Sunday, December 4, 2011

Beautiful Review: ലാളിത്യമാണ് ഭംഗി




സാങ്കേതിക ജ്ഞാനമുണ്ടെങ്കിലും ബലമുള്ള കഥയോ തിരക്കഥയോ തെരഞ്ഞെടുത്ത് അവതരിപ്പിക്കാന്‍ കഴിയാതെ പോയതാണ് സംവിധായകന്‍ വി.കെ. പ്രകാശിന്റെ ചിത്രങ്ങളില്‍ കണ്ടുവന്ന പ്രധാന പോരായ്മ. 


എന്നാല്‍, പുതിയ ചിത്രമായ 'ബ്യൂട്ടിഫുളി'ല്‍ കഥയില്‍ യാതൊരു പുതുമയും സങ്കീര്‍ണതയുമില്ലെങ്കിലും ലളിതവും ഭേദപ്പെട്ടതുമായ തിരക്കഥ ലഭിച്ചത് മാന്യമായി അവതരിപ്പിക്കാനായതാണ് നേട്ടമായത്.


200 കോടി രൂപയുടെ സ്വത്തിന്റെ അധിപനാണ് കഴുത്തിനുകീഴ്പോട്ട് തളര്‍ന്ന് കിടക്കയില്‍ കഴിയുന്ന സ്റ്റീഫന്‍ ലൂയീസ് മാളീയേക്കല്‍ (ജയസൂര്യ). സ്വാഭാവികമായും മാതാപിതാക്കളോ സഹോദരങ്ങളോ ഒന്നുമില്ലാത്ത ഇയാളുടെ സ്വത്തില്‍ കണ്ണും നട്ട് ബന്ധുക്കളുമുണ്ട്. 


പരിമിതികളുടെ ഈയവസ്ഥയിലും ആസ്വദിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍. അതുകൊണ്ടുതന്നെ കുറവുകളെ ഓര്‍ത്ത് വിഷമിക്കാതെ എപ്പോഴും സന്തോഷവാനുമാണയാള്‍. ഇയാളുടെ ലോകം എന്തിനും തുണയായ കാര്യസ്ഥന്‍മാരാണ്. ഇതിനിടയിലേക്ക് ഗായകന്‍ ജോണ്‍ (അനൂപ് മേനോന്‍), ഹോം നഴ്സായ അഞ്ജലി (മേഘനാ രാജ്) എന്നിവര്‍ കൂടി സന്തതസഹചാരികളായി കടന്നുവരുന്നു. 


സ്റ്റീഫന്‍ അടുപ്പിക്കാത്ത ധനമോഹികളായ ബന്ധുക്കളാകട്ടെ ഇതിനിടെ അയാളെ ഒഴിവാക്കിയായാലും പണം തട്ടാനുള്ള ശ്രമത്തിലും. സ്റ്റീഫന്റെ ജീവന്‍ അപകടത്തിലാകുമോ, പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടും തുടങ്ങിയവ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് രണ്ടാം പകുതി. 


തിരക്കഥ ഒരുക്കി ഗാനങ്ങളെഴുതി അഭിനയിച്ച അനൂപ് മേനോനാണ് ചിത്രത്തില്‍ മികവുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം. പെട്ടെന്ന് കണ്ടാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'ഗുസാരിഷി'ല്‍ ഹൃത്വിക് റോഷന്‍ ശയ്യാലംബിയായി ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ച പശ്ചാത്തലം ഓര്‍മ വന്നേക്കാം. ഒരുപക്ഷേ, ജയസൂര്യയുടെ കഥാപാത്രത്തിന്റെ രൂപവത്കരണത്തില്‍ 'ഗുസാരിഷ്' പ്രചോദനവുമായിട്ടുണ്ടാവും. എങ്കിലും കഥ വേറെ വഴിയില്‍ ചിന്തിച്ചത് ആശ്വാസകരമാണ്. 


