Sunday, January 1, 2012

Vellaripravinte changathi review: നന്മയുള്ള വെള്ളരിപ്രാവുകള്‍ വീണ്ടും
 പഴയകാലവും കഥാപാത്രങ്ങളും സിനിമക്കുള്ളിലെ സിനിമയും വിഷയമാകുന്നത് പുതുമയല്ലാതായ ഇക്കാലത്ത് ഇവ ലാളിത്യത്തോടെ അവതരിപ്പിക്കാനായതാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യുടെ ഭംഗി. അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രം താരജാഡകളും സങ്കീര്‍ണരംഗങ്ങളും ഇല്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തും. 


1970കളില്‍ പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മിക്കപ്പെട്ട ചിത്രം നിര്‍ഭാഗ്യവശാല്‍ പെട്ടിയിലിരുന്നു പോകുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) ലാബില്‍ നിന്ന് പ്രിന്റ് കണ്ടെത്തുന്നു. പിന്നീട് അയാള്‍ പിതാവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രം തീയറ്ററിലെത്തിക്കാനുവോ എന്ന ശ്രമത്തിലാണ്. 


പുറത്തിറങ്ങാനാവാത്ത ആ ചിത്രം പറയുന്നത് ഒരു പ്രണയ കഥയാണ്. രവിയും സുലേഖയും തമ്മിലുള്ള പ്രണയം. കഥയിലെ മുഖ്യ കഥാപാത്രങ്ങളായ രവിയെയും സുലേഖയെയും അവതരിപ്പിച്ച ഷാജഹാനും (ദിലീപ്) മേരി വര്‍ഗീസും (കാവ്യാ മാധവന്‍) യഥാര്‍ഥത്തില്‍ പ്രണയികളായിരുന്നു. 
തന്റെ അച്ഛന്റെ സ്വപ്നമായിരുന്ന ചിത്രത്തിന്റെ പ്രിന്റ് വീണ്ടെടുക്കുമ്പോള്‍ ഒപ്പം മാണിക്കുഞ്ഞറിയുന്നത് സിനിമയിലെ നായകരുടെ യഥാര്‍ഥ പ്രണയവും അവരുടെ വേര്‍പാടുമാണ്. അതുകൊണ്ടു തന്നെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തീയറ്ററിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കാലങ്ങള്‍ക്ക് മുന്‍പ് വേര്‍പെട്ട പ്രണയികളുടെ ഒരുമിക്കലിനുകൂടിയുള്ള വേദിയാക്കാനായി മാണിയുടെ പിന്നീടുള്ള പ്രയത്നം. 


ആദ്യഭാഗത്തില്‍ ഇന്നത്തെക്കാലവും പിന്നീട് സിനിമക്കുള്ളില്‍ മറ്റൊരു പൂര്‍ണ സിനിമ തന്നെയും ഒടുവില്‍ പഴയസിനിമാക്കാരുടെ ഇന്നത്തെ ജീവിതവുമായി മൂന്ന് ഖണ്ഡങ്ങളുടെ ഏകോപനമാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. സങ്കീര്‍ണതക്കും ആശയക്കുഴപ്പത്തിനും സാധ്യതയേറെയുള്ള ഈ കഥാസാഹചര്യത്തെ ലളിതമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കാനായി എന്നതാണ് ചിത്രത്തിന്റെ വിജയം. തിരക്കഥയൊരുക്കിയ ജി. എസ് അനിലിന്റെ കൈയടക്കമുള്ള രചന ഏച്ചുകെട്ടുകള്‍ അധികമില്ലാതെ നാടകീയതയും അതിവൈകാരികതയും ഒഴിവാക്കി സംവിധായകന് അവതരിപ്പിക്കാനായതാണ് കാരണം.  അതേസമയം തന്നെ, കഥാഗതി പ്രവചനാത്മകമാവുന്നതും ലാളിത്യത്തിനപ്പുറം പുതുമയൊന്നും നല്‍കാനാവാത്തതും ചിത്രത്തിന്റെ ന്യൂനതയാണ്. ഒരു ദിലീപ് ചിത്രമെന്ന് കേട്ട് ചിരിച്ചുമറിയാം എന്നുകരുതി തീയറ്ററില്‍ കയറുന്നവരെ തൃപ്തിപ്പെടുത്തുന്ന രംഗങ്ങളും അധികമില്ല.


