Thursday, December 15, 2011

IFFK: പ്രേക്ഷകരുടെ വോട്ടിംഗ് വ്യാഴാഴ്ച മുതല്‍
പ്രേക്ഷകര്‍ക്ക് ഇഷ്ട ചിത്രം വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാനുള്ള അവസരം  15ന് വ്യാഴാഴ്ച പത്ത് മണി മുതല്‍ ആരംഭിച്ച് 16ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. കൈരളി, ന്യൂ തിയേറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ കിയോസ്കുകളില്‍ നിന്നും എസ് എം എസ് ആയും വോട്ട് രേഖപ്പെടുത്താം. എസ് എം എസ്  VOTEREG NOPASSWORDFILMCODE എന്ന ഫോര്‍മാറ്റില്‍ 9446301234 എന്ന നമ്പരിലേക്ക് അയക്കണം. സിനിമാ കോഡുകള്‍ കൈരളി, ന്യൂ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ട്ുണ്ട്. www.iffk.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഡെലിഗേറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാം. രജത ചകോരത്തിനായി മത്സരവിഭാഗത്തിലുള്ള 11 ചിത്രങ്ങളില്‍ നിന്നാണ് പ്രിയപ്പെട്ട ചിത്രം തെരഞ്ഞെടുത്ത് വോട്ട് രേഖപ്പെടുത്തേണ്ടത്. 
eliyis bakkar


ഞാന്‍ എന്റെ രാജ്യത്തെ പൌരനല്ല, ചലച്ചിത്രകാരനാണ്: എലിസ് ബക്കര്‍
ഒരുകാലത്ത് സ്വത്വം നഷ്ടപ്പെട്ടിരുന്ന രാജ്യത്തെ പൌരന്‍ എന്നതിലുപരി ചലച്ചിത്രകാരന്‍ എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടുണീഷ്യന്‍ സംവിധായകന്‍ എലിസ് ബക്കര്‍. 23 വര്‍ഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് ശേഷം തന്റെ രാജ്യത്തിലെ ചിത്രങ്ങള്‍ ഇന്ന് സ്വാതന്ത്യ്രത്തിന്റെ പാതയിലാണ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്വേച്ഛാധിപതിയായിരുന്ന ബെന്‍ അലിയുടെ പതനത്തിന് ശേഷം സാമൂഹികവും സര്‍ഗ്ഗാത്മകവുമായ സ്വാതന്ത്യ്രം അനുഭവിക്കുകയാണ് ഇന്നത്തെ ടുണീഷ്യന്‍ ജനത. തങ്ങളുടെ രാജ്യത്തെ പുഞ്ചിരിയുടെ നാടെന്നാണ് വിളിക്കുന്നത്. എന്നാല്‍ ആ പുഞ്ചിരിക്ക് പിന്നില്‍ ഒരുപാട് യാതനകള്‍ പേറുന്ന മനുഷ്യരുണ്ടെന്നു ബക്കര്‍ പറഞ്ഞു.


മുല്ലപ്പൂ വിപ്ലവത്തിന് മുമ്പ് രാജ്യത്തിന് യഥാര്‍ത്ഥ അവസ്ഥ ചലച്ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാനുള്ള സ്വാതന്ത്യ്രം അവിടത്തെ സ്വേച്ഛാധിപത്യ ഭരണം അനുവദിച്ചിരുന്നില്ല. എപ്പോഴും സ്വന്തം സമൂഹത്തിന്റെ കണ്ണാടിയാകാനും അതിനെ പ്രതിനിധീകരിക്കാനും ഒരു ചലച്ചിത്രകാരന് കഴിയണം. പക്ഷേ അങ്ങനെയൊരു അവസരം ടുണീഷ്യന്‍ ജനതയ്ക്ക് അന്യമായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചറിയപ്പെടാതെ കഴിഞ്ഞ ഒരു കാലവും തനിക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു. തങ്ങള്‍ ഒരിക്കല്‍ അനുഭവിച്ച പ്രയാസങ്ങളെയും ഇപ്പോള്‍ ലഭിക്കുന്ന ആശ്വാസകരമായ ചുറ്റുപാടുകളെയും കുറിച്ച് അദ്ദേഹം വാചാലനായി.


മേളയിലെ അറബ് സ്പ്രിംഗ് വിഭാഗത്തില്‍ എലിസയുടെ 'റോഷ് പരോള്‍' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള ടുണീഷ്യയുടെ മോചനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കച്ചവട സിനിമകളില്‍ നിന്ന് മാറി സ്വന്തം രാജ്യത്തിന്റെ വികാരങ്ങളേയും സൌന്ദര്യത്തേയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളിലാണ് തനിക്ക് താത്പര്യമെന്ന് സംവിധായകന്‍ പറഞ്ഞു.


