Thursday, November 10, 2011

ഐ.എഫ്.എഫ്.കെ: ബ്രൂസ് ബെറിസ് ഫോഡ് ജൂറി ചെയര്‍മാന്‍




 ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍  പ്രസിദ്ധ ആസ്ട്രേലിയന്‍ സംവിധായകനും രണ്ടു തവണ ഓസ്കര്‍ ജേതാവുമായ ബ്രൂസ് ബെറിസ് ഫോഡ്  ജൂറി ചെയര്‍മാനാകും. നഗരത്തിലെ 11 തിയറ്ററുകളിലായിരിക്കും ചലച്ചിത്ര പ്രദര്‍ശനം. 2 കെ പ്രൊജക്ഷന്‍ സൌകര്യങ്ങള്‍ ഈ വര്‍ഷം വാടകക്കെടുത്ത് അന്താരാഷ്ട്ര സിനിമകളുടെ പ്രൊജക്ഷന്‍ നിലവാരം ഉറപ്പാക്കുമെന്ന് അക്കാദമി അറിയിച്ചു. 


ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.iffk.in എന്ന വെബ്സൈറ്റിലൂടെ തുടങ്ങി. ഈ വര്‍ഷം  ഡെലിഗേറ്റ് പാസിന് 500 രൂപയും വിദ്യാര്‍ഥികള്‍ക്കുള്ള പാസിന് 300 രൂപയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നവംബര്‍ 25ആണ് രജിസ്ട്രേഷന്റെ അവസാന തീയതി.


ഡോ. രാജേന്ദ്രബാബു ചെയര്‍മാനായ കമ്മിറ്റിയാണ് 14 അന്താരാഷ്ട്ര സിനിമകള്‍ മത്സര വിഭാഗത്തിനായി തെരഞ്ഞെടുത്തത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളും ഉള്‍പ്പെടുന്നു. 


കെ. കുഞ്ഞിക്കൃഷ്ണന്‍ ചെയര്‍മാനായ കമ്മിറ്റി ഏഴ് ഇന്ത്യന്‍ സിനിമകളും ഏഴ് മലയാളം സിനിമകളും തെരഞ്ഞെടുത്തു. നല്ല മലയാള സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ അക്കാദമി ഒരു ലക്ഷം രൂപ ഗ്രാന്റ് നല്‍കും. ഇവയുടെ ഒരു പ്രിന്റ് എടുത്ത് വിവിധ ഫെസ്റ്റിവലുകളിലേക്ക് അയക്കും. 60 ഓളം സിനിമകളാണ് അന്താരാഷ്ട്ര സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ കാന്‍, ബെര്‍ലിന്‍ തുടങ്ങിയ പ്രധാന ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകളും ഉള്‍പ്പെടും. 


റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ സിനിമാ സംവിധായകന്മാരായ നാഗാസി ഓഷീമ, തിയോ ആഞ്ചലോപോളസ് തുടങ്ങിയവരുടെ സിനിമകള്‍ ഉള്‍പ്പെടുന്നു. അറബ് രാജ്യങ്ങളിലെ പുതിയ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമകളും ന്യൂ ഫിലിപ്പീന്‍ സിനിമകളും ഫെസ്റ്റിവെലിന്റെ ഭാഗമാകുന്നു. ലണ്ടനില്‍ നടക്കുന്ന കിക്കിങ് ആന്‍ഡ് സ്ക്രീനിങ് എന്ന ഫെസ്റ്റിവെലിന്റെ അനുബന്ധമായി ഫുട്ബാള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ആനുകാലിക സിനിമകളുടെ വക്താവായ തുര്‍ക്കി സിനിമാ സംവിധായകന്‍ സെമി കപ്പലാനഗലു തന്റെ സിനിമകളുമായി പങ്കെടുക്കും. ഈ വര്‍ഷത്തെ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം മീരാനായര്‍ നടത്തും. 


കേരളത്തില്‍ ആദ്യമായി ഒരു സിനിമാ മാര്‍ക്കറ്റ് ഈ ഫെസ്റ്റിവലില്‍ കൂടി അവതരിപ്പിക്കും. ഡോക്യുമെന്ററി സിനിമകളും ഈ മാര്‍ക്കറ്റിലൂടെ തെരഞ്ഞെടുക്കുന്നതിനായി ഡോക്യുമെന്ററി ഫെഡറേഷന്‍ ട്രിഗര്‍പിച്ച് എന്ന പരിപാടിയും ഇതിനോടൊപ്പം നടത്തുന്നു. 


ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. 


iffk 2011, 16th international film festival of kerala, trivandrum film fest, iffk from december 9

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.