Wednesday, December 14, 2011

IFFK: തിക്കും തിരക്കുമായി മേളയുടെ അഞ്ചാം നാള്‍മേള അഞ്ചാം ദിവസം കടക്കുമ്പോള്‍ ആസ്വാദകര്‍ക്ക് നല്ല ചിത്രങ്ങള്‍ കണ്ടതിന്റെ സംതൃപ്തി. അഭിപ്രായം അറിഞ്ഞുകേട്ട ചിത്രങ്ങള്‍ക്ക് പിന്നാലെയുള്ള പാച്ചില്‍ തീയറ്ററുകളില്‍ സംഘര്‍ഷത്തോളമെത്തുന്ന കാഴ്ച കാണാമായിരുന്നു.

കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മ പുതുക്കലുമായി റിട്രോസ്പെക്ടീവില്‍ മഹാരഥന്മാര്‍ തിരശീലയെ വിസ്മയിപ്പിച്ചപ്പോള്‍, നൂതന സങ്കേതങ്ങളും ആധുനിക ജീവിത സന്നിഗ്ധതകളും നിറച്ച ലോകസിനിമ പുതിയ പ്രതീക്ഷ ഉണര്‍ത്തി.

 ആദ്യ പ്രദര്‍ശനത്തില്‍ വന്‍ പ്രേക്ഷക അഭിപ്രായം പിടിച്ചുപറ്റിയ 'ബോഡി'ക്കും പ്രശാന്ത് നായരുടെ 'ഡല്‍ഹി ഇന്‍ എ ഡേ'യ്ക്കും വന്‍ തിരക്ക് അനുഭവപ്പെട്ടു. വിദ്യാര്‍ഥികളും യുവാക്കളും ലോക സിനിമകള്‍ക്കും ഹൊറര്‍ ചിത്രങ്ങള്‍ക്കും ഫുട്ബോള്‍ ചിത്രങ്ങള്‍ക്കും ഒരേ ആവേശത്തോടെ തിയേറ്റുകളില്‍ തിക്കിതിരക്കിയപ്പോള്‍ ഇരുത്തം വന്ന സിനിമാ പ്രേമികള്‍ റിട്രോകള്‍ക്ക് മുന്നിലായിരുന്നു. സാധാരണ പ്രേക്ഷകര്‍ക്ക് അപരിചിതമായ ആവിഷ്കാര രീതികളുമായെത്തിയ ഫുട്ബോള്‍, അറബ് ചിത്രങ്ങള്‍ പുതിയൊരു കാഴ്ചാനുഭവം തന്നെയായിരുന്നു. പതിവ് കാഴ്ചകളില്‍ നിന്നും ഭിന്നമായി സിനിമകളെ ഉള്‍ക്കൊള്ളുന്നതിനും അറിയുന്നതിനും ഈ സൃഷ്ടികള്‍ പ്രേക്ഷകരെ പ്രാപ്തരാക്കും എന്നതില്‍ തര്‍ക്കമില്ല.

ഫുട്ബോള്‍ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ 'ടു എസ്കോബാര്‍സ്' കഥാചിത്രങ്ങളുടെ പതിവ് രീതികള്‍ വെടിഞ്ഞ് അസാധാരണമായ കാഴ്ചാനുഭവമാണ് പ്രദാനം ചെയ്തത്. ഫുട്ബോളും രാഷ്ട്രീയവും കൊക്കെയ്നും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിയ കൊളംബിയന്‍ സാമൂഹിക ജീവിതത്തിന് നേര്‍ക്ക് പിടിച്ച ക്യാമറയില്‍ ചരിത്രത്തിന്റെ ഉള്‍ക്കാഴ്ചകളാണ് തെളിഞ്ഞത്.

