Saturday, February 4, 2012

Second show review: പുതുമണവുമായി 'സെക്കന്റ് ഷോ'






മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നായകനാകുന്ന ചിത്രമെന്ന നിലക്കാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'സെക്കന്റ് ഷോ' ആദ്യം മാധ്യമചര്‍ച്ചകളില്‍ ശ്രദ്ധ നേടിയത്. അരങ്ങിലും അണിയറയിലും പുതുക്കക്കാരായതിനാലാവാം ചിത്രം പരത്തുന്നത് വ്യത്യസ്തതയുടെ പുതുമണമാണ്. കഥക്ക് പുതുമയില്ലെങ്കിലും ആഖ്യാനത്തിലും അഭിനയത്തിലും സംഭാഷണങ്ങളിലും ഒന്നും കണ്ടു മടുത്തതൊന്നും കാണേണ്ടിവരുന്നില്ല എന്നതാണ് ചിത്രത്തിന്റെ മേന്‍മ. 


മണല്‍കടത്തും ചില്ലറ തരികിടകളുമായി കുരുടിമുക്കില്‍ കഴിഞ്ഞ ലാലു എന്ന ഹരിലാലി(ദുല്‍ഖര്‍ സല്‍മാന്‍)ന്റെയും കുരുടി എന്ന നെല്‍സണ്‍ മണ്ടേല പി.പിയുടേയും കൂട്ടരുടേയും കഥയാണിത്. ആ പണി നഷ്ടമാകുമ്പോള്‍ പിന്നെ വാവച്ചന്റെ (ബാബുരാജ്) ഒപ്പം സി.സി പിടിത്തമാക്കി ഇവര്‍. അവിടുന്നും വിടേണ്ടിവരുമ്പോള്‍ വിഷ്ണുബുദ്ധന്‍ (സുധേഷ് ബേറി) എന്ന വമ്പനൊപ്പം കള്ളക്കടത്ത് സഹായികളാകുന്നു. ബുദ്ധനുമായി ഇടയേണ്ടിവന്ന ശേഷം ലാലുവിനും കൂട്ടര്‍ക്കും ജീവിതത്തില്‍ വരുന്ന ഉയര്‍ച്ച താഴ്ചകളാണ് കഥ നയിക്കുന്നത്. 


സുബ്രഹ്മണ്യപുരം, പോക്കിരി തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടതില്‍ കവിഞ്ഞ പ്രമേയഭദ്രതയോ പുതുമയോ കഥയിലില്ല. ക്വട്ടേഷനും കള്ളക്കടത്തിനുമുള്ള പതിവ് ചട്ടക്കൂട് തന്നെ. യുക്തിഭദ്രതയില്ലാത്ത കഥാവികാസവും പലേടത്തും ദൃശ്യമാണ്. എന്നാല്‍ 'സെക്കന്റ് ഷോ' വ്യത്യസ്തമാവുന്നത് ആഖ്യാനത്തിലെ നൂതനസമീപനവും അതിനു നന്നായി പിന്‍തുണയേകുന്ന തിരക്കഥയുടേയും അഭിനേതാക്കളുടേയും ബലവുമാണ്. പതിവ് സിനിമാറ്റിക്ക് രംഗങ്ങള്‍ക്ക് പകരം പച്ചയായ സംഭാഷണങ്ങളും രംഗങ്ങളുമാണ് കൂടുതല്‍.


ശ്രീനാഥ്  എന്ന സംവിധായകന്റെയും വിനി വിശ്വലാല്‍ എന്ന തിരക്കഥാകൃത്തിന്റേയും ഇടപെടല്‍ എല്ലാ രംഗങ്ങളിലും പ്രകടമാണ്. ആദ്യപകുതിയില്‍ കഥയുടെ നീക്കത്തില്‍ ചില ഘട്ടത്തില്‍ വേഗം പോരെന്ന് തോന്നുമെങ്കിലും അതു മറയ്ക്കുന്ന ശ്രദ്ധേയ നര്‍മങ്ങള്‍ ചിത്രത്തെ സജീവമാക്കുന്നുണ്ട്. 


ലാലു എന്ന നായകനെ ചിത്രത്തിലുടനീളം അവതരിപ്പിച്ചിരിക്കുന്നതും പതിവ് ശൈലികളില്‍ നിന്ന് അപ്പാടെ മാറിയൊരു ഇമേജ് നല്‍കിയാണ്. 


പ്രേക്ഷകരെ കൈയിലെടുക്കാനാവുന്ന നിരവധി 'ഒണ്‍ലൈനേഴ്സ്' ചിത്രത്തിലുടനീളം ഉണ്ടെന്നതും ശ്രദ്ധേയമാണ്. 'അന്നും ഇന്നും പെണ്ണിനെന്നും കാമുകന്‍ പണം തന്നെ', ചിത്രത്തിന്റെ ക്ലൈമാക്സ് കാണാനാവാത്തതിനെചൊല്ലിയുള്ള ലാലുവിന്റെ പ്രതികരണം, നായികയോട് അവളുടെ പിതാവ് ചെയ്ത നല്ല കാര്യം പറയുന്നത് തുടങ്ങി ഒട്ടനവധി ഡയലോഗുകള്‍ ഈ ഗണത്തില്‍ ഓര്‍ത്തെടുക്കാനുണ്ട്. 


