Sunday, October 9, 2011

Indian Rupee Review: പുതുമണം മാറാത്ത ഇന്ത്യന്‍ റുപ്പി
രഞ്ജിത്ത് ചിത്രം എന്ന് കേട്ട് തീയറ്ററിലെത്തുമ്പോള്‍ പ്രേക്ഷകരിലെ പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല എന്നതാണ് പൃഥ്വിരാജ് നായകനാകുന്ന 'ഇന്ത്യന്‍ റുപ്പി'യുടെ മേന്‍മ. ഒറ്റവരികഥ അല്ലെങ്കില്‍ ഒരോര്‍മപ്പെടുത്തല്‍ സ്ഥിരം നായകന്‍-വില്ലന്‍ ചട്ടക്കൂടുകളും ഉപചേരുവകളും മനപൂര്‍വം മാറ്റിവെച്ച് തന്റേതായ ശൈലിയില്‍ വെള്ളിത്തിരയിലെത്തിക്കാന്‍ രഞ്ജിത്തിനായിട്ടുണ്ട്. 


ജെ.പി അഥവാ ജയപ്രകാശ് (പൃഥ്വിരാജ്) എന്ന ചെറുപ്പക്കാരന്റെ പണക്കാരനാവാനുള്ള നെട്ടോട്ടമാണ് 'ഇന്ത്യന്‍ റുപ്പി' പറയുന്നത്. പത്താം ക്ലാസ് പഠനത്തിനപ്പുറം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അയാള്‍ പണംനേടാനുള്ള വഴിയായി കാണുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെയും.
അവിടെയും അയാള്‍ക്കും കൂട്ടുകാരന്‍ സി.എച്ചിനും (ടിനി ടോം) കാര്യമായൊരു വളര്‍ച്ചയുണ്ടാകുന്നില്ല. മുതിര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായ രായനിക്കയുടേയും (മാമുക്കോയ) ജോയിയുടേയും (അനില്‍ പപ്പന്‍) ഔദാര്യം കൊണ്ട് ലഭിക്കുന്ന ചൂണ്ടുകൂലി മാത്രമായി ഇവരുടെ വരുമാനം. 
പണക്കാരനാവുക എന്ന സ്വപ്നത്തിന് കാമുകി ബീന (റീമ കല്ലിംഗല്‍) യെന്ന ഡോക്ടറെ സ്വന്തമാക്കുക എന്ന ആഗ്രഹവും പ്രചോദനമാണ്. 


ഒരു വസ്തുക്കച്ചവടത്തിന്റെ പേരില്‍ അച്യുതമേനോന്‍ എന്ന വൃദ്ധന്‍ (തിലകന്‍) ജെ.പിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നിടത്താണ് കഥ വളര്‍ന്നുതുടങ്ങുന്നത്. പിന്നീട് പ്രതീക്ഷിക്കാതെ പണം അവരുടെ കൈയിലെത്തുന്നതും പ്രതീക്ഷിച്ച പണം നഷ്ടമാകുന്നതും ഒടുവിലുണ്ടാകുന്ന കുടുക്കുകളുമൊക്കെ ചിത്രത്തെ ഉദ്യേഗഭരിതമാക്കും. 


'ഇന്ത്യന്‍ റുപ്പി' സര്‍വാര്‍ഥത്തിലും ഒരു രഞ്ജിത്ത് സിനിമ തന്നെയാണ്. രഞ്ജിത്തെന്ന സംവിധായകന്റെ ഗുണവും ദോഷവുമൊക്കെ ചേര്‍ന്ന കൈയൊപ്പ് പതിഞ്ഞ സിനിമ. നേരായ മാര്‍ഗത്തിലല്ലാത്ത പണം നല്ലതുവരുത്തില്ല എന്ന  സന്ദേശം മാത്രമാണ് വാസ്തവത്തില്‍ ഇതിന്റെ കഥ. അതു ക്ലീഷേകള്‍ ഒഴിവാക്കി പുതുമ നശിക്കാത്ത ശൈലിയില്‍ അവതരിപ്പിച്ച് സംവിധായകന്റെ മേധാവിത്വം അദ്ദേഹം തെളിയിക്കുന്നുണ്ട്. രഞ്ജിത്ത് തന്നെ ഒരുകാലത്ത് പടച്ചുണ്ടാക്കി മലയാളസിനിമയുടെ ട്രെന്റ് ആക്കിയ 'നായക സങ്കല്‍പ്പങ്ങളുടെ പൂര്‍ണത' തച്ചുടക്കുകയാണ് ജെ.പിയെന്ന നായകനിലൂടെ. 


അതുകൊണ്ടുതന്നെ സ്റ്റണ്ടില്ല, നായകന് ശോഭിക്കാനായി മാത്രമുള്ള ഡയലോഗുകളില്ല, മൃഗീയ വില്ലനില്ല, സിനിമക്കിടയില്‍ ഡ്യൂയറ്റുകളുമില്ല. മുന്‍ ചിത്രമായ 'പ്രാഞ്ചിയേട്ടനി'ല്‍ ഇത്തരമൊരു ശൈലി വിജയിപ്പിച്ച ആത്മവിശ്വാസം 'ഇന്ത്യന്‍ റുപ്പി'യില്‍ പ്രകടമാകുന്നുമുണ്ട്. അതേസമയം തന്നെ 'പ്രാഞ്ചിയേട്ടനി'ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ലളിതഹാസ്യം ഇതില്‍ ഇടക്ക് തിരുകാന്‍ ശ്രമിക്കുന്നെങ്കിലും അവ മുഴച്ചുനില്‍ക്കുന്നു. 


