Monday, February 27, 2012

Ee adutha kaalathu Review: അടുത്തകാലത്തെ സാധാരണത്വത്തിന്റെ ഭംഗി


അടുത്ത കാലത്ത് മലയാളത്തില്‍ സജീവമായ കാമ്പുള്ള പുതുതലമുറ ചിത്രങ്ങളുടെ നിരയിലേക്ക് അഭിമാനത്തോടെ കടന്നിരിക്കാവുന്ന ചിത്രമാണ് അരുണ്‍കുമാര്‍ അരവിന്ദിന്റെ 'ഈ അടുത്ത കാലത്ത്'. കടംകൊണ്ട കഥയെന്ന് പഴി കേട്ടെങ്കിലും വെടിപ്പായി പടം പിടിക്കാനറിയാമെന്ന് 'കോക്ക് ടെയിലി'ലൂടെ അരുണ്‍ തെളിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോള്‍ തിരക്കഥാകൃത്ത് മുരളി ഗോപിയുമായി ചേര്‍ന്ന് മൌലികമായ സൃഷ്ടിയൊരുക്കി  പഴയ ചീത്തപ്പേര് മാറ്റാനും അരുണിന് കഴിഞ്ഞു.


തിരുവനന്തപുരം നഗരത്തിലെ പല സാഹചര്യങ്ങളും പല ജീവിതങ്ങളുമാണ് 'ഈ അടുത്ത കാലത്ത്' പറയുന്നത്. ആക്രി പെറുക്കി ജീവിക്കുന്ന വിഷ്ണുവും രമണിയും, കമീഷണര്‍ ടോമും ആശുപത്രി ഉടമ അജയ് കുര്യനും അയാളുടെ ഭാര്യ മാധുരിയും വടക്കേ ഇന്ത്യാക്കാരന്‍ പൂവാലന്‍ റസ്തോമും മഞ്ഞപത്രക്കാരന്‍ ബോണക്കാട് രാമചന്ദ്രനും ചാനല്‍ ലേഖിക രൂപയും ഉള്‍പ്പെടെ വിവിധ കഥാപാത്രങ്ങളും വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമാണ് കഥയിലുടനീളം. 


ജീവിത സാഹചര്യങ്ങള്‍ വിഭിന്നമെങ്കിലും ഏതെങ്കിലും പ്രശ്നത്തില്‍ ഇവരെല്ലാം കുഴഞ്ഞുമറിയുകയാണെന്നതാണ് പൊതുഘടകം. 
വിഷ്ണു (ഇന്ദ്രജിത്ത്) വിന് കടം തീര്‍ക്കാന്‍ വഴി കാണാത്തതാണ് പ്രതിസന്ധി. അജയ് കുര്യനും (മുരളി ഗോപി) ഭാര്യ മാധുരി (തനുശ്രീ ഘോഷ്)ക്കും ദാമ്പത്യത്തിലെ താളപ്പിഴകളാണ് പ്രശ്നം. കമീഷണര്‍ ടോമി (അനൂപ് മേനോന്‍) നാകട്ടെ കേസുകള്‍ തെളിയിക്കാനാവാത്തവനെന്ന ചീത്തപ്പേരും.  ഇവരില്‍ പലരും പ്രശ്നപരിഹാരത്തിനോ പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനോ ആയി വളഞ്ഞ വഴികള്‍ തേടുമ്പോഴാണ് കഥാപാത്രങ്ങള്‍ തമ്മില്‍ കഥയുടെ ഒഴുക്കില്‍ കണ്ണി ചേരുന്നത്. 


