Sunday, January 8, 2012

Kunjaliyan Review: കുഞ്ഞളിയന്‍ പറ്റിച്ചു!




കാര്യമായ സവിശേഷതകള്‍ ഇല്ലെങ്കിലും ബോറടിപ്പിക്കാത്ത പടങ്ങളായിരുന്നു ഇവര്‍ വിവാഹിതരായാലും ഹാപ്പി ഹസ്ബന്റ്സും. ആ പ്രതീക്ഷയുമായി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'കുഞ്ഞളിയന്‍' കാണാന്‍ കയറിയാല്‍ പ്രേക്ഷകര്‍ വട്ടംചുറ്റും. പാതി പോലും വേവാത്ത തിരക്കഥയും അതിന്റെ പരിതാപകരമായ അവതരണവുമാണീ ചിത്രം.


ഒരു ഗതിയുമില്ലാതെ നാടുവിട്ട ജയരാമന്‍ എന്ന യുവാവ് 50 കോടിയുടെ ഗള്‍ഫ് ലോട്ടറിയടിച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പണ്ട് തല്ലിയോടിച്ചവര്‍ നല്‍കുന്ന സ്വീകരണത്തിലെ നര്‍മമാണ് സിനിമയുടെ വിഷയം. ഗള്‍ഫില്‍ നിന്ന് തിരികെ ഗോപാലപുരം ഗ്രാമത്തിലെത്തുന്ന ജയരാമന്‍ (ജയസൂര്യ), 50 കോടിയുടെ ലോട്ടറിയടിച്ചെന്ന് സുഹൃത്ത് പ്രേമന്റെ (സുരാജ്) നിര്‍ദേശപ്രകാരം കള്ളപ്രചാരണം നടത്തിയതായിരുന്നു. ഇത് വിശ്വസിച്ച് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും നാട്ടുകാരുമൊക്കെ ഗംഭീര സ്വീകരണമാണ് അയാള്‍ക്ക് നല്‍കിയത്. 


കള്ളത്തരം പൊളിയാതിരിക്കാന്‍ ജയരാമനും പ്രേമനും കൂടി നടത്തുന്ന വേലത്തരങ്ങളും അതുണ്ടാക്കുന്ന പുതിയ പൊല്ലാപ്പുകളും ഒടുവില്‍ അവ സമൂഹത്തിനു കൂടി ഗുണമുണ്ടാകുന്ന രീതിയില്‍ പരിഹരിക്കപ്പെടുന്നതുമാണ് കഥ. 


കഴമ്പും യുക്തിയുമൊന്നുമില്ലെങ്കിലും കൃഷ്ണ പൂജപ്പുരയുടെ രചനകള്‍ പലതും സാധാരണ പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത മുന്‍ അനുഭവങ്ങള്‍ നിരവധിയുണ്ട്. ആ പ്രതീക്ഷയില്‍ എന്തും എഴുതിവിട്ടാല്‍ ജനം സ്വീകരിക്കുമെന്ന് കരുതി പടച്ചുവിട്ട ചിത്രമാണ് 'കുഞ്ഞളിയന്‍'. അദ്ദേഹത്തിന്റെ തന്നെ ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍ തുടങ്ങിയ തിരക്കഥകളുടെ ഏഴയലത്ത് കെട്ടാന്‍ കൊള്ളാത്ത ആത്മാര്‍ഥയില്ലാത്ത രചന. 


ഈ സ്ക്രിപ്റ്റ് വെച്ച് രസിപ്പിക്കുന്ന ചിത്രമെടുക്കാമെന്ന് കരുതിയ സജി സുരേന്ദ്രന്റെ കാര്യമാണ് കഷ്ടം. ദുര്‍ബലമായ കഥയും ആഴമില്ലാത്ത തിരക്കഥയും ഒഴുക്കോടെ ഒരു ഘട്ടത്തിലും പറയാന്‍ സാധിച്ചിട്ടുമില്ല. 
കേട്ടും കണ്ടും മടുത്ത കോമഡി രംഗങ്ങള്‍ ആദ്യ പകുതിയില്‍ കുറച്ചൊക്കെ പ്രേക്ഷകര്‍ രസിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി ചിത്രത്തിന്റെ പോക്ക് എങ്ങനെയൊക്കെയോ ആണ്. അവസാനം എവിടെയോ കൊണ്ടുചെന്ന് കഥ ശുഭപര്യവസായിയാക്കുകയും ചെയ്യുന്നു. 