കൂടാതെ പ്രാഞ്ചിയേട്ടനില്‍ അവസാനം പോളിയെന്ന ബാലന്റെ കഥ വിശദീകരിക്കുമ്പോഴുള്ളതുപോലെ ഈ ചിത്രത്തിലും അല്‍പനേരത്തേക്ക് യുക്തി മാറ്റിവെക്കേണ്ടിവരും. ജെ.പി എന്ന കഥാപാത്രം അവസാനം ചെന്നുപെടുന്ന കുരുക്ക് ഇന്നത്തെ നിയമസംവിധാനം വെച്ച് ഇത്രനിസാരമായി ഊരിപോരാവുന്നതാണോ? 


രേവതി അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം ജെ.പിക്ക് നല്‍കുന്ന പണം ജെ.പിയുടെ തന്നെ കണ്‍മുന്നിലൂടെ പലകൈമാറി വീണ്ടും ഡോക്ടറുടെ അടുത്തെത്തുന്നത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. 


മുന്‍കാല മാടമ്പിചിത്രങ്ങളുടെ ചില അംശങ്ങള്‍ ഇപ്പോഴും അറിഞ്ഞോ അറിയാതെയോ സംവിധായകനില്‍ അവശേഷിക്കുന്നുണ്ട്. 'പ്രാഞ്ചിയേട്ടനി'ല്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്ന ചില ജാതീയ പരാമര്‍ശങ്ങള്‍ പോലെ 'ഇന്ത്യന്‍ റുപ്പി'യിലെത്തിയപ്പോള്‍ കള്ളനോട്ടിന്റെ വഴിയും വേരും മുസ്ലിംകള്‍ തന്നെയെന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.


ജെ.പിയായി പൃഥ്വിരാജ് മോശമില്ലാത്ത സാന്നിധ്യമായിരുന്നു. എന്നാല്‍ കോഴിക്കോടന്‍ ഭാഷ പറയാന്‍ ശ്രമിച്ച് കേരളത്തിലെ എല്ലാ ഭാഷകളുടേയും ഒരു മിശ്രരൂപം പറയാനേ പൃഥ്വിക്കായുള്ളൂ. കൂടാതെ പൂര്‍ണമായി ജെ.പിയിലേക്ക് ഇറങ്ങിവരാനുമായിട്ടില്ല, ചില നേരത്തെങ്കിലും. എന്നിരുന്നാലും പൃഥ്വിക്ക് അഭിമാനിക്കാവുന്ന വേഷംതന്നെയാവുമിതെന്നതില്‍ സംശയമില്ല.
എടുത്തുപറയേണ്ടത് അച്യുതമേനോനായി തിലകന്റെ തിരിച്ചുവരവാണ്. 


ചില ഘട്ടത്തില്‍ ശകുനിയായും, മറ്റുചിലപ്പോള്‍ കാരണവരായും വേറെ നേരങ്ങളില്‍ നിസഹായനായ വൃദ്ധനായും വ്യത്യസ്ത ഭാവപ്പകര്‍ച്ചകളില്‍ തിലകന്‍ നിറഞ്ഞുനിന്നു. ടിനി ടോമും മുഴുനീളവേഷം ശ്രദ്ധേയമാക്കി. 'ഉറുമി'യിലേതുപോലെ സഹനിര്‍മാതാവ് ഷാജി നടേശന്‍ ഇതിലും തലകാണിച്ചിട്ടുണ്ട്. മറ്റുകഥാപാത്രങ്ങളും തങ്ങളുടെ വേഷത്തിന് ചീത്ത പേരുണ്ടാക്കിയതായി തോന്നിയില്ല. 


എസ്. കുമാറിന്റെ ക്യാമറയും വിജയ് ശങ്കറിന്റെ എഡിറ്റിംഗും കഥാഗതിക്ക് ചേരുന്നതുതന്നെ. എന്നാല്‍ ഷഹബാസ് അമന്‍ തയാറാക്കിയ ഗാനങ്ങള്‍ക്ക് വല്യ കുഴപ്പമില്ലായിരിക്കാം, പക്ഷേ ചിത്രത്തില്‍ അവ മുഴച്ചുനില്‍ക്കുന്നു. 


ഒറ്റവരിയില്‍ കഥ വിശദീകരിക്കാന്‍ പറഞ്ഞാല്‍ പണത്തോടുള്ള അത്യാഗ്രഹത്തിനും സ്ത്രീധനത്തിനും കള്ളപ്പണത്തിനുമൊക്കെ എതിരെ ഒരു ഉപദേശം അല്ലെങ്കില്‍ ആഹ്വാനം ..അതാണ് ഇന്ത്യന്‍ റുപ്പി. എന്നാല്‍ ആഖ്യാനഭംഗികൊണ്ട് ഇതൊരു പുതുമണം മാറാത്ത പച്ചനോട്ടായി പ്രേക്ഷകരിലെത്തിക്കാന്‍ കഴിയുന്നിടത്താണ് ഇതൊരു സമ്പൂര്‍ണ രഞ്ജിത്ത് ചിത്രമാകുന്നത്. 
indian rupee review, malayalam movie indian rupee, prithviraj in indian rupee, ranjith film indian rupee, rima kallingal, thilakan, malayalama film indian rupee, tini tom

4 comments:

Harikumar said...

pritviraj rokkkksss, so as thilakettan

Anonymous said...

സൂപ്പെര്‍ താരങ്ങള്‍ തിരിച്ചറിയണം തിലകനാണ് താരം

Anonymous said...

superb movie.. prithviraj's superb role after vasthavam & Manikyakallu !! hats off to Renjith !

Anonymous said...

അതെ,തിലകന്‍ തന്നെയാണ് താരം...,

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.