Sunday, January 29, 2012

Casanovva Review: സ്റ്റൈലിനായി ഒരു കാസനോവ







മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന അവകാശവാദവുമായി 'കാസനോവ' വന്നത് ആദ്യാവസാനം കുറേ സ്റ്റൈലന്‍ ഷോട്ടുകളുമായാണ്. ഉദയനാണ് താരവും നോട്ടുബുക്കുമൊക്കെ ഒരുക്കിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും എന്റെ വീട് അപ്പൂന്റേം, നോട്ടുബുക്ക്, ട്രാഫിക്ക് തുടങ്ങി വേറിട്ട തിരക്കഥകള്‍ ഒരുക്കിയ ബോബി സഞ്ജയ് ടീമും ഒന്നിക്കുമ്പോള്‍ എന്തെങ്കിലും പുതുമ ആരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം കുറ്റമാണ്. അങ്ങനെയൊരു അവകാശവാദവും അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ചതായി ഓര്‍ക്കുന്നില്ല. 


കാസനോവയെന്ന വിളിപ്പേര് സ്വന്തം പേരാക്കിയ നായകന്റെ കഥയാണിത്. പൂക്കച്ചവടക്കാരനാണെങ്കിലും പൂപോലെ ഏതൊരു പെണ്ണിന്റെയും മനസും ഉടലും കവരാന്‍ മാസ്മരിക ശക്തിയുള്ളവന്‍. ഒരു മോഷണവാര്‍ത്തയുടെ പിന്നാമ്പുറം തേടി, അതില്‍ തനിക്ക് വേണ്ടവരെ കണ്ടെത്താന്‍ ദുബൈയിലെത്തുകയാണ് അയാള്‍. അവിടെ വീണ്ടും മോഷണ പദ്ധതിയിടുന്ന നാലംഗ യുവാക്കളുടെ സംഘത്തെ ടി.വി ഷോയുടെ പശ്ചാത്തലത്തില്‍ കുടുക്കാനുള്ള ശ്രമമാണ് പിന്നീടങ്ങോട്ട്.


റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയന്‍മാരെ വെച്ച് ഏറെ കാത്തിരുന്ന പരുവപ്പെടുത്തിയെടുത്തത് ഈ തിരക്കഥ തന്നെയാണോ? സംശയത്തിന് കാരണമുണ്ട്. എന്തെന്നാല്‍ ചിത്രത്തില്‍ അങ്ങനെയൊരു വസ്തുവിന്റെ സാന്നിധ്യമാണ് ഒട്ടും അനുഭവപ്പെടാത്തത്. പക്ഷേ, ബോബി സഞ്ജയ് സഹോദരര്‍ എഴുതിക്കൊടുത്തത് തന്നാലാവുംപടി റോഷന്‍ സാങ്കേതികത്തികവോടെ പകര്‍ത്തിയിട്ടുണ്ട്.


ചിത്രം റിലീസ് ചെയ്ത മണിക്കൂര്‍ മുതല്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടത് പ്രതീക്ഷകളുടേയും പ്രതീക്ഷാഭംഗത്തിന്റെയും കണക്കുകളാണ്. ആവശ്യമില്ലാത്തത് പ്രതീക്ഷിച്ച് കൂട്ടിയിട്ട് പാവം തിരക്കഥാകൃത്തുക്കളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അതേസമയം, പറയേണ്ട ചില കാര്യങ്ങള്‍ വേറെയുണ്ട്. 


കാസനോവയെന്ന കഥാപാത്രമായി മോഹന്‍ലാലെത്തുന്നു എന്നതാണ് എടുത്തുപറയേണ്ട പ്ലസ് പോയന്റ്. ഇത്ര വഴക്കത്തോടെ ഇന്ത്യയില്‍ തന്നെ മറ്റാരും ഇത്തരമൊരു വേഷം അവതരിപ്പിക്കുമെന്നും വിശ്വസിക്കുന്നില്ല. എന്നാല്‍, ആ നടന്റെ കഴിവുകളെ കളിയാക്കുവിധമുള്ള രംഗങ്ങള്‍ അനവധിയുണ്ടെന്നതാണ് വിഷമിപ്പിക്കുന്നത്. 


