Monday, October 17, 2011

Veeraputhran Review: വീരപുത്രനെ അറിയാനൊരു പാഠംചരിത്രം പുനഃ പരിശോധിക്കുമ്പോള്‍ എല്ലായ്പ്പോഴും വ്യത്യസ്ത വീക്ഷണങ്ങളും വാദമുഖങ്ങളുമുണ്ടാകും. ചരിത്രപുരുഷന്‍മാരുടെ ജീവിതകഥ സിനിമയാക്കുമ്പോഴും പതിവായി അതിന്റെ സത്യസന്ധത ചോദ്യംചെയ്യപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ, ഇത്തവണ സ്വാതന്ത്യ്ര സമരസേനാനി മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിന്റെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ ചരിത്രത്തിന്റെ സിനിമാപരമായ പുനരാവിഷ്കാരം മാത്രമാണെന്ന മുന്‍കുറിപ്പുമായാണ് പി.ടി കുഞ്ഞുമുഹമ്മദ് എത്തിയത്. 


വേണ്ടരീതിയില്‍ ചര്‍ച്ചകളില്‍ ഇടംനേടാത്ത ധീരദേശാഭിമാനിയായ സാഹിബിനെ വീണ്ടും ജനമധ്യത്തെത്തിക്കാന്‍ 'വീരപുത്രന്' കഴിഞ്ഞെങ്കിലും സിനിമയെന്ന നിലയിലും ചരിത്രവായനയെന്ന നിലയിലും പൂര്‍ണമായി നീതി പുലര്‍ത്താനായോ എന്നതില്‍ സംശയം ബാക്കിയാണ്. 


ചിത്രത്തിന് ചരിത്രപരമായ പോരായ്മകള്‍ ഉണ്ടെങ്കില്‍ ന്യായികരിക്കാനും കൂടുതല്‍ 'സിനിമാറ്റിക്' ആക്കാനും ശരത്കുമാര്‍ അവതരിപ്പിക്കുന്ന ചരിത്രഗവേഷകന്‍ ഡോ. വിമലിന്റെ കാഴ്ചപ്പാടിലാണ് കഥ പറയുന്നത്. 1921ല്‍ വിദ്യാഭ്യാസത്തിനു ശേഷം ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദു റഹ്മാന്‍ സ്വാതന്ത്യ്ര പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നിടം മുതല്‍ അദ്ദേഹത്തിന്റെ മരണം വരെയാണ് കഥയാകുന്നത്. 


സാഹിബിന്റെ വ്യക്തിജീവിതം, കോണ്‍ഗ്രസ് ജീവിതം, തെരഞ്ഞെടുപ്പിലെ മല്‍സരം, മുസ്ലിംകളെ സ്വാതന്ത്യ്ര സമരത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയവയൊക്കെ ചിത്രത്തില്‍ വരച്ചുകാട്ടാന്‍ സംവിധായകനായിട്ടുണ്ട്. എന്‍.പി മുഹമ്മദിന്റെ കൃതിയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അക്കാലത്ത് നടന്ന ഖിലാഫത്ത് പ്രസ്ഥാനവും, പൂക്കോട്ടുര്‍ യുദ്ധവും ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


അതേസമയം, കേരള രാഷ്ട്രീയത്തിലും സ്വാതന്ത്യ്ര സമരത്തിലും നെടുനായകത്വം വഹിച്ചവരും ചര്‍ച്ച ചെയ്യപ്പെട്ടവരുമായ നിരവധിപ്പേര്‍ കഥാപാത്രങ്ങളായി വന്നുപോയിട്ടും അവര്‍ക്കൊന്നും ആത്മാവ് നല്‍കാന്‍ സംവിധായകനായില്ല. മൊയ്തു മൌലവി, കെ.പി കേശവമേനോന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഇ.എം.എസ്, കേളപ്പന്‍ തുടങ്ങി ഒട്ടനവധിപേര്‍ ഇങ്ങനെ തലകാണിക്കുന്നുണ്ട് ചിത്രത്തില്‍. പലരെയും കാണികള്‍ ശ്രദ്ധിച്ചിട്ടു കൂടിയുണ്ടാകില്ല. സുധീഷ്, ഷാനവാസ്, വിജയ് മേനോന്‍, അശോകന്‍, മധുപാല്‍, സജിത മഠത്തില്‍ തുടങ്ങി അനേകം പ്രമുഖര്‍ ഇത്തരം കഥാപാത്രങ്ങളാകുന്നു. 


