Monday, February 20, 2012

fathers day review: പ്രമേയഗൌരവവുമായി ഫാദേഴ്സ് ഡേ





 ഗൌരവമുള്ളൊരു സാമൂഹികപ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുകയാണ് കലവൂര്‍ രവികുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഫാദേഴ്സ് ഡേ'. ബലാല്‍സംഗത്തിനിരയായ ഒരു യുവതി പിന്നീടുള്ള ജീവിതത്തില്‍ നേരിടേണ്ടിവരുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികളാണ് സിനിമ ചര്‍ച്ചക്കെടുക്കുന്നത്. 


കഥ അര്‍ഹിക്കുന്ന ഗൌരവത്തോടെയാണ് സംവിധായകന്‍ സമീപിച്ചതെങ്കിലും ആഖ്യാനത്തില്‍ കാര്യമായ പുതുമ കണ്ടെത്താനായിട്ടില്ല. കൂടാതെ അവിടെയുമിവിടെയും അയഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ക്ക് ഒതുക്കം നല്‍കാനായിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ മെച്ചമായേനെ. 


സീതാ ലക്ഷ്മി (രേവതി) അവിവാഹിതയായ കോളജ് പ്രൊഫസറാണ്. സ്നേഹസമ്പന്നനായ അനുജന്‍ ഗോപന്‍ (വിനീത്) ആണ് ബന്ധുവായ നീനുവിനൊപ്പം (ഇന്ദു തമ്പി) താമസിക്കുന്ന ചേച്ചിയുടെ കാര്യങ്ങള്‍ നോക്കുന്നത്. വിവാഹത്തിനായി ഗോപന്‍ ചേച്ചിയെ നിര്‍ബന്ധിക്കാറുണ്ട്.  
എന്നാല്‍ യൌവനത്തില്‍ നാലുപേരുടെ കാമവെറിക്കിരയായ ദുരനുഭവം സീതാലക്ഷ്മിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ദൂരൂഹതകളുമായി സീതയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന  ജോസഫ് ടി. ജോസഫ് (ഷെഹിന്‍) എന്ന യുവാവ് അവരുടെ ജീവിതത്തെ മാറ്റി മറിക്കുകയാണ്. 


ശാരീരിക അതിക്രമത്തിനിരയായ വ്യക്തി മാത്രമല്ല അവരുടെ മക്കളും മറ്റ് കുടുംബാംഗങ്ങളും ഒക്കെ ഈ സംഭവത്താല്‍ തുടര്‍ജീവിതത്തില്‍ എങ്ങനെ ബാധിക്കപ്പെടുമെന്ന്  ചിത്രം പരിശോധിക്കുന്നു. സാമൂഹികമായ ഒറ്റപ്പെടലുകളും ദുരന്തങ്ങളും ഏറെ അനുഭവിച്ച ഇരയുടെ സന്തതിയുടെ പ്രതികരണം അല്ലെങ്കില്‍ തന്നെ ഇത്തരത്തിലാക്കിയവരോടുള്ള 'പ്രതികാര'മാണ് തുടര്‍ന്നുള്ള കഥ. 


പുതുമകള്‍ അവകാശപ്പെടാനില്ലാത്തതാണെങ്കിലും ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ പ്രസക്തമായ വിഷയം തന്നെയാണിത്. താരങ്ങളില്ലാതെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമേകുന്നുവെന്നതും ആശ്വാസമാണ്. എന്നാല്‍ പതിവ് കുടുംബകഥ പറച്ചില്‍ ശൈലി പിന്‍തുടരുന്നതാണ് ചിത്രത്തിന്റെ പ്രശ്നം. ഇതുമൂലം ബന്ധങ്ങളും വേദനകളും പങ്കുവെക്കുന്ന രംഗങ്ങള്‍ ചിലയിടത്തെങ്കിലും അതിവൈകാരികതയിലേക്ക് വഴുതുന്നുണ്ട്. തിരക്കഥക്കും അല്‍പം ഒതുക്കമാകാമായിരുന്നു.


ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതിയും ഷെഹിനും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി കാട്ടി. ആദ്യചിത്രമെങ്കിലും പക്വമായി നായക കഥാപാത്രത്തെ കൈകാര്യം ചെയ്യാന്‍ ഷെഹിനായി എന്നതും എടുത്തുപറയണം. 


വിനീത്, ലാല്‍ തുടങ്ങിയവരും മോശമാക്കിയില്ല. എന്നാല്‍ രേവതിയുടെ കഥാപാത്രത്തിന്റെ കൂടെ ഉടനീളമുള്ള ഇന്ദു തമ്പി പലപ്പോഴും ഡയലോഗ് ഡെലിവറിയിലെ അപാകതകളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും വെറുപ്പിക്കുന്നുണ്ട്. ഒരുഘട്ടത്തില്‍ കഥയില്‍ വഴിത്തിരിവാകുന്ന കഥാപാത്രങ്ങളായി ശങ്കര്‍, ഇടവേള ബാബു, വിജയ് മേനോന്‍, സുരേഷ് കൃഷ്ണ എന്നിവരുമുണ്ട്.


അതിഥി വേഷങ്ങളില്‍ ജഗതി ശ്രീകുമാര്‍, കെ.പി.എ.സി ലളിത എന്നിവരും സാന്നിധ്യമറിയിക്കുന്നു. ഒരു രംഗത്തിനായി റസൂല്‍ പൂക്കുട്ടിയുടെ പ്രത്യേക സാന്നിധ്യവമുണ്ട്. എം.ജി ശ്രീകുമാര്‍ ഒരുക്കിയ ഈണങ്ങള്‍ ശരാശരിയാണ്. അതേസമയം, ഔസേപ്പച്ചന്റെ പശ്ചാത്തലസംഗീതവും എസ്.ജി രാമന്റെ ക്യാമറയും മോശമായില്ല. 


ചുരുക്കത്തില്‍, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷങ്ങളില്‍ ഒന്ന് തന്നെ 'ഫാദേഴ്സ് ഡേ'ക്ക് വേണ്ടി കലവൂര്‍ രവികുമാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക്‌ ഒരു പരിധി വരെ ഇഷ്ടമാവുകയും ചെയ്യും. എന്നാല്‍ പറയാന്‍ കൂടുതല്‍ നൂതനമായ രീതി നോക്കേണ്ടിയിരുന്നു.

 
fathers day review, kalavoor ravikumar, shehin, indu thampy, revathy, lal, jagathy sreekumar, shankar, bharat samuel, malayalam movie fathers day, malayalam film review

1 comments:

Santhosh. Balan said...

lalityamulla cinemakal vijayikkatte. ashamsakal

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.