Thursday, July 7, 2011

Delhi Belly Review: പച്ചയായ യുവത്വവുമായി 'ഡെല്‍ഹി ബെല്ലി'


യുവത്വത്തിന്റെ പച്ചയായ ആവിഷ്കാരമെന്നേ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി അഭിനയ് ഡിയോ സംവിധാനം ചെയ്ത 'ഡെല്‍ഹി ബെല്ലി'യെപ്പറ്റി പറയാനാകൂ. അഡള്‍ട്ട് കോമഡി എന്ന നിലയില്‍ റിലീസിനു മുമ്പേ ചര്‍ച്ചയായ ചിത്രം കട്ടുകള്‍ ഒഴിവാക്കാനായി ചോദിച്ചു വാങ്ങിയ എ സര്‍ട്ടിഫിക്കറ്റുമായാണ് പ്രദര്‍ശനശാലകളില്‍ എത്തിയതത്രേ.

'ഡെല്‍ഹി ബെല്ലി' എന്ന പച്ച മലയാളത്തില്‍ വയറിളക്കം എന്നാണ് അര്‍ഥമാക്കുന്നത്. മൂന്നു അലസരായ യുവാക്കളുടെ ജീവിതത്തില്‍ ഒരാളുടെ വയറിളക്കം മൂലമുണ്ടാകുന്ന മാറ്റങ്ങളാണ് രസകരമായും ചടുലമായും ചിത്രീകരിച്ചിരിക്കുന്നത്. 

താഷി (ഇമ്രാന്‍ ഖാന്‍), ആരൂപ് (വീര്‍ ദാസ്), നിതിന്‍ (കൂനാല്‍ റോയ് കപൂര്‍) എന്നിവരാണ് ഡെല്‍ഹി നഗരത്തില്‍ ജോലി ആവശ്യത്തിനെത്തി ഒരു പഴഞ്ചന്‍ അപ്പാര്‍ട്ട്മെന്റിലെ കുടുസ്സു മുറിയില്‍ വാടക പങ്കിട്ട് താമസിക്കുന്നത്. അലസരും വൃത്തിഹീനരുമായാണ് ആ മുറിയിലെ അവരുടെ താമസം. താഷി പത്രപ്രവര്‍ത്തകനും നിതിന്‍ ഫോട്ടോഗ്രാഫറും ആരൂപ് കാര്‍ട്ടൂണിസ്റ്റുമാണ്.

സോണിയ (ഷെനാസ് ട്രഷറി) എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് താഷി. ഒരിക്കല്‍ ഒരു പൊതി അവള്‍ താഷിയെ ഏല്‍പ്പിക്കുന്നു, ആര്‍ക്കോ കൈമാറാനായി. ഇതാകട്ടെ അവള്‍ തന്റെ  കൂട്ടുകാരിയെ സഹായിക്കാനായി പകരക്കാരിയായി എത്തി ഒരാളില്‍ നിന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് വാങ്ങിച്ചതാണ്. (പൊതിയില്‍ കള്ളകടത്ത് രത്നങ്ങളാണെന്നറിയാതെ).

താഷിക്ക് കിട്ടിയ പൊതി സോണിയ പറഞ്ഞയാള്‍ക്ക് കൈമാറാനായി നിതിനെ ഏല്‍പ്പിക്കുന്നു. ഇതിനിടക്ക് വഴിയോര ഭക്ഷണം കഴിച്ച നിതിന് നിര്‍ത്താത്ത വയറിളക്കമാകുന്നു. നിതിന്‍ പൊതി കൈമാറാന്‍ ആരൂപിനെ ഏല്‍പിക്കുന്നു. അയാള്‍ രത്നപൊതിക്ക് പകരം നിതിന്‍ പരിശോധിക്കാന്‍ കൊടുത്തുവിട്ട മലമാണ് മാറി കള്ളക്കടത്തുകാരന് നല്‍കുന്നത്.

ഇതേത്തുടര്‍ന്ന് രത്നപ്പൊതി വീണ്ടെടുക്കാനുള്ള കള്ളക്കടത്ത് സംഘത്തിന്റെ ശ്രമങ്ങളും അത് മൂന്നു യുവാക്കള്‍ക്കും സോണിയക്കും ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് കഥ.

