Friday, August 19, 2011

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു



മലയാളിത്തം നിറഞ്ഞ അനേകം മധുരഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. 

ഹൃതയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. കാട്ടുപ്പാക്കത്തെ വീട്ടില്‍ നിന്ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. 

തൃശൂര്‍ നെല്ലിക്കുന്ന് തട്ടില്‍വീട്ടില്‍ ആന്റണിയുടെയും മേരിയുടെയും മകനായി ജനിച്ച ഇദ്ദേഹം ചെറുപ്പത്തിലേ ഹാര്‍മോണിയത്തിലും ഗിത്താറിലും കഴിവ് തെളിയിച്ചിരുന്നു. 

തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ബിരുദം നേടിയ ജോണ്‍സണ്‍, വോയ്സ് ഓഫ് തൃശൂര്‍ എന്ന ട്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരവേയാണ് ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ശേഷം 1978ല്‍ ഭരതന്റെ 'ആരവ'ത്തിലൂടെ സംഗീത സംവിധായകനായി. തുടര്‍ന്ന് ഭരതന്റെ തകര, ചാമരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഈണമേകി.

പത്മരാജന്റെ ചിത്രങ്ങളില്‍ ഫയല്‍വാന്‍ മുതല്‍ ഞാന്‍ ഗന്ധര്‍വന്‍ വരെ 17 എണ്ണത്തിന് സംഗീതം നല്‍കി. എല്ലാത്തിലും എന്നെന്നും ഓര്‍ക്കുന്ന ഗാനങ്ങളുമുണ്ടായിരുന്നു. 

ദേവരാജന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ, ഏറ്റവുമധികം മലയാളസിനിമകള്‍ക്ക് സംഗീതം നല്‍കിയതും ജോണ്‍സണായിരിക്കും. 

ഒരു വര്‍ഷം ഏറ്റവുമധികം സിനിമകള്‍ക്ക് ഈണം പകര്‍ന്നതും ഇദ്ദേഹമാണ്. 1991ല്‍ 31 ചിത്രങ്ങള്‍ക്ക്. ഇതില്‍ 29ലും വരികള്‍ ഒരുക്കിയത് കൈതപ്രമാണ്. ഏറ്റവുമധികം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ജോണ്‍സണൊരുക്കി.

ഒരുകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലും ജോണ്‍സന്റെ ഈണം സ്ഥിരം സാന്നിധ്യമായിരുന്നു. 300 ഓളം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ അദ്ദേഹത്തിന് പശ്ചാത്തല സംഗീതത്തിന് രണ്ടുതവണ ദേശീയ പുരസ്കാരം ലഭിച്ചു.പൊന്തന്‍ മാടക്കും സുകൃതത്തിനും.

ഓര്‍മക്കായി, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതിന് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. 

പശ്ചാത്തലസംഗീതത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. (സദയം, സല്ലാപം). 

കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കാറ്റത്തെ കിളിക്കൂട്, നൊമ്പരത്തിപൂവ്, അപരന്‍, ഞാന്‍ ഗന്ധര്‍വന്‍, സവിധം, മാളൂട്ടി, സല്ലാപം, കുടമാറ്റം, ഭൂതക്കണ്ണാടി, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അമരം, മഴവില്‍ക്കാവടി, പിന്‍ഗാമി, കിരീടം, ചെങ്കോല്‍, ചമയം, ചുരം, അങ്ങനെ ഒരവധിക്കാലത്ത്, മാനത്തെ വെള്ളിത്തേര്, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 

ഭാര്യ: റാണി. മക്കള്‍: ഷാന്‍,റെന്‍. സംസ്കാരം തൃശൂരില്‍ നടക്കും. വെള്ളിയാഴ്ച ചെന്നൈയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ടോടെ വിമാനമാര്‍ഗം തൃശൂരെത്തിക്കും. 

johnson, music director johnson dead, johnson passes away, malayalam music director johnson

2 comments:

Anonymous said...

ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത സംഗീതം. ആദരാഞ്ജലികള്‍.

Anonymous said...

ആരോടും മിണ്ടാതെ...മിഴികളില്‍ നോക്കാതെ...മഞ്ഞില്‍ മായുന്ന മൂകസന്ധ്യ...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.