Saturday, November 5, 2011

Velayudham Review: വിജയ് ആരാധകര്‍ക്ക് ആഘോഷമായ് 'വേലായുധം'
വിജയ് ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുല കൃത്യമായി വര്‍ക്കൌട്ടായിട്ട് നാളുകള്‍ കുറച്ചായി. തൊട്ടുമുന്‍പ് ഇളയദളപതിയുടെ 'കാവലന്‍' ഹിറ്റായെങ്കിലും അതിനൊരു റൊമാന്റിക് ഹിറ്റിന്റെ പരിവേഷമായിരുന്നു. 


എന്നാല്‍ ഇത്തവണ വിജയ് ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ള ചേരുവകളമായാണ് ജയംരാജ സംവിധാനം ചെയ്ത 'വേലായുധം' തീയറ്ററുകളിലെത്തിയിരിക്കുന്നത്. പാട്ടും സംഘട്ടനവും കോമഡിയും സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേര്‍ത്ത് മാസ് പ്രേക്ഷകര്‍ക്ക് അര്‍മാദിക്കാനുള്ള വക തന്നെയുണ്ട് ചിത്രത്തില്‍.


റീമേക്ക് ചിത്രങ്ങളിലൂടെ ഹിറ്റ്മേക്കറായ ജയം രാജ ഇത്തവണ നാഗാര്‍ജുനയുടെ പഴയകാല തെലുങ്ക് ചിത്രം 'ആസാദ്' ആണ് വിജയ് ചേരുവകള്‍ ചേര്‍ത്ത് പരുവപ്പെടുത്തി 'വേലായുധ'മാക്കിയിരിക്കുന്നത്. 


ചെന്നൈയില്‍ ആഭ്യന്തര മന്ത്രിയുടെ ഒത്താശയോടെ തീവ്രവാദികള്‍ ബോംബുകള്‍ വ്യാപകമായി വെക്കാന്‍ ശ്രമിക്കുന്നിടത്ത് ചിത്രം ആരംഭിക്കുന്നു. പത്രപ്രവര്‍ത്തക ഭാരതി (ജെനീലിയ) സുഹൃത്തുക്കള്‍ക്കൊപ്പം ഇത് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നു. 


എന്നാല്‍ സുഹൃത്തുക്കള്‍ തീവ്രവാദികളുടെ കൈകളാല്‍ മരിക്കുന്നതല്ലാതെ ഭാരതിക്ക് ലക്ഷ്യത്തിലെത്താനാകുന്നില്ല. അതേസമയം, ദുഷ്ട ശക്തികളെ ആശങ്കയിലാക്കാനായി ബോംബ് സ്ഫോടനങ്ങളില്‍ നിന്ന് നഗരത്തെ രക്ഷിക്കാന്‍ 'വേലായുധം' വരുന്നുന്നെന്ന കുറിപ്പ് ഭാരതി പ്രചരിപ്പിക്കുന്നു.


ഇതിനിടെ നഗരത്തിലെത്തുന്ന വേലായുധം (വിജയ്) യാദൃശ്ചികമായി അയാളറിയാതെ ഒരു ബോംബ് സ്ഫോടനം ഒഴിവാക്കുന്നു. അതോടെ അയാള്‍ ഭാരതി സൃഷ്ടിച്ച സാങ്കല്‍പിക വേലായുധമാണെന്ന് നഗരം കരുതുന്നു. മുഖം കണ്ടിട്ടില്ലെങ്കിലും രക്ഷകനായ വേലായുധം നഗരത്തിലെത്തിയെന്ന് ജനം വിശ്വസിക്കുന്നു. തുടര്‍ന്ന് വില്ലന്‍മാരും വേലായുധത്തെ തേടിയിറങ്ങുന്നിടത്ത് കഥക്ക് ജീവന്‍ വെക്കുന്നു.


തന്റെ ആരാധകര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കുന്ന വേഷത്തിലാണ് വിജയിന്റെ വേലായുധം. നായകന്റെ ആക്ഷനും ഡയലോഗുകളും നര്‍മവും നൃത്തവുമൊക്കെ ആരാധകരെ രസിപ്പിക്കുന്നുണ്ട്. നായികമാരായി എത്തിയ ജെനീലിയക്കും ഹന്‍സികക്കും കാര്യമായ സാന്നിധ്യം അറിയിക്കാനുമായി. വേലായുധത്തിന്റെ മുറപ്പെണ്ണ് വൈദേഹിയായി ഹന്‍സികയുടെ നര്‍മവും നായകനുമായുള്ള കെമിസ്ട്രിയും ശ്രദ്ധിക്കപ്പെടും. 
പതിവുപോലെ ഈ ചിത്രത്തിലുമുണ്ട് വിജയിന്റെ സഹോദരീ സ്നേഹം വ്യക്തമാക്കുന്ന രംഗങ്ങള്‍. മലയാളി നായിക ശരണ്യാ മോഹനാണ് സഹോദരി കാവേരിയായെത്തുന്നത്. ശരണ്യക്കും മോശമല്ലാത്ത വേഷമാണിതില്‍. കോമഡി ട്രാക്കുമായി ചിത്രത്തിലുടനീളം സന്താനവും നായകനൊപ്പമുണ്ട്.


യാതൊരു പുതുമയും അവകാശപ്പെടാനില്ലെങ്കിലും വിജയില്‍ നിന്ന് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പാകപ്പെടുത്തി നല്‍കാനായതാണ് സംവിധായകന്റെ വിജയം. ക്ലൈമാക്സ് ട്രെയിന്‍ രംഗങ്ങളുള്‍പ്പെടെ നന്നായി ചിത്രീകരിച്ചിട്ടുമുണ്ട്. ക്ലീഷേ കഥാപാത്രമാണെങ്കിലും ത്രസിപ്പിക്കുന്ന സാന്നിധ്യമായി ശക്തമായ തിരിച്ചുവരവാണ് വിജയിന്റേത്. ഇടവേളവരെ വേഗത്തിലോടുന്ന ചിത്രത്തിന് രണ്ടാം പകുതിയില്‍ നീളക്കൂടുതല്‍ തോന്നും. ക്ലൈമാക്സിലെത്തി എന്ന് തോന്നിച്ച് അവസാനരംഗങ്ങളും പല തവണ നീളുന്നുണ്ട്. 


വിജയ് ആന്റണി ഒരുക്കിയ ശരാശരി ഗാനങ്ങള്‍ മാസ് പ്രേക്ഷകര്‍ക്ക് ആഘോഷത്തിനുള്ളതുണ്ട്. പ്രിയന്റെ ക്യാമറയും മനോഹരമാണ്. എഡിറ്റിംഗില്‍  കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. 


ചുരുക്കത്തില്‍, ഉല്‍സവ സീസണില്‍ ആക്ഷനും ഗ്ലാമറും പാട്ടും മറ്റുമായി സമയംകൊല്ലി മാസ് മസാല എന്റര്‍ടെയ്നര്‍ ഇഷ്ടപ്പെടുത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ 'വേലായുധം' ധാരാളം മതി.

വേലായുധം, ഏഴാം അറിവ് ഗ്യാലറി


velayudham review, vijay as velayudham, velayudham gallery, vijay, hansika, genelia, m.raja, vijay antony, velayutham review, velayudham report from kerala, velayudham hit in kerala

2 comments:

shinod said...

padam vicharicha atra pora. kure fans kidannu kayyadichu behalam vaikkunnathu matram kanam theatril

Anonymous said...

nalla cinema..ithilum bhedam atom bomb aanu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.