നായകന്റെ നേതൃത്വത്തിലുള്ള ടെലിവിഷന്‍ പ്രോഗ്രാം തന്നെ ആദ്യം കല്ലുകടിയുണ്ടാക്കുന്നത്. ടി വി റിയാലിറ്റി ഷോ തീര്‍ത്തും യുക്തിക്ക് നിരക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ചിലപ്പോള്‍ പ്രേമം അങ്കുരിപ്പിക്കാനുള്ള നൂതനമായ പ്രക്രിയകള്‍ പഴഞ്ചന്‍മാരില്‍പ്പെട്ടവര്‍ക്ക് മനസിലാകാതെ പോയതായിരിക്കും എന്ന് ആശ്വസിക്കാം. കഥയെഴുതിയവര്‍ക്കും അങ്ങനെ സംശയം തോന്നിയതിനാലാവണം രണ്ടാം പകുതിയിലെ കാസനോവ -സമീറ (ശ്രേയ ശരണ്‍) പ്രണയം പറഞ്ഞുബോധ്യപ്പെടുത്താന്‍ ഒരു മണിക്കൂര്‍ സമയമെടുത്തിട്ടുണ്ട്. 


അതുകൊണ്ടു സംഭവിച്ചതെന്തെന്നാല്‍, ആദ്യ പകുതിയില്‍ പറഞ്ഞുവന്ന മോഷണസംഘത്തിന്റെ ഉപകഥ പ്രേക്ഷക മനസില്‍ നിന്ന് ഈ സമയം കൊണ്ട് മാഞ്ഞിരിക്കും. അവസാനം ഫ്ലാഷ് ബാക്ക് കഴിഞ്ഞ് തിരികെയെത്തുമ്പോഴാകും നമ്മള്‍ ഓര്‍ക്കുക, ഓ..ഇതാണല്ലോ ആദ്യം പറഞ്ഞുവന്നതെന്ന്.!!


കഥയും കൃത്യമായ യുക്തിയുമില്ലാത്ത ചിത്രങ്ങള്‍ ആസ്വാദ്യമാവുന്നില്ലേ?, തമിഴ് പടം കണ്ടു വിസിലടിക്കുന്ന മലയാളിക്ക് എന്തുകൊണ്ട് കോടികള്‍ മുടക്കിയ ഈ ചിത്രം അതുപോലെ കണ്ടുകൂടാ എന്നൊരു മറുചോദ്യം പലേടത്തും ഉന്നയിച്ചു കണ്ടു. അതിനുമുണ്ട് ഉത്തരം. മേല്‍പ്പറഞ്ഞ തമിഴ് ചിത്രങ്ങള്‍ക്ക് യുക്തി തൊട്ടുതീണ്ടിയിട്ടുണ്ടാവില്ല. പക്ഷേ, കഥ പറഞ്ഞുപോകുന്നതില്‍ കൃത്യമായ ഒഴുക്കും ഭംഗിയുമുണ്ടാകും. പ്രേക്ഷകനെ പിടിച്ചിരുത്താനും കൃത്യമായി കഥ പിന്തുടരാനും അതുമതി. 


ചിത്രം സ്ത്രീവിരുദ്ധമാണോ എന്ന ചര്‍ച്ചയിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എല്ലാ മുഖ്യധാരാ ചിത്രങ്ങളും സ്ത്രീ വിരുദ്ധമാണ്, സ്ത്രീകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭോഗവസ്തുക്കളായി മാത്രമാണ് സിനിമകളില്‍ ചിത്രീകരിക്കപ്പെടുന്നത്. അവയിലൊരണ്ണം മാത്രമാണ് 'കാസനോവ'.


നായക കഥാപാത്രത്തിന് മോഹന്‍ലാല്‍ നല്‍കിയ ഊര്‍ജമല്ലാതെ മറ്റൊരു കഥാപാത്രത്തിനും ജീവസ്സേകാന്‍ സംവിധായകനും രചയിതാവിനുമായിട്ടില്ല. സുന്ദരമായ വിഷ്വലുകളുടെ മാറ്റു കൂട്ടാന്‍ ലക്ഷ്മി റായ്, ശ്രേയ തുടങ്ങിയ നായികമാരുടെ സാന്നിധ്യം സഹായിച്ചു എന്നു മാത്രം. 


