Friday, September 9, 2011

Sevenes Review: വിരസതയുടെ 'സെവന്‍സ്' കളി




താരാധിപത്യമില്ലാതെ യുവനടന്‍മാര്‍ക്ക് പ്രാധാന്യം വര്‍ധിക്കുന്ന കാലത്ത് മലയാളത്തിലെ ഇരുത്തം വന്ന സംവിധായകന്‍ ജോഷി യുവതാരചിത്രവുമായി വരുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ 'സെവന്‍സ്' യുവതാരചിത്രമോ ജോഷിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രമോ ആകാതെ വിരസമായ ഫ്രെയിമുകളുടെ കൂടിച്ചേരല്‍ മാത്രമാവുകയാണ്.


മലബാറിനു കാല്‍പ്പന്തുകളിയോടുള്ള ആഭിമുഖ്യം സൂചിപ്പിക്കും വിധത്തില്‍ സെവന്‍സ് ഫുട്ബാളില്‍ യൌവനമര്‍പ്പിച്ച ഏഴ് യുവാക്കളുടെ കഥയാണിത്. തുടക്കത്തില്‍ ഫുട്ബാള്‍ പശ്ചാത്തലത്തില്‍ കഥ തുടങ്ങുമെങ്കിലും പിന്നീടങ്ങോട്ട് വേറെ വഴിക്കാണ് കഥ നീങ്ങുന്നത്. 


ഒരു ഫുട്ബാള്‍ മല്‍സരത്തിനിടെ തങ്ങളുടെ ഫൌള്‍ മൂലം ഗുരുതര പരിക്കേറ്റ എതിര്‍ ടീമിലെ അരവിന്ദിനെ (വീനീത് കുമാര്‍) രക്ഷിക്കാനാണ് ഈ ഏഴംഗ സംഘം ആദ്യമായി ക്വട്ടേഷന്‍ പണിക്കിറങ്ങുന്നത്. ശ്യാം, സൂരജ് (കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി)എന്നിവര്‍ നയിക്കുന്ന സംഘത്തിലെ മറ്റുള്ളവരും (നിവിന്‍ പോളി, അജു, രജിത് മേനോന്‍, അമീര്‍, വിജീഷ്) ഒരു തവണത്തേക്കാണീ പണിക്കിറങ്ങുന്നത്. 


എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പല തവണ ക്വട്ടേഷനുകള്‍ ഏറ്റെടുക്കുന്ന ഇവര്‍ ഒരു കൊലക്കേസില്‍ പെടുന്നു. തുടര്‍ന്ന് നിരപരാധിത്വം തെളിയിക്കാനും എതിര്‍ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടവുമാണ് കഥ.


ജോഷിയുടെ സംവിധാനത്തിന്റെയും ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയുടെയും മികവ് പ്രതീക്ഷിച്ച് കയറുന്ന പ്രേക്ഷകരുടെ നെറ്റി ചുളിപ്പിക്കുന്ന വിധം തണുത്ത രംഗങ്ങളോടെയാണ് സിനിമ കഥ പറഞ്ഞുതുടങ്ങുന്നത്. 


ഏഴുയുവ നായകന്‍മാരെ ഒന്നിച്ച് അണിനിരത്തി എന്നതാണ് പ്രധാന സവിശേഷത. എന്നാല്‍ ആരുടെ കഥാപാത്രത്തിനും വ്യക്തിത്വം നല്‍കാന്‍ തിരക്കഥക്ക് കഴിഞ്ഞിട്ടില്ല. ടേക്കിംഗ്സില്‍ ഒരു സമയത്തും മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെ സാന്നിധ്യം നമുക്കനുഭവിക്കാനുമാവുന്നില്ല.


നിറം, ഗ്രാമഫോണ്‍, അറബിക്കഥ തുടങ്ങി ചിത്രങ്ങള്‍ രചിച്ച ഇക്ബാല്‍ കുറ്റിപ്പുറം തന്നെയാണോ ഇതെഴുതിയതെന്ന് കണ്ടിറങ്ങുന്ന ആര്‍ക്കും സംശയവും തോന്നും.


വിരസമായ ക്ലീഷേ പ്രാരാബ്ധങ്ങളും പ്രണയവും പ്രതിസന്ധിയുമൊക്കെയായി വലിഞ്ഞുനീളുകയാണ് മിക്കപ്പോഴും. ഇടവേളക്ക് മുമ്പ് വഴിത്തിരിവിലൂടെ ചിത്രം ട്രാക്കിലേക്ക് വന്നെന്ന് തോന്നിക്കുമെങ്കിലും രണ്ടാം പകുതി തീര്‍ത്തും നാടകീയവും യുക്തിരഹിതവുമാണ്. 


ഗാനങ്ങള്‍ ചിത്രത്തിന്റെ വിരസത കൂട്ടും. അനവസരത്തില്‍ പാട്ടെന്ന് പോലും തോന്നിക്കാത്ത എന്തൊക്കെയോ വന്നുപോവുകയാണ്. ബിജിബാലിന്റേതാണ് സംഗീതം. 


പഴഞ്ചാന്‍ ട്രക്കറുമായി തങ്ങള്‍ ചെന്ന് പെട്ട കുടുക്കില്‍ നിന്നൂരാന്‍ നെട്ടോട്ടമോടുന്നത് കാണുമ്പോള്‍ അടുത്തിടെ വന്ന 'ദി മെട്രോ' എന്ന ചിത്രം ഓര്‍മ വരും. ഇതിലെ താരങ്ങള്‍ പലരും മെട്രോയിലും അഭിനയിച്ചിട്ടുണ്ട്. ഏതാണ്ട് അതേ നിലവാരം തന്നെ ഈ ചിത്രത്തിനും.


നദിയാ മൊയ്തുവിന്റെ കമീഷണര്‍ അമല ശക്തമായ കഥാപാത്രമെന്ന് ആദ്യമൊക്കെ തോന്നും. എന്നാല്‍ രണ്ടാം പകുതിയില്‍ നാടകീയ സംഭാഷണങ്ങളും മറ്റുമായി അവരും ബോറാക്കുന്നുണ്ട്. 


നായികമാരായി വെറുതേ ഭാമയെയും റിമ കലിംഗലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് സ്ക്രീന്‍ സ്പേസ് പോലും ഇവര്‍ക്ക് നല്‍കിയിട്ടില്ല. 


ചുരുക്കത്തില്‍, യുവതാരങ്ങള്‍ക്ക് ജോഷി ചിത്രത്തില്‍ അഭിനയിക്കാനായി എന്നല്ലാതെ കരിയറില്‍ ഈ ചിത്രം പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാക്കാനിടയില്ല. ജോഷിയുടെയും മോശം ചിത്രങ്ങളുടെ പട്ടികയില്‍ 'സെവന്‍സ്' തീര്‍ച്ചയായും ഇടംപിടിക്കും. 

-Review by Aashish
sevenes review, joshi's sevenes, sevenes, joshiy, kunchacko boban, asif ali, bhama, nivin pauly, iqbal kuttippuram, malayalam movie sevenes, sevenes gallery

5 comments:

Anonymous said...

ayyayyo..

Sarath said...

എന്തുധേശിച്ചാ ഇത്തരം സിനിമകള്‍ എടുക്കുന്നത്... ?

Anonymous said...

njanum kandu marichu

Rajeev Nair said...

njan vicharicchu... by watching the trailers... i thought it is going to be like this... Joshi should take a step back and take movies with his own conviction. He should not go behind any trendz... he never was before... donno what happened to him...

spark.com said...

KANDIRIKKAAN RASAMUND ATH MATHY........

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.