Monday, January 2, 2012

മലയാള സിനിമ: പ്രതീക്ഷകളുടെ 2011, ഒപ്പം ആശങ്കകളുടേയും


 സാമ്പത്തിക ലാഭ നഷ്ടങ്ങളുടെ പതിവ് കണക്കെടുപ്പിനപ്പുറം 2011കടന്നുപോയത് മലയാള സിനിമക്ക് ഒട്ടേറെ പ്രതീക്ഷകള്‍ സമ്മാനിച്ച് . 

മലയാള സിനിമയുടെ നഷ്ടപ്രതാപത്തെയോര്‍ത്ത് വിലപിച്ച പ്രേക്ഷകര്‍ക്ക് ഒരുപിടി വ്യത്യസ്ത പരീക്ഷണങ്ങള്‍ പോയ വര്‍ഷം ലഭിച്ചെന്നതാണ് ആശ്വാസം. അതേസമയം, മൊത്തത്തിലുള്ള കണക്കെടുത്താല്‍ സാമ്പത്തികമായി നഷ്ടക്കച്ചവടം തന്നെയായിരുന്നു 2011 ഉം മോളിവുഡിന്. പുറമേ, വിവിധ സംഘടനകളുടെ മല്‍സരിച്ചുള്ള സിനിമാ സമരങ്ങളും മേഖലക്ക് തിരിച്ചടി നല്‍കിയ വര്‍ഷമാണ് കടന്നുപോയത്.

പ്രമേയപരവും ആഖ്യാനപരവുമായ മികവില്‍ ശ്രദ്ധിക്കപ്പെട്ടതേറെയും യുവസംവിധായകരുടെ താരകേന്ദ്രീകൃതമല്ലാത്ത ചിത്രങ്ങളാണെന്നതാണ് പ്രത്യേകത. ഇവയില്‍ പലതും ചെറിയ ബഡ്ജറ്റില്‍ ഒരുക്കാനായെന്നതും വിജയവും നിരൂപകശ്രദ്ധയും നേടാനായെന്നതും പുതുപ്രതീക്ഷകളാണ് മലയാള സിനിമാ രംഗത്തിന് നല്‍കുന്നത്. 

രാജേഷ് പിള്ളയുടെ 'ട്രാഫിക്', സലീം അഹമദിന്റെ 'ആദാമിന്റെ മകന്‍ അബു', ആഷിക് അബുവിന്റെ 'സോള്‍ട്ട് ആന്റ് പെപ്പര്‍', മാധവ് രാംദാസിന്റെ 'മേല്‍വിലാസം', സമീര്‍ താഹിറിന്റെ 'ചാപ്പാ കുരിശ്',  രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി', വി.കെ പ്രകാശിന്റെ 'ബ്യൂട്ടിഫുള്‍', ബ്ലെസിയുടെ 'പ്രണയം', ബാബു ജനാര്‍ദനന്റെ 'ബോംബെ മാര്‍ച്ച് 12',  അക്കു അക്ബറിന്റെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്നിവ കഴിഞ്ഞ വര്‍ഷത്തെ മികച്ചവയില്‍ ഇടംനേടും. 

പ്രമേയപരമായി യാതൊരു മേന്‍മയുമില്ലെങ്കിലും ബോക്സ് ഓഫീസില്‍ ഓളമുണ്ടാക്കിയ ചിത്രങ്ങളെന്ന നിലയില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ജോഷിയുടെ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്', റാഫി മെക്കാര്‍ട്ടിന്റെ 'ചൈനാ ടൌണ്‍', വൈശാഖിന്റെ 'സീനിയേഴ്സ്', ഷാഫിയുടെ 'മേക്കപ്പ്മാന്‍' എന്നിവ പരാമര്‍ശമര്‍ഹിക്കുന്നു. ആദ്യപതിപ്പിന്റെ ഭംഗിയില്ലെങ്കിലും റീമേക്ക് ചിത്രമായ 'രതിനിര്‍വേദ'വും ആളെ തീയറ്ററുകളിലെത്തിച്ചു. 

