Saturday, December 17, 2011

IFFK2011:ദി കളേഴ്‌സ് ഓഫ് ദി മൌണ്ടന്‍സിന് സുവര്‍ണ്ണചകോരം, അബുവിന് മൂന്ന് അവാര്‍ഡുകള്‍



പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുവര്‍ണ്ണ ചകോരം കാര്‍ലോസ് സെസാര്‍ അര്‍ബലേസ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രമായ ദി കളേഴ്‌സ് ഓഫ് ദി മൗണ്ടന്‍സ് കരസ്ഥമാക്കി. പതിനഞ്ച് ലക്ഷം രൂപയും ഫലകവും ലഭിക്കും. തുക സംവിധായകനും നിര്‍മ്മാതാവും തുല്യമായി പങ്കിടും.


മികച്ച സംവിധായകനുള്ള രജതചകോരം ഇറാന്‍ ചിത്രമായ ഫ്‌ളമിംഗോ നമ്പര്‍ 13ന്റെ സംവിധായകനായ ഹമീദ് റാസ അലിഗോലി നേടി. ഫലകവും നാല് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.


മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സെബാസ്റ്റ്യന്‍ ഹിരിയത്ത് നേടി. മെക്‌സിക്കന്‍ ചിത്രമായ 'എ സ്റ്റോണ്‍സ് ത്രോണ്‍ എവേ'യുടെ സംവിധായകനാണ്. ഫലകവും മൂന്ന് ലക്ഷം രൂപയുമാണ് സമ്മാനം.


പ്രേക്ഷക പുരസ്കാരം ചിലിയന്‍ സംവിധായകന്‍ പാബ്ലോ പെരല്‍മാന്റെ 'ദി പെയിന്റിംഗ് ലെസണ്‍' കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയാണ് സമ്മാനം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ടര്‍ക്കി ചിത്രമായ 'ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍' നേടി. ഒസാന്‍ ആല്‍പെര്‍ ആണ് സംവിധായകന്‍ .


ആദാമിന്റെ മകന്‍ അബു മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളും നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി അവാര്‍ഡും നേടി. അമ്പതിനായിരം രൂപയാണ് സമ്മാനം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് അദിതിറോയ് നേടി. ചിത്രം 'അറ്റ് ദി എന്‍ഡ് ഓഫ് അറ്റ് ഓള്‍ '


മികച്ച ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡുകളും ചടങ്ങില്‍ പ്രഖ്യാപിച്ചു. മികച്ച പത്ര റിപ്പോര്‍ട്ടിംഗിന് മാതൃഭൂമിയിലെ പി എസ് ജയനും മെട്രോ വാര്‍ത്തയിലെ റിന്‍സും തുല്യമായി പങ്കിട്ടു. ന്യു ഇന്ത്യന്‍ എക്‌സ്പ്രസിലെ ഷിബു പി എസ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച ചാനല്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യാവിഷനിലെ ശ്രീജയും, റിപ്പോര്‍ട്ടര്‍ ചാനലിലെ അഗസ്റ്റിന്‍ സെബാസ്റ്റ്യനും പങ്കിട്ടു. ഇന്ത്യാവിഷനിലെ സമീര്‍ സലാം പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായി. മികച്ച ശ്രവ്യ റിപ്പോര്‍ട്ടിംഗ് ആകാശവാണി നേടി.


 ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് എന്താ, മെട്രോമാറ്റിനി എന്നീ സൈറ്റുകള്‍ നേടി. ബ്രൂസ് ബെറസ് ഫോര്‍ഡ് ചെയര്‍മാനും, ലോറന്‍സ് ഗാവ്‌റോണ്‍ , ജഫ്രി ജെട്ടൂറിയന്‍ , സെമിഹ് കപ്ലാനോഗ്ലു, രാഹുല്‍ ബോസ്, എന്നിവരടങ്ങിയ ജൂറിയാണ് മേളയിലെ പ്രധാന പുരസ്കാരങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.




മികച്ച ഏഷ്യന്‍ ചിത്രം 'അറ്റ് ദി എന്‍ഡ് ഓഫ് ഇറ്റ് ഓളി'ന്റെ സംവിധായിക അദിതി റോയി ജൂറി അംഗം ഡെഫ്നേ ഗുര്‍സോയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു


കൂവാനാണെങ്കില്‍ പാസ് തരില്ല: മന്ത്രി ഗണേഷ്
കൂവലിലൂടെ പ്രതിഷേധിക്കാന്‍ മാത്രം വരുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ചലച്ചിത്രമേളയില്‍ പാസ് അനുവദിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സെന്‍സര്‍ ചെയ്യാത്ത ചിത്രങ്ങളിലെ രതി കാണാന്‍ പാസെടുത്ത് വരുന്നവരാണ് മേളയുടെ ശാപമെന്നും അദ്ദേഹം പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ മന്ത്രി പ്രസംഗിച്ചപ്പോള്‍ സദസില്‍ നിന്ന് നിര്‍ത്താതെ കൂവലുയര്‍ന്നപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചത്.


അടുത്തതവണ മുതല്‍ സീറ്റിനനുസരിച്ചേ പാസ് നല്‍കൂ. കൂവാന്‍ വരുന്നവര്‍ ഇനി മേളയില്‍ വേണ്ട.  ഇത്തരം പ്രതിഷേധക്കാരെ പുറത്തിരുത്തും.


അക്കാമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രിയദര്‍ശനെ മാറ്റുമെന്ന് ആരും കാത്തരിക്കണ്ട. അഞ്ചുവര്‍ഷവും അദ്ദേഹം ആ സ്ഥാനത്തിരിക്കും. സിനിമയെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. കുറ്റങ്ങള്‍ ഒഴിവാക്കി അടുത്തവര്‍ഷം മുതല്‍ മേള നടത്തുമെന്നും മന്ത്രി പറഞ്ഞു. സംവിധായകന്‍ സുഭാഷ് ഗായ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.

iffk, iffk2011, iffk awards, aditi roy, colours of mountains, flemingo number 13, ganesh kumar, priyadarshan

4 comments:

Rahul said...

colors of mountain super film...must watch.

Sooraj said...

Adutha festivalenkilum nannayi nadathanakatte.

Anonymous said...

kooooooooo....ini Enikku pass tharille?

Anonymous said...

adutha thavane adipoli akkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.