ഗാനങ്ങളില്‍ 'ഓമനിച്ചുമ്മവെക്കുന്ന ഇഷ്ടനോവാണ് പ്രണയം' എന്ന ഗാനമാണ് മികച്ചുനിന്നത്. മോഹന്‍ലാല്‍ ഡിസ്കോത്തെക്കിലെ നൃത്തചുവടുകളിലും കസറിയിട്ടുണ്ട്. 


സാങ്കേതികമായി ജിം ഗണേഷിന്റെ ക്യാമറയാണ് ചിത്രത്തിന്റെ പ്രധാന ഭംഗി. കൂടാതെ സംവിധായകന്‍ റോഷന്‍ ആക്ഷന്‍ ംഗങ്ങളും ചേസ് സീക്വന്‍സുകളും ഹോളിവുഡ് ശൈലിയോട് കിടപിടിക്കുംവിധം പകര്‍ത്തിയിട്ടുമുണ്ട്.


ചുരുക്കത്തില്‍, ബഡ്ജറ്റും മികച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നല്ല ലൊക്കേഷനുകളും ഒക്കെ ഒന്നിച്ചുവന്നിട്ടും കൃത്യമായൊരു തിരക്കഥയില്ലാത്തതിനാല്‍ മല എലിയായ അവസ്ഥയിലാണ് 'കാസനോവ'. 
casanovva review, casanova review, malayalam movie casanovva, casanovva malayalam movie, roshan andrews, mohanlal, mohanlal and lakshmi rai, shriya saran in casanovva, sanjana, roma, jagathy sreekumar, bobby sanjay, confident casanovva

11 comments:

R K said...

ayyo ayyo

RAHUL said...

Verum boran padam...

Jacob said...

didnt expected such a work frm bobby sanjay.

Anonymous said...

Ethrakkum stylish padam vannittum ishtapettillenki pinne paranjittu karyamilla.

ആനന്ദതുന്ദിലന്‍ said...
This comment has been removed by the author.
JADEER said...

വായിച്ചവയില്‍ ഇതാണ് ശരിയായ റിവ്യൂ എന്ന് തോനുന്നു

Anonymous said...

thengaa

Anonymous said...

thenga alla chakka..

Anonymous said...

stylish movie ever ennu... kashtham

maneesh said...

ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന്‍ പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്‍റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന്‍ ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.

Aparadhy said...

മലയാളസിനിമയുടെ ഗതികേടന്നല്ലാതെ എന്തു പറയാന്‍. പ്രത്യേകിച്ച്‌ മോഹന്‍ലാലിന്റെ കാര്യം. ഇനിയെങ്കിലും ഒതുങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലാലിന്‌ കുറച്ചു കാലമായി തണുപ്പിന്റെ അസ്‌ക്യത വല്ലാതെ പിടി കൂടിയിരിക്കുകയാണ്‌, കോട്ടില്‍ നിന്ന്‌ പുറത്തേയ്‌ക്കേ ഇറങ്ങുന്നില്ല. സൂക്ഷിക്കണം.
ഇതിനു വേണ്ടിയായിരുന്നുവോ റോഷന്‍ മൂന്നു-നാലുകൊല്ലം അലഞ്ഞത്‌. അതോ 'ദുഭായി'ലേയ്‌ക്ക്‌ നടന്നുപോവുകയായിരുന്നുവോ. പഴയതു പോലെയല്ലാ...വളരെ ക്ഷീണിച്ചുപോയി.
പിന്നെ ആന്റണി പെരുമ്പാവൂരിനെ കുറിച്ച്‌ പറയുകയേ വേണ്ടാ, ശിങ്കിടിയല്ലയോ. അപ്പോള്‍ ഇതും ഇതിനു അപ്പുറവും നിര്‍മിക്കും.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.