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നീ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ വിജയവും സ്നേഹവീടിന്റെയും ക്രിസ്മസ് കാലത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമായ 'അറബിയും ഒട്ടകവും പി. മാധവന്‍നായരു'മിന്റെ ശരാശരി പ്രകടനവും ബോക്സ് ഓഫീസില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെ സുരക്ഷിതനാക്കി. 'പ്രണയം' എന്ന ചിത്രത്തില്‍ മാത്യൂസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതും 2011ല്‍ മോഹന്‍ലാലിന്റെ നേട്ടമായി. 

അതേസമയം, സമീപകാലങ്ങളിലെ ഏറ്റവും വലിയ തിരച്ചടിയാണ് മമ്മൂട്ടിക്ക് 2011 സമ്മാനിച്ചത്. കഴിഞ്ഞവര്‍ഷമിറങ്ങിയ ആഗസ്റ്റ് 15, ഡബിള്‍സ്, ട്രെയിന്‍, ബോംബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങള്‍ കാര്യമായ ഇന്‍ഷ്യല്‍ പോലുമില്ലാതെ തകര്‍ന്നടിയുകയായിരുന്നു. ക്രിസ്മസിനിറങ്ങിയ 'വെനീസിലെ വ്യാപാരി'യുടെ അന്തിമ കണക്കെടുപ്പ് നടത്താറായിട്ടുമില്ല. 

യുവതാരങ്ങളില്‍ പൃഥ്വിരാജ് ഈ വര്‍ഷവും നിറഞ്ഞുനിന്നു. പൃഥ്വിയുടെ ഇന്ത്യന്‍ റുപ്പി പ്രമേയപരമായി മികച്ചുനിന്നു, ബോക്സ് ഓഫീസിലും നഷ്ടമുണ്ടാക്കിയില്ല. സന്തോഷ് ശിവന്‍ ചിത്രമായ 'ഉറുമി'യും തീയറ്ററുകള്‍ നിറച്ചു, എന്നാല്‍ വന്‍ ബജറ്റ് ചിത്രമായതിനാല്‍ മുടക്കുമുതല്‍ തിരിച്ചു പിടിച്ചോ എന്നതില്‍ സംശയമുണ്ട്. കെ. മോഹനന്റെ 'മാണിക്യകല്ലും' വിജയമായി. ഡോ. ബിജുവിന്റെ 'വീട്ടിലേക്കുള്ള വഴി', രഞ്ജിത്ത് ശങ്കറിന്റെ 'അര്‍ജുനന്‍ സാക്ഷി', ലിജോ ജോസിന്റെ 'സിറ്റി ഓഫ് ഗോഡ്' എന്നിവ ബോക്സ് ഓഫീസില്‍ തകര്‍ന്നു. കോമഡി കൈകാര്യം ചെയ്യാന്‍ ശ്രമിച്ച ദീപുവിന്റെ 'തേജാഭായി ആന്റ് ഫാമിലി'യും നേട്ടമുണ്ടാക്കിയില്ല. 

ആസിഫ് അലിയാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു യുവതാരം. 'സോള്‍ട്ട് ആന്റ് പെപ്പര്‍', 'ട്രാഫിക്' ഉള്‍പ്പെടെ ഒട്ടേറെ നല്ല പ്രോജക്ടുകളില്‍ ഭാഗമാകാന്‍ കഴിഞ്ഞു എന്നാണ് ആസിഫിന്റെ ഭാഗ്യം. എന്നാല്‍ സോളോ ഹീറോ ആയി പേരു തെളിയിക്കാന്‍ ആസിഫിന് ഇനിയും കാത്തിരിക്കേണ്ടിവരും. 'ചാപ്പാ കുരിശി'ലൂടെ ഫഹദ് ഫാസിലും ബോംബെ മാര്‍ച്ച് 12ലൂടെ ഉണ്ണി മുകുന്ദനും ശ്രദ്ധ നേടി. 

