Friday, July 1, 2011

Bombay march 12 Review: ഇരകളുടെ തീരാ ദുരിതങ്ങളുമായി 'ബോംബെ മാര്‍ച്ച് 12'നിരവധി ശ്രദ്ധേയ തിരക്കഥകളൊരുക്കിയ ബാബു ജനാര്‍ദനന്റെ ആദ്യ സംവിധാന സംരംഭമായ 'ബോംബെ മാര്‍ച്ച് 12' തീവ്രവാദത്തിന്റെ ഇരകളുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്. ബോംബെയില്‍ 1993 ല്‍ നടന്ന സ്ഫോടനവുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത  മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ അതുമൂലമുണ്ടാകുന്ന വഴിത്തിരിവുകളാണ് വിഷയം. 

1993, 2002, 2007 തുടങ്ങി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ നീങ്ങുന്ന കഥക്ക് കെട്ടുറപ്പുള്ള തിരക്കഥയൊരുക്കാനായെങ്കിലും സംവിധാനത്തില്‍ കന്നിക്കാരന്റെ പിശകുകള്‍ പലേടത്തും കാണാനുണ്ട്. 

1993ലെ ബോംബെ സ്ഫോടനത്തോടെ ചിത്രം തുടങ്ങുന്നു. ആ സമയം ആലപ്പുഴയിലുള്ള ആബിദ (റോമ)യുടേയും ബോംബെയിലുള്ള സഹോദരന്‍ ഷാജഹാന്റെയും (ഉണ്ണി മുകുന്ദന്‍), ചെന്നൈയിലുള്ള സനാതന ഭട്ടിന്റെ(മമ്മൂട്ടി)യും ജീവിതത്തെ ഈ സ്ഫോടനം മാറ്റി മറിക്കുകയാണ്.
കുടുംബത്തിന്റെ അത്താണിയാകാന്‍ ബോംബെയിലെത്തിയ ഷാജഹാന്‍ ഒരു പങ്കുമില്ലാതെ സ്ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്നു. ചെന്നെയില്‍ നിന്ന് ആന്ധ്രയിലെ പോച്ചംപള്ളിയിലെ ഗ്രാമത്തിലെത്തുന്ന സനാതനന്റെ ജീവിതവും മാറി മറിയുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം നാട്ടിലുള്ള ആബിദയുടെ കഥയിലും അപ്രതീക്ഷിത വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നു. 

ആബിദയുടെ അത്താണിയില്ലാത്ത കുടുംബത്തില്‍ സഹായിയായി എത്തുന്ന സമീര്‍ (മമ്മൂട്ടി) അവളെ വിവാഹം കഴിക്കുന്നു. എന്നാല്‍ ഇയാളും കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലാവുകയാണ്. 

യഥാര്‍ഥത്തില്‍ ആരാണ് സനാതനന്‍? അയാള്‍ തന്നെയാണോ സമീര്‍? അതോ സമീര്‍ ആണോ സനാതനനാകുന്നത്? ഷാജഹാനുമായി സമീറിന്റെ ബന്ധമെന്താണ് തുടങ്ങിയ ആശയക്കുഴപ്പമുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുകയാണ് രണ്ടാം പകുതിയില്‍. 

സ്ഫോടനത്തിന്റെ പിന്നാമ്പുറങ്ങള്‍ അധികം ചികയാതെ അറിയാതെ ആ സംഭവത്തിന്റെ ഇരകളാകുന്നവരുടെ ദൈന്യതയാണ് ബാബു ജനാര്‍ദനന്‍ പറയാന്‍ ശ്രമിച്ചത്. നേരിട്ടു ബന്ധമില്ലാത്ത വിഷയങ്ങളില്‍ പോലും സാഹചര്യങ്ങളും മതവും ഒരാള്‍ക്ക് ശാപമാവുന്നതെങ്ങനെയെന്ന് സിനിമ വിവരിക്കുന്നു.

