Monday, December 12, 2011

iffk: മൂന്നാംദിനം കീഴടക്കിയത് ബോഡിയും ബെല്‍വഡെയറും



ഞായറാഴ്ച ദിവസം രാജ്യാന്തര ചലച്ചിത്രമേള കീഴടക്കിയത് മുസ്തഫ നൂറിയുടെ 'ബോഡി'യും ബോസ്നിയന്‍ വംശഹത്യയുടെ കഥ പറഞ്ഞ 'ബെല്‍വഡെയറും'. 


കൈരളിയില്‍ നിറഞ്ഞ സദസിലായിരുന്നു ബോഡിയുടെ പ്രദര്‍ശനം. ശരീരം, മനുഷ്യബന്ധങ്ങള്‍ ഇവ തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ വിഷയം. ലൈലയും മാസും തമ്മിലുള്ള പ്രണയബന്ധവും അതിന്റെ തകര്‍ച്ചയും വെളിപ്പെടുത്തുന്ന സിനിമയില്‍ രതിചിത്രങ്ങളുടെ ഭാഷയും വ്യാകരണവും ആന്തരിക വ്യഥകളും ചിത്രീകരിക്കുന്നു. പാശ്ചാത്യലോകത്ത് ഫെമിനിസത്തിനുണ്ടായ മാറ്റത്തെയും ചിത്രം അടയാളപ്പെടുത്തുന്നു. പുരുഷന്റെ വികാര വിക്ഷേപങ്ങളിലൂടെ ഉടലെടുക്കുന്ന രതി ചിത്രങ്ങളില്‍ സ്ത്രീക്ക് എന്താണ് പങ്കെന്ന് മാനസികഘാതത്തിനിരയായ ലൈല ഉന്നയിക്കുന്നു. ലോകത്തിന്റെ സങ്കീര്‍ണത, കുടുംബത്തിലെ അസ്വാരസ്യം, സമൂഹത്തിലെ അനിശ്ചിതത്വം എന്നിങ്ങനെ വിവിധ മേഖലകളുടെ അടയാളപ്പെടുത്തലും ഈ തുര്‍ക്കി സിനിമയുടെ അന്തര്‍ധാരയാണ്. ലളിതമായ ആഖ്യാനം കൊണ്ട്  ശ്രദ്ധേയമാണ് ബോഡി.


ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍, നാദിര്‍ ആന്റ് സിമന്‍ : എ സെപ്പറേഷന്‍, മത്സരവിഭാഗത്തില്‍പ്പെട്ട ബോഡി, ഡല്‍ഹി ഇന്‍ എ ഡേ, എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മപുതുക്കലായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച 'ടി ഡി ദാസന്‍ സ്റാന്‍ഡേര്‍ഡ് 6 ബി'.
ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍ ബ്ലാക്ക് ആന്റ് വൈറ്റിന്റെയും കളറിന്റെയും വ്യത്യസ്ത തലങ്ങളിലൂടെ കഥയെ പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചുവെന്നാണ് പ്രേക്ഷകാഭിപ്രായം. വംശഹത്യയെ അതിജീവിച്ച ബോസ്നിയക്കാര്‍ അധിവസിക്കുന്ന ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെയും ഒരു ടി വി റിയാലിറ്റി ഷോയുടെയും സമാന്തരമായ അവതരണം ഈ ചിത്രത്തെ ഒരു കവിത പോലെ മനോഹരമായി.


ഇറാനിയന്‍ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ നാദിര്‍ ആന്റ് സിമിന്‍ : എ സെപ്പറേഷന്‍ ആണ് കാണികളുടെ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ചിത്രം. മേളയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്ന ഈ ചിത്രത്തിന്റെ അവസാന പ്രദര്‍ശനമായിരുന്നു ഇന്ന്. 


ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഐ വാണ്ട് ടു ബി എ മദര്‍ , ഫിപ്രസി വിഭാഗത്തില്‍പ്പെട്ട ഓഫ് ഗോഡ്സ് ആന്റ് മെന്‍ എന്നീ ചിത്രങ്ങള്‍ നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്. ഇവ കൂടാതെ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ഭാര്‍ഗ്ഗവി നിലയം, ഹോമേജ് വിഭാഗത്തില്‍ ത്രീ ലൈവ്സ് ആന്റ് എ ഡെത്ത്, ഡെഫ വിഭാഗത്തില്‍ ദി സണ്‍സ് ഓഫ് ഗ്രേറ്റ ബിയര്‍ , ഗേള്‍സ് ഇന്‍ വിറ്റ്സ്റ്റോക്ക് , ജര്‍മ്മനിടെര്‍മിനസ് ഈസ്റ് തുടങ്ങി 51 ചിത്രങ്ങള്‍ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ചു.


അറബ് വസന്തത്തിന്റെ 'താഹിര്‍' ഉള്‍പ്പെടെ തിങ്കളാഴ്ച 51 ചിത്രം


അറബ് വസന്തത്തിന്റെ നേര്‍ക്കാഴ്ചകളുമായി എത്തുന്ന 'താഹിര്‍ 2011' ഉള്‍പ്പെടെ 51 ചലച്ചിത്രങ്ങള്‍ നാലാം ദിവസം പ്രദര്‍ശിപ്പിക്കും. ഇതില്‍ 24 ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനമാണ് നടക്കുക. ഈജിപ്തിലെ ഹോസ്നി മുബാറക്കിന്റെ വാഴ്ച അവസാനിപ്പിച്ച ജനകീയ പട്ടാള മുന്നേറ്റത്തിന്റെ നേരിട്ടുള്ള ചിത്രീകരണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച താഹിര്‍ 2011 പുതിയ ദൃശ്യാനുഭവമാകും. റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ മധുവിന്റെ 'ഓളവും തീരവും' ഇന്ന് പ്രദര്‍ശിപ്പിക്കും. വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ആടുകളം', ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ' ഐ വാണ്ട് ടു ബി എ മദര്‍ ' മലയാള ചിത്രങ്ങളായ ഗദ്ദാമ, ട്രാഫിക്ക് എന്നിവ മേളയിലെ ഇന്ത്യന്‍ സാന്നിധ്യം വിളിച്ചറിയിക്കും.


മത്സര വിഭാഗത്തില്‍ ജര്‍മ്മന്‍ ചിത്രമായ 'ഫ്യൂച്ചര്‍ ലാസ്റ് ഫോര്‍ എവര്‍ ', മെക്സിക്കന്‍ ചിത്രം 'പെയിന്റിങ് ലെസ്സണ്‍സ് ', എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ബെസ്റ് ഓഫ് ഫിപ്രസ്സി ചിത്രങ്ങളായ ' ദ മില്‍ക്ക് ഓഫ് സോറോ ', 'ദ സെയില്‍സ് മാന്‍ ' എന്നിവയും, അറബ് വിഭാഗത്തില്‍ നിന്ന് 'ദി എന്‍ഡ്' എന്ന ചിത്രവും ഡെഫ വിഭാഗത്തില്‍ നിന്ന് 'ദ എസ്ക്കേപ്പും' നാലാം ദിവസത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ട്ുണ്ട്.
കംണ്ടെപെററി മാസ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ജൂറി അംഗം കൂടിയായ സെമിഹ് കപ്ലാനൊഗ്ലുവിന്റെ യൂസുഫ് ട്രിലോജിയില്‍ ഉള്‍പ്പെടുന്ന 'എഗ്ഗ്', 'ഹണി' എന്നീ ചിത്രങ്ങളും, ഫിലിപ്പൈന്‍ വിഭാഗത്തില്‍ നിന്നും രണ്ടു ചിത്രങ്ങളും, ഹോമേജ് വിഭാഗത്തില്‍ മണി കൌളിന്റെ 'ഉസ്കി റൊട്ടി'യും പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ഐതിഹ്യങ്ങളിലെ പ്രേതകഥകളുടെ ചിത്രീകരണമായ കൈദാന്‍ ഹൊറര്‍ ക്ലാസിക്ക് ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനവും നടക്കും.


