Saturday, July 16, 2011

Chappa Kurishu Review: ചാപ്പയും കുരിശും ധീരമായ ശ്രമം

മലയാളിയുടെ വെള്ളിത്തിരയില്‍ ദൃശ്യങ്ങള്‍ക്ക് പുതുഭാഷ നല്‍കിയയാളാണ് സമീര്‍ താഹിര്‍. ആ മാറ്റത്തിന്റെ കാറ്റ് സംവിധാനത്തിലേക്ക് കൂടി കൊണ്ടുവരാനുള്ള സമീറിന്റെ ശ്രമമായ 'ചാപ്പാ കുരിശ്' ധീരമായ പരീക്ഷണം എന്ന നിലയില്‍ വിജയമാണ്. പക്ഷേ, പ്രസക്തമെങ്കിലും ഏതാണ്ട് അരമണിക്കൂര്‍കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്ന കഥയെ രണ്ടര മണിക്കൂറോളം കൊണ്ടുപോകാന്‍ ശ്രമിച്ചിടത്ത് ചിത്രം പലേടത്തും കൈവിടുന്നുണ്ട്. സാങ്കേതികതയുടെ വളര്‍ച്ചക്കിടെ മൊബൈല്‍ ഫോണും അശ്ലീല ക്ലിപ്പിംഗും അനേകം വ്യക്തികളുടെ ജീവിതം മാറ്റിമറിക്കുന്നതെങ്ങനെയെന്ന അന്വേഷണമാണ് 'ചാപ്പ കുരിശ്'.


അര്‍ജുന്‍ സാമുവേലും (ഫഹദ് ഫാസില്‍) അന്‍സാരി (വിനീത് ശ്രീനിവാസന്‍)യും ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ്. ആദ്യത്തെയാള്‍ സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നുവെങ്കില്‍ രണ്ടാമന്‍ തുച്ഛ ശമ്പളത്തിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളാണ്. ഇവര്‍ യാദൃശ്ചികമായി ഒരു കടയില്‍വെച്ച് കണ്ടുമുട്ടുന്നത് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവാകുന്നു. 


ഇവിടെവെച്ച് അര്‍ജുന്റെ വിലകൂടിയ ഐ ഫോണ്‍ അന്‍സാരിക്ക് കളഞ്ഞുകിട്ടുന്നു. ആദ്യം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന അന്‍സാരി പിന്നീട് ആ ഫോണ്‍വെച്ച് അര്‍ജുനെ വട്ടംചുറ്റിക്കുന്നു.


ബിസിനസ് രഹസ്യങ്ങളും കൂട്ടുകാരി സോണിയ (രമ്യ നമ്പീശന്‍)യുമൊത്തുള്ള കിടപ്പറ രംഗങ്ങളുമുള്ള മൊബൈല്‍ വീണ്ടെടുക്കാനുള്ള അര്‍ജുന്റെ ശ്രമവും സംഘര്‍ഷങ്ങളുമാണ് കഥയിലുടനീളം. രഹസ്യ വീഡിയോ ചോരാതെ മൊബൈല്‍ അര്‍ജുന് കിട്ടുമോ? അന്‍സാരിയുടെ ലക്ഷ്യങ്ങളെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് രണ്ടാം പകുതിയില്‍ ചിത്രം മറുപടി നല്‍കുന്നത്.


മൊബൈല്‍ ഫോണ്‍ ദുരുപയോഗം വ്യാപകമായ കാലഘട്ടത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പാണീ ചിത്രമെന്നതിനാല്‍ വിഷയത്തിന് സാമൂഹിക പ്രസക്തിയുണ്ട്. ദുരുദേശ്യമൊന്നുമില്ലാതെ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോകള്‍ക്ക് അറിഞ്ഞോ അറിയാതെയോ അനേകരുടെ ജീവിതത്തില്‍ വരുത്താനാവുന്ന ദുരിതങ്ങളും ഓര്‍മിപ്പിക്കുന്നു. പക്ഷേ, പറഞ്ഞുതുടങ്ങുന്ന വിഷയം അവസാനിപ്പിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും തപ്പിത്തടയുന്നിടത്താണ് 'ചാപ്പാ കുരിശ്' വീഴുന്നത്. സംവിധായകനും ആര്‍. ഉണ്ണിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 