കഥക്ക് യാതൊരു പുതുമയും സസപെന്‍സുമൊന്നുമില്ലെങ്കിലും ചിത്രീകരണ രീതിയാണ് ഡെല്‍ഹി ബെല്ലിയെ പ്രേക്ഷകരെ പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കുന്നത്. വയറിളക്കവും പ്രണയവും പ്രണയഭംഗവുമൊക്കെയുണ്ടാകുമ്പോഴുള്ള 'അഡള്‍ട്ട് കോമഡി'കളാണ് സംഭാഷണത്തിലെ 'കളര്‍ഫുള്‍ എലമെന്റു'കള്‍.  
ഇക്കാര്യത്തില്‍ തിരക്കഥാകൃത്ത് അക്ഷത് വര്‍മ ആഭാസത്തരവും നര്‍മവും തമ്മില്‍ കൃത്യമായ അതിരുകള്‍ കല്‍പിച്ചുതന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇത്തരം നര്‍മങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലാതെ നെറ്റി ചുളിക്കേണ്ടി വരുന്ന അവസ്ഥ ഒരിക്കലും പ്രേക്ഷകര്‍ക്ക് ഉണ്ടാക്കാതെ വര്‍മ ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ആഭാസ വര്‍ത്തമാനത്തിന്റെ മനോഹരമായ അവതരണം.

സംവിധായകന്‍ അഭിനയ് ഡിയോയും കൃത്യതയോടെ ചിത്രത്തെ സമീപിച്ചിട്ടുണ്ട്. നര്‍മം രസിക്കും വിധത്തില്‍ തന്നെ ചടുലമായി ചിത്രീകരിക്കാനായിട്ടുണ്ട്. പലതും പതിവ് ക്ലീഷേ അവതരണങ്ങളുടെ ശൈലി തകര്‍ത്തുകൊണ്ടുതന്നെ.
95 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറുചിത്രമായി അവതരിപ്പിച്ചതും മേന്‍മയാണ്.  സന്ദര്‍ഭങ്ങനുസരിച്ചുള്ള നര്‍മരംഗങ്ങള്‍ എല്ലാം കുറിക്കു കൊള്ളുന്നുമുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ വേറിട്ട ട്രാക്കായി അവതരിപ്പിക്കാതെ രംഗങ്ങള്‍ക്ക് പശ്ചാത്തലമായി ഹോളിവുഡ് ശൈലിയില്‍ പോയതും ചിത്രത്തിന്റെ ചടുലതക്ക് ഭംഗമുണ്ടാക്കാതിരിക്കാന്‍ സഹായിച്ചു. 
എടുത്തുപറയേണ്ട മറ്റു സവിശേഷതകള്‍ രാം സമ്പത്തിന്റെ പശ്ചാത്തല സംഗീതവും ഹുസേഫാ ലോഖാണ്ട്വാലയുടെ എഡിറ്റിംഗുമാണ്. 

അഭിനയത്തില്‍ ഇമ്രാന്‍ ഖാന്‍, വീര്‍, കൂനാല്‍ എന്നിവര്‍ ഒന്നിനൊന്നു മികച്ചു നിന്നു. നായകന്റെ പത്രപ്രവര്‍ത്തക സുഹൃത്തായി എത്തിയ പൂര്‍ണ ജഗന്നാഥനും നന്നായി. വില്ലന്‍ ഡോണായി വിജയ് റാസും പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലും. 

മൊത്തത്തില്‍, ഡെല്‍ഹി ബെല്ലി യുവാക്കള്‍ക്ക് എല്ലാത്തരത്തിലും ഇഷ്ടമാകുന്ന തരത്തില്‍ നാടകീയത തീര്‍ത്തും ഒഴിവാക്കി പച്ചയായ നര്‍മവും തെറികളുമൊക്കെയായി ആസ്വദിക്കാവുന്ന ചിരിവിരുന്നാണ്. 

-Review by Aashish

delhi belly, delhi belly review, hindi film delhi belly news, aamir khan, imran khan, vir das, kunal roy, poorna jagannathan, shenaz treasury, delhi belly review in malayalam, malayalam film reviews

4 comments:

Saji said...

hmm..good 'nd entrtnng..!
AK rokkss

Maneesh said...

nice to c mallu review of delli belli

Anonymous said...

akramam!!must watch it!!

SNMC memories said...

watched the moviee
good comedy film
like ram ji ravu speaking in malyalam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.