Monday, November 28, 2011

Nayika review: പല്ലുകൊഴിഞ്ഞ നായിക




ഇപ്പോഴത്തെ കാലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ 1970 കളിലെ ഓര്‍മയും മനസുമായി ജീവിക്കുന്ന ഒരു പഴയകാല നടിയുടെ കഥയാണ് ജയരാജിന്റെ 'നായിക' പറയുന്നത്. ദോഷം പറയരുതല്ലോ, സിനിമയിലെ മുഖ്യ കഥാപാത്രത്തിന്റെ അവസ്ഥ തന്നെയാണ് ചിത്രത്തിനും. ലക്ഷ്യബോധമില്ലാത്ത തിരക്കഥയും പുതുമയില്ലാത്ത അവതരണവുമാണ് 'നായിക'യില്‍ വില്ലനായത്. 


ഗ്രേസി (ശാരദ) എന്ന പഴയകാല നായിക ഇന്ന് മനോനില തന്നെ താറുമാറായി വീട്ടില്‍ ആരാലും ഓര്‍മിക്കപെടാതെ ഏകാന്തവാസത്തിലാണ്. സഹായികളായി പഴയ ഡാന്‍സ് മാസ്റ്റര്‍ രംഗപാണിയും (ജഗതി ശ്രീകുമാര്‍) സീസ്റ്റയും (കെ.പി.എ.സി ലളിത)യും മാത്രമാണുള്ളത്. ഇപ്പോഴും 70 കളിലോ എണ്‍പതുകളിലോ ആണ് ഗ്രേസിയമ്മയുടെ ഓര്‍മകള്‍, അതിനുമപ്പുറം കാലം സഞ്ചരിച്ചതോ തന്റെ ഇന്നത്തെ അവസ്ഥയോ അവര്‍ക്ക് തിട്ടവുമില്ല.


ഈയവസരത്തിലാണ് അലീന (മമ്ത മോഹന്‍ദാസ്) ഗ്രേസിയെക്കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മിക്കാനായി എത്തുന്നത്. അങ്ങനെ പറഞ്ഞ് ചെന്നാല്‍ സമ്മതിക്കില്ലെന്ന് മനസിലാക്കി പുതിയ സിനിമ സംവിധാനം ചെയ്യുകയാണെന്നും ഗ്രേസിയാണ് നായികയെന്നും പറയുന്നു. പിന്നീടങ്ങോട്ട് ഗ്രേസിയുമായി അടുത്ത് അവരുടെ ഓര്‍മകള്‍ ഉണര്‍ത്തി അറിയാത്തതും പറയാത്തതുമായ പഴയ കഥകളും രഹസ്യങ്ങളും തെരയുകയാണ് അലീന.


പഴയകാല നായികയെ അവതരിപ്പിക്കുന്നതുകൊണ്ടാകാം, അക്കാലത്ത് സജീവമായിരുന്ന നടീനടന്‍മാരുടെ ഛായ തോന്നുന്ന അല്ലെങ്കില്‍ അവരുടെ മാനറിസങ്ങള്‍ ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങള്‍ രംഗത്തെത്തുന്നത്. അതേസമയം, യഥാര്‍ഥ താരങ്ങളുമായി കഥാപാത്രങ്ങള്‍ക്ക് വ്യക്തിപരമായി ബന്ധമൊന്നും സൂചിപ്പിക്കുന്നുമില്ല. 


എന്നാല്‍, കരുതിക്കൂട്ടി തന്നെ അക്കാലത്ത് സജീവമായിരുന്ന ഒരു നിര്‍മാതാവിന്റെ ഛായ കഥയിലെ വില്ലനായ സ്റ്റീഫന്‍ മുതലാളിക്ക് (സിദ്ദിഖ്) നല്‍കുന്നുമുണ്ട്. ഗോസിപ്പുകളായി കേട്ടുമറന്ന പഴയൊരു നായിക നടിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ഓര്‍മയിലേക്ക് ചിത്രം കൊണ്ടുവരുന്നുണ്ട്. 