ഇത്തരത്തില്‍ രേഖീയമല്ലാത്ത ആഖ്യാനത്തിലൂടെ കഥ ആശയക്കുഴപ്പമില്ലാതെ കോര്‍ത്തിണക്കുന്നതില്‍ മുരളി ഗോപിയുടെ തിരക്കഥക്കും അരുണ്‍ കുമാറിന്റെ സംവിധാനത്തിനും ആയാസമില്ലാതെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പറയേണ്ട കഥകള്‍ക്ക് പുറമേ ചുറ്റുവട്ടങ്ങള്‍ കൂടി ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചതിനാലാവണം ആദ്യ പകുതിക്ക് ആവശ്യത്തിലധികം ദൈര്‍ഘ്യം അനുഭവപ്പെടും. സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്ത ചിത്രത്തില്‍ ഇത് ഒഴിവാക്കാമായിരുന്നു. 


സിനിമാറ്റിക്കായ സംഭാഷണങ്ങളും അതിവൈകാരികതയും അനാവശ്യ ഉദ്വേഗവുമൊന്നും വേണ്ട ഭംഗിയായി കഥ കൊണ്ടു പോകാനും കഥാപാത്രങ്ങളുടെ വികാരങ്ങള്‍ പ്രതിഭലിപ്പിക്കാനുമെന്ന തിരിച്ചറിവും ലളിതമായ നര്‍മങ്ങളും സിനിമയുടെ ആസ്വാദ്യത കൂട്ടുന്നു. മാത്രമല്ല, ദാമ്പത്യ പ്രശ്നങ്ങളും ലൈംഗിക അടിച്ചമര്‍ത്തലുകളും സഭ്യമായിത്തന്നെ തുറന്ന ചര്‍ച്ചക്കെടുത്തിട്ടുമുണ്ട്. 


താരപരിവേഷമില്ലാത്ത, തെറ്റുകള്‍ പറ്റുന്ന, നന്‍മ തിന്‍മകള്‍ ഇടകലര്‍ന്ന തീര്‍ത്തും സാധാരണക്കാരാണ് കഥാപാത്രങ്ങളെല്ലാം എന്നതാണ് 'ഈ അടുത്ത കാലത്തി'ലെ പ്രധാന മേന്‍മ. കഥാപാത്രങ്ങളാകാന്‍ സംവിധായകന്‍ കണ്ടെത്തിയവരില്‍ മിക്കവരും നൂറ്റൊന്നു ശതമാനം യോഗ്യരും. 


ആയാസരഹിതവും സൌമ്യവുമായ പ്രകടനത്തിലൂടെ ഇന്ദ്രജിത്തിന്റെ വെട്ടു വിഷ്ണു തന്നെ പ്രകടനത്തില്‍ ഏറ്റവും കേമന്‍. തിരുവനന്തപുരം ചുവയുള്ള നിഷ്കളങ്കമായ സംഭാഷണവും ആകര്‍ഷകം തന്നെ. മുരളി ഗോപിയും അജയ് കുര്യന്റെ ഭാവവ്യതിയാനങ്ങള്‍ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്. നായികമാരില്‍ തനുശ്രീയുടെ മാധുരി തന്നെ മികച്ചുനിന്നത്. ഇടക്കിടക്ക് ബാലിശമായ രംഗങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നെങ്കിലും അനൂപ് മേനോന്റെ കമീഷണറും ശ്രദ്ധിക്കപ്പെടും. മൈഥിലിയുടെ രമണി എന്ന കഥാപാത്രത്തിന്റെ മേക്കപ്പ് ചിലപ്പോഴൊക്കെ ഹയര്‍ സെക്കന്‍ഡറി നാടോടി നൃത്തക്കാരികളെ ഓര്‍മിപ്പിക്കുമെങ്കിലും മുന്‍കാല പ്രകടനങ്ങളില്‍ നിന്നൊക്കെ ഏറെ മുന്നേറാന്‍ അവര്‍ക്കുമായിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ മഞ്ഞപ്പത്രക്കാരനും ലെനയും ടി.വി ജേണലിസ്റ്റുമൊക്കെ അവരുടെ പതിവ് പക്വത പുലര്‍ത്തുന്ന കഥാപാത്രങ്ങളായി. മുറിമലയാളവുമായി നിഷാന്റെ റസ്തോമും ബൈജുവിന്റെ വാട്ട്സനും നന്നായിട്ടുണ്ട്.


