Wednesday, September 28, 2011

നിത്യാ മേനോന് വിലക്ക്; ബാലിശമെന്ന് നടി



യുവനടി നിത്യാ മേനോന് മലയാളത്തിലെ നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. നിത്യ ആരും ഇനി സിനിമയിലേക്ക് വിളിക്കരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. സുരേഷ് കുമാര്‍ മറ്റ് നിര്‍മാതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്. 


ടി.കെ രാജീവ് കുമാറിന്റെ 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയ മുതിര്‍ന്ന നിര്‍മാതാക്കളോട് നടി മോശമായി പെരുമാറി എന്നാണ് ആരോപണം. പുതിയ ചിത്രത്തിലേക്ക് ഡേറ്റ് ചോദിക്കാനെത്തിയ ആന്റോ ജോസഫിനേയും സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ ജി. സുരേഷ് കുമാര്‍, സാബു ചെറിയാന്‍, ബി. രാകേഷ് എന്നിവരെ കാണാന്‍ നിത്യ കൂട്ടാക്കിയില്ലത്രേ. നിര്‍മാതാക്കളെ കാണാതെ തന്റെ മാനേജരുമായി ഇത്തരം കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയെന്ന് നിത്യ അറിയിച്ചത്രേ. 


എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയുടെ നടപടി ബാലിശവും അപക്വവുമാണെന്ന് നിത്യാ മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലും കാര്യമായ പ്രശ്നത്തിനായിരുന്നു വിലക്കെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് ബാലിശമാണ്. ഷൂട്ടിംഗ് തിരക്കിനിടെ ആരൊക്കെയോ വന്നപ്പോള്‍ പിന്നീട് കാണാമെന്ന് അറിയിക്കുകയായിരുന്നു.  തന്റെ പ്രൊഫഷനെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്തത്. 


വിലക്ക് വന്നെന്ന് കരുതി തന്റെ നിലപാട് മാറ്റില്ല. എന്നെ മനസിലാക്കുന്നവര്‍ സിനിമയിലേക്ക് വിളിച്ചാല്‍ മതി. വിലക്കിനെക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നിത്യ അറിയിച്ചു. 


മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിത്യയെ വിലക്കണമെന്ന് സൌത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറിനോട് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 


കന്നഡയില്‍ നടി നിഖിതയെ നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞവാരം വിലക്കിയത് വിവാദമായിരുന്നു. വിവിധ മേഖലയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നപ്പോള്‍ അവര്‍ വിലക്ക് പിന്‍വലിക്കുകയും ചെയ്തു. 
ban for nitya menon, nitya menon banned, malayalam actress nitya menon, producers association

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.