Sunday, December 11, 2011

IFFK: മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി
 പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രാം ദിനമായ ഇന്ന് മത്സരവിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. പതിനൊന്ന് വിഭാഗങ്ങളിലായി 51 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബ്ലാക്ക് ബ്ലഡ്, ഡല്‍ഹി ഇന്‍ എ ഡേ, ലോകസിനിമ വിഭാഗത്തില്‍പ്പെട്ട 'ദ മങ്ക്' എന്നിവ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.


രക്തദാനം ഉപജീവന മാര്‍ഗ്ഗമാക്കിയ ദമ്പതികളുടെ കഥ പറഞ്ഞ ചൈനീസ് ചിത്രമാണ് ബ്ലാക്ക് ബ്ലഡ്. ചൈനയിലെ സാമൂഹ്യ വ്യവസ്ഥയുടെ നേര്‍ക്കാഴ്ചകളിലേക്കാണ് സംവിധായകനായ മിയോ യാന്‍ സാങ് കാണികളെ കൂട്ടിക്കൊണ്ടു പോയത്. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ സിനിമ ഡല്‍ഹി ഇന്‍ എ ഡേ പ്രേക്ഷക പ്രശംസ നേടി. ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. മലയാളിയായ പ്രശാന്ത് നായരാണ് സംവിധായകന്‍.


ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദ മങ്ക്' രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മാത്യു ജി ലൂയീസിന്റെ കുപ്രസിദ്ധമായ ഗോത്തിക് നോവലിനെ ആസ്പദമാക്കി ഡൊമനിക് മോള്‍ സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രം ഒരു കത്തോലിക്ക സന്യാസിയുടെ ജീവിതത്തിലെ പരീക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ചലച്ചിത്രമേളകള്‍ പഠനവേദികള്‍: ജയാബച്ചന്‍


ചലച്ചിത്ര മേളകള്‍ പഠനവേദികളാണെന്നും നല്ല കഥകള്‍ ആസ്പദമാക്കി സിനിമകള്‍ ഒരുക്കണമെന്നും ജയാബച്ചന്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ഫെസ്റിവല്‍ ഓഫീസില്‍ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍ . 


അഭിനയകലയ്ക്ക് പരിശീലനം ആവശ്യമാണ്. പരിശീലനത്തിന് വേണ്ടി തിയേറ്ററുകളിലും ഇന്‍സ്റിറ്റിയൂട്ടുകളിലും പോകാവുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംവിധാനത്തിന് അവസരമുണ്ടേങ്കിലും താന്‍ അതിനു  മുതിരില്ല. കുട്ടികള്‍ക്ക് വേണ്ടി  ഒരു ടെലിവിഷന്‍ സീരിയല്‍ ചെയ്യാന്‍ പദ്ധതിയുണ്ടെന്നും അവര്‍ പറഞ്ഞു. 


ചലച്ചിത്രരംഗത്തെ വേര്‍തിരിക്കുന്ന വിധത്തില്‍ 'ബോളിവുഡ്' എന്ന വാക്ക് ഉപയോഗിക്കരുത്. നല്ല സാങ്കേതിക വിദ്യയും ബിഗ്ബജറ്റും ചേര്‍ത്ത് ഹോളിവുഡിനെയും ബോളിവുഡിനെയും സമന്വയിപ്പിക്കാനാവുമെന്ന് അവര്‍ സൂചിപ്പിച്ചു. 70കളില്‍ നല്ല കഥകളിലൂടെയാണ് സിനിമകള്‍ ഉണ്ടായത്. എന്നാല്‍ ഇന്ന് അത് മാറുകയും ഏതെങ്കിലും സംഭവത്തെ അടിസ്ഥാനമാക്കി സിനിമയെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ബീനാപോള്‍, കെ ജി സന്തോഷ്, മേനക എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
51 ലോകോത്തര ചിത്രങ്ങള്‍ ഞായറാഴ്ച പ്രദര്‍ശിപ്പിക്കും


ജനപ്രീതിയുടെ രണ്ട് നാളുകള്‍ പിന്നിടുന്ന പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡിസംബര്‍ 11ന് 51 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാവിഭാഗത്തില്‍ 25 സിനിമകളും മത്സരവിഭാഗത്തില്‍പ്പെട്ട 5 ചിത്രങ്ങളും ആസ്വാദകരെ ആകര്‍ഷിക്കാന്‍ എത്തും. റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവനോടുള്ള ആദരസൂചകമായി ടി ഡി ദാസന്‍ സ്റാന്‍ഡേര്‍ഡ് 6 ബിയുടെ പ്രത്യേക പ്രദര്‍ശനം വൈകീട്ട് 6.15ന് നിശാഗന്ധിയില്‍ നടക്കും.