അറബ് വിഭാഗത്തില്‍ നിന്നും ആദ്യപ്രദര്‍ശനത്തിനെത്തിയ മുഹമ്മദ് അബ്ദുല്‍ അസീസിന്റെ 'ദമാസ്കസ് വിത്ത് ലൌ' കാണികളുടെ മനം കവര്‍ന്നു. വിദേശ പൌരത്വം തേടി യാത്രയാകാനൊരുങ്ങുന്ന സിറിയന്‍ യുവതി റീമയോട് വിമാനത്താവളത്തില്‍ വെച്ച് അച്ഛന്‍ പറയുന്ന രഹസ്യത്തോടെ യാത്ര ഉപേക്ഷിക്കുകയാണ് അവള്‍. ദമാസ്കസിന്റെ പ്രാന്തങ്ങളില്‍ സ്വന്തം വംശത്തിന്റെ ഭൂതകാലം തേടുന്നതായി പിന്നീട് റീമയുടെ യാത്രകള്‍. സ്വത്വ പ്രതിസന്ധി നേരിടുന്ന അറബ് ജീവിതത്തിന്റെ അന്തരാളങ്ങളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രത്തിന്റെ പുനഃപ്രദര്‍ശനം നാളെ 3.15ന് ധന്യയില്‍ നടക്കും. നിശാഗന്ധിയില്‍ ലോകസിനിമയില്‍ നിന്നുള്ള വില്‍, കമലിന്റെ ഗദ്ദാമ എന്നിവയുടെ പ്രദര്‍ശനത്തിനും ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. 


ഒറ്റപ്രദര്‍ശനം മാത്രമുള്ള പത്ത് ചിത്രങ്ങള്‍ ബുധനാഴ്ച

മേളയിലെ ശ്രദ്ധേയമായ റെട്രോ, അറബിക് സ്പ്രിങ് വിഭാഗങ്ങളില്‍പ്പെടുന്ന പത്ത് ചിത്രങ്ങളുടെ ഒറ്റ പ്രദര്‍ശനം ബുധനാഴ്ച നടക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തിലെ ജിബ്രില്‍ ഡിയോപ് മാമ്പട്ടി ചിത്രങ്ങളായ 'ടെല്‍ അസ് ഓഫ് ഗ്രാന്റ് മദര്‍ ', 'ലെ ഫ്രാങ്ക്', നിന്‍ക നിന്‍ക: ദി പ്രിന്‍സ് ഓഫ് കൊളബേണ്‍, ദി ലിറ്റില്‍ ഗേള്‍ ഹു സോള്‍ഡ് ദ സണ്‍, റോബര്‍ട്ട് ബ്രസണ്‍ ചിത്രം 'ദ ട്രയല്‍ ഓഫ് ജോണ്‍ ഓഫ് ആര്‍ക്ക്', മധുവിന്റെ 'സ്വയംവരം', അഡോള്‍ഫാസ് മെകാസിന്റെ 'മെകാസിന്റെ ഹ്രസ്വചിത്രങ്ങള്‍' മസുമുറയുടെ 'ദ വുമണ്‍ ഹു ടച്ച്ഡ് ലെഗ്സ്' ഡെഫ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന 'ദ ലെജന്റ് ഓഫ് പോള്‍ ആന്റ് പോള' അറബ് സ്പ്രിങ് വിഭാഗത്തിലെ 'ഹിയര്‍ കംസ് ദ റെയിന്‍' എന്നീ ചിത്രങ്ങള്‍ക്കാണ് ഇന്ന് മാത്രം പ്രദര്‍ശനമുള്ളത്.

