Sunday, January 15, 2012

Asuravithu review: ചോര കണ്ട് അറപ്പുമാറാം




ഒടുവില്‍ ആസിഫലി തോക്കെടുത്തു എന്നതില്‍ കവിഞ്ഞ് യാതൊന്നുമില്ലാത്ത ചിത്രമായി അസുരവിത്ത്. സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് ഘോഷിച്ച് എ.കെ സാജന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം തോക്ക് വയലന്‍സ് മാത്രമായി. 


പതിവുപോലെ കൊച്ചിയാണ് ഈചിത്രത്തിലെയും ഗുണ്ടാനാട്. സാത്താന്‍ എന്ന ഗുണ്ടാനേതാവ് കൊല്ലപ്പെടുന്നതുമുതലാണ് ചിത്രത്തിന്റെ തുടക്കം. സാത്താന്റെ മകന്‍ മറ്റൊരു സത്താനാകാതിരിക്കാന്‍ അമ്മ അവനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്നു.  മകന്‍ വൈദികനാകണമെന്നാണ് അമ്മയുടെ ആഗ്രഹം. സെമിനാരിയില്‍ വൈദികപഠനം നടത്തുന്ന ഡോണ്‍ ബോസ്കോ (ആസിഫ് അലി) സ്വന്തം രക്തം തിരിച്ചറിഞ്ഞ് ഡോണാവുന്നതാണ് കഥാതന്തു.  


അവിചാരിതമായി കൊലപാതകത്തിന് സാക്ഷിയാകുന്ന ബോസ്കോയോട് കൊലയാളിയുടെ പേര് മാറ്റിപ്പറയാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നു. കാരണം പത്താംകളം എന്ന കൊച്ചി അടക്കിവാഴുന്ന അബ്ബാജിയുടെ (വിജയരാഘവന്‍) ഗുണ്ടാസംഘമാണ് കൊല നടത്തിയത്. പൊലീസിലെ  ഉന്നതരും ഈ ജൂത കൊലയാളിസംഘത്തിനൊപ്പമാണ്.  പൊലീസിന്റെ മൂന്നാം മുറയും പീഡനവും ഡോണിനെ രണ്ടാം സാത്താനാക്കുന്നു. സ്വന്തം പിതാവിനെ കൊന്നതും പത്താംകളംകാരാണെന്ന് തിരിച്ചറിയുന്നതോടെ  ഡോണ്‍ ബോസ്കോ ഡോണ്‍ ആകുകയാണ്. 


കുറ്റം പറയരുതല്ലോ, അശരണര്‍ക്കും  പീഡിതര്‍ക്കും വേണ്ടി പ്രതിഫലേച്ഛയില്ലാതെ കൊലപാതകം നടത്തുന്ന സംഘം കൂടിയാണിവര്‍. ഇടവേള വരെ ഏറെക്കുറെ ഭംഗിയായി പറഞ്ഞ കഥ ഇന്റര്‍വെല്ലിനുശേഷം കൈവിടുന്നു. പിന്നീട് തോക്കിന്റെയും ആഡംബര കാറിന്റെയും കോട്ടിട്ട ഡോണിന്റെ 'വര്‍ണപ്രപഞ്ചമാണ്'. ഇടക്ക് ഇടയകുമാരനെ പ്രേമിക്കുന്ന മാര്‍ട്ടി എന്ന ബോട്ടുകാരിയായി സംവൃതയാണ് നായികവേഷത്തിലെത്തുന്നത്.


കൊച്ചിയിലെ ഗുണ്ടാ സംഘത്തിന്റെ  കഥകള്‍ നല്ലരീതിയില്‍ പറഞ്ഞ സിനിമയായിരുന്നു വയലന്‍സ്. സാങ്കേതികമായി മികച്ചു നില്‍ക്കുന്നു എന്നതില്‍ കവിഞ്ഞ് അസുരവിത്ത് സ്റ്റോപ്പ് വയലന്‍സിന്റെ അടുത്തെങ്ങും എത്തില്ല. ആഡംബര കാറില്‍ വരിക തോക്കെടുക്കുക വെടിവെക്കുക സ്ലോ മോഷനില്‍ പോവുക. കൊലപാതകം കണ്ട് പ്രേക്ഷകരുടെ അറപ്പ് മാറുമെന്നതാണ് ഗുണം.


മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, പൃഥ്വിരാജ് എന്നിവര്‍ക്ക് ശേഷം ആസിഫ് അലി തോക്കെടുക്കുകയും സ്ലോമോഷനില്‍ നടക്കുന്ന ചിത്രം എന്നതാണിതാണ് ചിത്രത്തിന്റെ 'സവിശേഷത'. ഡോണ്‍ ബോസ്കോ എന്ന കഥാപാത്രം ആസിഫ് തരക്കേടില്ലാതെ അവതരിപ്പിച്ചെങ്കിലും അധോലോക നായകനാകാനുള്ള ത്രാണിയുണ്ടോയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. വയലന്‍സ് എന്ന ചിത്രത്തില്‍ സി.ഐ സ്റ്റിഫനെന്ന കഥാപാത്രമായി വിജയരാഘവന്‍ തിളങ്ങിയപ്പോള്‍ അസുരവിത്തിലെ അബ്ബാജിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ബാബുരാജിന്റെ അച്ഛന്‍ വേഷവും ഡോണിന്റെ അമ്മയായി ലെനയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടും. 


ഇടവേളക്ക് ശേഷം ചിത്രം സ്റ്റൈലിഷ് ആക്കാനായി തോക്ക്, കോട്ട്, കാര്‍ പ്രദര്‍ശനത്തിന് മാറ്റി വെച്ചതിനാല്‍ പ്രത്യേകിച്ച് തിരക്കഥയൊന്നും എ.കെ സാജന്‍ കൈയില്‍ കരുതിയില്ല എന്നതാണ് ചിത്രത്തെ തകര്‍ക്കുന്നത്. ഗുണ്ടാ കഥകളുടെ പതിവ് ചിട്ടവട്ടങ്ങളില്‍ നിന്ന് ഇഞ്ചിട മാറാന്‍ ശ്രമിക്കാത്തതും വിരസത കൂട്ടും. വിഷ്ണു നമ്പൂതിരിയുടെ ക്യാമറ മോശമാക്കിയില്ല. കൊല്ലിനും കൊലക്കും 'പഞ്ച്' വരുത്താന്‍ ഗോവിന്ദ് മേനോന്റെ പശ്ചാത്തല സംഗീതത്തിനും മുരുകേഷിന്റെ ഇഫക്ട്സിനും കഴിഞ്ഞിട്ടുമുണ്ട്.


ചുരുക്കത്തില്‍, സ്ഥിരം ഗുണ്ടാ, അധോലോക കഥകളുടെ പുതുമ നഷ്ടപ്പെട്ട മറ്റൊരു പതിപ്പുകൂടി എന്നേ 'അസുരവിത്തി'നെ വിശേഷിപ്പിക്കാനാവൂ.

-By Faizal P.M
asuravithu review, malayalam movie asuravithu, asuravithu movie review, malayalam film review, a.k. sajan, asif ali, samvritha sunil, lena, asuravithu, movie reviews, cinemajalakam review

7 comments:

Baiju said...

kottittal don ayennanu vicharam.

Pheonix said...

ആസിഫലിക്ക് കുറച്ചുകൂടി പക്വത വരാനുണ്ട് ഈ വേഷങ്ങള്‍ ചെയ്യാന്‍. പ്രിത്വിരാജ് ചെയ്‌താല്‍ ഒരു പരിധി വരെ നന്നാവുമായിരുന്നു. പക്ഷെ തിരക്കഥ അവിടെയും വില്ലനാവുന്നു.

Sha said...

kadhayillathe kottittal cinemayavumo?

Anonymous said...

enthenkilumokke mathiyallo eppo cinemakku...

Anonymous said...

Asif ali need to fix a position in Malayalam film Industry first. Then try to become a superstar. Asif ali can't do these kind of roles. And moreover he is not a crowd puller. Stop comparing Asif ali with Prithvi Raj. Asif ali is nothing to be compared with any star.

Anonymous said...

informationu tks

Deepak said...

ആസിഫ് അലി കുറെ നല്ല പദത്തില്‍ അഭിനയിച്ചു എന്നുവെച്ചു നല്ല നടന്‍ ആകണം എന്നില്ല. അതിനു കഴിവ് തെളിയിക്കാന്‍ ഇനിയും സമയം എടുക്കും,

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.