ഷെഹ്നാദ് ജലാലിന്റെ ക്യാമറ തിരുവനന്തപുരം നഗരത്തിന്റെ സ്പന്ദനങ്ങള്‍ മോശമല്ലാതെ പകര്‍ത്തുന്നുണ്ട്. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം കഥാഗതിക്കൊപ്പം നീങ്ങുന്നതായി. 'ഒരു വഴിയായ്' എന്ന ഗാനവും നന്നായി.


സാധാരണത്വം അസാധാരണ ഭംഗിയോടെ പറഞ്ഞുവെക്കാനായതും മികച്ച അഭിനേതാക്കളുമാണ് 'ഈ അടുത്ത കാലത്തി'ന്റെ കരുത്ത്. എന്നാല്‍ അതുകൊണ്ട് മാത്രം ചിത്രത്തിന് പോരായ്മകളില്ലെന്നും അര്‍ഥമാകുന്നില്ല. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസില്‍ തോന്നിയേക്കാം. എന്തിനായിരുന്നു പരമ്പരക്കൊലയാളി ഒരു മൃതദേഹം മാത്രം ചുമന്നുകൊണ്ട് ഒരു ദൂരദേശത്ത് കൊണ്ടിടുന്നത്? (കഥയുടെ രസച്ചരട് പൊട്ടുമെന്നതിനാല്‍ ഇക്കാര്യം കൂടുതല്‍ ചര്‍ച്ചക്കെടുക്കുന്നില്ല). ഇത്തരം ചില്ലറ യുക്തി പ്രശ്നങ്ങളും ഒഴുക്ക് തടസപ്പെടുത്തുന്ന ഠടകങ്ങളും അവിടെയുമിവിടെയുമുണ്ട്. 


ചുരുക്കത്തില്‍, തീയറ്ററില്‍ കയറിപ്പോയതിന് കുറ്റബോധം തോന്നാതെ ആസ്വദിച്ച് കാണാവുന്ന അടുത്ത കാലത്തിറങ്ങിയ നല്ല സിനിമകളുടെ കൂട്ടത്തില്‍ നിശ്ചയമായും ചേര്‍ക്കാവുന്ന പേരാണ് 'ഈ അടുത്ത കാലത്ത്'.


ee adutha kaalathu review, ee adutha kalathu, malayalam movie review, indrajith, arunkumar aravind, murali gopy, tanusree ghosh, malayalam movie ee adutha kaalath, cinemajalakam review

12 comments:

Anonymous said...

പരമ്പര കൊലയാളി എന്തിനാ ആ ശവം അവിടെ കൊണ്ടേ ഇടുന്നത് എന്ന് മനസിലായില്ലേ? കഷ്ടം......

Aneesh said...

നല്ല സിനിമകള്‍ വരട്ടെ...ഇത്തരം പടങ്ങള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കാണാം

Syam said...

wellmade film, but shud hav concentrated on editing in first half

Asha said...

സിനിമകള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതും, സിനിമാ ശാലകള്‍ വീണ്ടും സജീവമാക്കുന്നതും സന്തോഷമുള്ള കാര്യാമാണ്.
അരുണ്‍കുമാര്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പടം ഏറ്റവും മികച്ചതാക്കാമായിരുന്നു

P K said...

good film and good review

അസ്വസ്ഥന്‍ said...

