Monday, November 14, 2011

Rockstar Review: പ്രണയസംഗീതമായ് റോക്ക്സ്റ്റാര്‍




 'ശരി തെറ്റുകളുടെ സങ്കല്‍പങ്ങള്‍ക്കപ്പുറം ഒരു ലോകമുണ്ട്, അവിടെ നിനക്കായി ഞാനുണ്ടാകും'- പേര്‍ഷ്യന്‍ കവി റൂമിയുടെ ഈ വരികളില്‍ ഒളിഞ്ഞിരിപ്പുണ്ട് 'റോക്ക്സ്റ്റാര്‍' എന്ന ചിത്രത്തിന്റെ ആത്മാവ്. ഒരു റോക്ക്താരമാകാന്‍ ആഗ്രഹിക്കുന്ന യുവാവ് ആ ലക്ഷ്യത്തിലേക്ക് എങ്ങനെയെത്തുന്നു, അതിനുള്ള ശ്രമങ്ങള്‍ക്കിടെ അവനുണ്ടാകുന്ന ബന്ധങ്ങളും ബന്ധനങ്ങളുടെ തുടര്‍ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇംതിയാസ് അലി  'റോക്ക്സ്റ്റാറി'ലൂടെ അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ ആഴവും സംഗീതത്തിന്റെ മാസ്മരികതയും ചിത്രത്തിലുടനീളമുണ്ട്. 


ജനാര്‍ദന്‍ (രണ്‍ബീര്‍ കപൂര്‍) എന്ന കോളജ് വിദ്യാര്‍ഥി ജിം മോറിസനെപോലൊരു റോക്ക് സ്റ്റാറാവാനുള്ള ആഗ്രഹത്തിലും ശ്രമത്തിലുമാണ്. ശ്രമങ്ങള്‍ പരാജയപ്പെടുന്ന അവന് കാന്റീനിലെ സുഹൃത്ത് ഒരുപദേശം നല്‍കുന്നു, ജീവിതത്തില്‍ എന്തെങ്കിലും തീവ്രമായ വേദനകളറിഞ്ഞവര്‍ക്കേ സംഗീതലോകത്ത് വിജയിക്കാനായിട്ടുള്ളു. ഈ വാചകത്തിന്റെ ആശയം പൂര്‍ണമായി ആദ്യം മനസിലാക്കാത്ത ജനാര്‍ദന്‍ 'വേദന' ലഭിക്കാനായി കോളജ് സുന്ദരി ഹീറിനോട് (നര്‍ഗീസ് ഫഖ്രി) പ്രണയാഭ്യര്‍ഥന നടത്തുന്നു. അവള്‍ നിരസിക്കുമ്പോള്‍ വേദനയുണ്ടാവുമല്ലോ എന്നു കരുതി ചെയ്തതാണെങ്കിലും അവന് പിന്നീട് മനസിലായി 'യഥാര്‍ഥ ജീവിതവേദന' അതൊന്നുമല്ലെന്ന്. 


എന്തായാലും ഈ സംഭവത്തിനുശേഷം ജനാര്‍ദനും ഹീറും സുഹൃത്തുക്കളാവുന്നു. അടുത്ത സുഹൃത്തായിക്കഴിഞ്ഞ അവനെ അവള്‍ തന്റെ വിവാഹ ഒരുക്കങ്ങള്‍ക്കായി ജന്‍മനാടായ കശ്മീരിലേക്കും കൊണ്ടുപോകുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി പിരിയുമ്പോള്‍ അവര്‍ മനസിലാക്കുകയാണ് മനസിലുള്ള പങ്കുവെക്കാത്ത പ്രണയം. 


കാലങ്ങള്‍ക്കിപ്പുറം അറിയപ്പെടുന്ന റോക്ക്താരമായ ജോര്‍ദനായി വളര്‍ന്ന ജനാര്‍ദന്‍ സംഗീത പരിപാടിക്കായി ചെക്ക് റിപ്പബ്ളികിലെ പ്രാഗിലെത്തുമ്പോള്‍ പഴയ സഖിയെ കണ്ടുമുട്ടുന്നു. വിവാഹിതയായി ഭര്‍ത്താവിനൊപ്പം അവിടെയുള്ള ഹീര്‍ പക്ഷേ ഇപ്പോള്‍ പഴയ ഊര്‍ജസ്വലതയൊക്കെ നഷ്ടപ്പെട്ട നിലയിലാണ്. ജോര്‍ദന്റെ സാമീപ്യം വീണ്ടും അവളെ ഉണര്‍ത്തുന്നു. പക്ഷേ, ആ ബന്ധം ഏതു തലം വരെയാകാം? അതിരുകള്‍ അവര്‍ ലംഘിക്കുമോ? അത് ജോര്‍ദന്റെ സംഗീതസപര്യയെ ബാധിക്കുമോ?


യുവ സംഗീതകാരന്റെ റോക്ക്സ്റ്റാറാകാനുള്ള തന്ത്രപാടുകളേക്കാള്‍ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത് അയാളുടെ പ്രണയത്തിന്റെ ആഴമാണ്. വിവാഹപൂര്‍വ സൌഹൃദം കാലങ്ങള്‍ക്ക് ശേഷം വിവാഹിതയായ യുവതിയോടു തോന്നുന്ന പ്രണയമാവുന്നതാണ് ചിത്രം പറയുന്നത്. 
ആദ്യം രസകരമായ സന്ദര്‍ഭങ്ങളിലൂടെ തുടങ്ങുന്ന ആഖ്യാനം പിന്നീട് സങ്കീര്‍ണമാവുകയാണ്. ഈ സങ്കീര്‍ണത പലപ്പോഴും പ്രേക്ഷകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നത് ന്യൂനതയാണ്. 


