Monday, December 5, 2011

IFFK: ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍
16ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ സമകാലീന ഇന്ത്യന്‍ സിനിമയുടെ പരിഛേദമായ ഏഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ ആധുനികവും പാരമ്പര്യാധിഷ്ഠിതവുമായ ജീവിതാവിഷ്കാരങ്ങളാണീ ചിത്രങ്ങള്‍ . 


ആടുകളം(ADUKALAM), അഴഗര്‍ സ്വാമിയിന്‍ കുതിരൈ(AZHAGARSAMY'S HORSE), ബാബു ബാന്‍ഡ് പാര്‍ട്ടി(BABOO BAND PARTY), ചാപ്ളിന്‍ (CHAPLIN), ഹാന്‍ഡ് ഓവര്‍(HANDOVER), മാലാ ആയി ഹയ്ച്ചില്‍(I WANT TO BE A MOTHER), കശ്മഷ് (NAUKADUBI) എന്നീ ചിത്രങ്ങളാണ് മേളയിലെ ദൃശ്യ സാന്നിധ്യങ്ങള്‍. ഇതില്‍ മൂന്നെണ്ണം നവാഗത സംവിധായകരുടേതാണ്.


 ഗോവന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഋതുപര്‍ണ്ണഘോഷിന്റെ നൌക്കാദൂബി രവീന്ദ്രനാഥ ടാഗോറിന്റെ കഥയെ അവലംബമാക്കിയെടുത്ത ചിത്രമാണ്. മികച്ച സംവിധായകന്‍, തിരക്കഥ, നടന്‍ എന്നിങ്ങനെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം. കോഴിപ്പോരിന്റെ വന്യമായ വാശിയും വിജയത്തിനായുള്ള കുടിലതകളും ചേര്‍ന്ന് ഗ്രാമീണ ജീവിതത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് ദുരന്തത്തിന്റെ നിഴല്‍ വീഴ്ത്തുന്ന ആടുകളം കാഴ്ചയെ വന്യമായ ഒരു അനുഭവമാക്കുന്നു.


ഭാസ്കര്‍ ശക്തിയുടെ കഥയെ ആസ്പദമാക്കി സുശീന്ദ്രന്‍ എഴുതി സംവിധാനം ചെയ്ത അഴഗര്‍ സ്വാമിയിന്‍ കുതിരൈ മൂന്ന് വര്‍ഷത്തെ വരള്‍ച്ചയ്ക്ക് ശേഷം അഴഗര്‍ സ്വാമിയുടെ കുതിരയെ പ്രീതിപ്പെടുത്താന്‍ ഉത്സവം നടത്താന്‍ തീരുമാനിക്കുന്നു. തടിയില്‍ തീര്‍ത്ത കുതിര ഉത്സവത്തിനിടയില്‍ അപ്രത്യക്ഷമാകുന്നു. നര്‍മ്മം അടിയൊഴുക്കായുള്ള ചിത്രത്തിന് നൂറ്റി ഇരുപത്തിരണ്ട്  മിനിട്ട് ദൈര്‍ഘ്യമുണ്ട് .


മികച്ച നടി, മികച്ച നവാഗത സംവിധായകന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകളും മഹാരാഷ്ട്ര സ്റ്റേറ്റ് ഫിലിം അവാര്‍ഡുകളും സ്വന്തമാക്കിയ ചിത്രമാണ് രാജേഷ് പിന്‍ജാനിയുടെ ബാബു ബാന്‍ഡ് പാര്‍ട്ടി. അച്ഛന്റെ ലോക്കല്‍ ബാന്‍ഡ് ട്രൂപ്പിലെ ജോലി തന്നെ മകനും പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന അച്ഛന്റെയും മകനെ ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി ഉദ്യോഗസ്ഥനാക്കാന്‍ ശ്രമിക്കുന്ന അമ്മയുടെയും സംഘര്‍ഷങ്ങളാണിതില്‍.


കുട്ടിക്കാലത്ത് കണ്ട  ചാപ്ലിന്‍ സിനിമയില്‍ ആകൃഷ്ടനായി തെരുവില്‍ ചാര്‍ളി ചാപ്ലിന്റെ അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവിതം തള്ളിനീക്കുന്ന ബാങ്ഷിയുടെ കഥയാണ് 'ചാപ്ലിന്‍' പറയുന്നത്. സംവിധാനം നിന്ദോബന്ധോപാധ്യായ.


 ഗ്രാമീണ ജീവിതത്തിന്റെ ഇല്ലായ്മകളില്‍ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ കഥ പറയുന്ന ചിത്രമാണ് സൌരഭ് കുമാറിന്റെ ഹാന്‍ഡ് ഓവര്‍. സമൃദ്ധി സന്‍ജയ് പോറൈ സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് 'ഐ വാണ്ട്  ടു ബി എ മദര്‍' ഒരു കുഞ്ഞിനുവേണ്ടി  ഇന്ത്യന്‍ യുവതിയുടെ ഗര്‍ഭപാത്രം വാടകയ്ക്കെടുത്ത അമേരിക്കന്‍ യുവതിയുടെ കഥയാണിത്.
iffk2011, indian cinema today section, ADUKALAM, AZHAGARSAMY'S HORSE, HANDOVER, BABOO BAND PARTY, CHAPLIN, NAUKADUBI, I WANT TO BE A MOTHER

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.