വ്യത്യസ്ത സ്ഥലങ്ങളും പരസ്പര ബന്ധമില്ലാത്ത വ്യക്തികളും വിവിധ കാലങ്ങളും പറയാന്‍ നോണ്‍ ലീനിയര്‍ ആഖ്യാന ശൈലിയാണ് തിരക്കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാബു ജനാര്‍ദനന്‍ തന്നെ തിരക്കഥയൊരുക്കിയ 'സിറ്റി ഓഫ് ഗോഡി'ല്‍ ഈ ശൈലി ഉപയോഗിച്ചിരുന്നെങ്കിലും ഒരിക്കല്‍ പറഞ്ഞ സംഭവത്തിലേക്ക് പല തവണ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ മടങ്ങി വരുന്നത് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല. ഇത്തവണ പറഞ്ഞുപോയ സംഭവങ്ങളിലേക്ക് തിരിച്ചുവരുന്നുണ്ടെങ്കിലും 'സിറ്റി ഓഫ് ഗോഡി'ലുള്ളത്ര തവണ വരുന്നില്ലെന്നത് പ്രേക്ഷകരുടെ ആശയക്കുഴപ്പം കുറയ്ക്കും. 

ആദ്യ പകുതിയില്‍ സ്ഫോടനവും ഷാജഹാന്റെ ബോംബെ യാത്രയും സമീറും ആബിദയും ഒരുമിച്ചുള്ള ജീവിതവും സമീറിന്റെ അറസ്റ്റുമാണ് സ്ക്രീനിലെത്തുന്നത്. ഇത്രയും സംഭവങ്ങള്‍ ഇടവേളയില്‍ ഉണര്‍ത്തുന്ന ഉദ്വേഗം രണ്ടാം പകുതിയില്‍ കഥ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ തീരുമെന്നത് ന്യൂനതയാണ്. പിന്നീട് പ്രേക്ഷകനു ചിന്തിച്ചെടുക്കാനാവാത്തത് ക്ലൈമാക്സ് മാത്രമാണ്. അതു കൊണ്ടു തന്നെ രണ്ടാം പകുതി ഗൌരവമായി ഫ്ളാഷ് ബാക്കിലൂടെ നീങ്ങുമ്പോള്‍ ചിലയിടങ്ങളില്‍ ഇഴയുന്നുണ്ട്. 

പലതരത്തിലുള്ള തിരക്കഥകള്‍ കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ ബാബു ജനാര്‍ദനന്‍ ഇത്തവണയും ആ മേഖലയില്‍ പിന്നോട്ട് പോയിട്ടില്ല. നോണ്‍ ലീനിയര്‍ ശൈലി അധികം മോശമില്ലാതെ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പകര്‍ത്തുന്നതില്‍ അദ്ദേഹത്തിലെ പുതുമുഖ സംവിധായകന് പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. ഉദ്ദേശിച്ച വ്യക്തത രംഗങ്ങളുടെ അവതരണത്തില്‍ ഇല്ലാതെ പോയി ചിലേടത്തെങ്കിലും.

കാലം മാറി മറിഞ്ഞു വരുന്ന കഥയില്‍ അതിനനുസരിച്ച് കഥാപാത്രങ്ങളെയും വസ്തുക്കളെയും പ്രതിഷ്ഠിക്കുന്നതില്‍ നിരവധി പ്രശ്നങ്ങളുണ്ട്. പഴയ കാലമെന്ന് കാട്ടാന്‍ മണിചിത്രത്താഴ്, ഭരതം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റര്‍ മതിലുകളില്‍ പതിപ്പിച്ചപ്പോള്‍ ചില പുത്തന്‍ ഹിന്ദി ചിത്രങ്ങളുടെ പടങ്ങളും പുത്തന്‍ ബ്രാന്റുകളുടെ പരസ്യവും പുത്തന്‍ കാറുകളും ഫ്രെയിമില്‍ നിന്ന് ഒഴിവാക്കാനായിട്ടില്ല. 
അതുപോലെ 2002ലും 2007ലും ഒരേ മേക്കപ്പില്‍ ഒരേ അവതാരക ടി.വി യില്‍ വാര്‍ത്ത വായിക്കുന്നുണ്ട്. കാലത്തിനനുസരിച്ച് ചില കഥാപാത്രങ്ങളുടെ പ്രായ വ്യത്യാസം സൂചിപ്പിക്കുന്നതിലും മേക്കപ്പില്‍ ശ്രദ്ധക്കുറവുണ്ട്. 