മത്സരവിഭാഗത്തില്‍ മിവോയാന്‍ സാങിന്റെ ചൈനീസ് ചിത്രമായ ബ്ലാക്ക് ബ്ലഡ് സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ കഴിയുന്നവരെ ഇല്ലായ്മ ചെയ്യുന്ന വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്. തുര്‍ക്കിഷ് സംവിധായകന്‍ മുസ്തഫ നൂറിയുടെ ബോഡി, ലൈലയുടെയും കാമുകന്‍ ചില്‍മാസിന്റെയും കഥ പറയുന്നു. നിക്ക് റൈഡിങ്ങിന്റെ 'ദ ഡ്രീംസ് ഓഫ് എലിബിഡി' ഒരേസമയം പ്രേക്ഷകരുടെ കണ്ണിലൂടെയും ചേരിനിവാസികളുടെയും കാഴ്ചയിലൂടെ വികസിക്കുന്ന കെനിയന്‍ ചിത്രമാണ്. സ്വപ്നങ്ങളാല്‍ നയിക്കപ്പെട്ട് യാത്രപോകുന്ന ജാസിറ്റോയുടെ കഥ പറയുന്ന മെക്സിക്കന്‍ ചിത്രമാണ് സെബാസ്റ്യന്‍ ഹിരിയാറ്റിന്റെ എ സ്റ്റോണ്‍ ത്രോ എവേ. ഇന്ത്യന്‍ സിനിമ ഡല്‍ഹി എ ഡേയും മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.മലയാളിയായ പ്രശാന്ത് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍ .


ലോക സിനിമ വിഭാഗത്തില്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ, ദ മോന്‍ക്, നോര്‍വീജിയന്‍ വുഡ് എന്നിങ്ങനെ 25 മികച്ച സിനിമകള്‍ വിവിധ തിയേറ്ററുകളിലായി പ്രേക്ഷകരുടെ മുന്നിലെത്തും.


റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ഭാര്‍ഗ്ഗവി നിലയം, റോബര്‍ട്ട് ബ്രസന്റെ ലേഡീസ് ഓഫ് ദ ബോയ്സ് ദി ബൊലോഗന്‍, എയ്ഞ്ചലോ പൌലോയുടെ ലാന്‍ഡ്സ്കേപ് ഇന്‍ ദ മിസ്റ്, യോഷിമുറയുടെ എ വിമന്‍സ് ടെസ്റാമെന്റ്, അഡോള്‍ഫ് മേക്കാസിന്റെ ദ ബ്രിഗ്, നഗിസ ഒഷിമയുടെ സിന്നര്‍ ഇന്‍ പാരഡൈസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഫുട്ബോള്‍ സിനിമ വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ 'ടു എസ്കോബാര്‍സി'ന്റെയും കംപററി മാസ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ സെമിഹ് കപ്ലാനോഗ്ലുവിന്റെ എയ്ഞ്ചല്‍സ് ഫാള്‍, എഗ്ഗ് എന്നീ ചിത്രങ്ങളുടെയും പ്രദര്‍ശനം നടക്കും.


ഹോമേജ് വിഭാഗത്തില്‍ റൌള്‍ റൂയീസിന്റെ ദാറ്റ് ഡേ, മര്‍ലിന്‍ മണ്‍റോയുടെ 'ഹൂ ഈസ് അഫ്രെെഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്', എന്നീ സിനിമകളുടെ പ്രദര്‍ശനവും ഫിലിപ്പൈന്‍ ചിത്ര വിഭാഗത്തില്‍ ഇന്റിപെന്‍ഡന്‍സിയ, ഫിപ്രസി വിഭാഗത്തില്‍ ക്ലേ ബേര്‍ഡ്, ഓഫ് ഗോഡ്സ് ആന്റ് മെന്‍, ഡെഫ വിഭാഗത്തില്‍ ഗേള്‍സ് ഇന്‍ വിറ്റ് സ്റ്റോക്ക്, ജര്‍മ്മനി ടെര്‍മിനസ് ഈസ്റ്, ദ സണ്‍സ് ഓഫ് ഗ്രേറ്റ് ബിയര്‍, അറബ് വിഭാഗത്തില്‍ റോഗ് പരോള്‍ തുടങ്ങിയ ചിത്രങ്ങളും വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തും. മലയാള വിഭാഗത്തില്‍ വി കെ പ്രകാശിന്റെ കര്‍മ്മയോഗി, ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മറാത്തി സംവിധായകന്‍ സംറൌദി പൊറെയുടെ ഐ വാണ്ട്  ടു ബി എ മദര്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

IFFK2011, jaya bachchan iffk, competition section iffk, 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.