Saturday, October 1, 2011

Snehaveedu Review: സ്ഥിരം സത്യന്‍ ചേരുവകളുമായി 'സ്നേഹവീട്'
ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ സ്ഥിരമായി പ്രതീക്ഷിക്കുന്ന ചേരുവകള്‍ നേര്‍ത്തൊരു കഥാതന്തുവില്‍ സമാസമം ചേര്‍ത്ത് ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പുത്തന്‍ മോഹന്‍ലാല്‍ ചിത്രമായ 'സ്നേഹവീടി'ല്‍. നാടന്‍ പശ്ചാത്തലത്തില്‍ നിഷ്കളങ്കനായ നായകനും ചുറ്റും നന്‍മ വിട്ടൊഴിയാത്ത കൂട്ടുകാരും നാട്ടുകാരും തന്നെ 'സ്നേഹവീട്ടി'ലേയും അംഗങ്ങള്‍. സ്ഥിരം ശൈലിയിലെ സത്യന്‍ നൈര്‍മല്യതയും നിര്‍ദോഷ ഹാസ്യവും പക്വമായ പ്രകടനവുമായി മുന്നേറുന്ന ചിത്രം പക്ഷേ, ക്ലൈമാക്സില്‍ ബാലിശമായി പോകുന്നുവെന്നതാണ് പോരായ്മ.


ഏറെക്കാലത്തെ പ്രവാസത്തിനുശേഷം നാട്ടിലെത്തി അമ്മ അമ്മുക്കുട്ടിയമ്മ (ഷീല) യോടൊപ്പം വീടുവാങ്ങി താമസിക്കുകയാണ് അജയന്‍ (മോഹന്‍ലാല്‍). അമ്മയും മകനുമായുള്ള ആത്മബന്ധത്തില്‍ കോട്ടം തട്ടാതിരിക്കാന്‍ അയാള്‍ ഇതുവരെ വിവാഹം കഴിച്ചിട്ടുമില്ല. കൃഷിയും നാട്ടുകാര്യവുമായി നടക്കുന്ന അജയന്റെ ജീവിതത്തിലേക്ക് കാര്‍ത്തിക്ക് (രാഹുല്‍ പിള്ള) എന്ന കൌമാരക്കാരന്‍ കടന്നുവരുന്നതോടെയാണ് കഥ വികസിക്കുന്നത്. അജയന്റെ മകന്‍ എന്ന അവകാശവാദവുമായാണ് അവനെത്തിയിരിക്കുന്നത്. 
അജയന്‍ അവനെ ഓടിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും അമ്മുക്കുട്ടിയമ്മ കാര്‍ത്തിക്കിനെ കൊച്ചുമകനായി കണ്ട് പരിചരിക്കുകയാണ്. നാട്ടുകാരും അങ്ങനെ കാണാന്‍ തുടങ്ങുന്നു. ഒടുവില്‍ അജയന്‍ കാര്‍ത്തിയുടെ ചരിത്രം തേടിയിറങ്ങുകയാണ്...


നാട്ടുപുറത്തുകാരനായ നായകന്റെ ജീവിതത്തിലേക്ക് ഒരു കൌമാരക്കാരന്‍ വരുന്നു, അതാരാണെന്ന് അവസാനം വെളിപ്പെടുന്നു. ഈ ഒറ്റവരി കഥയാണ് 'സ്നേഹവീടി'ന്റെ ജീവന്‍. ആദ്യപകുതിയില്‍ നായകനെ പതിവ് 'സത്യന്‍ അന്തിക്കാട് ചേരുവകള്‍'ക്കിടയില്‍ ഭംഗിയായി പ്രതിഷ്ഠിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ഈ ചുറ്റുവട്ടവും കഥാപാത്രങ്ങളും അനവധി സത്യന്‍ ചിത്രങ്ങളില്‍ കണ്ടതാണെങ്കിലും മടുപ്പിക്കില്ല. 


ഇന്നസെന്റിന്റെ കരിങ്കണ്ണന്‍ മത്തായിയും ഭാര്യയായി കെ.പി.എ.സി ലളിതയുടെ റീത്താമ്മയും ചെമ്പില്‍ അശോകന്റെ മണിയും ഒക്കെ ടിപ്പിക്കല്‍ സത്യന്‍ കഥാപാത്രങ്ങള്‍ തന്നെ.
അതുപോലെത്തന്നെ ആദ്യപകുതിയെ സമ്പന്നമാക്കുന്ന  ലളിതമായ നര്‍മവും. ദ്വയാര്‍ഥവും വളിപ്പുമില്ലാത്തതിനാല്‍ കുടുംബപ്രേക്ഷകരുള്‍പ്പെടെയുളളവരെ ഇതൊക്കെ രസിപ്പിക്കുന്നുമുണ്ട്. 


സംഭാഷണത്തിലും സംവിധാനത്തിലും കാണിച്ച പരിചയസമ്പത്തും കൈയടക്കവും സത്യന് തിരക്കഥയില്‍ നിലനിര്‍ത്താനാകാത്താണ് പ്രശ്നം. അത് 'സ്നേഹവീടി'ലെന്നല്ല, അദ്ദേഹം സ്വയം തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സമീപകാല ചിത്രങ്ങളിലൊക്കെ പ്രകടമാണുതാനും! 


