Sunday, July 31, 2011

Deiva thirumakal Review: ദൈവത്തിരുമകള്‍- നല്ല സിനിമയുടെ ശുദ്ധവായു



അഞ്ചുവയസ്സുള്ള മകളും അതേ മാനസികാവസ്ഥയുള്ള പിതാവും തമ്മിലെ ആത്മ ബന്ധം വിവരിക്കുന്ന 'ദൈവത്തിരുമകള്‍' നല്ല സിനിമകളുടെ നിരയിലെ ആത്മാര്‍ഥമായ ശ്രമമാണ്. വിക്രമിന്റെ താര മേലങ്കി പൂര്‍ണമായി അഴിച്ചുവെപ്പിച്ച് മാനസിക വളര്‍ച്ചയില്ലാത്ത പിതാവിന്റെ വ്യഥകള്‍ പറഞ്ഞുവെക്കുന്നതില്‍ സംവിധായകന്‍ എ.എല്‍ വിജയും വിജയിച്ചിട്ടുണ്ട്. 


അഞ്ചു വയസിന്റെ മാനസിക വളര്‍ച്ചയുള്ള കൃഷ്ണയുടെ (വിക്രം) മകളാണ് കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ഥിനിയായ നിലാ (ബേബി സാറ). നിലായുടെ മാതാവ് പ്രസവത്തിനിടെ മരിച്ചതിനാല്‍ കുഞ്ഞുങ്ങളുടെ മനസുള്ള കൃഷ്ണ തന്നെയാണ് അവളുടെ എല്ലാമെല്ലാം. ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി ജീവനക്കാരനായ കൃഷ്ണക്ക് തുണ മുതലാളിയായ വിക്ടറും (കൃഷ്ണകുമാര്‍) സഹപ്രവര്‍ത്തകരുമാണ്. 
നിലായെ അവളുടെ മാതാവിന്റെ അച്ഛന്‍ രാജേന്ദ്രന്‍ (സച്ചിന്‍ ഖേദ്കര്‍) ബലമായി പിടിച്ചുകൊണ്ടുപോകുന്നതോടെയാണ് കഥ വഴിത്തിരിയുന്നത്. അവളില്ലാതെ ഒന്നിനുമാകാത്ത കൃഷ്ണ തകരുന്നു. എന്തുചെയ്യണമെന്നറിയില്ലെങ്കിലും അവളെ നേടാനുള്ള നെട്ടോട്ടത്തിനിടെ കൃഷ്ണക്ക് സഹായമായി യുവ അഭിഭാഷക അനുരാധ (അനുഷ്ക) ാദൃശ്ചികമായി എത്തുന്നു. അയാളുടെ അവസ്ഥ മനസിലാക്കുന്ന അനു നിലായെ നേടിയെടുക്കാനുള്ള നിയമ പോരാട്ടത്തില്‍ പങ്കാളിയാകുന്നു. അവര്‍ക്ക് എതിര്‍ക്കാനുള്ളതാകട്ടെ കോടീശ്വരനായ രാജേന്ദ്രനെയും അയാള്‍ക്കായി ഹാജരാകുന്ന പ്രമുഖ അഭിഭാഷകന്‍ ബാഷ്യ (നാസര്‍)ത്തെയും....