ഇരുളും വെളിച്ചവും പോലുള്ള രണ്ട് കഥാപാത്രങ്ങളുടെ ജീവിതം വിവരിച്ചുള്ള തുടക്കമൊക്കെ ആകര്‍ഷകമാണ്. കഥാപാത്ര സൃഷ്ടിയിലും പ്രശ്നമില്ല. പക്ഷേ, മൊബൈല്‍ കൈയില്‍ കിട്ടിയശേഷം അന്‍സാരിയും അര്‍ജുനും തമ്മിലുള്ള 'ക്യാററ് ആന്റ് മൌസ്' കളിയാണ് നീളക്കൂടുതല്‍ മൂലം ചില ഘട്ടത്തില്‍  പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നത്. 


പ്രത്യേകിച്ച് രണ്ടു പ്രധാന കഥാപാത്രങ്ങളെയും നായകനോ വില്ലനോ ആയി ചിത്രീകരിക്കാനാവാത്തതിനാല്‍ ഒരു പരിധിവരെ 'തുറന്ന' ഒരവസാനമാണ് ചിത്രത്തിന്. ഈ ക്ലൈമാക്സ് പ്രേക്ഷകര്‍ക്കെല്ലാം ഒരു പോലെ ദഹിക്കാനും സാധ്യതയില്ല. 


മൂലകഥക്ക് കൊറിയന്‍ ചിത്രമായ 'ഹാന്റ് ഫോണി'നോട് നല്ല സാമ്യമുണ്ട്. ചിത്രത്തിന്റെ ചില പോസ്റ്ററുകളും 'ഹാന്റ് ഫോണി'ന്റെ പോസ്റ്ററുകളെ ഓര്‍മിപ്പിക്കും. 


മലയാളത്തില്‍ സദാചാരത്തിന്റെ മുഖംമൂടി  കാരണം പറയാന്‍ മടിച്ച രംഗങ്ങള്‍ കുറച്ചെങ്കിലും ചേര്‍ക്കാന്‍ ധൈര്യം കാണിച്ചത് അഭിനന്ദനാര്‍ഹമാണ്. കഥയ്ക്കാവശ്യമായ രമ്യ- ഫഹദ് ചുംബനരംഗം ഉദാഹരണം. കഥാപാത്രങ്ങള്‍ തമ്മില്‍ ചുംബിക്കാന്‍ തോന്നുമ്പോള്‍ ആകാശത്തേക്കോ ചുമരിലെ പോസ്റ്ററിലേക്കോ ക്യാമറ തിരിച്ചുവെക്കലായിരുന്നല്ലോ നമ്മുടെ പതിവ്. 


ലോഡ്ജ് മുറിയില്‍  വിനീത് ശ്രീനിവാസന്റെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുകള്‍നിലയിലെ ഏതോ കിടപ്പറയിലെ ശബ്ദങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നതും ഇത്തരത്തില്‍ ചൂണ്ടിക്കാട്ടാവുന്ന രംഗമാണ്. കൂടാതെ സംഭാഷണങ്ങള്‍ക്കിടെ നിരവധി 'ബീപ്പു'കളുമുണ്ട്. 


ചിത്രത്തില്‍ സംവിധായകന്റെ തന്റേടം കാട്ടിയ മറ്റൊരു രംഗം ക്ലൈമാക്സിലെ സംഘട്ടനമാണ്. 'ഡിഷ്യൂം ഡിഷ്യൂം' തല്ലിന് ഗുഡ് ബൈ പറഞ്ഞ് യാഥാര്‍ഥ്യബോധമുള്ള പച്ചയായ തമ്മിലടി ചിത്രത്തിന്റെ ഹൈലൈറ്റാണ്. 


