Tuesday, September 27, 2011

വൈഡ് റിലീസ് നടപ്പാക്കുമെന്ന് ഉറപ്പ്; തീയറ്റര്‍ സമരം പിന്‍വലിച്ചു




വൈഡ് റിലീസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉത്രാടനാള്‍മുതല്‍ നടത്തിവന്ന തീയറ്റര്‍ സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 


വൈഡ് റിലീസ് നടപ്പാക്കുമെന്ന മുന്‍ യോഗത്തിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. തീയറ്ററുകളെ അടിസ്ഥാന സൌകര്യങ്ങക്കനുസരിച്ച് വിലയിരുത്തി ഗ്രേഡ് നല്‍കാനുള്ള വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. 


ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.


വിദഗ്ധ സമിതി എ, ബി ക്ലാസ് ഉള്‍പ്പെടെ 470 തീയറ്ററുകള്‍ സന്ദര്‍ശിച്ച് ഗ്രേഡ് നല്‍കും. തനുസരിച്ചായിരിക്കും ഇനി റിലീസുകള്‍. സൌകര്യങ്ങളില്ലാത്ത തീയറ്ററുകളില്‍ റിലീസ് നല്‍കില്ല. 


പ്രേക്ഷകരില്‍ നിന്ന് ടിക്കറ്റിനൊപ്പം വര്‍ഷങ്ങളായി ഈടാക്കി വന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കും. രണ്ടുരൂപ വീതമായിരുന്നു വാങ്ങിയിരുന്നത്. കൂടാതെ തീയറ്ററുകള്‍ വാങ്ങിയിരുന്ന റിസര്‍വേഷന്‍ ചാര്‍ജും നിര്‍ത്തലാക്കും. നികുതിവെട്ടിപ്പ് തടയാന്‍ എല്ലാ തീയറ്ററുകളിലും ടിക്കറ്റിംഗ് മെഷീന്‍ നിര്‍ബന്ധമാക്കും.


എക്സിബിറ്റേഴ്സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈഡ് റിലീസ് അനുവദിക്കുന്നതിലെ എതിര്‍പ്പിനെത്തുടര്‍ന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പങ്കെടുത്തില്ല.

kerala theatre strike, wide release, exhibitors association, k.b ganesh kumar, exhibitors association demands wide release

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.