ജയസൂര്യ സ്റ്റീഫനായപ്പോള്‍ പതിവായി നര്‍മ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴുള്ള 'ഭാവപ്രകടനങ്ങള്‍' ഒഴിവാക്കാന്‍ ശ്രദ്ധിച്ചത് ഗുണമായി. കോക്ക് ടെയിലിലേതു പോലെ ജയസൂര്യയുടെ കരിയറില്‍ ഓര്‍മിച്ചുവെക്കാവുന്ന ചുരുക്കം കഥാപാത്രങ്ങളിലൊന്നാണ് ഇതും.


മേഘ്നാ രാജിനും ഒരുപാടൊന്നും ചെയ്യാനില്ലെങ്കിലും മലയാളത്തില്‍ ലഭിച്ചതില്‍ നല്ല വേഷമാണിത്. മഴ നനഞ്ഞ് 'തൂവാനത്തുമ്പികളി'ലെ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നായകന്റെ മുറിയിലേക്ക് കടന്നുവരുന്നത് മനോഹര രംഗമാണ്.


മറ്റു താരങ്ങളായ ടിനി ടോം, നന്ദു, തെസ്നി ഖാന്‍, പി. ബാലചന്ദ്രന്‍, ജയന്‍ തുടങ്ങിയവരും തങ്ങളുടെ പണി വൃത്തിയായി ചെയ്തിട്ടുണ്ട്. കല്ലുകടിയായത് ഗായകന്‍ ഉണ്ണി മേനോന്‍ അവതരിപ്പിച്ച വില്ലന്‍ സ്വഭാവമുള്ള പീറ്റര്‍ എന്ന കഥാപാത്രമാണ്.


ആദ്യാവസാനം പതിഞ്ഞ താളത്തില്‍ നീങ്ങുന്ന ചിത്രത്തിന്റെ ആഖ്യാനമാകട്ടെ തീര്‍ത്തും ലളിതമാണ്. അതാണ് ചിത്രത്തില്‍ എടുത്തുപറയാവുന്ന ഭംഗിയും. ഒരുപാട് സിനിമാറ്റിക്കായ സംഭാഷണങ്ങളും കടന്നുകയറിയിട്ടില്ല. എന്നാല്‍ അനൂപ് മേനോന്‍ പറഞ്ഞുവെക്കണമെന്ന ആഗ്രഹിച്ച ചില 'തിയറി'കള്‍ ഇടക്ക് ചില കഥാപാത്രങ്ങളിലൂടെ മുന്നോട്ടുവെക്കുന്നുണ്ട് (കഥയില്‍ തീര്‍ത്തും അനാവശ്യമാണെങ്കിലും). പ്രവീണ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രവുമായി ജയസൂര്യ നടത്തുന്ന വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഉദാഹരണമാണ്. 


സാന്ദര്‍ഭികമായി വരുന്ന നര്‍മങ്ങള്‍ ആസ്വാദ്യകരമാണെങ്കിലും ഇടക്ക് ഐശ്വര്യാ റായുടെ സൌന്ദര്യവര്‍ണനക്കിടെ വില കുറഞ്ഞ തമാശ തിരികിക്കയറ്റിയതും പലരുടേയും നെറ്റിചുളുപ്പിക്കും. 


ഒഴുക്കു നഷ്ടപ്പെടാതെ പതിയെ കൊണ്ടുപോകുന്നുണ്ടെങ്കിലും ചിലയിടത്ത് ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. അവസാനമുള്ള വഴിത്തിരിവും മൊത്തത്തിലുള്ള താളത്തെ ബാധിക്കുന്നുണ്ടെങ്കിലും അതുചെയ്യാതെ കഥ അവസാനിപ്പിക്കുക നിവൃത്തിയില്ല! 


'ബട്ടര്‍ ഫ്ലൈ ഓണ്‍ വീല്‍' എന്ന ഫാമിലി ത്രില്ലര്‍ അതേപടി ഒറിജിനലിന് ചീത്തപ്പേരുണ്ടാകാതെ പകര്‍ത്തിയ അനൂപ് മേനോന്‍ ഇത്തവണ അതിനോളം മികവില്ലെങ്കിലും മോശം പറയാത്ത തിരക്കഥയാണ് 'ബ്യൂട്ടിഫുളി'ന് തയാറാക്കിയിരിക്കുന്നത്. 


