Thursday, September 22, 2011

Doctor love review: പ്രണയത്തിന്റെ മുറിവൈദ്യം




അവിടുന്നും ഇവിടുന്നും കുറേ മരുന്നുകളുടെ പേര് പഠിച്ചുവെച്ച് ഡോക്ടറാകാന്‍ ഇറങ്ങിയ കമ്പൌണ്ടറെ പോലൊരു മുറിവൈദ്യമാണ് കെ. ബിജു ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍ ലൌ' പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 


തമ്മില്‍ ഇഷ്ടപ്പെടുന്നവരെ അടുപ്പിക്കാന്‍ പൊടിക്കൈകള്‍ നല്‍കുന്ന കോളജ് ക്യാന്റീന്‍ ജീവനക്കാരന്‍ -അതാണ് ഡോക്ടര്‍ ലൌ എന്ന റൊമാന്‍സ് കണ്‍സള്‍ട്ടന്റ്. തികച്ചും അസംഭവ്യമായ കഥതന്തുവും പശ്ചാത്തലവുമാണെങ്കിലും കോളജ് അന്തരീക്ഷത്തിന്റെ വര്‍ണപ്പൊലിമയില്‍ ചില നമ്പറുകള്‍ പ്രേക്ഷകരിലെത്തുന്നുമുണ്ട്.


വിനയചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍) ഒട്ടേറെ പണികള്‍ ചെയ്തശേഷം ജീവിതവൃത്തിക്കായി ബസില്‍ സ്വന്തം നോവല്‍ വില്‍ക്കുന്നയാളാണ്. ഇതിനിടെ അധ്യാപകന്‍ സത്യശീലന്റെ (ഇന്നസെന്റ്) പ്രണയപ്രശ്നം പരിഹരിക്കാന്‍ കോളജ് കാന്റീന്‍ ജീവനക്കാരനായി അയാളെത്തുന്നു. അവിടെ വിനയന്‍ ഇടനിലക്കാരനായി നല്‍കുന്ന ചില വിദ്യകളിലൂടെ ചില പ്രണയങ്ങള്‍ പൂവണിയുന്നതോടെ അയാള്‍ക്ക് ഡോക്ടര്‍ ലൌ എന്ന വട്ടപ്പേര് വീഴുകയാണ്. 
പിന്നീട് കോളജിലെ തന്റേടിയായ എബിനോട് (ഭാവന) റോയി (ഹേമന്ദ്) എന്ന വിദ്യാര്‍ഥിക്കുള്ള പ്രണയം സാക്ഷാത്കരിക്കാനുള്ള ശ്രമം അയാളാരംഭിക്കുന്നു. ഈ ഇടപെടല്‍ അയാളുടെയും എബിന്റെയും മറ്റു കോളജ് സുഹൃത്തുകളുടെയും ജീവിതത്തിലുണ്ടാക്കുന്ന വഴിത്തിരിവുകളാണ് പിന്നീടങ്ങോട്ട്...


നിരവധി ക്യാമ്പസ് ചിത്രങ്ങള്‍ മനസില്‍വെച്ചാണ് സംവിധായകന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം. നിറം, നമ്മള്‍, സീനിയേഴ്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെയും, എന്തിനേറെ കോളജ് കുമാരനിലെ ക്യാന്റീന്‍ ഹീറോയിസവും വരെ ഓര്‍മ വരും. ഒപ്പം പ്രേമ മധ്യസ്ഥന്‍ എന്ന റോള്‍ വില്‍ സ്മിത്ത് നായകനായ റൊമാന്റിക് കോമഡി 'ഹിച്ചി'നെ അനുസ്മരിപ്പിക്കും.