അരവിന്ദന്റെ ഓര്‍മ പുതുക്കി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രധാന ശിഷ്യനുമായിരുന്ന രാജീവ് വിജയരാഘവന്‍ സംസാരിച്ചു. ഹാസ്യാത്മകതയിലൂടെയും വ്യംഗ്യാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും ചലച്ചിത്ര കലയെ സമീപിച്ച ആളായിരുന്നു അരവിന്ദനെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ചന സീത, എസ്തപ്പാന്‍, തമ്പ്, കുമ്മാട്ടി, തുടങ്ങിയ ചിത്രങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
അബോശിശേ ബന്ധങ്ങളുടെ തിരിച്ചറിവ്: അദിതി റോയ്
ബന്ധങ്ങളുടെയും തിരിച്ചറിവുകളുടെയും കഥയാണ് 'അബോശിശേ' എന്ന് ബംഗാളി സംവിധായിക  അദിതിറോയ് പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് നടന്ന 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 20 വര്‍ഷത്തെ വിദേശ ജീവിതത്തിന് ശേഷം കൊല്‍ക്കത്തയിലേക്ക് തിരികെയെത്തുന്ന 'സൌമ്യേയി' യുടെ കഥയാണ് തന്റെ ചിത്രം പറയുന്നതെന്ന് അബോശിശേയുടെ സംവിധായികയായ അദിതിറോയ് പറഞ്ഞു. ലളിതമായ ആഖ്യാന ശൈലിയിലൂടെയാണ് ബംഗാളിന്റെ നഗരജീവിതത്തെ ഈ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും സാധാരണക്കാരുടെ ഭാഷയാണ് സംഭാഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 


അബേശിശേയുടെ 90 ശതമാനവും ഔട്ട് ഡോറുകളിലായിരുന്നു ചിത്രീകരിച്ചത്. കൃത്രിമ സെറ്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. കഥാപാത്രത്തെ തെരുവിലേക്കിറക്കിവിട്ട് ക്യാമറ കൈയിലെടുത്ത് പിറകെ പോയി. രൂപ ഗാംഗുലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടായി ചിത്രീകരിച്ച സ്ഥലം അവരുടെ വീട് തന്നെയായിരുന്നു. അപരിചിതമായ ലൊക്കേഷനുകളില്‍ നടീനടന്മാര്‍ക്ക് സ്വാഭാവികത നഷ്ടപ്പെടും. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഞങ്ങള്‍ക്ക് സിനിമ. അദിതി പറഞ്ഞു. ഗൃഹാതുരത്വ സ്മരണകള്‍ പുറം മോടിയായി മാത്രം കൊണ്ടുനടക്കുന്നവരാണ് ഇന്നത്തെ ബംഗാളി ജനത എന്ന് 'അബോശിശേ' യുടെ തിരക്കഥാകൃത്തായ നീല്‍ ബി മിത്ര അഭിപ്രായപ്പെട്ടു. ഇത് ബംഗാളില്‍ മാത്രമല്ല ലോകത്തെവിടെയും കണ്ടുവരുന്ന ഒരു പ്രതിഭാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


തന്റെ ആദ്യചിത്രമായ ഫ്ളമിംഗോ 13 സ്വാതന്ത്യ്രത്തിന്റെ അടയാളമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ഹമീദ് റിസ അലിഗോളിയാന്‍ പറഞ്ഞു. സിനിമയുടെ ചട്ടക്കൂടുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Abosheshey Review: അമ്മയെ അറിയാന്‍...


Film Review    : At the end of it all (Abosheshey)
Director          : Aditi Roy
Country          : India(Bengali)
Year                : 2011
Running Time: 118'  


ഓര്‍മയുറയ്ക്കാത്ത പ്രായത്തില്‍ പെറ്റമ്മയെ വേര്‍പെട്ട് പിതാവിനൊപ്പം കുടിയേറിയ മകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജന്‍മനാട്ടില്‍ മാതൃസാന്നിധ്യം തിരിച്ചറിയുകയാണ് 'അബോശീശേ' എന്ന ചിത്രത്തില്‍. വേരുകള്‍ അറുത്തെറിഞ്ഞ് മടങ്ങാന്‍ നാട്ടിലെത്തിയ അവന്‍ വേരുകളടുത്തറിയാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തെ തുടര്‍ന്ന് പ്രേക്ഷകഹൃദയത്തോടു ചേര്‍ക്കുന്നത്. 


