Sunday, August 7, 2011

ആരക്ഷണ്‍ ദലിത് വിരുദ്ധമോ?



പ്രകാശ് ഝാ സംവിധാനം ചെയ്ത പുതിയ ഹിന്ദി ചിത്രമായ 'ആരക്ഷണ്‍'(സംവരണം) റിലീസിന് മുമ്പ് തന്നെ വിവാദങ്ങളിലൂടെ പുലിവാല് പിടിക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന ജാതി സംവരണത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നതു തന്നെ പ്രശ്നം. ആദ്യ ട്രെയിലറുകള്‍ പുറത്തുവന്നതോടെ തന്നെ 'ആരക്ഷണ്‍' ദലിത് വിരുദ്ധമാണെന്നും സംവരണത്തിനെതിരായ സന്ദേശമാണ് നല്‍കുന്നതെന്നുമുള്ള ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. 

വിവാദമുയര്‍ന്നതിനാല്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം റിലീസിന് മുമ്പ് നടത്തി ആശങ്കയകറ്റണമെന്ന്  മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പട്ടികജാതി/വര്‍ഗ കമീഷന്‍ അധ്യക്ഷന്‍ പി.എല്‍ പുനിയയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കമീഷന്റെ ആവശ്യം സംവിധായകന്‍ ആദ്യമേ തള്ളി.

കമീഷന്‍ ചെയര്‍പേഴ്സണ്‍ അല്ല, സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിലെ ശരി തെറ്റുകളും വിവാദങ്ങളും നിര്‍ണയിക്കേണ്ടതെന്നാണ് പ്രകാശ് ഝായുടെ പക്ഷം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ചതും അദ്ദേഹം തള്ളിയിട്ടുണ്ട്.

തന്റെ ചിത്രം സംവരണത്തിനോ ദലിതര്‍ക്കോ വിരുദ്ധമായി സംസാരിക്കുന്നില്ലെന്നും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണമെന്ന വിഷയം ചര്‍ച്ച ചെയ്യുന്നതേയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. 

prakash jha
ചിത്രം ക്രമ സമാധാന പ്രശ്നത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി വന്ന പൊതു താല്‍പര്യഹരജി ബാംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. പ്രശ്ന സാധ്യതയുണ്ടോയെന്ന് ചിത്രം കാണാത്തതിനാല്‍ പറയാനാവില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡീ. ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. 

ആഗസ്റ്റ് 9ന് വീണ്ടും കേസ് പരിഗണിക്കും. വിധി നല്‍കുംമുമ്പ് ചിത്രം പ്രത്യേക പ്രദര്‍ശനം നടത്തണോ എന്ന് അന്നാകും കോടതി തീരുമാനിക്കുക. രാജസ്ഥാന്‍, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. സംവിധായകന്റെ വീടിനു നേരെ ആറാംതീയതി ആക്രമണശ്രമവുമുണ്ടായി. 

ആഗസ്റ്റ് 12നാണ് 'ആരക്ഷണി'ന്റെ റിലീസ് തിരുമാനിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, പ്രതീക് ബബാര്‍, മനോജ് ബാജ്പേയി, ദീപിക പദുകോണ്‍ തുടങ്ങിയവരാണ് 'ആരക്ഷണി'ല്‍ അഭിനയിക്കുന്നത്. 
aarakshan, prakash jha, aaraksha anti-dalit?, aarakshan controversy, deepika padukone, deepika padukone in aarakshan, saif ali khan, amitabh bachan, pratheik babbar, manoj bajpayee, aarakshan movie

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.