കഥാപാത്രങ്ങളായവരും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതില്‍ സവിശേഷമായ പങ്ക് വഹിച്ചു. പഴയകാലം കാണിക്കാന്‍ മിമിക്രിയുടെ പിന്തുണ വേണ്ടെന്ന് ഷാജഹാനായി ദിലീപിന്റെ പ്രകടനം തെളിയിച്ചു. നായകന്റെ സുഹൃത്തായ ബഷീറായി മനോജ് കെ. ജയനും നിറഞ്ഞുനിന്നു. കാവ്യക്കും നായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. ഇന്ദ്രജിത്തിന്റെ മാണിക്കുഞ്ഞും പക്വമായ പ്രകടനത്തിലൂടെ മനോഹരമാണ്. വിജയരാഘവന്‍, സായി കുമാര്, മാമുക്കോയ, രാജു, സീനത്ത് തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ക്ക് ചീത്തപേരുണ്ടാക്കിയില്ല. പഴയകാലം ധ്വനിപ്പിക്കുന്ന കലാസംവിധാനവും മേക്കപ്പും ഭംഗിയാക്കിയെങ്കിലും ദിലീപിന്റെ വാര്‍ധക്യവേഷം അരോചകമായിരുന്നു.


'വെളളരിപ്രാവിലെ' സംഗീതവിഭാഗവും മേന്‍മയുള്ളതാണ്. മോഹന്‍ സിതാരയുടെ സംഗീതത്തിനനുസരിച്ച് വയലാര്‍ ശരത് എഴുതിയ ഗാനങ്ങള്‍ പഴയകാലത്തിന്റെ സ്മരണയുണര്‍ത്തുന്നു. ശ്രേയാ ഘോഷാലും കബീറും പാടിയ 'പതിനേഴിന്റെ'യും പൂര്‍ണശ്രീയുടെ 'തെക്ക് തെക്കെരിക്കലും' സംഗീതമികവാലും ചിത്രീകരണ ഭംഗിയാലും ശ്രദ്ധിക്കപ്പെടും. 


വിപിന്‍ മോഹനും സമീര്‍ ഹക്കും ചേര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങളും ചിത്രത്തിന് യോജിച്ചവ തന്നെ. പഴയകാലവും പുതിയ കാലവും ബോറടിപ്പിക്കാതെ ഇഴചേര്‍ക്കാന്‍ ലിജോ പോളിന്റെ എഡിറ്റിംഗിനുമായി.


ചെറുകിട അപാകതകള്‍ ചിത്രത്തില്‍ അനേകം ചൂണ്ടിക്കാണിക്കാനുണ്ടെന്നത് മറക്കുന്നില്ല. പുതുമയുള്ളതോ ശക്തമായ അടിത്തറയുള്ളതോ ആയ കഥയുമില്ല. എന്നിരുന്നാലും ചിത്രത്തില്‍ തന്നെ ഒരു രംഗത്തില്‍ വിമര്‍ശിക്കുന്നതുപോലെ ഡി.വി.ഡി റഫറന്‍സുകളില്‍ നിന്നും സാങ്കേതിക ഗിമ്മിക്കുകളില്‍ നിന്നും പിറക്കുന്ന ഇന്നത്തെ ശരാശരി മുഖ്യധാര മലയാള ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ 'വെള്ളരിപ്രാവിന്' തീര്‍ച്ചയായും ആത്മാര്‍ഥമായൊരു ഭംഗിയുണ്ട്, നന്‍മയും ലാളിത്യവുമുണ്ട്. 

vellaripravinte changathi review, vellaripravinte changathi, dileep, akku akbar, g.s anil, kavya madhavan, indrajith, saikumar, dileep and kavya in vellaripravinte changathi, malayalam movie review

6 comments:

Anonymous said...

Athra nallathano ithu?

Anonymous said...

can give 5.5/10. movie will not bored u

Syam said...

dileepettan kalakki

ശ്രീ said...

കൊള്ളാം

Asha said...

nalla cinema 7/10

Sahil said...

average watchable fare. athra thanne

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.