'ഐ ആം സാം' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയതാണെങ്കിലും തമിഴ് പരിസരത്തേക്ക് വിശ്വാസ്യമായി പറിച്ചുനടാന്‍ സംവിധായകന്‍ വിജയിനായിട്ടുണ്ട്. കഥ, തിരക്കഥ, സംവിധാന മേഖലകളില്‍ എല്ലാ ഘട്ടത്തിലും നിലവാരം പുലര്‍ത്താനായതിനാല്‍ ബന്ധങ്ങളുടെ നൈര്‍മല്യം വിവരിക്കുമ്പോള്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തുന്നുണ്ട്. ആദ്യ പകുതിയില്‍ സിംഹഭാഗവും അച്ഛന്‍- മകള്‍ കെമിസ്ട്രി വിശദീകരിക്കുന്നിടത്താണ് ചിത്രം കുറച്ചെങ്കിലും ഇഴയുന്നത്. 
രണ്ടാം പകുതിയില്‍ കഥ വഴിത്തിരിയുന്നതോടെ തിരക്കഥയുടെയും സംവിധാനത്തിന്റേയും മികവില്‍ മനസില്‍ത്തട്ടും. നായകന് അനുകൂലമായി ചില വഴിത്തിരിവുകള്‍ കോടതി രംഗങ്ങളിലുണ്ടാകുന്നത് യുക്തിരഹിതമാണെങ്കിലും ചിത്രത്തിലെ വൈകാരികാന്തരീക്ഷം അന്നേരങ്ങളില്‍ കൃത്യമായി കൈകാര്യം ചെയ്തിരിക്കുന്നതിനാല്‍ അപാകതകളൊന്നും പ്രേക്ഷകരറിയില്ല. ക്ലൈമാക്സ് വഴിത്തിരിവും  ഹൃദയസ്പര്‍ശിയാണ്.

കഥാപാത്രങ്ങളുടെ പ്രകടനത്തിലും രണ്ടാം പകുതി തന്നെ മികച്ചത്. വിക്രമിന്റെ മികച്ച പ്രകടനങ്ങളിലൊന്നാവും 'ദൈവത്തിരുമകളി'ലേത്. ആദ്യ പകുതിയില്‍ മാനസിക വളര്‍ച്ചയില്ലാത്തയാളുടെ ഭാവാദികളുടെ വിശദീകരണമാണെങ്കില്‍ അവസാന ഭാഗങ്ങളില്‍ അയാളുടെ സംഘര്‍ഷങ്ങളും പോരാട്ടവും ഓരോ ചലനങ്ങളിലും വിക്രം കാട്ടിത്തരുന്നു. 

നിലാ ആയി ബേബി സാറയും മികച്ച കണ്ടെത്തലാണ് അവസാന കോടതി രംഗങ്ങളില്‍ അച്ഛനും മകളും തമ്മിലുള്ള ആംഗ്യ സംഭാഷണമാണ് വിക്രമിന്റെ സാറയുടേയും ചിത്രത്തിലെ ഏറ്റവും മികച്ച രംഗം.

സ്ഥിരം അര്‍ധനഗ്ന ഗ്ലാമര്‍ നായികയില്‍ നിന്നും ഡപ്പാംകൂത്ത് ഗാനരംഗങ്ങളില്‍ നിന്നുമുള്ള മോചനമാണ് അനുഷ്കക്ക് അനുരാധ വക്കീലെന്ന കഥാപാത്രം. അര്‍ഹിക്കുന്ന ഗൌരവത്തോടെ അവര്‍ കഥാപാത്രത്തെ സമീപിച്ചിട്ടുമുണ്ട്. 

നാസര്‍ അവതരിപ്പിച്ച അഡ്വക്കേറ്റ് ബാഷ്യമാണ് പരാമര്‍ശിക്കാന്‍ വിട്ടുപോകരുതാത്ത മറ്റൊരു കഥാപാത്രം. തന്ത്രശാലിയും പ്രതാപിയുമായ അഭിഭാഷകനായും അവസാനരംഗങ്ങളിലെ വൈകാരിക സ്പര്‍ശമുള്ള സംഭാഷണങ്ങളിലൂടെയും അദ്ദേഹവും കൈയടി നേടുന്നുണ്ട്. 

അമലാ പോള്‍ അവതരിപ്പിച്ച ശ്വേത ശ്രദ്ധിക്കപ്പെടുമെങ്കിലും അഭിനയപ്രാധാന്യമൊന്നുമില്ല.
മലയാളിയായ കൃഷ്ണകുമാര്‍, സന്താനം, എം.എസ് ഭാസ്കര്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ചീത്തപ്പേര് കേള്‍പ്പിച്ചില്ല. 

