Saturday, December 10, 2011

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഒരാഴ്ച ഇനി സിനിമക്കാലം




പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ ഉജ്വല തുടക്കമായി. ഇനി ഏഴ് ദിനങ്ങള്‍ തലസ്ഥാനത്തിന് ലോക സിനിമയുടെ പ്രയാണത്തിന്റെ നിറകണ്‍ കാഴ്ച. 10 തിയേറ്ററുകളിലും നിശാഗന്ധിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായി കലയുടെ സാംസ്കാരിക അതിര്‍വരമ്പുകള്‍ മാറ്റിവരച്ച് നവലോക നിര്‍മ്മിതിയുടെ ഇരുനൂറോളം ചിത്രങ്ങള്‍ വിരുന്നിനെത്തും.


സിനിമയുടെ വിജയം ശരിയായ കൂട്ടായ്മയിലാണ് നിലനില്‍ക്കുന്നതെന്ന് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.  മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് താന്‍ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ചടങ്ങിലെ മുഖ്യാതിഥി ജയാബച്ചന്‍ പറഞ്ഞു. 


മന്ത്രി കെ സി ജോസഫ് പ്രശസ്ത നടന്‍ ഓംപുരിക്ക് ഹാന്‍ഡ് ബുക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മേളയോടുള്ള മലയാളിയുടെ താത്പര്യം ബംഗാളികളുടേതിന് തുല്യമാണെന്ന് ഓംപുരി പറഞ്ഞു. ഇന്ത്യയില്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് ഇത്ര ജനപങ്കാളിത്തം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്ലി ബുള്ളറ്റിന്റെ പ്രകാശനം ഡോ. ശശി തരൂര്‍ എം പിക്ക് നല്‍കി മന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു.


ജൂറി ചെയര്‍പേഴ്സണ്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി ഉണ്ണികൃഷ്ണന്‍, ബി ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'നിയതിയുടെ ചതുരംഗം' എന്ന കലാവിരുന്നും അരങ്ങേറി. തുടര്‍ന്ന് ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുവിന്റെ 'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.


ലോകസിനിമ, ഹോമേജ്, റിട്രോ തുടങ്ങിയ പതിനഞ്ചോളം വിഭാഗങ്ങളിലാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചലച്ചിത്ര സംഭാവനകള്‍ കോര്‍ത്തിണക്കിയ റിട്രോ വിഭാഗത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മധു, സെനഗല്‍ സംവിധായകന്‍ മാമ്പട്ടി, ജാപ്പനീസ് സംവിധായകനായ നഗീസ ഒഷിമ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളുണ്ട്. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ സ്മരണകള്‍ക്കായി ഹോമേജ് വിഭാഗത്തില്‍, ഇന്ത്യന്‍ സംവിധായകനായ മണികൌള്‍, ബംഗ്ലാദേശ് സംവിധായകനായ താരിഖ് മസൂദ് എന്നിവരുടെ ചിത്രങ്ങളുടെ സമര്‍പ്പണമുണ്ട്. അന്തരിച്ച ഹോളിവുഡ് നടി എലിസബത്ത് ടെയ്ലറുടെ ചിത്രവും മേളയുടെ ഭാഗമാകുന്നു. 


കാല്‍പന്തുകളിയുടെ വശ്യതയും ലഹരിയും ഒപ്പിയെടുക്കുന്ന കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൊറര്‍ ചിത്രങ്ങളടങ്ങിയ കെയ്ദാന്‍ ക്ലാസിക്കുകള്‍ ജൂറി ചിത്രമായ 'ബേക്കര്‍ മൊറാന്റ്' അറബ് രാഷ്ട്രങ്ങളിലെ ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന എട്ട് ചിത്രങ്ങള്‍ എന്നിവരാജ്യാന്തര മേളയെ സമ്പന്നമാക്കും.


ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തിലെ ഏഴ് ചിത്രങ്ങള്‍ സമകാലീന ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമാകും. മേളയ്ക്ക് മത്സരത്തിന്റെ ചൂടും ചൂരും പകരാന്‍ മൂന്ന് നവാഗത സംവിധായകരുടേതുള്‍പ്പെടെ പതിനൊന്ന് ചിത്രങ്ങളുണ്ട്. യൂദ്ധാനന്തര ജര്‍മ്മനിയിലെ പുതു പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്ന ഡെഫ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തില്‍ അന്‍പതോളം ചിത്രങ്ങളും എത്തിയിട്ടുണ്ട്.


