Sunday, November 27, 2011

Swapnasanchari review: സാരോപദേശമായി സ്വപ്നസഞ്ചാരി




പണമുണ്ടായിട്ടു മാത്രം കാര്യമില്ല, അതു നാലുപേരെ അറിയിക്കുകകൂടി വേണമെന്ന മലയാളി മനശാസ്ത്രത്തെ കളിയാക്കാനും ബോധവത്കരിക്കാനും സംവിധായകന്‍ കമല്‍ ഒരുക്കിയ ചിത്രമാണ് 'സ്വപ്നസഞ്ചാരി'. നാട്ടിന്‍പുറത്തെ നിഷ്കളങ്ക ഭാവമുള്ള നായകനും സ്ഥിരം കുടുംബചേരുവകള്‍ക്കും പുറമേ പൊങ്ങച്ചത്തിനും ധൂര്‍ത്തിനുമെതിരെ ഇത്തിരി ഉപദേശവുമായാണ് സിനിമ തീരുന്നത്. സത്യന്‍ അന്തിക്കാടിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങള്‍ക്ക് നല്‍കാവുന്ന വിശേഷണങ്ങളൊക്കെ ഈ ചിത്രത്തിനും വേണമെങ്കില്‍ നല്‍കാം.


സര്‍ക്കാര്‍ ഓഫീസിലെ പ്യൂണായിരുന്ന മാണിക്കോത്ത് അജയചന്ദ്രന്‍ നായര്‍ (ജയറാം) ഗള്‍ഫില്‍ പോയി പണക്കാരനായി തിരിച്ചുവന്ന് സമ്പന്നനാണെന്ന പത്രാസ് കാട്ടാന്‍ ശ്രമിക്കുന്നത് കഥ. ഇതിനായി നാട്ടുകാര്‍ക്ക് സഹായ വിതരണം, ഉല്‍സവം നടത്തല്‍, ബെന്‍സ് കാര്‍, വസ്തു സിനിമാ ടാക്കീസ് എന്നിവ വാങ്ങല്‍ തുടങ്ങിയ സ്ഥിരം ഗള്‍ഫുകാരുടെ കലാപരിപാടികളും ഇയാള്‍ കാട്ടിക്കൂട്ടുന്നു. ഈ സ്വഭാവത്തില്‍ ഭാര്യ രശ്മിക്കും (സംവൃത) മകള്‍ അച്ചുവിനും (അനു) അച്ഛന്‍ അച്യുതന്‍ നായര്‍ക്കും (ഇന്നസെന്റ്) മതിപ്പില്ലെങ്കിലും അജയന്‍ അതൊന്നും കാര്യമാക്കുന്നില്ല. 


ആദ്യ പകുതി നായകന്റെ ഇത്തരം മണ്ടത്തരങ്ങളും പൊങ്ങച്ചങ്ങളുമൊക്കെയായി ലളിതമായി സംവിധായകനും തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാറും പറഞ്ഞു പോകുന്നു. 


രണ്ടാം പകുതിയില്‍ അജയന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതും കൈക്കുമ്പിളിലെ ജലം ചോരുംപോലെ സൌഭാഗ്യങ്ങള്‍ വിട്ടുപോകുന്നതുമാണ് വഴിത്തിരിവ്. അപ്പോള്‍ ശരാശരി മലയാളിയെപ്പോലെ അന്ധവിശ്വാസങ്ങള്‍ക്കുപിന്നാലെ പോവുകയും മാനസികമായി തകരുകയുമാണിയാള്‍. അതിന്റെ പരിണത ഫലങ്ങളാണ് പിന്നങ്ങോട്ട്. 


അതായത്, പണം വരവറിയാതെ ചെലവാക്കുകയോ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോവുകയോ ചെയ്തതാല്‍ ഫലം നല്ലതാകില്ല എന്ന ഉപദേശമാണ് ചിത്രം ഒടുവില്‍ പറഞ്ഞുവെക്കുന്നത്. 


പക്വതയുള്ള സംവിധായകനെന്ന നിലക്ക് കമല്‍ കഥാസന്ദര്‍ഭങ്ങള്‍ മോശമല്ലാതെ ചിത്രീകരിച്ചിട്ടുണ്ട് എന്നതിലപ്പുറം മേന്‍മ പറയാനില്ല. 


തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാറാകട്ടെ തന്റെ ഹിറ്റ് ചിത്രമായ 'വെറുതേ ഒരു ഭാര്യ'യുടെ വിജയ ഫോര്‍മുല വിട്ടൊരു കളിക്കും തയാറുമല്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ വെറുതേ ഒരു ഭാര്യയില്‍ കണ്ട ജയറാമിന്റെ സുഗുണന്റെ പുനരവതാരമാണ് 'സ്വപ്നസഞ്ചാരി'യിലെ അജയന്‍. ആദ്യ പകുതി നായകന്റെ സ്വഭാവ സവിശേഷതകള്‍ അവതരിപ്പിക്കാനും അതിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് രസിക്കാന്‍ സാധ്യതയുള്ള നര്‍മ രംഗങ്ങളുമാണ് തിരക്കഥ തരുന്നത്. രണ്ടാം പകുതിയില്‍ പ്രതിസന്ധികളും തുടര്‍ന്ന് ക്ലൈമാക്സ് എത്തുംമുന്‍പ് ഒരു 'ഹിസ്റ്റീരിയ' പോലുള്ള മെലോഡ്രാമയും. 


ജയറാം അനായാസമായി അജയചന്ദ്രന്‍ നായരെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിലൂടെ തന്നെ ഇത്തരം രംഗങ്ങള്‍ വിവിധ ചിത്രങ്ങളില്‍ കണ്ടതാണെങ്കിലും ബോറടിപ്പിക്കില്ല.


സംവൃത ശാലീനയും കുലീനയും സര്‍വംസഹയുമായ വീട്ടമ്മയായി സാരിചുറ്റി മിക്കപ്പോഴും ഫ്രെയിമില്‍ കാണും. ഇന്നസെന്റ് -ജയറാം അച്ഛന്‍ മകന്‍ കോംബിനേഷന്‍ മനസിനക്കരെയുള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ കണ്ടതിനാല്‍ വിശദീകരിക്കുന്നില്ല. 


നായകന്റെ കൌമാരക്കാരിയായ മകള്‍ അശ്വതിയായി എത്തിയ ചിത്രത്തിന്റെ നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവേലിന്റെ മകള്‍ അനു ഇമ്മാനുവേലാണ് മോശമാക്കിയില്ല എന്നേ പറയാനുള്ളൂ. ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരുടേതും സാന്നിധ്യം അറിയിക്കുന്ന കഥാപാത്രങ്ങളാണ്. 


എം. ജയചന്ദ്രന്റെ സംഗീതം പതിവ് ചട്ടക്കൂടില്‍ തന്നെ തട്ടിക്കൂട്ടിയിരിക്കുന്നു. ഗാനങ്ങളില്‍ കേള്‍ക്കാന്‍ ഇമ്പമുള്ളത് വിജയ് യേശുദാസും ശ്രേയാ ഘോഷാലും പാടിയ 'കിളികള്‍ പാടുമൊരു ഗാന'മാണ് . 'വെള്ളാരം കുന്നിലേറി' എന്ന ഗാനവും നന്നായി ചിത്രീകരിച്ചിട്ടുണ്ട്. 


ഇതിന് പുറമേ, മലയാളത്തിന്റെ മണം സിനിമയില്‍ നിറക്കാനായി പാടവരമ്പ്, കൃഷി, ഉല്‍സവം തുടങ്ങിയ പതിവ് ചേരുവകളും ചേരുന്നതോടെ ചിത്രം പൂര്‍ണതയിലെത്തുന്നു. 


ചുരുക്കത്തില്‍, മലയാള സിനിമക്ക് സത്യന്‍ അന്തിക്കാട് നല്‍കുന്ന കേട്ടുപഴകിയ സാരോപദേശ കഥകളുടെ കൂട്ടത്തിലേക്ക് കമല്‍ നല്‍കുന്ന സംഭാവനയാണ് 'സ്വപ്നസഞ്ചാരി'. അതുകൊണ്ട് തന്നെ മലയാളികള്‍ പൊങ്ങച്ചവും ധൂര്‍ത്തും അന്ധവിശ്വാസവും ഉപേക്ഷിക്കാത്തിടത്തോളം കാലം ഈ ചിത്രം 'പ്രസക്തവു'മായിരിക്കും. 

swapnasanchari review, malayalam movie swapn asanchari, swapna sanchari review, kamal, jayaram, savrita sunil, anu emmanuel, thamkachan emmanuel, jagathy sreekumar, cinemajalakam film review

7 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഈ പടം കാണണോ ...........
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

Manu T M said...

Appo ithum azhakozhamban padam thannalle!

fayaz said...

best kanna best

ശ്രീ said...

:(

sujanthachinthakal said...

review is correct...same olddd wine..boring second half predictable story line.a mere repetition of gireesh's old script VOB.....

ദീപു നെടുമങ്ങാട് said...

അപ്പൊ സിനിമ നല്ലതല്ല, എന്നാല്‍ മോശവുമല്ല. അങ്ങനല്ലേ :)

Smitha said...

Onnu kandekkamennu thonnunnu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.