Monday, August 29, 2011

Venshangupol Review: അതിവൈകാരികതയുടെ വെണ്‍ശംഖുപോല്‍
അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന 'വെണ്‍ശംഖുപോല്‍' പറയാന്‍ ശ്രമിക്കുന്നത് മരണത്തിനു മുന്നില്‍ ജീവനായി കേഴുന്ന പച്ച മനുഷ്യന്റെ വികാരങ്ങളാണ്. 
എന്നാല്‍ ഈ വൈകാരികതയുടെ അവതരണം അതിവൈകാരികതയിലേക്ക് വഴുതി മാറിയപ്പോള്‍ വെള്ളിത്തിരയില്‍ ഒരു നാടകം കൂടി രചിക്കപ്പെട്ടു എന്നതിലപ്പുറമൊന്നും നല്‍കാന്‍ ചിത്രത്തിന് കഴിയാതെയാവുന്നു.


അര്‍ബുദബാധിതനായി ജീവിതത്തില്‍  ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് തിരിച്ചറിയുന്ന നന്ദഗോപന്‍ (സുരേഷ് ഗോപി) ഈ വിവരം കുടുംബത്തെ അറിയിക്കാതെ വീട്ടില്‍ മടങ്ങിയെത്തി സഹോദരിയുടെ കല്യാണം നടത്താന്‍ ശ്രമിക്കുന്നതാണ് പ്രമേയം. 
കൊല്‍ക്കത്തയില്‍ പത്രപ്രവര്‍ത്തകനായ ഇദ്ദേഹം രോഗം തിരച്ചറിഞ്ഞതുമുതല്‍ വീട്ടിലറിയിക്കാതെ അവിടെത്തന്നെ ചികില്‍സ തുടരുകയാണ്. 
തന്റെ എല്ലാമെല്ലാമായ സഹോദരി അശ്വതിയുടെ (മീര നന്ദന്‍) വിവാഹമുറപ്പിച്ചപ്പോള്‍ അയാള്‍ക്ക് നാട്ടിലേക്ക് പോകാതിരിക്കാനായില്ല. വീട്ടിലെത്തിയിട്ടും ഭാര്യ ഇന്ദു (ജ്യോതിര്‍മയി)വിനോടും സഹോദര തുല്യനായ ജയരാമനോടും (മനോജ് കെ. ജയന്‍) പോലും ഒന്നും വെളിപ്പെടുത്തുന്നില്ല. 
രോഗത്തിന്റെയും വേദനയുടെയും മൂര്‍ധന്യാവസ്ഥയിലും എല്ലാം ഉള്ളിലൊതുക്കാന്‍ ശ്രമിക്കവേ രോഗവിവരം വീട്ടുകാരറിയുകയും ഇത് നന്ദന്റെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്നു. 


'മിഴികള്‍ സാക്ഷി' എന്ന ചിത്രത്തിന് അശോക് ആര്‍. നാഥിനുവേണ്ടി തിരക്കഥ ഒരുക്കിയ അനില്‍ മുഖത്തല തന്നെയാണ് ഈ ചിത്രത്തിന്റെയും രചന. ആദ്യ ചിത്രത്തില്‍ നിന്ന് ഒരു പടിയെങ്കിലും മേലേക്ക് കയറിയില്ലെന്ന് മാത്രമല്ല, അതിവൈകാരികതയും നാടകീയതയും തിരക്കഥയിലും സംഭാഷണത്തിലും കുത്തി നിറച്ചിട്ടുമുണ്ട്. നാടകങ്ങളിലും സീരിയലുകളിലും പോലും കാലഹരണപ്പെട്ട സംഭാഷണമാണ് ചിത്രത്തിലുടനീളം. ഇതിന് അകമ്പടിയായുള്ള പശ്ചാത്തല സംഗീതമാണ് അതിലും കഷ്ടം. നായകന്റെ അവസ്ഥയോര്‍ത്തല്ല, തിരക്കഥയുടെ അവസ്ഥയോര്‍ത്താകും തീയറ്ററിലിരിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ കണ്ണ് നിറയുക. 


സംവിധായകന്റെ ജോലിയാകട്ടെ, ഈ തിരക്കഥയെ അതിന്റെ വഴിക്ക് വിടുക, അതിനനുസരിച്ച് കഥാപാത്രങ്ങളെ ഫ്രെയിമിലെത്തിക്കുക എന്നതുമാത്രമാവുകയും ചെയ്തു. 


ബാലിശമായ ക്ലൈമാക്സ് കൂടിയായതോടെ എല്ലാം പൂര്‍ത്തിയായി.


മരണം കണ്‍മുന്നിലെത്തിയ മനുഷ്യന്റെ ഭാവപകര്‍ച്ചകള്‍ എം.ടിയുടെ സുകൃതത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത് കണ്ട മലയാളികള്‍ക്ക് സമാനപ്രമേയം ബാലിശമായി കൈകാര്യം ചെയ്തിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന വികാരം പ്രത്യേകം പറയേണ്ടതുണ്ടോ? 


ഒ.എന്‍.വിയുടെ ഭേദപ്പെട്ട വരികള്‍ക്ക് അനില്‍ പോങ്ങുംമൂടിന്റെ സംഗീതം തീര്‍ത്തും നിരാശാജനകമാണ്. രാമചന്ദ്രബാബുവിന്റെ പക്വമായ ഫ്രെയിമുകള്‍ക്കാവട്ടെ സിനിമയുടെ മറ്റു പാളിച്ചകള്‍ക്കിടയില്‍ ശോഭ മങ്ങുകയും ചെയ്തു. 


സുരേഷ് ഗോപി അവതരിപ്പിച്ച നായക കഥാപാത്രം രണ്ടാം പകുതയില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു. എടുത്തു പറയേണ്ട കഥാപാത്രം യശശരീനായ മുരളി അവതരിപ്പിച്ച നായകന്റെ വല്യച്ഛന്‍ കഥാപാത്രമാണ്. ജ്യോതിര്‍മയിയും മോശമാക്കിയില്ല. എങ്കിലും ആരില്‍ നിന്നും കാര്യമായ പ്രകടനമൊന്നും തിരക്കഥ ആവശ്യപ്പെടുന്നില്ല.


മൊത്തത്തില്‍, ദയനീയമായ അവതരണവും മെലോ ഡ്രാമയുടെ അതിപ്രസരവുമല്ലാതെ നായകന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടം പ്രേക്ഷകര്‍ക്ക് കാട്ടിത്തരാന്‍ കഴിയാതെ കഷ്ടപ്പെടുന്ന കാഴ്ചയാണ് 'വെണ്‍ശംഖുപോലി'ല്‍ ആദ്യാവസാനം. 


- Review by Aashish

venshangupol review, venshangupol, anil mukhathala, suresh gopi, asok r. nath, jyothirmayi, meera nandan, manoj k. jayan, ramachandra babu, venshangupol gallery

1 comments:

Ramesh said...

കണ്ടാല്‍ കരഞ്ഞു പോകുമോ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.