Friday, August 12, 2011

ആരക്ഷണിന് യു.പിയിലും പഞ്ചാബിലും ആന്ധ്രയിലും നിരോധനം



പ്രകാശ് ഝാ സംവിധാനം ചെയ്ത വിവാദ ഹിന്ദി ചിത്രം 'ആരക്ഷണ്‍' റിലീസിന്റെ തലേനാള്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളില്‍ നിരോധിച്ചു. ബിഹാറിലും നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ആര്‍.ജെ.ഡി രംഗത്തുണ്ട്. 

സംവരണം സംബന്ധിച്ച വിവാദ വിഷയം ചര്‍ച്ച ചെയ്യുന്നതിനാലും പ്രശ്നസാധ്യതയുള്ള സംഭാഷണങ്ങളുണ്ടെന്ന അഭ്യൂഹമുള്ളതിനാലും ചിത്രമിറങ്ങിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകാനിടയുണ്ട് എന്ന വിലയിരുത്തലിലാണ് നിരോധനം. 12 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ തിയറ്ററുകളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ പ്രകാശ് ഝാ, പ്രധാന നടന്‍ അമിതാഭ് ബച്ചന്‍, സൈഫ് അലി ഖാന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 
രാജ്യത്തിന്റെ പല ഭാഗത്തും ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. 

അതേസമയം, കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ ചില വിവാദ പരാമര്‍ശങ്ങള്‍ നീക്കാമെന്ന് സംവിധായകന്‍ സമ്മതിച്ചതിനാല്‍ മഹാരാഷ്ട്രയില്‍ ചിത്രം നിരോധിക്കില്ല. ചില പരാമര്‍ശങ്ങള്‍ നീക്കിയാല്‍ പ്രതിഷേധിക്കില്ലെന്ന് ചില സംഘടനകളും വ്യക്തമാക്കിയിരുന്നു. 

ഇപ്പോള്‍ നിരോധനമുള്ള സംസ്ഥാനങ്ങളിലും പ്രത്യേക പ്രദര്‍ശനം നടത്തി കാര്യം ബോധ്യപ്പെടുത്തി നിരോധനം നീക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് സൂചനയുണ്ട്. നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രകാശ് ഝാ അറിയിച്ചിട്ടുണ്ട്.

പ്രിവ്യൂ റിപ്പോര്‍ട്ട് പ്രകാരം സംവരണ വിഷയത്തെക്കുറിച്ച് വാചാടോപമല്ലാതെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ ഒഴുക്കന്‍ നിലപാടാണ് ആദ്യാവസാനം എന്നാണ് സൂചന. 
എന്തായാലും വിവാദങ്ങള്‍ ചിത്രത്തിന് മികച്ച ഇനിഷ്യല്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. 

മുമ്പ് പ്രകാശ് ഝായുടെ 'രാജ് നീതി' എന്ന ചിത്രവും റിലീസിന് മുമ്പ് വിവാദമായിരുന്നു. പല പ്രമുഖ രാഷ്ട്രീയ നേതാക്കളോടും സാമ്യമുള്ള കഥാപാത്രങ്ങള്‍ ഉണ്ടെന്നായിരുന്നു ആക്ഷേപം. പക്ഷേ, ചിത്രമിറങ്ങിയപ്പോള്‍ കോസ്റ്റ്യൂമിലെ സാമ്യമല്ലാതെ രാഷ്ട്രീയമായോ വ്യക്തിപരമായോ അവര്‍ക്കെതിരെ ഒന്നും ചിത്രത്തിലില്ലായിരുന്നു.

കേരളത്തില്‍ ചിത്രം 12ന് തന്നെ റിലീസ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം ആതിരയിലാണ് റിലീസ്. എറണാകുളത്ത് ക്യൂ സിനിമാസ്, സിനിമാക്സ് തുടങ്ങിയ കേന്ദ്രങ്ങളിലുണ്ട്. 

aarakshan trailor



aarakshan, aarakshan banned in u.p, andra and punjab, prakash jha, aarakshan news in malayalam, aarakshan kerala release, deepika padukone

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.