അഭിനേതാവ് ചിത്രകലയിലെ ചായം പോലെ: പ്രകാശ് രാജ്


അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണെന്നും ചിത്രകാരന്റെ കരവിരുതാണ് ഭംഗിയൊരുക്കുന്നതെന്നും പ്രമുഖനടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. സിനിമയില്‍ സംവിധായകനാണ് ചിത്രകാരന്‍. അഭിനേതാവ് സംവിധായകനൊപ്പം അയാളുടെ അഭിരുചിക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'ഇന്‍ കോണ്‍വര്‍സേഷനി'ല്‍ മധു ഇറവങ്കരയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അഭിനേതാവ് വില്ലനായാലും നായകനായാലും കാഴ്ചക്കാരെ ആസ്വദിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം. സ്വപ്നം കാണുന്നതുപോലെ ജീവിക്കാനുമുള്ള അവസരം സിനിമയ്ക്കുള്ളില്‍ ഒരഭിനേതാവിന് ലഭിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. നാടകങ്ങളിലൂടെയും സാഹിത്യത്തിലൂടെയുമാണ് താന്‍ സിനിമാരംഗത്തെത്തിയത്.  തിയേറ്ററിലേയും ചലച്ചിത്രമേഖലയിലേയും അനുഭവങ്ങള്‍ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രണ്ട് മേഖലയും കലയുടേതാണ്, ഓരോന്നിനും അതിന്റേതായ പ്രത്യേകതയും അനുഭവങ്ങളും ഉണ്ടെന്നും വേര്‍തിരിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് മലയാളത്തില്‍ നിന്ന് കൊമേഴ്സ്യല്‍ സിനിമകള്‍ക്കാണ് ക്ഷണം വരുന്നതെന്നും അത് താന്‍ വേറെ ഭാഷകളില്‍ ധാരാളം ചെയ്യുന്നുണ്ടെന്നായിരുന്നു മറുപടി. കലാമൂല്യമുള്ള മലയാളം ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഓപ്പണ്‍ ഫോറത്തില്‍ ഞായറാഴ്ചയും സംഘര്‍ഷം


ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറം ഞായറാഴ്ചയും കൈയാങ്കളിയിലും സംഘര്‍ഷാര്‍ഷാവസ്ഥയിലും അവസാനിച്ചു. ആദിമധ്യാന്തത്തെക്കുറിച്ച ചോദ്യം പ്രേക്ഷകനില്‍ നിന്ന് വന്നപ്പോള്‍ തടയാനും ഭീഷണിപ്പെടുത്താനും ചിലര്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആദ്യം ഒരാളും പിന്നീട് നിരവധിപേരും സംഘടിതമായി ചോദ്യകര്‍ത്താവിനെ ഭീഷണിപ്പെടുത്തി ഇരുത്താന്‍ ശ്രമിച്ചപ്പോള്‍ ഇതിനെതിരെ സദസില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നു.


ഗുണ്ടായിസത്തിലൂടെ പ്രേക്ഷകരുടെ വായടപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നു. ചലച്ചിത്രനിരീക്ഷകനായ ജി.പി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തിനെ കൈയൂക്കുകൊണ്ട് നേരിടാനുള്ള ശ്രമത്തിനെതിരെ ശക്തമായ വികാരമാണ് ഡെലിഗേറ്റുകളില്‍ നിന്നുണ്ടായത്. 
ffk, open forum in iffk, body, iffk2011, iffk reports

5 comments:

Anonymous said...

good coverage of IFFK.

http://www.themusicplus.com/ said...

visit the malayalam songs

http://www.themusicplus.com/
_______________________________
For free advertising cont:
admin@themusicplus.com

Rakesh said...

Yaa: covrge is gud. But expectng reviews too.

Anonymous said...

gud...

Karthik said...

BODY ini kanan pattumo? manthri paranju athil scene undennu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.