വിദേശത്ത് വളര്‍ന്ന മകന്‍ ചെറുപ്പത്തിലേ വേര്‍പെട്ട മാതാവിനെ കൂടുതലറിയാന്‍ ജന്‍മനാടായ കൊല്‍ക്കത്തയില്‍ എത്തുന്നതാണ് നവാഗതയായ അദിതി റോയ് സംവിധാനം ചെയ്ത അബോശീശേ പറയുന്നത്. മാതാവ് സുചിശ്മിതാ റോയിയുടെ മരണശേഷം നാട്ടിലെ അപ്പാര്‍ട്ട്മെന്റ് വിറ്റശേഷം വീണ്ടും വിദേശത്ത് മടങ്ങാന്‍ ഉദ്ദേശിച്ചെത്തിയ ഷോമോയ് എന്ന യുവാവ് ഒടുവില്‍ അവരെ കൂടുതല്‍ അറിയുകയാണ്. അവര്‍ക്ക് പ്രിയപ്പെട്ടവരിലൂടെ, വീട്ടില്‍ അവര്‍ ബാക്കിയാക്കിയ ഓരോ വസ്തുവിലൂടെ, ഡയറിക്കുറിപ്പുകളിലൂടെ സുചിസ്മിതയുടെ സാന്നിധ്യം അവന്‍ തിരിച്ചറിയുന്നു. 


ഏറെ ലളിതമായ കഥാതന്തുവാണെങ്കിലും അവതരണമികവാണ് ചിത്രത്തെ ഹൃദയസ്പര്‍ശിയാക്കുന്നത്. ജോലിയും മികച്ച ശമ്പളവും തേടി ഭര്‍ത്താവ് വിദേശത്ത് കൈക്കുഞ്ഞിനേയും പോകുമ്പോള്‍ സ്വന്തം നാട് വിട്ട് വരാന്‍ കൂട്ടാക്കാത്ത സുചിശ്മിതയെന്ന കഥാപാത്രം രൂപാ ഗാംഗുലിയുടെ കൈയില്‍ സുഭദ്രമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ തന്റെ മകന്‍ വേരുകള്‍ തേടി വരുമെന്നും അവള്‍ക്കുറപ്പായിരുന്നു. എന്നാല്‍ ആ വരവ് കാണാന്‍ അവളുണ്ടായിരുന്നില്ല. മാതാവിന്റെ മരണശേഷമാണ് തനിക്കായി കാത്തുവെച്ചവയിലൂടെ ഷോമോയ് അവരെ യഥാര്‍ഥത്തില്‍ തിരിച്ചറിയുന്നതും. 


മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയതെന്നതും ശ്രദ്ധേയമാണ്. മഹാഭാരതം ടെലിവിഷന്‍ പരമ്പരയിലെ ദ്രൌപദി രൂപാ ഗാംഗുലിയാണ് സുചിശ്മിതാ റോയി എന്ന ഏകാന്ത മാതാവിന്റെ വികാരങ്ങള്‍ സ്ക്രീനിലെത്തിച്ചത്. നായക കഥാപാത്രമായ അങ്കുര്‍ ഖന്ന ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തില്‍ യുവരാജാവ് ഭാനു വിക്രമനായും നായിക റൈമാ സെന്‍ വീരപുത്രനിലെ നായികയായും അടുത്തിടെ മലയാളത്തില്‍ ശ്രദ്ധനേടിയവരാണ്. 


പത്തുവര്‍ഷത്തോളം സമയമെടുത്താണ് സംവിധായിക അദിതി ചിത്രത്തിന്റെ തിരക്കഥക്ക് പൂര്‍ണ രൂപമേകിയത്.  നീല്‍ ബി. മിത്രയാണ് കഥയും തിരക്കഥയും. മുഖ്യ കഥാപാത്രമാകാന്‍ രൂപാ ഗാംഗുലിയുടെ സമയം ലഭിക്കാനും കാത്തു. ഹാന്‍ഡ് ഹെല്‍ഡ് ക്യാമറയിലൂടെയാണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. യാഥാര്‍ഥ്യ ബോധമുള്ള ചിത്രമൊരുക്കാനായി സെറ്റുകളും പരമാവധി ഒഴിവാക്കി. പ്രധാന ലൊക്കേഷനായ അപ്പാര്‍ട്ട്മെന്റായി നായിക രൂപാ ഗാംഗുലിയുടെ ഫ്ലാറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 


ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജന്‍ പാലിറ്റാണ്.നിര്‍മാണം അനില്‍ ബി. ദേവ്. 


എന്തായാലും, ബംഗാളില്‍ അടുത്തിടെ സജീവമായ യുവ സിനിമാ പ്രവര്‍ത്തകരുടെ ഗണത്തില്‍ വാഗ്ദാനമാണ് അദിതി റോയ്. കാലങ്ങളായി മനസില്‍ കൊണ്ടു നടന്ന ആദ്യചിത്രം പൂര്‍ത്തയാവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തതോടെ അടുത്ത ചിത്രത്തിന്റെ ആലോചനയിലാണ് അദിതി. 
iffk2011, iffk, elis bakkar, aditi roy, roopa ganguly, trivandrum film festival, neel b. mitra, hameed riza, abosheshey, abosheshey review, aditi roy film, at the end of it all

4 comments:

Sandhya said...

AT the end of it all was excellent

Sandhya said...

Fest had few good films, but those few were nice

Rahul said...

At the end of it all was beautiful. good review too. Y dont u put all reviewS?

Binoy said...

elias bekker's speech was good

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.