മുന്‍ചിത്രമായ 'ലൌ ആജ് കലി'ലും രണ്ടു കാലത്തെ പ്രണയം നോണ്‍ ലീനിയര്‍ ട്രാക്കില്‍ അവതരിപ്പിക്കുകയായിരുന്നു ഇംതിയാസ് അലി.  എന്നാല്‍ ഇത്തവണ തീവ്ര പ്രണയം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആശയം ലളിതമായി പറയാനായിട്ടില്ല. 


നായക കഥാപാത്രമായ ജോര്‍ദന്‍ എന്ന ജനാര്‍ദനെ അവതരിപ്പിച്ച രണ്‍ബീര്‍ തന്നെയാണ് ചിത്രത്തിന്റെ ജീവന്‍. ചോക്ലേറ്റ് മുഖത്തിനുള്ളിലെ അഭിനയശേഷി പൂര്‍ണമായി വെള്ളിത്തിരയിലെത്തിക്കാന്‍ ഈ കഥാപാത്രം രണ്‍ബീറിനെ സഹായിച്ചു. കോളജ് കുമാരനായും ധിക്കാരിയായ റോക്ക്സ്റ്റാറായും വിഷാദിയായ കാമുകനായും രൂപം കൊണ്ടും ഭാവം കൊണ്ടും ഇരുത്തംവന്ന പ്രകടനമായിരുന്നു നായകന്റേത്.


കാഴ്ചയില്‍ സുന്ദരിയെങ്കിലും പ്രകടനത്തില്‍ ആ മികവ് കാട്ടാന്‍ നര്‍ഗീസിന് പൂര്‍ണമായി കഴിഞ്ഞിട്ടില്ല. ടൈമിംഗിലും ഡയലോഗ് അവതരണത്തിലും നായികക്ക് ഇനിയുമേറെ മുന്നേറാനുണ്ട്.


കാന്റീനിലെ ഉപദേശകനില്‍ തുടങ്ങി പിന്നീടെപ്പോഴും നായകന്റെ കൂടെയുള്ള കഥാപാത്രമായി കുമുദ് മിശ്രയും പത്രപ്രവര്‍ത്തകയായി അദിതി റാവു ഹൈദരിയും തിളങ്ങി. ഷെഹനായി വിദ്വാനായുള്ള ഷമ്മി കപൂറിന്റെ അവസാന അതിഥി വേഷവും  മികവുറ്റതായിരുന്നു.


എ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീതമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ നല്‍കുന്ന തീയറ്റര്‍ അനുഭവം പറഞ്ഞറിയിക്കാവുന്നതല്ല. തീവ്രപ്രണയം ഒരു കവിതപോലെ പലപ്പോഴും അനുഭവഭേദ്യമാക്കുന്നത് ഈ മാസ്മരികതയാണ്.
സദാ ഹക്ക്, കുന്‍ ഫയ കുന്‍ തുടങ്ങിയ ഗാനങ്ങള്‍ തീയറ്ററില്‍ കാണാനും കേള്‍ക്കാനും പ്രത്യേക സുഖം തന്നെ. കത്തിയാ കരോ പോലെ പെട്ടെന്ന് ജനപ്രിയമാകുന്ന ഗാനങ്ങളും ചിത്രത്തിന്റെ ആകര്‍ഷണമാണ്. നായകന്റെ ശബ്ദത്തിലുള്ള പത്തോളം ഗാനങ്ങളും ഒരാള്‍ തന്നെ ആലപിച്ചിരിക്കുന്നതും നല്ല പ്രവണതയാണ്. മോഹിത് ചൌഹാന്റെ മനോഹരശബ്ദമാണ് 'ജോര്‍ദന്' വേണ്ടി ഗാനങ്ങളാലപിച്ചിരിക്കുന്നത്. 


അനില്‍ മേത്തയുടെ ക്യാമറ കശ്മീരിന്റെയും പ്രാഗിന്റെയുമെല്ലാം ദൃശ്യഭംഗി പൂര്‍ണമായി സ്ക്രീനിലെത്തിക്കുന്നു. സാങ്കേതികമായി മറ്റ് രംഗങ്ങളിലും ചിത്രത്തില്‍ കോടികള്‍ മുടക്കിയതിന്റെ പൊലിമ ദൃശ്യമാകുന്നുണ്ട്. 


ചുരുക്കത്തില്‍, തീവ്ര പ്രണയം മനോഹരമായി അവതരിപ്പിക്കുന്നതില്‍ റോക്ക്സ്റ്റാര്‍ ഒരിക്കലും പരാജയമല്ല. എങ്കിലും ഈ തീവ്രതയുടെ സങ്കീര്‍ണത ചിലപ്പോള്‍ അല്‍പം ആശയക്കുഴപ്പവും ഇഴച്ചിലും സൃഷ്ടിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനുമാകില്ല.
rockstar review, rockstar hindi movie, rockstar kerala review and report, ranbir kapoor, nargis fakhri, imtiaz ali, cinemajalakam review of rockstar

3 comments:

Roni said...

nalla cinema. super pattukal

pramod said...

athra kidilam alla. Pattintey mechame ollu.

Smitha said...

Beautiful music

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.