Friday, July 22, 2011

ആറു മാസത്തിനുള്ളില്‍ 20 എ.സി തീയറ്റര്‍ കൂടി: മന്ത്രി ഗണേഷ്



ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ശീതീകരിച്ച 20 തീയറ്ററെങ്കിലും തുടങ്ങുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

സിനിമ മികച്ച സംവിധാനവും സൌകര്യവുമുള്ള തീയറ്ററില്‍ കണ്ടാലേ ഗുണനിലവാരം അറിയാനാകൂ. കൂടുതല്‍ മള്‍ട്ടിപ്ലെക്സുകളും കേരളത്തില്‍ ഉടന്‍ വരും. സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവര്‍ പലരും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ബാധ്യതകള്‍ തീര്‍ക്കാനുമാണ് സംഘടനകളെ ഉപയോഗിച്ചുവന്നത്. ഇത്തരക്കാരുടെ നിയന്ത്രണത്തില്‍ നിന്ന് സിനിമയെ മോചിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ ചര്‍ച്ച വിളിച്ചുചേര്‍ക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ടി. ബാലകൃഷ്ണന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിവുതെളിയിച്ചവരെ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിന്റെ ഭാഗമായാണ് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഫിലിം മേക്കേഴ്സ് ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ്, പി.ആര്‍.ഡി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. 

അവാര്‍ഡ് ജേതാക്കളായ സലിം അഹമ്മദ്, മധു അമ്പാട്ട്, അഷ്റഫ് ബേദി, ഐസക് തോമസ്, വെട്രി മാരന്‍, ഡോ. ബിജു, ശ്യാമപ്രസാദ്, ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. കെ.പി കുമാരന്‍, ഷാജി എന്‍. കരുണ്‍, ശശി പരവൂര്‍ എന്നിവര്‍ സംബന്ധിച്ചു. 


theatres in kerala, 20 new air conditioned theatres in kerala soon, k.b ganesh kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.