ആദ്യദിനത്തില്‍ 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം 10 തിയേറ്ററുകളിലായി നടന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.15ന് ഉദ്ഘാടനചിത്രമായ ' അര്‍ ദ ഹാത്രോണ്‍ ട്രീ' സാംസ്കാരിക വിപ്ലവത്തിന്റെ ദിനങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. 
വേള്‍ഡ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തായ്ലന്റ്, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'ബ്രേക്ക്ഫാസ്റ്, ലഞ്ച്, ഡിന്നര്‍' ഈ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ പ്രതിഭകളുടെ സംഗമമായിരുന്നു. ഹോമേജ് വിഭാഗത്തില്‍ മര്‍ലിന്‍ മണ്‍റോയുടെ അഭിനയ മികവിനാല്‍ അനശ്വരമായ 'ഹൂ ഈസ് അഫ്രെെഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്'ന്റെ ആദ്യ പ്രദര്‍ശനം ശ്രീ തിയേറ്ററില്‍ നടന്നു.റെട്രോസ്പെക്ടീവ് വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും ആദ്യ ദിനം തന്നെ ആരംഭിച്ചു. റോബര്‍ട്ട് ബ്രസന്റെ 'പിക് പോക്കറ്റ്' ആയിരുന്നു ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. കലാഭവനില്‍ നടന്ന പ്രദര്‍ശനം മികച്ച പ്രേക്ഷക ശ്രദ്ധ നടി. ജാപ്പനീസ് സംവിധായകന്‍ നഗിസ ഒഷിമയുടെ 'ബോയ്' എന്ന ചിത്രവും ഈ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിച്ചു.


കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തിന് മേളയില്‍ തുടക്കം കുറിച്ച് സൊല്‍ട്ടാന്‍ ഫാബ്രിയുടെ  'ടു ഹാഫ് ടൈംസ് ഇന്‍ഹെല്ലാ'ന്റെ പ്രദര്‍ശനം ശ്രീപത്മനാഭ തിയേറ്ററില്‍ നടന്നു. ഫിപ്രസി വിഭാഗത്തില്‍ പോയട്രി, ഡെഫ വിഭാഗത്തില്‍ ആഫ്റ്റര്‍ വിന്റര്‍ കംസ് സ്പ്രിംഗ് അറബ് വിഭാഗത്തില്‍ ദ എന്‍ഡ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.


രണ്ടാം ദിനമായ ശനിയാഴ്ച 50 സിനിമകള്‍പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ മുഖ്യ ആകര്‍ഷണമായ 'കെയ്ദാന്‍ ഹൊറര്‍ ക്ലാസിക്' സിനിമാ വിഭാഗത്തില്‍ ദി ഡെയ്സ് ആഫ്റ്റര്‍, ദി നോസ്, ദി ആം, ദി വിസ്റ്ലര്‍ എന്നിവയുടെ പ്രദര്‍ശനം ശ്രീയില്‍ നടക്കും. മത്സരവിഭാഗത്തിലെ ആദ്യ ചിത്രമായ പ്രശാന്ത് നായരുടെ, ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യമായി ചിത്രീകരിച്ചിരിക്കുന്ന 'ഡല്‍ഹി ഇന്‍ എ ഡേ' ധന്യ തിയേറ്ററില്‍ മാറ്റുരയ്ക്കാനെത്തും. ഫിലിപ്പൈന്‍ സിനിമാ വിഭാഗത്തില്‍ അഡോള്‍ഫോ അലിക്സിന്റെ 'ഫാബിള്‍ ഓഫ് ദ ഫിഷ്' പ്രദര്‍ശിപ്പിക്കും. റെട്രോ വിഭാഗത്തില്‍ മധുവിന്റെ 'ചെമ്മീന്‍', അഡോള്‍ഫാസ് മേക്കാസിന്റെ 'ഹല്ലേലൂയ ദ ഹില്‍', നഗിസാ ഓഷിമയുടെ 'സിങ് എ സോങ് ഓഫ് സെക്സ്', ഡിയോപ് മാമ്പട്ടിയുടെ 'തൌക്കി ബൌക്കി', തിയോ ആഞ്ചലോ പൊലിസിന്റെ 'എറ്റേണിറ്റ് ആന്റ് എ ഡേ', യസൂസോയുടെ ' എ വൈഫ് കണ്‍ഫസ് ' എന്നിവയുടെ ആദ്യ പ്രദര്‍ശനവും നടക്കും.


ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഋതുപര്‍ണ്ണഘോഷിന്റെ രമേഷ് ചൌധരിയുടെയും ഹേം നളിനിയുടെയും പ്രണയകഥയെ പ്രമേയമാക്കി ചിത്രീകരിച്ച 'നൌക്കാ ദൂബി' ശ്രീകുമാറില്‍ പ്രദര്‍ശിപ്പിക്കും. റോബര്‍ട്ട് ബ്രസന്റെ 85 മിനിട്ട് ദൈര്‍ഘ്യമുള്ള 'ലാര്‍ഗന്റ്' റിട്രോ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിക്കും. വേള്‍ഡ് സിനിമാ വിഭാഗത്തിലെ 'ദി ഹൌസ് അര്‍ ദി വാട്ടര്‍', ബെസ്റ് ഓഫ് ഫിപ്രസി വിഭാഗത്തിലെ പോയട്രി തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.രാജേഷ് പിള്ളയുടെ 'ട്രാഫിക്' വൈകുന്നേരം 6.15ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നിശാഗന്ധിയില്‍ അവതരിപ്പിച്ച 'നിയതിയുടെ ചതുരംഗം' എന്ന കലാവിരുന്ന്
photos: iffk
ffk begins, iffk 2011, thiruvanathapuram film festival begins, umman chandy, jaya bachchan, ompuri

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.