അനാവശ്യ കഥാപാത്രങ്ങളില്ലാത്തതും ദൈര്‍ഘ്യം രണ്ടു മണിക്കൂറേ ഉള്ളൂ എന്നതും മേന്‍മ തന്നെ. എങ്കിലും കഥാപാത്രങ്ങളുടെ വികാരങ്ങളുടെ പ്രതിഫലത്തിന് പലേടത്തും ആഴക്കുറവുള്ളത് പോരായ്മ തന്നെയാണ്. 


നായകനായ സ്റ്റീഫന്‍ പരിമിതികള്‍ക്കിടയിലും ജീവിതം 'പോസിറ്റീവ് ആറ്റിറ്റ്യൂഡോ'ടെ ആസ്വദിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത് വ്യക്തമാക്കാന്‍ പറയാവുന്ന രംഗങ്ങള്‍ അയാള്‍ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ കമന്റടിച്ചും ടി.വി കണ്ടും കിട്ടുന്ന സന്തോഷം മാത്രമാണ്. സുഹൃത്തായ ജോണും സ്റ്റീഫനും തമ്മിലെ ബാല്യകാല ബന്ധം സൂചിപ്പിക്കുന്ന ഉപരിപ്ലവം തന്നെ. 


സംവിധായകന്‍ വി.കെ. പ്രകാശിന് ഇത്തവണ പണി എളപ്പമായി. പതിവ് ഗിമ്മിക്കുകളൊന്നും വേണ്ടാത്തതിനാല്‍ എഴുതിവെച്ചതങ്ങ് ചിത്രീകരിപ്പിക്കുന്ന ജോലി മാത്രം. ഒപ്പം ജോമോന്‍ ടി. ജോണിന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിംഗും ആവശ്യമറിഞ്ഞ് പ്രവര്‍ത്തിച്ചതിനാല്‍ ശരാശരിക്ക് മേല്‍ നിലവാരമുള്ള സിനിമയായി 'ബ്യൂട്ടിഫുള്‍' പിറന്നു. 


'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനമാണ് ചിത്രത്തിനായി രതീഷ് വേഗ ഒരുക്കിയ ഗാനങ്ങളില്‍ മികച്ചത്. ഇതിനായി അനൂപ് മേനോന്‍ എഴുതിയ വരികളും നന്നായി. മറ്റുള്ളവ ശരാശരി. ഒരു ക്ലബ് സോംഗുള്ളത് അരോചകമായി തോന്നി. പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താത്തതായിരുന്നു.


'ബ്യൂട്ടിഫുള്‍' എല്ലാ അര്‍ഥത്തിലും മനോഹരമൊന്നുമല്ല. എങ്കിലും അടുത്തിടെ സ്ഥിരമായി കണ്ടുവരുന്ന മലയാള സിനിമകളുമായി ഒത്തുനോക്കുമ്പോള്‍ ഏറെ ഭേദം തന്നെ. 
beautiful review, malayalam film beautiful review, v.k.prakash's beautiful, meghana raj in beautiful, jayasurya, anoop menon, ratheesh vega, tini tom

8 comments:

Ramesh said...

നല്ല സിനിമയാണെന്ന് കേട്ടു. കാണണം

SANTHOSH said...

നല്ല സിനിമ!!!!!!

sanu said...

diving bell and the butterfly

Anonymous said...

Ee padathinthe originalano Sanu?

Anonymous said...

Ee padathinthe originalano Sanu?

sanu said...

sorry i didnt watch beautiful but FB yil angne oru comment kanu Diving bell is a good movie
http://bloggersworld.forumotion.in/forum

sanu said...

കോപ്പി ആയിരിക്കില്ല inspiration ആവും
http://static.reelmovienews.com/images/gallery/the-diving-bell-and-the-butterfly.jpg

ANISH MOHAN said...

http://www.imdb.com/title/tt0401383/synopsis

vayichu nokkk enikkoru samyuvum thonniyilla.. chumma oronn ezhunelllichont vannekuva...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.