അഭിനേതാക്കളില്‍ മമ്മൂട്ടി സനാതനനായും സമീറായുമുള്ള വേഷപ്പകര്‍ച്ചകള്‍ നന്നായി. രണ്ടു ഭാവങ്ങളിലും പക്വമായ പ്രകടനം മമ്മൂട്ടിക്ക് കാഴ്ചവെക്കാനുമായി. തമിഴ് നന്ദനമായ സീഡനിലൂടെ അരങ്ങേറിയ ഉണ്ണിയുടെ ഷാജഹാനാണ് ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രം. ഷാജഹാന്റെ നാടന്‍ ഭാവവും പ്രശ്നങ്ങളില്‍ പെടുമ്പോഴുള്ള ദൈന്യതയും ഉണ്ണിക്ക് നന്നായി അവതരിപ്പിക്കാനായിട്ടുണ്ട്. 

റോമയും മോശമാക്കിയില്ല. ആന്ധ്രാ ഫ്ലാഷ് ബാക്കില്‍ ആവശ്യമില്ലാതെ രണ്ടു ഉപനായിക കഥാപാത്രങ്ങളെ കൊണ്ടുവന്നത് ഒഴിവാക്കാമായിരുന്നു. തീവ്രവാദി നേതാവായി കുറച്ചുസീനുകളിലെത്തിയ ലിജോ ജോസ് പെല്ലിശേരിയും നന്നായി. 

അഫ്സല്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. സോനു നിഗം പാടിയ 'ചക്കരമാവിന്‍ കൊമ്പത്ത്' നന്നായെങ്കിലും ചിത്രീകരണം ശരാശരി നിലവാരമായിരുന്നു. വിപിന്‍ മോഹന്റെ ഛായാഗ്രഹണവും രംഗനാഥ് രവിയുടെ ശബ്ദ വിന്യാസവും ചിത്രത്തിന് ചേരുന്നതായി. 

ഇരകളുടെ ദുരിതങ്ങള്‍ക്ക് ഒരിക്കലും ഒടുക്കമില്ലെന്ന സൂചനയോടെയാണ് ക്ലൈമാക്സ് . ഇത് ബാബു ജനാര്‍ദനന്റെ മുന്‍കാല തിരക്കഥകളിലൊന്നായ 'അച്ഛനുറങ്ങാത്ത വീടി'ലെ അവസാന രംഗത്തെ ഓര്‍മിപ്പിക്കുന്നുണ്ട്.

ചുരുക്കത്തില്‍, തീവ്രവാദമെന്ന ഗൌരവകരമായ വിഷയം സ്ഥിരം ക്ലീഷേകള്‍ ഒഴിവാക്കി ഇരകളിലൂടെ പ്രശ്നങ്ങളിലൂടെ പറയുന്ന 'ബോംബെ  മാര്‍ച്ച് 12' ഒരിക്കലുമൊരു മോശം സൃഷ്ടിയല്ല, മികച്ചതെന്നോ ഉദാത്തമെന്നോ പറയാനുമാകില്ല. 

-Review by Aashish

bombay march 12, bombay march 12 review, mammootty, roma, babu janardhanan, sonu niigaam, unni mukundan, malayalam movie reviews

4 comments:

MIDHUN akmfa vadasserikonam said...

film a classic verdict hit..songs are exelent..mammootty exelent....film a classic verdict hit..songs are exelent..mammootty exelent....

Sajith said...

good film..!! mammukka rocks,.

Anonymous said...

നല്ല അവലോകനം
രണ്ടാം പകുതിയുടെ ഉദ്വേഗം മമ്മുട്ടി യുടെ ഒരു ഡയലോഗ് ഇല്‍ അവസാനിക്കും
അതോടെ ഏതാണ്ട് എല്ലാം പ്രേക്ഷകര്‍ക്ക് മനസ്സിലാകും
അതൊരു പ്രധാന പോരായ്മയാണ്
എങ്കിലും പതിവ് മുസ്ലിം തീവ്രവാദി കഥകളില്‍ നിന്ന്
വ്യത്യസ്തമായി അറിയാതെ സംഭവത്തിന്റെ ഇരകളാകുന്നവരുടെ ദൈന്യത
അവതരിപ്പിക്കുന്ന ചിത്രമായാണ് തോന്നിയത്

Ranjini said...

nalla cinema anelum aalukalu kuravane

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.