കൃത്യമായ ഒരു ദിശാബോധം ഒരിക്കലും 'നായിക'ക്ക് നല്‍കാന്‍ ദീദി ദാമോദരന്റെ തിരക്കഥക്കായിട്ടില്ല. ഗ്രേസിയെന്ന നായികയുടെ പഴയകാലവും ജീവിതദുരന്തവുമാണ് പ്രധാന പ്രമേയമെങ്കിലും ഈ കഥകള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ കഴിയുന്നില്ല. ഗ്രേസിയുടെ കാമുകനായ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ആനന്ദിന്റെ (ജയറാം) ജീവിതദുരന്തവും കാഴ്ചക്കാരില്‍ ഒരു ചലനവുമുണ്ടാക്കില്ല. ഇതിനിടയിലാണ് ഗ്രേസിയുടെ വളര്‍ത്തുമകള്‍ വാണി (സരയു)യുടെ മരണത്തിന്റെ ഉപകഥ. അലസമായ തിരക്കഥയും സംവിധാനവും മൂലം ഒരുഘട്ടത്തിലും കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ 'നായിക'ക്കാവുന്നില്ല. 


ശാരദ ഒരിടവേളക്ക് ശേഷം മലയാളത്തില്‍ പ്രധാന കഥാപാത്രമായെത്തിയെങ്കിലും അവരുടെ കഴിവുകള്‍ കൃത്യമായി സ്ക്രീനിലെത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയമാണ്. ജയറാമിന് ഫ്ലാഷ് ബാക്കുകളില്‍ വന്ന് നസീറിനെ അനുസ്മരിപ്പിക്കുന്ന മിമിക്രി പ്രകടനം നടത്താനേ അവസരം നല്‍കിയിട്ടുമുള്ളൂ. രൂപം കൊണ്ട് ശാരദയുടെ ചെറുപ്പം അവതരിപ്പിക്കാന്‍ പത്മപ്രിയ നല്ല തെരഞ്ഞെടുപ്പായിരുന്നെങ്കിലും അവര്‍ക്കും കാര്യമായി ചെയ്യാനൊന്നുമില്ല. ആദ്യാവസാനം ഗ്രേസി എന്ന കഥാപാത്രത്തിനൊപ്പമുണ്ട് എന്നതാണ് മമ്തയുടെ അലീന എന്ന കഥാപാത്രത്തിനുള്ള പ്രത്യേകത. സംവിധായക പത്നിയായ സബിതയും അലീനയുടെ സുഹൃത്തായി അഭിനയിച്ചിട്ടുണ്ട്. രൂപം കൊണ്ട് പഴയ കാല നിര്‍മാതാവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി മാറാന്‍ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. 


കാലങ്ങള്‍ക്ക് ശേഷം എം.കെ അര്‍ജുനന്‍ -ശ്രീകമാരന്‍ തമ്പി ടീം ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തില്‍ പറയാനുള്ള മികവ്. ഇതേ ടീമിന്റെ പഴയകാല ഹിറ്റ് 'കസ്തൂരി മണക്കുന്നല്ലോ..' 'നായിക'യില്‍ പുനരവതരിപ്പിച്ചിട്ടുമുണ്ട്.  മറ്റ് സാങ്കേതിക വിഭാഗങ്ങളില്‍ ശരാശരിക്കുമേല്‍ മികവ് ചൂണ്ടിക്കാണിക്കാന്‍ വേറൊന്നും ഓര്‍മയില്‍ വരുന്നുമില്ല.


ചുരുക്കംപറഞ്ഞാല്‍, കൃത്യമായ ലക്ഷ്യമില്ലാതെ നീങ്ങുന്ന ചിത്രം കാഴ്ചക്കാരന് നിര്‍വികാരമായേ കണ്ടിറങ്ങാനാവൂ. തന്റെ കഴിഞ്ഞചിത്രമായ 'ദി ട്രെയിനി'ല്‍ നടത്തിയവിധം ഭീകരമായ പരീക്ഷണങ്ങള്‍ 'നായിക'യില്‍ ജയരാജ് നടത്തിയിട്ടില്ല എന്നതാണ് ഏക ആശ്വാസം. 
nayika review, jayaraj's nayika, sarada in nayika, jayaram in nayika, nayika malayalam movie review, jayaram in kasthoori manakkunnallo song, nayika songs, cinemajalakam review, mamtha mohandas, padmapriya

9 comments:

ശ്രീ said...

അപ്പോ വല്യ പ്രതീക്ഷ വേണ്ട ല്ലേ?

Anonymous said...

Jayaraj entha ingane?

Peter said...

jayaraj ingane okke ayirunnallo

Maneesh said...

chummathano malayala cinema rekshapedathu

ദീപു നെടുമങ്ങാട് said...

പല സ്ഥലത്തും പടം മാറി

Ananthu said...

randam varam undo padam?

Aravind said...

Pallu adiche kozhikkukayanu cheyendathu.

Udayan Karthikeyan said...

Why Jayaraj is not studying from his past films? Or does he thinks kerala people just want this much?

Anonymous said...

jayraj was a good directr once upon a time.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.