സിനിമ ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ കാണാതിരിക്കാനും വയ്യ. വിളപ്പില്‍ ശാലക്ക് സമാനമായ തോപ്പില്‍ ശാലയിലെ നിരാഹാര സമരക്കാര്‍ ചായ കുടിക്കുന്നത് കാണിക്കുന്നതിലൂടെ എന്താണ് തിരക്കഥാകൃത്ത് ഉദ്ദേശിച്ചത്. പരിഹസിക്കുകയാണെന്ന് പറഞ്ഞാല്‍ കുറ്റം പറയാനാവില്ല. ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള ശ്രമവും സെക്സ് റാക്കറ്റിന്‍െറ തലവന് എല്ലാ ഹാവഭാവങ്ങളോടുകൂടിയ മുസ്ലിം വേഷവും നല്ല സൂചനകളല്ല നല്‍കുന്നത്. സിനിമ എന്ന അര്‍ത്ഥത്തില്‍ പുതുമയെയും പരീക്ഷണത്തെയും പിന്തുണക്കാം....

Biju AR said...

വിളപ്പിലിനെ വെറുതെ വിടാമായിരുന്നു.

Sangeetha said...

ലളിതമായ നിരീക്ഷണത്തില്‍ ഈ നിരൂപണം ശെരിയാണ്. പക്ഷെ സൂക്ഷ്മമായി നോക്കിയാല്‍ ഒരുപാട് അയുക്തികളുടെ ഘോഷയാത്രയാണ് ഈ സിനിമ. എന്നാലും മുരളി ഗോപി രസികനില്‍ നിന്ന് വമ്പന്‍ മുന്നേറ്റം നടത്തി എന്നതും, നോണ്‍ ലീനിയര്‍ ശൈലി മോശമല്ലാതെ കൈകാര്യം ചെയ്തു എന്നതും ആശ്വാസ്യമാണ്. ഇന്ദ്രജിത്ത് മികച്ച പ്രകടനവും ആണ്,

Sangeetha said...

ഇതില്‍ ആര്‍ എസ് എസ്, മുസ്ലിം ബിംബങ്ങളെ ചൊല്ലി പലേടത്തും വിമര്‍ശനം ഉന്നയിക്കുന്നത് കണ്ടു. അങ്ങനെ നോക്കിയാല്‍ ക്രിസ്ത്യന്‍ ബിംബങ്ങളെയും കളിയാക്കുന്നുണ്ട്.
അതെന്താ ആരും കാണാത്തത്?

neeraj said...

EE mathavum jathiyum okke cinema aswathanathil venamo!! Kashtam

allaboutcinema said...

@neeraj..sometimes it needs. but i dont think this film deserves such a cross examination.

Anonymous said...

:"കാമ്പുള്ള പുതുതലമുറ ചിത്രങ്ങളുടെ നിരയിലേക്ക് അഭിമാനത്തോടെ കടന്നിരിക്കാവുന്ന ചിത്രമാണ് അരുണ്‍കുമാര്‍ അരവിന്ദിന്റെ 'ഈ അടുത്ത കാലത്ത്'.

"സിനിമാറ്റിക്കായ സംഭാഷണങ്ങളും അതിവൈകാരികതയും അനാവശ്യ ഉദ്വേഗവുമൊന്നും വേണ്ട ഭംഗിയായി കഥ കൊണ്ടു പോകാനും കഥാപാത്രങ്ങളുടെ വികാരങ്ങള്‍ പ്രതിഭലിപ്പിക്കാനുമെന്ന തിരിച്ചറി വ് "

കൃത്യമായ നിരീക്ഷണം
റുസ്തം ഇനെ അവതരിപ്പിച്ച നിശാനും ,അജയ് കുര്യനും (മുരളി ഗോപി), വിഷ്ണു (ഇന്ദ്രജിത്ത്) എല്ലാവരും മികച്ച പ്രകടനമാന്‍ നടത്തിയത്
വിഷ്ണു വിന്റെ ഭാര്യയുടെത് പ്രച്ഛന്ന വേഷ മത്സരം പോലെ യായിരുന്നു എന്ന പറയാതെ വയ്യ

സിനെമാടിക് അല്ലാത്ത സംഭാഷണം അതാണ്‌ ഏറ്റവും വലിയ പ്രത്ത്യെകത

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.