിണക്കുമ്പോള്‍ എവിടൊക്കെയോ എങ്ങനൊക്കെയോ രസചരടിന്റെ കണ്ണിയകലുണ്ട് എന്നതാണ് പ്രശ്നം. 


unnam review, unnam malayalam movie, sibi malayil, swathi bhaskar, asif ali in unnam, unnam film review, lal, swetha menon, prasanth narayanan, nedumudi venu, rima kallingal, malayalam film reviews, film news

9 comments:

വിശ്വസ്തന്‍ (Viswasthan) said...

ഒറിജിനലിന് 'ഉന്ന'ത്തിന്റെ ടൈറ്റിലില്‍ കടപ്പാട് നല്‍കിയിട്ടുണ്ടെന്നതും ആശ്വാസമാണ്.

അപ്പൊ ഇനി എവിടെ നിന്ന് ചൂണ്ടിയതാണെന്ന് അന്വേഷിച്ചു നേരം കളയണ്ട അല്ലെ .

ഒറിജിനല്‍ കാണാത്തവര്‍ക്ക് ബോറടിക്കാതെ കാണാന്‍ പറ്റുമോ ?

Joe said...

eventhough unnam missed its "aim" its watchable, specially those who dint watch da original.

Balu said...

yaaa....its a watchable movie...but not perfect...

allaboutcinema said...

@ viswasthan..
It is definitely a watchable movie (for those who didnt watched the original..!

Anonymous said...

pizhachal muzhuvanum pizhakkum. enganeya pati pizhakkunne?

PAULSON JOHN said...

അസിഫിന്റെ ഉന്നം തെറ്റി വെടിയുണ്ട കേരളത്തിലെ പ്രേക്ഷകരുടെ നെഞ്ചത്ത് തെന്നെ ...അയ്യോ

nias said...

നല്ല റിവ്യു...
ലളിതഭാഷയില്‍ ഉന്നം സിനിമയെ ഭംഗിയായി അപഗ്രഥിക്കാന്‍ ലേഖകന് സാധിച്ചു.
എന്നാലും ലളിതവത്കരണത്തിനിടെയില്‍ സിനിമയില്‍ കണ്ട ചില ധുംധുഭികള്‍ ഒഴിവായി പോയിട്ടുണ്ട്.

എല്ലാ ഭാവുകങ്ങളും നേരുന്നു

Mollywood Niroopanam said...

Unnam - Review

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പുതുമയുള്ള കഥ
2. പ്രശാന്ത്‌ നാരായണന്‍, ലാല്‍ എന്നിവരുടെ അഭിനയം
3. അതിയശ്യോക്തി ഇല്ലാത്ത രംഗങ്ങള്‍
4. അജയന്‍ വിന്‍സെന്റ് ഒരുക്കിയ ഫ്രെയിമുകള്‍, സമീറ സനീഷിന്റെ കലാസംവിധാനം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
3. ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ക്ക് അനിയോജ്യമല്ലാത്ത കഥാപാത്രങ്ങള്‍
4. കഥയില്‍ യാതൊരു ആവശ്യവുമില്ലാത്ത പാട്ടുകള്‍
5. പാട്ടിന്റെ വരികള്‍, സംഗീത സംവിധാനം

ഉന്നം റിവ്യൂ: മലയാളി സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള പുതുമ നിറഞ്ഞ കഥയാണ് ഈ സിനിമയുടെതെങ്കിലും, ആ കഥയ്ക്ക്‌ അനിയോജ്യമല്ലാത്തതും അവിശ്വസനീയവുമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയ തിരക്കഥകൃത്ത് സ്വാതി ഭാസ്കറിനും, സസ്പെന്‍സ് ഇല്ലാത്ത കഥാഗതിയും ത്രില്ലടിപ്പിക്കാത്ത രംഗങ്ങളും ചിത്രീകരിച്ച സംവിധായകന്‍ സിബി മലയിലിനും ഉന്നം പിഴച്ചു.

അഫ്സല്‍ said...

കാണാമെന്ന് കരുതിയതാ , അപ്പോഴേക്കും മാറി

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.