Thursday, September 15, 2011

കുട്ടികളുടെ സഞ്ചരിക്കുന്ന ചലച്ചിത്രോല്‍സവത്തിന് തുടക്കമായി



കുട്ടികളുടെ സഞ്ചരിക്കുന്ന ചലച്ചിത്രോല്‍സവമായ 'ചിത്രതരംഗ'ത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ചലച്ചിത്ര അക്കാദമി, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ആദ്യ പ്രദര്‍ശനം ബുധനാഴ്ച തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും ഒരേസമയം നടന്നു. 


ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ്കുമാര്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ നിര്‍വഹിച്ചു. സ്വാധീനമുള്ള മാധ്യമമെന്ന നിലയില്‍ സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങളുള്ള നല്ല ചിത്രങ്ങള്‍ കുട്ടികള്‍ കാണേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 


ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ നന്ദിതാദാസും ചടങ്ങില്‍ പങ്കെടുത്തു. ഇത്തരം മേളകള്‍ കുട്ടികളുടെ പ്രതിഭ സിനിമാ മേഖലയില്‍ വളര്‍ത്താന്‍ സഹായകമാകുമെന്ന് അവര്‍ പ്രത്യാശിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ശിവന്‍ സംവിധാനം ചെയ്ത 'കേശു' പ്രദര്‍ശിപ്പിച്ചു.


സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 14 വരെയുള്ള കാലയളവിനുള്ളില്‍ സഞ്ചരിക്കുന്ന ചലച്ചിത്രോല്‍സവം 14 ജില്ലകളിലുമെത്തും. സിനിമാ പ്രദര്‍ശനത്തിന് എല്ലാ സൌകര്യങ്ങളുമൊരുക്കിയ മിനി വാനാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. 


അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ 12 ചിത്രങ്ങളാണ് ഇത്തവണ 'ചിത്രതരംഗ'ത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 
film festival, children's mobile film festival, chitratharangam, nanditha das, k.b ganeshkumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.