അഭിനേതാക്കള്‍ എല്ലാവരും തങ്ങളുടെ വേഷത്തില്‍ മികച്ചുനിന്നു. ഫഹദിന്റെ അര്‍ജുനും വിനീതിന്റെ അന്‍സാരിയിലും കാര്യമായ കുറ്റങ്ങളൊന്നും കാണാനില്ല. സോണിയയായി രമ്യയും ശ്രദ്ധിക്കപ്പെടും. അര്‍ജുന്റെ പ്രതിശ്രുത വധുവായ ആനായി റോമയും അന്‍സാരിയുടെ കാമുകി നഫീസയായി നിവേദാ തോമസും പ്രധാന കഥാപാത്രങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി. 


ആദ്യവസാനം ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മികച്ചുനിന്നു. റെക്സ് വിജയന്‍ ഈണം പകര്‍ന്ന ഗാനങ്ങളില്‍ 'തീയേ തീയേ' നന്നായി. ജോമോന്‍ ടി ജോണിന്റെ ക്യാമറയും ചിത്രത്തിന് ചടുലത നല്‍കുന്നതിന് സഹായമായി. 


വേറിട്ടൊരു ശൈലി ചിത്രം ആദ്യാവസാനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ചില സ്ഥലത്തെങ്കിലും വലിഞ്ഞുനീണ്ടതും തപ്പിത്തടയുന്നതും  പോരായ്മയാണ്.  ഒരു ഹോളിവുഡ് ഹാംഗോവറുണ്ടെങ്കിലും ധീരമായ ചുവടുവെപ്പെന്ന നിലയില്‍ 'ചപ്പാ കുരിശെ'ന്ന സമീര്‍ താഹിറിന്റെ ആദ്യ സംവിധാന സംരംഭത്തെ നമുക്ക് അംഗീകരിക്കാം, കേരളത്തിലെ സാധാരണ പ്രേക്ഷകരിലേക്കെത്താന്‍ അദ്ദേഹം ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലോടെ. 

-Review by Aashish
chappa kurishu, chappa kurishu review, malayalam movie review, cinema review in malayalam, fahad fasil, fahad fazil- remya nambeeshan smooch, remya nambeesan kiss, roma, vineeth sreenivasan, sameer thahir, listin stephen, r. unni

9 comments:

Anonymous said...

:P)

Amar said...

എന്ത് ഹോളിവുഡ്...മലയാളിത്തം വരട്ടെ പടങ്ങളില്‍...

Rasheed said...

adipoli cinema

Vinod Kattanam said...

മൂല കഥ ഹാന്‍ഡ്‌ ഫോണ്‍ ആണെങ്കിലും ഇത് തീര്‍ത്തും വ്യത്യസ്തമായി എടുത്തിരിക്കുന്നു എന്നത് ആശ്വാസം ആണ്. വല്ല്യ കുഴപ്പം ഒന്നും കണ്ടിട്ട് തോന്നിയില്ല. സമീര്‍ താഹീരിന്റെ വളരെ നല്ല ശ്രമം.

Anonymous said...

very very bore film,,,directed treated this like hollywood and new tamil movie,,,but flop,,,poor perfomance of vineeth s ,,,shanu is super

fayaz said...

not boring , but not so goood

arun said...

http://en.wikipedia.org/wiki/Handphone_%28film%29

read dis, dis s d original

arun said...

kazhchakkarane pidichiruthunna onnum cinemayil illa. oru ghattathilum athu thrilla adippikkunnilla. onnum parayathae evideyo kondu avasanippicha oru script. orthu vekkan nalla shots illa.
original film tharunna thrill ottum ithu tharunnilla.
vineeth sreenivasan enthinu angane behave cheyynannu ennathu ippozhum samshayam anu.athu prekshakanilekku ethunnilla.
mothathil oru nilavaram kuranja copy adi film.

Anonymous said...

good film

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.