അഭിനേതാക്കളില്‍ മോഹന്‍ലാലിന്റെ നാടന്‍ ശൈലി വീണ്ടും സ്ക്രീനില്‍ കാണായി എന്നതാണ് മേന്‍മ. ലാലിനും ലാലിനെയും പുര്‍ണമായി ഉള്‍ക്കൊള്ളാനാവുന്ന കഥാപാത്രമാണ് അജയന്‍. ഷീലയുടെ അമ്മുക്കുട്ടിയമ്മ ചിലഘട്ടത്തില്‍ 'മനസിനക്കരെ'യിലെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുമെങ്കിലും നന്നായിരുന്നു. 


അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായ ഇന്നസെന്റ്, ലളിത, മാമുക്കോയ തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. കൂടാതെ ചെമ്പില്‍ അശോകന്‍, ലെന, ശശി കലിംഗ, പ്രവീണ്‍ പ്രേം തുടങ്ങിയവരുമുണ്ട്. 'അഴകര്‍സാമിയിന്‍ കുതിരൈ' എന്ന തമിഴ് ചിത്രത്തില്‍ നായകനായ അപ്പുക്കുട്ടിയുടെ പഴസിസാമിയുടെ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രമാണ്.


ആദ്യമായി സത്യന്‍ ചിത്രത്തിലെത്തുന്ന ബിജു മേനോന്റെ ബാലന്‍ എന്ന കഥാപാത്രം ശ്രദ്ധനേടും. കാര്‍ത്തിക്കായി രാഹുലും മോശമില്ലാത്ത കണ്ടെത്തലാണ്. 


എന്നാല്‍ നായികയായി വന്നു പോകുന്ന പത്മപ്രിയക്ക് നായകന്റെ അയലത്തെ അവിവാഹിതയായ/എന്നെങ്കിലും നായകന്‍ പരിഗണിച്ചേക്കാവുന്ന പെണ്‍കുട്ടി എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യമില്ല. 


ഇശൈജ്ഞാനിയാണെങ്കിലും ഇളയരാജയുടെ അടുത്തിടെയുള്ള മലയാള ഈണങ്ങളില്‍ ആ ജ്ഞാനമൊന്നും കാണാനാകുന്നില്ല. ചിത്രത്തില്‍  'ആവണിത്തുമ്പി' എന്ന ഗാനമാകും അല്‍പമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത്. അതാകട്ടെ ശ്രേയാ ഘോഷലിന്റെ ആലാപനമികവ് കൊണ്ടും. പാലക്കാടന്‍ നാട്ടുഭംഗി ക്യാമറയില്‍ പകര്‍ത്തുന്നതില്‍ വേണുവും വിജയിച്ചിട്ടുണ്ട്. 


ചുരുക്കത്തില്‍, സത്യന്‍ അന്തിക്കാടില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്റ്റണ്ടില്ലാത്ത, അശ്ലീലമില്ലാത്ത, പേടിപ്പെടുത്താത്ത, ടെന്‍ഷനടിപ്പിക്കാത്ത, ഒരുപാട് വേദനിപ്പിക്കാത്ത ഒരു ലളിതമായ ചിത്രം കുടുംബസമേതം കാണണമെന്നുള്ളവര്‍ക്ക് 'സ്നേഹവീട്' തീര്‍ച്ചയായും തെരഞ്ഞെടുക്കാം. തിരക്കഥയുടെ ആഴവും സാങ്കത്യവുമൊന്നും അളക്കാന്‍ പോകരുതെന്ന് മാത്രം. 
snehaveedu review, snehaveedu, sathyan anthikad, mohanlal, biju menon, lena, padmapriya, snehaveedu gallery, malayalam movie snehaveedu review

6 comments:

nakulan said...

പടം കണ്ടു .കൊള്ളാം.ക്ലൈമാക്സ്‌ മോശമായിപ്പോയി .ആ ഒരു പോരായ്മ മാത്രമേ പടതിനുള്ളൂ

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇളയരാജയുടെ ആവര്‍ത്തന വിരസ്സതയുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ മേലാത്തത് കൊണ്ട് സി ഡി ഇറങ്ങുമ്പോഴേ ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പടങ്ങള്‍ കാണാറുള്ളൂ.സി ഡി ആകുമ്പോള്‍ പാട്ട് ഓടിച്ചു വിടാമല്ലോ.
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

nakulan said...

ക്ലൈമാക്സ്‌ കുറച്ചു കൂടി നന്നാക്കാമായിരുന്നു .എന്ന്നാലും കൊള്ളാം.ക്ലൈമാക്സ്‌ എന്റെ കൂടെ പടം കാണാന്‍ വന്ന ആര്‍ക്കും ഇഷ്ടമായില്ല .ഒരു സാധാരണ മനുഷ്യന്‍ എന്തായാലും അങ്ങനെ ഒന്നും ചെയ്യില്ല .എന്തായാലും പടം കണ്ടാല്‍ ബോറടിക്കില്ല .
പദത്തില്‍ ഇന്നസെന്റിനെയും ഇഷ്ടപ്പെട്ടില്ലേ .തെജഭായി കണ്ടിഷ്ടപ്പെട്ടിട്ടു ഇത് കൊള്ളതില്ലെന്നു പറയുന്നത് സ്വല്പം കഷ്ടമാണ് .പടം അത്രയ്ക്ക് കൂറയോന്നുമല്ല

Reneesh Abraham said...

sathyan ellam inganeye edukkoo...

Anonymous said...

സത്യന്‍ അന്തികാടിനു ലളിതമായ സിനിമ ഇനിയും എന്നും ഒരുക്കാനാകും. കഥ ആരെങ്കിലും നല്ലത് പറഞ്ഞു കൊടുക്കനനം എന്ന് മാത്രം

Gopu said...

nattinpurathu inganathe kadhakal mathrame anthikadinu ariyaavo? atho adheham vere nadonnum kanditille?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.