കുഞ്ചാക്കോ ബോബന്‍ നിരവധി ചിത്രങ്ങളിലൂടെ സജീവമായിരുന്നു. ജയസൂര്യയ്ക്കുംമോശമല്ലാത്ത വര്‍ഷമായിരുന്നു കടന്നു പോയത്. ബ്യൂട്ടിഫുള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ജനപ്രിയന്‍ ഹിറ്റുമായി. ദിലീപ് അഭിനയിച്ച ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നിവ വിജയങ്ങളായി. വെളളരിപ്രാവിന്റെ ചങ്ങാതിയും മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. അതേസമയം ഓര്‍മ മാത്രം, ഫിലിം സ്റ്റാര്‍ എന്നിവ പരാജയമായി. 


ജയറാമിനും തിരിച്ചു വരവിനെറ വര്‍ഷമാണ് കഴിഞ്ഞുപോയത്. മേക്കപ് മാന്‍, സീനിയേഴ്സ്, സ്വപ്നസഞ്ചാരി, ചൈനാ ടൌണ്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടു. കുടുംബശ്രീ ട്രാവല്‍സ്, നായിക എന്നിവ പരാജയവുമായി. 


മുകേഷും ചെറുതും വലുതുമായ ചിത്രങ്ങളില്‍ കഴിഞ്ഞവര്‍ഷം സജീവമായിരുന്നു. സുരേഷ് ഗോപിയുടെ കലക്ടര്‍, മേല്‍വിലാസം, ക്രിസ്ത്യന്‍ ബ്രദേഴ്സ്, വെണ്‍ശംഖുപോല്‍ തുടങ്ങിയ ചിത്രങ്ങള്‍ റിലീസായി. ഇതില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്സ് വിജയിക്കുകയും മേല്‍വിലാസം നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. 

നടന്‍ അനൂപ് മേനോന്‍ ബ്യൂട്ടിഫുളിലൂടെ തിരക്കഥയിലും ഗാനരചനയിലും മികവ് തെളിയിക്കുകയും ചെയ്തു.

നായികമാരില്‍ കാവ്യാ മാധവന്‍ തന്നെ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധനേടിയത്. ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, വെനീസിലെ വ്യാപാരി, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കാവ്യക്ക് ലഭിച്ചത് ഭൂരിപക്ഷവും നായികാ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. 
രതിനിര്‍വേദം, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്വേതാ മേനോനും ശ്രദ്ധിക്കപ്പെട്ടു. 

സംവിധായകരില്‍ യുവ സംവിധായകരാണ് മലയാള സിനിമക്ക് കഴിഞ്ഞവര്‍ഷം പേര് നേടിക്കൊടുത്തത്. രാജേഷ് പിള്ളയുടെ നോണ്‍ ലീനിയര്‍ ത്രില്ലര്‍ 'ട്രാഫിക്' തന്നെയാണ് ഇതില്‍ മുന്നില്‍. ആഷിക് അബുവിന്റെ 'സോള്‍ട്ട് ആന്റ് പെപ്പര്‍' ലളിതവും പുതുമയുള്ളതുമായ ആഖ്യാനത്തിലൂടെ പുതിയ ട്രെന്റ് തന്നെ തുറന്നിട്ടു. പിന്നാലെ സമീര്‍ താഹിര്‍ 'ചാപ്പാ കുരിശു'മായെത്തി. കഥക്ക് കൊറിയന്‍ കടപ്പാടു നല്‍കേണ്ടിവരുമെങ്കിലും സിനിമ മലയാളിക്ക് പുതിയ അനുഭവമായിരുന്നു. യുവാക്കള്‍ ഇരു കൈയും നീട്ടിയാണ് മേല്‍പറഞ്ഞ ചിത്രങ്ങള്‍ സ്വീകരിച്ചതെന്നതും പ്രത്യാശ നല്‍കുന്നു.

