Saturday, November 12, 2011

ഇനി നിര്‍മാതാക്കളുടെ സമരം !



 തീയറ്ററുടമകളുടെയും വിതരണക്കാരുടെയും സമരം മൂല അനിശ്ചിതത്വത്തിലായ മലയാള സിനിമാ മേഖലയില്‍ ശനിയാഴ്ച മുതല്‍ നിര്‍മാതാക്കളും സമരം പ്രഖ്യാപിച്ചു. ഇതോടെ മലയാള സിനിമ രംഗം ഏതാണ്ട് പൂര്‍ണമായി സ്തംഭനാവസ്ഥയിലായി.


ദിനംപ്രതി ഉയരുന്ന സിനിമാ നിര്‍മാണ ചെലവ് കുറക്കുന്നതിന് സഹായമായ നടപടികളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ സഹകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ബാറ്റയുടെ കാര്യത്തിലും നിര്‍മാതാക്കളും ഫെഫ്കയുമായി അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ ഫെഫ്കയുമായുള്ള അഭിപ്രായ ഭിന്ത മാത്രമല്ല സമരത്തിന് കാരണമെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന ഷൂട്ടിംഗും നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കും. 


സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെ കുറച്ചാലേ മുന്നോട്ടു പോകാനാവൂ എന്ന് അസോസിയേഷന്‍ ഭാരവാഹിയായ സിയാദ് കോക്കര്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളുള്‍പ്പെടെ താരസംഘടനയായ അമ്മയുമായി ചര്‍ച്ചചെയ്യും.


നവംബര്‍ ഒന്നുമുതല്‍ എ ക്ലാസ് തീയറ്ററുടമകളുടെ സംഘഖനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് മലയാളചിത്രങ്ങള്‍ പ്രദര്‍ശനത്തിനെടുക്കാതെ സമരത്തിലാണ്. ഇതിനു ബദലായി ഒരു പുതിയ സിനിമയും വിതരണം ചെയ്യില്ലെന്നറിയിച്ച് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും സമരത്തിലാണ്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നിര്‍മാതാക്കളുടെ സമരം.


തീയറ്ററുകാരുടെ സമരം കാരണം റിലീസിനു തയാറായ മരുഭൂമിക്കഥ, വെനീസിലെ വ്യാപാരി, സ്വപ്ന സഞ്ചാരി, നായിക തുടങ്ങിയ നിരവധി മലയാള ചിത്രങ്ങള്‍ പുറത്തിറക്കാനാവാത്ത അവസ്ഥയാണ്. അതേസമയം ദീപാവലിക്ക് പുറത്തിറങ്ങിയ അന്യഭാഷാ ചിത്രങ്ങളായ രാ വണ്‍, വേലായുധം, ഏഴാം അറിവ് എന്നിവ നന്നായി തീയറ്ററുകളില്‍ കലക്ഷന്‍  നേടുന്നുമുണ്ട്.


ഈയാഴ്ച മുതല്‍ തീയറ്ററുകാര്‍ക്ക് ഒരു സിനിമയും പുതുതായി പ്രദര്‍ശനത്തിന് നല്‍കില്ലെന്ന് വിതരണക്കാര്‍ അറിയിച്ചെങ്കിലും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേരിട്ട് മുന്‍കൈയെടുത്ത് റോക്ക്സ്റ്റാര്‍, ടിന്‍ടിന്‍, ഇമ്മോര്‍ട്ടല്‍സ് എന്നീ ചിത്രങ്ങള്‍ തീയറ്ററിലെത്തിച്ചിട്ടുണ്ട്. malayalam film producers on strike, film producers association, no film production in kerala.

1 comments:

faisu madeena said...

സന്തോഷ്‌ പണ്ഡിത് അടുത്ത പടം ഇനി എപ്പോ ഇറക്കുമോ ആവോ ..?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.