ദുല്‍ഖറിന്റെ നായക അരങ്ങേറ്റം മോശമാക്കിയില്ല. പിതാവിന്റെ പേര്  മോശമാക്കാത്ത പ്രകടനമായിരുന്നു ചിത്രത്തിലുടനീളം. എന്നാല്‍ ആദ്യഘട്ടത്തില്‍ ഡയലോഗ് ഡെലിവറിയിലെ അപാകത ചിലയിടങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. സാധാരണക്കാരനായും സ്റ്റൈലിഷായും ഒക്കെ ദുല്‍ഖര്‍ വരുന്നുണ്ടെങ്കിലും കൂടുതല്‍ നന്നായി തോന്നിയത് സ്റൈറലന്‍ ഗെറ്റപ്പാണ്. ആകാരഭംഗിയും ശബ്ദവും തന്നെയാണ് പിതാവിനെപ്പോലെ ദുല്‍ഖറിന്റെയും പ്ലസ് പോയന്റുകള്‍. കന്നിക്കാരന്റെ പക്വമായ ശ്രമമാണെങ്കിലും മുന്‍നിരയിലെത്താന്‍ ദുല്‍ഖറിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. 


അതിശയിപ്പിക്കുന്ന പ്രകടനം കുരുടിയായി എത്തിയ സണ്ണി വെയിനിന്റേതാണ്. കോമഡി ടൈമിംഗും ഡയലോഗ് ഡെലിവെറിയും സ്ക്രീന്‍ പ്രസന്‍സുമൊക്കെ അപാരമാണ്. ചിത്രം കണ്ട ആരും സണ്ണിയുടെ പ്രകടനത്തെ മോശം പറയില്ല. 


ഒരുപാട് നേരമൊന്നുമില്ലെങ്കിലും വക്കച്ചനായും അയാളുടെ ചേട്ടനായും ബാബുരാജ് കസറിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള വേഷമൊന്നുമല്ലെങ്കിലും നായിക ഗീതുവായി ഗൌതമി നായരും നന്നായി. ലാലുവിന്റെ അമ്മയായി രോഹിണി, വില്ലനായി സുധേഷ് ബേറി , കുഞ്ചന്‍ തുടങ്ങിയവരും സാന്നിധ്യമറിയിച്ചു. 


സാങ്കേതിക വിഭാഗങ്ങളില്‍ പപ്പുവിന്റെ ക്യാമറ മോശമായില്ല. എങ്കിലും ഡാര്‍ക്ക് ത്രില്ലറാവാനുള്ള ശ്രമത്തില്‍ ആദ്യ പകുതിയിലെ ഇരുളന്‍ ഷോട്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു. കൂടാതെ ചിത്രത്തിനു ആദ്യാവസാനമൊരു വ്യക്തതക്കുറവുമുണ്ട്.


പശ്ചാത്തലസംഗീതം വ്യത്യസ്തമായ അവതരണശൈലിക്കൊപ്പം നീങ്ങുന്നതായിരുന്നു. രംഗങ്ങളോടു ഇഴുകിച്ചേര്‍ന്നുള്ള ഗാനങ്ങളും മനോഹരമായി. നിഖില്‍ രാജനും അവിയലുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 


പുതുതലമുറ പരീക്ഷണചിത്രങ്ങളില്‍ മറ്റൊരു ശ്രദ്ധേയ കൂട്ടിച്ചേര്‍ക്കലാണ് 'സെക്കന്റ് ഷോ'. പുതുമക്കാരുടെ കൈപ്പിഴകള്‍ എന്ന നിലയില്‍ ചൂണ്ടിക്കാട്ടാന്‍ ഏറെയുണ്ടാകും ചിത്രത്തില്‍. എങ്കിലും ഏല്ലാ മേഖലയിലും ആത്മാര്‍ഥ ശ്രമത്തിന്റെ കൈയൊപ്പ് ആദ്യാവസാനമുണ്ട്. ഒരു തേര്‍ഡ് ഷോക്കുള്ള വഴിമരുന്നും ഒളിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നതും. 


അതുകൊണ്ടുതന്നെ, എല്ലാ അര്‍ഥത്തിലും മികച്ച ചിത്രമൊന്നുമല്ലെങ്കിലും സെക്കന്റ് ഷോ, പുതുമുഖങ്ങളുടെ മികച്ച ശ്രമമെന്ന നിലക്ക് പ്രോല്‍സാഹിക്കപ്പെടേണ്ടതു തന്നെ.

second show review, second show malayalam movie, dulquer salmaan, dulquer salman movie, gauthami nair, sudhesh beri, srinath rajendran, sunny wales, nikhil rajan, avial, pappu, kurudi, malayalam film reviews, movie reviews

8 comments:

Anonymous said...

saimaaaaa kalakki

Reshmi said...

good start dulkkar

Iqbal said...

nalla cinemakal poothulayatte malayalathil. sreenathinum koottukarkkum abhivadhyangal.

Anonymous said...

athmartha sramam okke thanne. pakshe averege only

Unknown said...

good review n the film roxxxx

Biju B said...

സെക്കന്‍റ് ഷോ ഒരിക്കലും അത്ര നല്ല സിനിമയൊന്നുമല്ല. ഒരാശ്വാസം ഒരു വ്യത്യാസം. സൂപ്പര്‍ കോമരങ്ങളെ കാണേണ്ട എന്നതു തന്നെ ആശ്വാസം

chaver vavachan said...

Pilleru kali thudangi symaaa

Balu said...

padam kandu kollam,

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.