സലീം അഹമ്മദ് എന്ന പുതിയ സംവിധായകന്‍ 'ആദാമിന്റെ മകന്‍ അബു'വിലൂടെ പറഞ്ഞത് ഗൌരവും ലാളിത്യവും ഒത്തുചേര്‍ന്ന പ്രമേയമാണ്. സലീംകുമാറിന്റെ അമ്പരപ്പിക്കുന്ന പ്രകടനം കൂടിയായപ്പോള്‍ ചിത്രം ദേശീയ സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്കാരങ്ങളും നേടിയെടുത്തു. ഓസ്കര്‍ പ്രതീക്ഷകളിലാണ് ചിത്രമിപ്പോള്‍. 

ബോംബെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമാന്യം ഭംഗിയായി അവതരിപ്പിച്ച ചിത്രമാണ് ബാബു ജനാര്‍ദനന്റെ കന്നി സംവിധാന സംരംഭമായ 'ബോംബെ മാര്‍ച്ച് 12'. മമ്മൂട്ടി ഉള്‍പ്പെടെ താരങ്ങളും പക്വതയാര്‍ന്ന അവതരണവുമായിട്ടും ചിത്രം ബോക്സ് ഓഫീസിലോ നിരൂപക ചര്‍ച്ചകളിലോ അധികം ചലനമുണ്ടാക്കത് അമ്പരപ്പിക്കുന്നു. പാളിച്ചകള്‍ പലതുണ്ടെങ്കിലും ലിജോ ജോസ് പെല്ലിശേരിയുടെ 'സിറ്റി ഓഫ് ഗോഡും' പ്രോല്‍സാഹിപ്പിക്കേണ്ട ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താം. 

ഇരുത്തംവന്ന സംവിധായകരുടെ നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പ്രമേയപരമായോ ആഖ്യാനപരമായോ അവരുടെ പഴയകാല ഹിറ്റുകളുടെ അടുത്തെങ്ങും എത്തിയില്ല. 

ജോഷിയുടെ 'ക്രിസ്ത്യന്‍ ബ്രദേഴ്സും' 'സെവന്‍സും' പുറത്തിറങ്ങിയതില്‍ ആദ്യത്തേത് മള്‍ട്ടി സ്റ്റാര്‍ ഇനിഷ്യലില്‍ രക്ഷപ്പെട്ടപ്പോള്‍ 'സെവന്‍സ്' തകര്‍ന്നടിഞ്ഞു. സിബി മലയിലിന്റെ യുവതാര ചിത്രം 'വയലിന്‍', ഫാസിലിന്റെ 'ലിവിംഗ് ടുഗെതര്‍', ഷാജി കൈലാസിന്റെ 'ആഗസ്റ്റ് 15', ടി.വി ചന്ദ്രന്റെ 'ശങ്കരനും മോഹനനും', വിനയന്റെ 'രഘുവിന്റെ സ്വന്തം റസിയ', ജയരാജിന്റെ 'ട്രെയിന്‍', 'നായിക', ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞ്', പി. ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രന്‍' എന്നിവ ഇരുത്തംവന്ന സംവിധായകരുടെ പരാജയ ചിത്രങ്ങളായി. 

സത്യന്‍ അന്തിക്കാടിന്റെ 'സ്നേഹവീടും' കമലിന്റെ 'ഗദ്ദാമ'യും 'സ്വപ്നസഞ്ചാരി'യും പ്രയദര്‍ശന്റെ 'അറബിയും ഒട്ടകവും' ഒന്നും അമ്പേ പരാജയമായില്ലെങ്കിലും ഇവരുടെ മുന്‍കാല ചിത്രങ്ങളുടെ അടുത്തെങ്ങും വെക്കാന്‍ കൊള്ളാത്തവയായി.

ഇവയ്ക്കെല്ലാം പുറമേ നിരവധി ചിത്രങ്ങള്‍ തീയറ്റുകളില്‍ വന്ന് ചലനങ്ങളൊന്നും സൃഷ്ടിക്കാതെ പോയി. ഇവയെല്ലാം കൂടി 88 ഓളം ചിത്രങ്ങളാണ് മയലാളത്തില്‍ 2011ല്‍ പുറത്തിറങ്ങിയത്. 

പറയുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത മറ്റൊരു പ്രതിഭാസവും കഴിഞ്ഞവര്‍ഷം മലയാള സിനിമയില്‍ അവതരിച്ചു. സന്തോഷ് പണ്ഡിറ്റ്. യു ട്യൂബില്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഗാനങ്ങള്‍ ഹിറ്റായ ബലത്തില്‍ തീയറ്ററുകളിലെത്തിയ സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധയും' ഞെട്ടിക്കുന്ന ഇന്‍ഷ്യലും സ്വീകരണവുമാണ് യുവാക്കളില്‍ നിന്ന് ഏറ്റുവാങ്ങിയത്. മുഖ്യധാരാ മലയാള സിനിമകളുടെ മൂല്യച്യൂതിക്ക് നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു ഒരു പരിധി വരെ  'കൃഷ്ണനും രാധയും'. 

പ്രേക്ഷരല്ലാതെ സിനിമയിലെ എല്ലാ വിഭാഗം പ്രവര്‍ത്തകരും സമരത്തിനിറങ്ങിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും തീയറ്ററുടമകളും വിതരണക്കാരും എല്ലാം മല്‍സരിച്ച് സമരം ചെയ്തു. ഈ സമരക്കാലം അന്യഭാഷാ ചിത്രങ്ങള്‍ മലയാള വിപണിയില്‍ കയറി ഇറങ്ങി പണമുണ്ടാക്കി പോകുകയും ചെയ്തു.  2012 ലേക്ക് കടക്കുമ്പോഴും ഇത്തരം സമരാശങ്കകള്‍ സിനിമാ ലോകത്ത് ഒഴിയുന്നില്ല. 

പുതു തലമുറ ചിത്രങ്ങള്‍ അന്യഭാഷയില്‍ വരുമ്പോള്‍ ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കുകയായിരുന്നു മലയാള സിനിമ എന്ന ചീത്തപേര് മാറ്റാനുള്ള ആത്മാര്‍ഥ ശ്രമങ്ങള്‍ ഉണ്ടായി എന്നതാണ് 2011 ലെ വലിയ നേട്ടം. ഇതിന്റെ തുടര്‍ച്ചകള്‍ 2012 ലേക്കായി ഒരുങ്ങുന്നുമുണ്ടെന്നത് ശുഭ സൂചനയാണ്. എങ്കിലും സൂപ്പര്‍ താര ഇമേജിനെയും സാറ്റലൈറ്റ് റൈറ്റിനെയും ചുറ്റിപ്പറ്റി സിനിമ ഒരുക്കുന്ന പ്രവണതക്ക് കുറവൊന്നുമില്ലെന്നതും മറക്കാനാവില്ല. 
malayala cinema analysis, malayalam cinema 2011, malayalam box office 2011, malayalam cinema round up 2011

10 comments:

Anonymous said...

lalettan than thaaram..............!!!!!!!!!!!!!

sujith said...

ഇനി മമ്മൂട്ടി എന്നാ നടന് മലയാള സിനിമയിലെ സ്ഥാനം എന്തെന്ന് മാത്രം പറഞ്ഞില്ല .....

SHAIJU said...

E varsham king varumpol Mammooty veendum box office king avum

Rajeev Nair said...

Did not like Melvilasam. It was a like Drama in celluloid. It was not cinematic at all. Over actions and over dramatic dialogues.

Abhi said...

melvilasam nalla padamayirunnallo rajeev.

nias said...

Drama in Celluloid????????

rajeev.. may i know what is cinema??
can u xplain me...??

Anonymous said...

ട്രാഫിക്‌ തന്നെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ

Manoj said...

sure traffic was the best

R K said...

nalla experinmnents vannathanu kazhinja varshathe vijayam

Sunil Ibrahim said...

puthiya experiments sweekarikkappettu ennathu sandosham nalkunnu ... janangal super thara chinthrangal iru kayyum neetti sweekarikkunna pravanatha kuranju varunnathum nalla lakshanam aanu ... 2012 il oru experiment movie release cheyyan orukkangal nadathunna enikkum teaminum ee article aathma vishwasam nalkunnundu!
thank you for this article

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.