Thursday, July 21, 2011

The Film Staar review: സ്ക്രീനില്‍ വന്ന നാടകമായി 'ഫിലിം സ്റ്റാര്‍'സമൂഹം പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞ ഒരുകൂട്ടം ജനങ്ങളുടെ കഥ സിനിമയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു യുവാവ് നേരിടുന്ന പ്രതിസന്ധികളാണ് സഞ്ജീവ് രാജ് സംവിധാനം ചെയ്ത 'ദി ഫിലിം സ്റ്റാര്‍' പറയാന്‍ ശ്രമിച്ചത്. എന്നാല്‍ കാമ്പില്ലാത്ത കഥയും ബാലിശമായ അവതരണവും മൂലം തന്റെ ആദ്യ ചിത്രമായ 'ഫൈവ് ഫിംഗേഴ്സി'ല്‍ നിന്ന് ഒരടി പോലും മുന്നോട്ട് പോയിട്ടില്ലെന്ന് സംവിധായകന്‍ തെളിയിക്കുകയാണ്.

രണ്ടുവര്‍ഷത്തെ അധ്വാനഫലമായി തയാറാക്കിയ തിരക്കഥയുമായി സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണിനെ (കലാഭവന്‍ മണി) തേടി ചെന്നൈയിലെത്തിയ യുവാവാണ് നന്ദഗോപന്‍ (ദിലീപ്). പ്രതിസന്ധികള്‍ കടന്ന് ഒടുവില്‍ താരത്തിന്റെ വീടില്‍ രാത്രി അതിക്രമിച്ചുകയറി തന്റെ തിരക്കഥ നന്ദന്‍ അവതരിപ്പിക്കുന്നു. ആദ്യം തോന്നിയ ദേഷ്യത്തില്‍ അയാളെ ആട്ടിയിറക്കുന്ന സൂര്യകിരണ്‍ പിന്നീട് നന്ദന്‍ മുറിയില്‍ ഉപേക്ഷിച്ചു പോയ തിരക്കഥ വായിക്കുകയും ആ ചിത്രം ചെയ്യാന്‍ സന്നദ്ധനാവുകയും ചെയ്യുന്നു. 

നന്ദനെ കണ്ടുകിട്ടിയില്ലെങ്കിലും അയാള്‍ ആഗ്രഹിച്ച രിതിയില്‍ തന്നെ അയാളുടെ കൂടി കഥ പറയുന്ന സഖാവ് രാഘവന്റെ ചരിത്രം സൂര്യകിരണ്‍ ചിത്രീകരണം ആരംഭിക്കുന്നു. നന്ദന്റെ തന്നെ നാട്ടില്‍ ഇക്കഥ ചിത്രീകരിക്കുമ്പോള്‍ നന്ദന്‍െയും മരിച്ചുപോയ സഖാവ് രാഘവന്റെ (തലൈവാസല്‍ വിജയ്)യും ശത്രുക്കള്‍ അടങ്ങിയിരുന്നില്ല. 
എന്നാല്‍ പിന്‍മാറാന്‍ തയാറല്ലാതെ സിനിമയുമായി മുന്നോട്ടു പോയ സൂര്യകിരണിന് മറ്റു ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായിരുന്നു. 

കുടിയൊഴിപ്പിക്കലിന്റെ ദുരിതവും വിപ്ലവ പാര്‍ട്ടിയിലെ കരിങ്കാലികളെയും തുറന്നുകാട്ടാനാണ് സംവിധായകനും തിരക്കഥാകൃത്തും ഉദ്ദേശിച്ചതെങ്കിലും അവതരണം അമച്വര്‍ നാടകങ്ങളെ നാണിപ്പിക്കും വിധമായിരുന്നു. ഒരു ഘട്ടത്തിലും യുക്തി തൊട്ടുതീണ്ടിയിട്ടുമില്ല, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു രംഗം പോലും ഉള്‍പ്പെടുത്താനുമായിട്ടില്ല. 

'അറബിക്കഥ' പോലുള്ള ചിത്രങ്ങള്‍ കണ്ട് ആവേശം കയറിയിട്ടാവണം, ഇടക്ക് വിപ്ലവ പ്രസ്ഥാനങ്ങളെ നന്നാക്കാനുള്ള 'ധീര'മായ ശ്രമവും സിനിമ നടത്തുന്നുണ്ട്.

മുന്‍പ് ഒരുപാട് സിനിമാ നിരൂപണങ്ങള്‍ എഴുതിയിട്ടുള്ള എസ്. സുരേഷ് ബാബു തയാറാക്കിയ തിരക്കഥ, അദ്ദേഹം തന്നെ നിരൂപണം ചെയ്തിരുന്നെങ്കില്‍ കൊന്നു കൊലവിളിച്ചേനെ. അതിവൈകാരികവും നാടകീയവുമായ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും പക്വമതികളായ നടീനടന്‍മാരുടെ പ്രകടനം പോലും കണ്ടിരിക്കാനാവാത്തവിധമാണ്. 

ദിലീപ് കരിയറിന്റെ നല്ല സമയത്ത് പേര് ചീത്തയാക്കാന്‍ ഇത്തരമൊരു സംരംഭത്തില്‍ തലവെച്ചതെന്തിനെന്ന് പിടികിട്ടുന്നുമില്ല. കലാഭവന്‍ മണിയാകട്ടെ, കഥ ആവശ്യപ്പെടുന്ന സൂപ്പര്‍ സ്റ്റാറിന്റെ പകിട്ടില്‍ ഒരിക്കലും എത്തുന്നുമില്ല. കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നിട്ടു കൂടി ഉള്ള സീനുകള്‍ നടി മുക്ത ബോറാക്കിയിട്ടുണ്ട്. അതുപോലെ ആദ്യവും അവസാനവും വളിപ്പുമായി സുരാജ് വെഞ്ഞാറമൂടുമുണ്ട്. സാങ്കേതിക വിഭാഗങ്ങളിലും മേന്‍മ അവകാശപ്പെടാനൊന്നുമില്ല.

തീയറ്റര്‍ സ്ക്രീനില്‍ കര്‍ട്ടനുയര്‍ന്നപ്പോള്‍ വിചാരിച്ചതേയില്ല, വരാനിരിക്കുന്നത് വെള്ളിത്തിരയിലെ നാടകമാവുമെന്ന്. ചുരുക്കത്തില്‍, എന്തിനെടുക്കുന്നു എന്നറിയാതെ ഷൂട്ട് ചെയ്ത കൂട്ടുന്ന സിനിമകളില്‍ ഒരെണ്ണം കൂടി എന്നുമാത്രമേ 'ഫിലിംസ്റ്റാറി'നെ വിശേഷിപ്പിക്കാനാവൂ. 

- Review by Aashish

the filmstar, the film star malayalam movie, malayalam movie film star review, film star movie review, dileep, kalabhavan mani, muktha, thalaivasal vijay, sanjeev raj, s. suresh babu

2 comments:

ശ്രീ said...

കഷ്ടം!

seyd ali bismi jewellers chalai tvm said...

su
per film .very good filme

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.