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ബാന്‍ഷി എന്ന യുവാവിന്റെ കഥ പറയുന്ന 'ചാപ്ലിനും' അഴഗര്‍സാമിയുടെ കുതിരയും മല്ലയ്യപുരം ഗ്രാമവാസികളും തമ്മിലുള്ള ആത്മബന്ധം പ്രമേയമാക്കിയ 'അഴഗര്‍സാമിയിന്‍ കുതിരൈ'യും ഉള്‍പ്പെടെ 50 ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകും ആറാം ദിനം. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷക പ്രശംസ നേടി ശ്രദ്ധിക്കപ്പെട്ട ഈ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമാണ്. സൌരഭ് കുമാര്‍ സംവിധാനം ചെയ്ത 'ഹാന്റോവറും' പ്രതീക്ഷയും വിധിയും ഒരു ദരിദ്രബാലനില്‍ പ്രതിഫലിപ്പിക്കുന്ന മാറ്റങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന 'ബാബു ബാന്‍ഡ് പാര്‍ട്ടിയുമാണ്' ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ഇതിനകം ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ മത്സരവിഭാഗ ചിത്രമായ അദിതി റോയിയുടെ 'അറ്റ് ദ എന്‍ഡ് ഓഫ് ഇറ്റ് ഓള്‍', 'ദ ക്യാറ്റ് വാനിഷസസ്, 'ദ പെയിന്റിംഗ് ലെസണ്‍' എന്നീ ചിത്രങ്ങളും ഇന്നത്തെ പ്രദര്‍ശനത്തില്‍ ഉണ്ട്.

മികച്ച അവതരണശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട 'ബ്ലാക്ക് ബട്ടര്‍ഫ്ളൈസും' വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഉള്‍റിച്ച് കോഹ്ലര്‍ ചിത്രമായ സ്ലീപ്പിംഗ് സിക്ക്നസും ഉള്‍പ്പെടെ 18 സിനിമകള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

വ്യത്യസ്തമായ പ്രമേയവും അവതരണവും ക്ൊ പ്രേക്ഷക ശ്രദ്ധ നേടിയ ഫിപ്രസി ചിത്രം 'ദി മില്‍ക്ക് ഓഫ് സോറോ' ജര്‍മന്‍കാരിയായ മരിയയുടെ യാത്രയും അന്വേഷണങ്ങളും ചിത്രീകരിച്ചിരിക്കുന്ന 'ദ ഡേ ഐ വാസ് ബോണും' പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകും. 

രാജ്യാതിര്‍ത്തികള്‍ ജീവിതം ദുസ്സഹമാക്കുന്നു: ലീന മണിമേഖല

രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന ധര്‍മസങ്കടവും സംഘര്‍ഷങ്ങളും വിവരണാതീതമാണെന്ന് സംവിധായിക ലീന മണിമേഖല. യുദ്ധങ്ങളുടെയും കലാപത്തിന്റെയും നിരന്തര ദുരിതങ്ങള്‍ക്കിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പോരാടുന്ന മത്സ്യത്തൊഴിലാളികളുടെ അസാധാരണ ആത്മവിശ്വാസത്തിന്റെ കഥയാണ് തന്റെ സിനിമയായ 'സെങ്കടലി'ലൂടെ പറയാന്‍ ശ്രമിച്ചതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ചിത്രം നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രമേയം പുതുമയുള്ളതല്ലെങ്കിലും മീന്‍പിടുത്തക്കാരുടെയും അഭയാര്‍ത്ഥികളുടെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സെങ്കടലിന്റെ കരുത്തെന്ന് തിരക്കഥാകൃത്തായ ശോഭ ശക്തി പറഞ്ഞു.

നല്ല മലയാള സിനിമകള്‍ കണ്ട് വളര്‍ന്ന എന്നെപ്പോലെയുള്ളവര്‍ വളരെ നിരാശയോടെയാണ് ഇന്നത്തെ മലയാള സിനിമകള്‍ കാണുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. തെറ്റായ മാതൃകകള്‍ പിന്തുടരുന്നതാണ് മലയാളത്തെ ഇന്നത്തെ മസാല സിനിമകളുടെ അവസ്ഥയിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ 'ആടുകളം' ത്തിന് വളരെ യുക്തിപൂര്‍വമായ പര്യവസാനമാണ് നല്‍കിയതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

iffk2011, iffk, iffk news, leena manimekhalai, vetrimaran, body, cat vanishes, delhi in a day, iffk open forum, iffk reports

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.