നായകനായ കുഞ്ചാക്കോ ബോബനും അധികം ആയാസമുള്ള കഥാപാത്രമായിരുന്നില്ല വിനയചന്ദ്രന്‍. അദ്ദേഹം തന്നെ അഭിനയിച്ച സത്യം ശിവം സുന്ദരത്തിലേത് പോലെ ആദ്യം ബസില്‍ പുസ്തകം വില്‍പന, പ്രിയത്തിലേതു പോലെ കളിക്കൂട്ടുകാരിയെ അന്വേഷിച്ചിറങ്ങല്‍, പിന്നെ കുറേ സിനിമകളില്‍ കണ്ട കാമ്പസ് ക്ലീഷേകളും അഭിനയിച്ചാല്‍ മതിയല്ലോ! കാര്യമതൊക്കെയാണെങ്കിലും അടുത്തിടെ അദ്ദേഹത്തിന് കിട്ടിയ നായകപ്രധാന വേഷം തന്നെയാണിതെന്നതില്‍ സംശയമില്ല. 


മറ്റു യുവ കഥാപാത്രങ്ങള്‍ എണ്ണിയാല്‍ തീരാത്തവിധമുണ്ട് ചിത്രത്തില്‍. എന്നാല്‍ ആര്‍ക്കും കാര്യമായൊന്നും ചെയ്യാനുമില്ല. കൂട്ടത്തില്‍ ശ്രദ്ധ നേടുക ഭഗത് മാനുവലിന്റെ കഥാപാത്രത്തിനും മണിക്കുട്ടന്റെ വെങ്കിടിക്കും മാത്രമാണ് ആവശ്യത്തിന് സ്ക്രീന്‍ സ്പേസ് ലഭിക്കുന്നത്. മിണ്ടാപ്പുച്ചയായി ഹേമന്തിന്റെ റോയി എന്ന കഥാപാത്രവും ചിത്രത്തിലുടനീളമുണ്ട്. സലിംകുമാറിന്റെ ശ്രേയംസ്കുമാര്‍ എന്ന കഥാപാത്രം അദ്ദേഹത്തിനും ചിത്രത്തിനും ഗുണം ചെയ്യില്ല.


നായികയായ തെറിച്ച പെണ്ണായി ഭാവന തിളങ്ങി. ദിവ്യാ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണിക്ക് ശ്രദ്ധിക്കപ്പെടാനായില്ല. അനന്യയുടെ ഗൌരി മോശമായില്ല.


വിനു തോമസിന്റെ സംഗീതം ശരാശരിയാണ്. നിന്നോടെനിക്കുള്ള എന്ന ഗാനം ഹൃദ്യമാണ്. 'നമ്മളി'ലെ 'രാക്ഷസി എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന 'ഡ്രാക്കുള ഡാക്കിനി' എന്നൊക്കെയുള്ള ഗാനം അരോചകം തന്നെ. 


ഷാജിയുടെ ക്യാമറ ചിത്രത്തിലുടനീളം യൌവനത്തിന്റെ വര്‍ണം നല്‍കുന്നുണ്ട്. 


യുക്തിഭദ്രമായ ഒരു രംഗവും ചിത്രത്തിലില്ലെങ്കിലും അരോചകമാക്കാതെ നോക്കാന്‍ കഴിഞ്ഞു എന്നതാണ് വര്‍ഷങ്ങളായുള്ള സഹസംവിധായക ജീവിതത്തില്‍ നിന്ന് സംവിധായകനായ ബിജുവിന് കിട്ടിയ കഴിവ്. 


മുറിവൈദ്യമാണ് ഡോക്ടര്‍ പയറ്റുന്നതെന്നതിനാല്‍ ഗ്യാരന്റിയൊന്നും നല്‍നാവില്ല. എങ്കിലും ചില ഘട്ടത്തിലെങ്കിലും മുറിവൈദ്യം ചിലര്‍ക്ക് ഏറ്റേക്കും. അത്രയേ ഡോക്ടര്‍ ലൌവിനെക്കുറിച്ച് പറയാനാവൂ.
doctor love, doctor love review, malayalam movie doctor love, kunchacko boban, ananya, bhavana, k.biju, nimisha, vidya unni, bhagath manuel, manikuttan, hemanth

2 comments:

ശ്രീ said...

:)

Anonymous said...

nice review...!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.