Monday, September 5, 2011

My dear kuttichathan Review: കുട്ടിച്ചാത്തന്‍ ഇപ്പോഴും വിസ്മയിപ്പിക്കും




ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായി 1984ല്‍ വിസ്മയമായ 'മൈഡിയര്‍ കുട്ടിച്ചാത്തന്റെ' മൂന്നാം പതിപ്പ് ചില്ലറ പരിഷ്കാരങ്ങളോടെ വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ മല്‍സരിക്കേണ്ടത് 'അവതാറി'ന്റെയും 'കുങ്ഫു പാണ്ട'യുടെയും കാലത്തെ ത്രി ഡി  ചിത്രങ്ങളോടാണെന്ന വെല്ലുവിളി ഏറ്റെടുത്തെടുത്തിയ ചിത്രം തീര്‍ച്ചയായും കുട്ടികളെയും കുടുംബങ്ങളെയും നിരാശപ്പെടുത്തില്ല.


ഒരു പഴയ ബംഗ്ലാവിലെ നിധി തേടി അവിടെ പൂജ നടത്തുന്ന ദുര്‍മന്ത്രവാദി (കൊട്ടാരക്കര ശ്രീധരന്‍ നായര്‍)യുടെ അടിമയാണ് കുട്ടിച്ചാത്തന്‍. റിക്ഷാക്കാരന്‍ നല്‍കിയ നിറം പിടിപ്പിച്ച കഥകളില്‍ കൌതുകം മൂത്ത് അവിടെയെത്തുന്ന മൂന്ന് സ്കൂള്‍ കുട്ടികളായ ലക്ഷ്മിയും വിജുവും വിനുവും (സോണിയ, സുരേഷ്, മുകേഷ്) യാദൃശ്ചികമായി കുട്ടിച്ചാത്തനെ തുറന്നുവിടുന്നു. തന്നെ രക്ഷിച്ച കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തന്‍ അവരിഷ്ടപ്പെടുന്ന രൂപത്തില്‍ ഒരു ബാലനായി (അരവിന്ദ്) അവര്‍ക്കൊപ്പം കൂടുന്നു. പിന്നീട് ഇവര്‍ക്കൊപ്പമുള്ള രസക്കാഴ്ചകളാണ്...


കുട്ടിച്ചാത്തനെ വീണ്ടെടുക്കാന്‍ മന്ത്രവാദി പയറ്റുന്ന പണികള്‍, മന്ത്രവാദിയില്‍ നിന്ന് കുട്ടിച്ചാത്തനെ മോചിപ്പിക്കാന്‍ എത്തുന്ന മായ എന്ന ജാലക്കാരിയുടെ ശ്രമങ്ങള്‍ തുടങ്ങിയവയായി ചിത്രം പിന്നീട് ഉദ്വേഗജനകമാകുന്നു.


1984ല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം അതിശയവും വിസ്മയവുമായിരുന്നു കുട്ടിച്ചാത്തന്‍. 1997ല്‍ ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി തുടങ്ങിയവരുടെ ചില രംഗങ്ങളോടെ ചിത്രം വീണ്ടുമെത്തിയപ്പോഴും ഈ ത്രീ ഡി അതിശയത്തെ വെല്ലാന്‍ കാര്യമായ ഭീഷണികളില്ലായിരുന്നു. 


എന്നാല്‍, 'അവതാര്‍' പോലുള്ള അത്യന്താധുനിക സാങ്കേതിക വിദ്യകളും ടു.കെ, 4 കെ, ത്രീ ചിത്രങ്ങളുടെയും കാലത്ത് 2011ല്‍ വീണ്ടുമെത്തിയപ്പോള്‍ 'കുട്ടിച്ചാത്തന്റെ' സ്വീകാര്യതയെക്കുറിച്ച് മലയാള സിനിമാലോകത്ത് ചില്ലറ ആശങ്കകളുണ്ടായിരുന്നു. 


എന്നാല്‍ റീ മാസ്റ്റര്‍ ചെയ്ത പുതിയ ഡിജിറ്റല്‍ പതിപ്പും കാലത്തെ വെല്ലുന്ന ത്രീ ഡി എഫക്ടുകളും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നും വിരസതയുണ്ടാക്കില്ല. ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തവുമാണ്. പുതിയ ഡിജിറ്റല്‍ പ്രൊജക്ടറുകളിലെ ത്രി ഡിക്ക് 1997 കണ്ടപ്പോഴുള്ള വശ്യതയുണ്ടോയെന്ന് സംശയമാണ്. അതേസമയം ത്രീ ഡി സ്ക്രീനിലെ 'ഡെപ്ത്ത്' നന്നായി അനുഭവഭേദ്യമാകുന്നുമുണ്ട്. 


1997ലെ പതിപ്പില്‍ കലാഭവന്‍ മണി അവതരിപ്പിച്ച രംഗങ്ങള്‍ക്ക് മാറ്റി സമാനമായ പ്രകാശ് രാജിന്റെ രംഗങ്ങളും ജഗതിയുടെ രംഗങ്ങള്‍ക്ക് പകരം തമിഴ് ഹാസ്യതാരം സന്താനത്തിന്റെ രംഗങ്ങളുമാണ് പുതിയ പതിപ്പിലുള്ളത്. കൂടാതെ ഹിന്ദി പതിപ്പ് 'ഛോട്ടാ ചേത്താനു' വേണ്ടി മുന്‍പ് ചിത്രീകരിച്ച ഊര്‍മിളയുടെ രംഗങ്ങളും കഥയില്‍ അലോസരമുണ്ടാക്കാതെ തിരുകി കയറ്റിയിട്ടുണ്ട്. 


ഇളയരാജ 84 ല്‍ ഒരുക്കിയ ഗാനങ്ങളായ ആലിപ്പഴം പെറുക്കാനും, മിന്നാമിനുങ്ങുമൊക്കെ  ഇപ്പോഴും പ്രേക്ഷകര്‍ കേള്‍ക്കാനിഷ്ടപ്പെടും. 


എന്തൊക്കെ വിസ്മയ കാഴ്ച ഹോളിവുഡില്‍ നിന്ന് വന്നാലും മലയാളിക്ക് കുട്ടിച്ചാത്തന്‍ ഇന്നും സ്വകാര്യ അഹങ്കാരമാണ്. ആദ്യമിറങ്ങിയപ്പോള്‍ മലയാള സിനിമാലോകത്ത് നിന്ന് കാലത്തെ വെല്ലുന്ന ചിത്രം ഒരുക്കാനുള്ള സംവിധായകന്‍ ജിജോയും രചയിതാവ് രഘുനാഥ് പലേരിയും നിര്‍മാതാവ് അപ്പച്ചനു നടത്തിയ കഠിനാധ്വാനങ്ങള്‍ക്കാണ് ഇന്നും ചിത്രം ആസ്വാദ്യമാകുന്നതിന് നന്ദി പറയേണ്ടത്.

my dear kuttichathan review, my dear kuttichathan, navodaya appachan, jijo, raghunath paleri, ilayaraja

3 comments:

Jishnu said...

ippol ee padam kanan alu kerumo ennu shamshayam undu

Anonymous said...

wide releasing illathathu collection'ne badhikkum...

Harikumar said...

@ anony..
that's sure.
dont know y they opted limited release for such a film

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.