നായകവേഷം രൂപം കൊണ്ട് നരേനില്‍ ഭദ്രമായിരുന്നു. സാഹിബിന്റെ ശരീരഭാഷയും ഒരുപരിധിവരെ നരേന്‍ പിന്‍തുടരുന്നുണ്ട്. അതേസമയം, ഡയലോഗ് ഡെലിവറിയില്‍ പലേടത്തും കല്ലുകടിയുണ്ട്. 
അബ്ദു റഹ്മാന്‍ സാഹിബിന്റെ ഭാര്യ ബീവാത്തുവായി റൈമാസെന്‍, സിദ്ദിഖിന്റെ മൊയ്തു മൌലവി, കലാഭവന്‍ മണിയുടെ ഉണ്ടക്കാക്ക തുടങ്ങിയവര്‍ക്കാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റ് വേഷം ലഭിച്ചത്. 


ചിത്രത്തില്‍ സാഹിബിന്റെ മരണം അവതരിപ്പിച്ചിരിക്കുന്നതിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാകാം എന്ന സൂചനയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം കാട്ടുന്നത്. അതേസമയം, പല ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയതുപോലെ ഹൃദയാഘാതമായും ആ രംഗത്തെ വ്യാഖ്യാനിക്കാം. 


സാങ്കേതിക വിഭാഗങ്ങള്‍ മോശമാക്കിയില്ല. പട്ടണം റഷീദിന്റെ മേക്കപ്പും എം.ജെ രാധാകൃഷ്ണന്റെ ക്യാമറയും ബോബന്റെ കഥാസംവിധാനവും രമേശ് നാരായണന്റെ ഗാനങ്ങളുമൊക്കെ ചിത്രത്തിന്റെ മികവ് കൂട്ടാനെ സഹായിച്ചിട്ടുള്ളൂ. 


ചരിത്രപുസ്തകത്തില്‍ ഒളിഞ്ഞു കിടന്ന, സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യാത്ത സാഹിബിനെ വീണ്ടും ജനശ്രദ്ധയില്‍ എത്തിക്കാനായി എന്നതാണ് 'വീരപുത്ര'ന്റെ മേന്‍മ. അദ്ദേഹം സ്വാതന്ത്യ്ര പ്രസ്ഥാനത്തില്‍ വഹിച്ച പങ്ക് യുവതലമുറക്ക് തിരിച്ചറിയാന്‍ ചിത്രം സഹായമാണ്.  അതുകൊണ്ടുതന്നെ ചരിത്രകുതുകികള്‍ കണ്ടിരിക്കേണ്ട ചിത്രവുമാണിത്.


അതേസമയം, തിരക്കഥയിലെ പാളിച്ച നായക കഥാപാത്രത്തിലേക്കല്ലാതെ മറ്റെങ്ങും ആഴത്തില്‍ കടന്നുചെല്ലുന്നതില്‍ സിനിമക്ക് തടസമാകുന്നുമുണ്ട്. 


ചുരുക്കത്തില്‍, 'വീരപുത്രന്‍' ഒരിക്കലുമൊരു മോശം ചിത്രമല്ല. പക്ഷേ, സൂക്ഷ്മത പുലര്‍ത്തിയിരുന്നെങ്കില്‍ മികച്ചതാക്കാമായിരുന്ന ചിത്രമാണെന്നതിലും സംശയമില്ല. 
veeraputhran review, malayalam movie veeraputhran review, veeraputhran, narein, kalabhavan mani, sarath kumar, p.t kunhimuhammed, malayalam film review, veeraputran review, raima sen, cinemajalakam review

3 comments:

Anonymous said...

good watchable movie

fayaz said...

nammude sahib inganalla

Anonymous said...

review is very soft towards the movie. Actually it deserves harsh criticism. The movie is simply childish.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.