സാങ്കേതിക വിഭാഗങ്ങളെല്ലാം മികവാര്‍ന്നതാണ്. നീരവ് ഷായുടെ ക്യാമറ ചിത്രത്തിന്റെ മാറ്റ് കൂട്ടും. 'വിഴിയില്‍ ഒരു വാനവില്‍' എന്ന ഗാനത്തിലെ അള്‍ട്രാ സ്ലോ മോഷന്‍ ചിത്രീകരണം മനോഹരമാണ്. ജി.വി പ്രകാശിന്റെ ഈണം ചിത്രത്തിന് ചേരുന്നതായി. 'വിഴിയില്‍ ഒരു വാനവില്‍' തന്നെയാണ് ഇമ്പമാര്‍ന്ന ഗാനം. കഥ പറയുന്ന ഫാന്റസി ഗാനത്തിലെ ഗ്രാഫിക്സും രസകരവും മനോഹരവുമാണ്.

രണ്ടേമുക്കാല്‍ മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ് ചിത്രത്തിന്റെ പ്രധാന ന്യൂനത. ആദ്യ പകുതിയിലെ കഥ പറച്ചില്‍ അല്‍പംകൂടി വേഗത്തിലാക്കിയിരുന്നെങ്കില്‍ ഈ പോരായ്മക്ക് പരിഹാരമായേനെ. 

സൂപ്പര്‍താരം നായകനായിട്ടും അണ്ഡകടാഹ ഗാനരംഗങ്ങളോ തീപ്പൊരി സംഭാഷണങ്ങളോ ഞെട്ടിക്കുന്ന സംഘട്ടനമോ ചേര്‍ക്കാതെ ലളിതമായും പക്വമായും മനസില്‍ തട്ടും വിധത്തില്‍ അവതരിപ്പിക്കാനായതാണ് 'ദൈവത്തിരുമകളു'ടെ വിജയം. വൈകാരിക രംഗങ്ങളും കണ്ണു നനയിക്കുന്ന മുഹൂര്‍ത്തങ്ങളുമുണ്ടെങ്കിലും ക്ലീഷേ കണ്ണീര്‍ കഥകള്‍ പോലെ ഇവ അരോചകമാവുന്നുമില്ല. 

എന്തായാലും തമിഴില്‍ സജീവമായ നല്ല സിനിമകളുടെ നിരയില്‍ മറ്റൊരു സംഭാവനയാണിത്. പുകപടലങ്ങള്‍ക്കിടയില്‍ ശുദ്ധവായു ശ്വസിച്ച ആശ്വാസം. 

- Review by Aashish

deiva thirumakal, deiva thirumakal review, deivathirumakal tamil film, deiva thirumakal malayalam review, vikram, anushka, anushka in deiva thirumakal, amala paul, g.v prakash, director vijay, deiva thirumakal gallery

10 comments:

Arjun said...

nalla chitram, vikram kalakkyitunde

Anonymous said...

Wonderful Movie, Still stay in Mind.

jacob said...

first half seems dragging. but second half is nice. amala paul was wasted in the movie

Anonymous said...

kandillaaa.

ß є N™ J♥HηZ™ said...

edai ful story undello.. ini film kanandallo alle
?

Reneesh Abraham said...

shud watch this..good reports everywhere.

pramod said...

vikram was nice, so as sarah.

Meera said...

വിക്രം അവതരിപ്പിക്കുന്ന പല കാര്യങ്ങളും നിരൂപണത്തില്‍ പറയും പോലെ യുക്തിക്ക് നിരക്കില്ല. എങ്കിലും നന്നായി എടുത്തിട്ടുണ്ട് ചിത്രം..
വിജയ്ക്ക് അഭിമാനിക്കാം...

Anonymous said...

beautiful film

Anonymous said...

enthu pranjittum karyamilla...padam pokkiyathano...athu parayan ulla chankoottam ethu director um kanikkanam...Iam SAM super...!!..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.