സെന്‍സ്ലെസ് എന്റര്‍ടൈനര്‍ വിഭാഗത്തിലെ ചിത്രമാണെങ്കിലും അതര്‍ഹിക്കുന്ന മിനിമം സെന്‍സുപോലും ചിത്രത്തിലില്ല. വില്ലന്‍മാരുടെ മണ്ടത്തരങ്ങളും ക്ലൈമാക്സിലെ അവസ്ഥയും കണ്ട് കഷ്ടം തോന്നി.  ഇത് കണ്ട് പ്രേക്ഷകര്‍ ചിരിക്കുമെന്ന് വിശ്വസിച്ച സംവിധായകനെയും തിരക്കഥാകൃത്തിനെയുമോര്‍ത്താലാണ് യഥാര്‍ഥത്തില്‍ ചിരി വരിക. 


ജയസൂര്യ നായകകഥാപാത്രം ആവശ്യപ്പെട്ടത് കൃത്യമായി നല്‍കിയിട്ടുണ്ട്. പഴകിയ വളിപ്പുകളുമായാണെങ്കിലും സുരാജും ആശ്വാസമായിരുന്നു. നായിക മായയായി അനന്യക്ക് കാര്യമായൊന്നും ചെയ്യാനുമില്ല. വിജയരാഘവന്‍, രാജു, അശോകന്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, തെസ്സി ഖാന്‍, രശ്മി ബോബന്‍, കലാരഞ്ജിനി, മണിക്കുട്ടന്‍ തുടങ്ങിയവരെ വിഡ്ഢി വേഷം കെട്ടിച്ചിട്ടുണ്ട്. 


എം.ജി ശ്രീകുമാര്‍ ഒരുക്കിയ ഗാനങ്ങളില്‍ 'ചെമ്പഴുക്ക' മാത്രമാണ് ആശ്വാസം. അനില്‍ നായരുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മികവുകളില്‍ പെടുത്താം. 


ഒരു കാര്യം ബോധ്യമായി. മലയാള സിനിമ പാലക്കാടന്‍ അതിര്‍ത്തിയിലെ തമിഴ് ചുവയുള്ള ഗ്രാമങ്ങളില്‍ നിന്ന് പുതുപ്രമേയങ്ങളിലേക്ക് ക്യാമറ തിരിച്ച വിവരം സജി സുരേന്ദ്രന്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. കൃഷ്ണ പൂജപ്പുരക്കൊപ്പം സജി ഒരുക്കിയ ചിത്രങ്ങളില്‍ എറ്റവും പിന്നില്‍ നിര്‍ത്താവുന്നത് എന്ന വിശേഷണമേ 'കുഞ്ഞളിയന്' നല്‍കാനാവൂ. 

kunjaliyan, kunjaliyan review, malayalam movie kunjaliyan, kunjaliyan not upto mark, jayasurya, saji surendran, ananya, krishna poojappura, kunjaliyan film review, jayasurya in kunjaliyan

9 comments:

Satheesh said...

enthina enganathe padangal padachu vidunnathu. Kashtam thanne.

Anonymous said...

സുരാജിനെയും ജയ സൂര്യ യെയും നിരോധിക്കാന്‍ ഇഏ നാട്ടില്‍ നിയമ ഇല്ലേ ?

Jiju said...

pavam jayasurya ithilengane pettupoyi.

Abhilash said...

intervellinu munpu poya stylil pinneedum kadha poyirunnel hit akumarnnu. anyway, a childish climax.

Anonymous said...

koothara film and aru koora review as well as site...

R K said...

ഏതെങ്കിലും ഒരു തരം പടം വിജയിച്ചാല്‍ പിന്നെ അത് തന്നെ റീ സൈക്കിള്‍ ചെയ്തു ജീവിച്ചു പോകാം എന്ന് കരുതുന്ന സംവിധായകരും താരങ്ങളും ആണല്ലോ മലയാളത്തില്‍ കൂടുതല്‍

Anonymous said...

Niroopanam cheyyan polum yathonnum illathe padachu vidunna pazhu padangal mathrame malayalathil varunullo?

Anonymous said...

I felt this as an average movie.

Anonymous said...

average

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.