Monday, September 26, 2011

കൂട്ടായ്മയുടെ കരുത്തില്‍ 'ഇനിയുമൊരു മഴയായ്' സ്ക്രീനിലെത്തി




യുവ സിനിമാ മോഹികള്‍ ഒരു ഹ്രസ്വചിത്രവുമായി വന്നപ്പോള്‍ ആരും കരുതിക്കാണില്ല അവരുടെ കൂട്ടായ്മക്ക് തലസ്ഥാന നഗരത്തില്‍ കൈരളി പോലൊരു വലിയ തീയറ്റര്‍ നിറയ്ക്കാവുന്ന പ്രേക്ഷകരെ ആകര്‍ഷിക്കാനാവുമെന്ന്. എന്നാല്‍ 25ന് ഞായറാഴ്ച 'ഇനിയുമൊരു മഴയായി'യുടെ ആദ്യപ്രദര്‍ശനം ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിക്കുകയായിരുന്നു. 


സിനി മാജിക്കിനുവേണ്ടി ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ഇനിയുമൊരു മഴയായി' പറഞ്ഞത് ഓര്‍മകളെയും മരണത്തെയും പ്രണയത്തെയും ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന ഒരു മനുഷ്യന്റെ ധര്‍മ സങ്കടങ്ങളാണ്. വേണുവെന്ന യുവാവ് ജീവിതത്തിലെ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ അധ്യാപകനാകേണ്ടി വരുന്നു. ആദ്യ സാഹചര്യത്തിന്റെ തിക്തമായ ഓര്‍മകള്‍ വര്‍ഷം 16 കഴിഞ്ഞിട്ടും മായാത്ത അയാളുടെ മുന്നില്‍ പുത്തന്‍ അനുഭവങ്ങളും സമ്മാനിക്കുന്നത് അതേ കഥയാണ്. യാദൃശ്ചികമോ അല്ലാതെയോ സംഭവിക്കുന്ന ഈ സമാനത അയാളിലുണ്ടാക്കുന്ന ആത്മസംഘര്‍ഷമാണ് ഹ്രസ്വചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.


ഹ്രസ്വചിത്രത്തിന്റെ പ്രമേയം വിലയിരുത്താന്‍ ആവശ്യപ്പെട്ടാല്‍  കാര്യമായ പുതുമയൊന്നും കണ്ടെത്താനാവില്ലായിരിക്കാം. എന്നാല്‍ അരമണിക്കൂര്‍ ചിത്രമൊരുക്കാനുള്ള ആശയ രൂപവത്കരണം മുതല്‍ അത് ഒരുകൂട്ടം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതുവരെയുള്ള യുവ കൂട്ടായ്മയുടെ പ്രയത്നങ്ങളും അതിന്റെ വിജയവുമാണ് '
ഇനിയുമൊരു മഴയായി'യെ ശ്രദ്ധേയമാക്കുന്നത്. 


സിനിമാ മോഹമുണ്ടെന്നല്ലാതെ ഷൂട്ടിംഗ് പോലും നേരെ ചൊവ്വേ കണ്ടിട്ടുള്ളവരല്ല സിനിമാജിക്  എന്ന ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. കോളജ് വിദ്യാഭ്യാസ കാലത്ത് തങ്ങളുടെ ആശയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും കൂട്ടായ്മ രൂപപ്പെടുത്തുകയുമായിരുന്നു ഇവര്‍. 2009ല്‍ ഇവരുടെ ആദ്യ ഹ്രസ്വ ചിത്രം 'ട്വിസ്റ്റ്' യാഥാര്‍ഥ്യമായി. അതിനുശേഷം 'ഇനിയുമൊരു മഴയായി' വരുന്നത്. 


മഹേഷ് ഗോപാല്‍ എന്ന യുവ കഥാകൃത്തിന്റെ ചെറുകഥയെ ആധാരമാക്കിയാണ് തയാറാക്കിയത്. മഹേഷിന്റെത് തന്നെയാണ് തിരക്കഥയും. വിഷ്ണു മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. യുവ സംഗീതസംവിധായകനായ ജയഹരിയാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. ജയഹരിക്കൊപ്പം യുവഗായികമാരില്‍ ശ്രന്ധേയയായ നേഹയും ഗാനം ആലപിച്ചിരിക്കുന്നു. 


അവധിനാളുകളിലായി ചിത്രീകരിച്ച ഇത് 25000 രൂപ ചെലവിലാണ് പൂര്‍ത്തിയായത്. കാനണ്‍ 550 ഡി ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. 


ഇനി ചിത്രത്തിലേക്ക് തിരികെ വരാം. വേണുവിനെ അവതരിപ്പിച്ച 'റിപ്പോര്‍ട്ടര്‍' ചാനലിലെ സുനീതും നായികമാരായ അലീനയെയും മായമ്മയെയും അവതരിപ്പിച്ച ഏയ്ഞ്ചലും ഐശ്വര്യയും തങ്ങളുടെ വേഷം ഗൌരവത്തോടെ കൈകാര്യം ചെയ്തത് ചിത്രത്തിന് മാറ്റുകൂട്ടി. 


കൂടുതല്‍ ജാഡകളൊന്നും സ്ക്രീനില്‍ ലളിതമായി അവതരിപ്പിച്ചതാണ് സംവിധായകന്റെ വിജയം. ഛായാഗ്രഹണവും മോശമായില്ല. ജയഹരിയും നേഹയും പാടിയ ഗാനവും ശ്രദ്ധേയമാണ്. 


സൂക്ഷിച്ചുനോക്കിയാല്‍ കണ്ടെത്താവുന്ന ഒരുപാട് അപാകതകള്‍ കൈത്തഴക്കം വന്നിട്ടില്ലാത്തവരുടെ ശ്രമമെന്ന നിലയില്‍ നമുക്ക് പൊറുക്കാം. 


എടുത്തുപറയേണ്ടത് ചിത്രത്തിന്റെ ആദ്യം പ്രദര്‍ശനം വിജയകരമായി സംഘടിപ്പിക്കാന്‍ ഈ കൂട്ടായ്മ നടത്തിയ പ്രയത്നമാണ്. പേരുകേട്ട സംവിധായകരുടെ സിനിമകളുടെയും ഷോര്‍ട്ട് ഫിലിമുകളുടെ പ്രിവ്യുകള്‍ക്ക് കണ്ടതിനേക്കാള്‍ പ്രേക്ഷകരെ ഈ യുവാക്കള്‍ക്ക് തീയറ്ററിലെത്തിക്കാനായി.


ഈ ചിത്രത്തിന്റെ വിജയകരമായ പിറവി കൂടുതല്‍ വ്യത്യസ്തമായ പ്രമേയവും ആഖ്യാനവും  ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ പ്രചോദനമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 


(ചിത്രത്തിന്റെ പൂര്‍ണ പതിപ്പ്  യു ട്യൂപ് വഴി പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്നതാണ്)


iniyumoru mazhayayi- complete movie


rush to watch iniyumoru mazhayayi preview
(photo courtesy: shabdangal blog by anoop kilimanoor)




iniyumoru mazhayayi trailor


3 comments:

അനൂപ്‌ കിളിമാനൂര്‍ said...

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം.... http://anoopesar.blogspot.com/2011/09/blog-post_25.html

Ramesh said...

good article

Sarath said...

nalla movie, theme mechapeduthamayirunnu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.