Friday, June 17, 2011

rathinirvedam review: വെറുതേയൊരു റീമേക്കായി രതിനിര്‍വേദം



പത്മരാജന്‍-ഭരതന്‍ ടീം അനശ്വരമാക്കിയ 'രതിനിര്‍വേദം' ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളും ഏറെയായിരുന്നു. ഇന്നത്തെ തലമുറ തീയറ്ററുകളിലേക്ക് ഇരച്ചുകയറി സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും അസൂയപ്പെടുന്ന ഇന്‍ഷ്യല്‍ ചിത്രത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ പഴയ ചിത്രം പുതിയ താരങ്ങളെ വെച്ച് ചിത്രീകരിച്ചു എന്നതില്‍ കവിഞ്ഞ് സ്വന്തമായി ഒരു കൈയൊപ്പ് ചാര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. 

നഗരത്തില്‍ നിന്ന് നാട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന പപ്പു (ശ്രീജിത്ത് വിജയ്) അയല്‍ക്കാരിയായ രതിച്ചേച്ചി (ശ്വേതാ മേനോന്‍)യുമായി സൌഹൃദത്തിലാവുന്നതും ആ സൌഹൃദം അവളോടുള്ള അഭിനിവേശമാകുന്നതുമാണ് പ്രമേയം. 1978ല്‍ കേരളത്തിലെ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന കഥയായി തന്നെയാണ് പുതിയ പതിപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. 

കഥയിലും രംഗങ്ങളിലും പോലും ആദ്യ പതിപ്പില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല.  പഴയതില്‍ കവിയൂര്‍ പൊന്നമ്മ ചെയ്ത വേഷം ഇതില്‍ ശോഭാ മോഹനും കെ.പി.എ.സി ലളിത ചെയ്ത വേഷം മായാ വിശ്വനാഥും അടൂര്‍ ഭാസിയുടേത് മണിയന്‍ പിള്ള രാജുവും ബഹദൂറിന്റേത് പക്രുവും സോമന്റേത് ഷമ്മി തിലകനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടു പതിപ്പുകളിലും വേഷമിട്ട എകതാരം കെ.പി.എ.സി ലളിതയാണ്. പുതിയതില്‍ നായികയുടെ മാതാവായാണ് അവരെത്തുന്നത്. മുമ്പ് മീന ചെയ്ത വേഷമാണിത്. 

താരങ്ങളില്‍ പുതിയ പപ്പുവായി ശ്രീജിത്ത് വിജയ് മോശമാക്കിയില്ല. എങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണചന്ദ്രന്‍ അനശ്വരമാക്കിയ കഥാപാത്രത്തിനോളം എത്താനായിട്ടില്ല. 
മേനിപ്രദര്‍ശനത്തില്‍ ഉദാരസമീപമായിരുന്നെങ്കിലും രതിച്ചേച്ചിയുടെ കഥാപാത്രം ജയഭാരതിയില്‍ നിന്ന് ശ്വേതയിലെത്തിയപ്പോഴും തീവ്രത നഷ്ടപ്പെട്ടിട്ടുണ്ട്. 

കുറച്ചേ ഉള്ളുവെങ്കിലും ഷമ്മി തിലകനാണ് അഭിനേതാക്കളില്‍ ഇത്തവണ തിളങ്ങിയത്. 

1978ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം കണ്ട അന്നത്തെ തലമുറക്കും ഇന്നത്തെ തലമുറക്കും പുതിയ പതിപ്പില്‍ വൈകാരിക തീവ്രത പൂര്‍ണമായി ചോര്‍ന്നുപോയതായി തോന്നിയേക്കും. രംഗങ്ങള്‍ അതേപടി വീണ്ടും പകര്‍ത്തിയപ്പോള്‍ ചിത്രത്തിന്റെ ജീവനായിരുന്ന ഈ വൈകാരികാംശം എങ്ങനെ നിലനിര്‍ത്തണമെന്ന് ടി.കെ രാജീവ് കുമാറിന് തിരിച്ചറിയാനാവാത്തതാകാം  പ്രശ്നത്തിന് കാരണം. 

നായകനും നായികയും തമ്മിലുള്ള രസതന്ത്രവും ഇത്തവണ കൃത്യമായി ഏശുന്നില്ല. ക്ലൈമാക്സില്‍ കാവിലെ രംഗങ്ങള്‍ക്ക് പോലും ഈ പോരായ്മ വ്യക്തമായുണ്ട്.

കൂടാതെ എഴുപതുകളിലെ കോമഡിയും ആഖ്യാനശൈലിയും അന്ന് രസകരമായിരുന്നെങ്കിലും ഇന്നത്തെ സിനിമയില്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ദഹിക്കണമെന്നുമില്ല. 

പുതിയ രതിനിര്‍വേദത്തിനായി എം. ജയചന്ദ്രന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇമ്പമുള്ളതാണ്. പഴയതിലെ 'കാലം കുഞ്ഞുമനസില്‍ ചായം കൂട്ടി' എന്ന ഗാനത്തിന് പകരം 'നാട്ടുവഴിയിലേ'യും 'തിരുതിരുമാരന്‍ കാവിലിനു' പകരം 'ചെമ്പകപൂം കാട്ടിലേയും' 'ശ്യാമനന്ദന വാനിലുയരു'മിനു പകരം 'കണ്ണോരം ചിങ്കാരവും' പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ കണ്ണോരം ചിങ്കാരം ആദ്യത്തേതില്‍ നിന്ന് രംഗങ്ങളില്‍ ഏറെ മാറ്റമുള്ളതാണ്. 

മനോജ് പിള്ളയുടെ ഛായാഗ്രഹണവും നിലവാരം പുലര്‍ത്തി.

ചുരുക്കത്തില്‍, മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ 'രതിനിര്‍വേദ'ത്തെ ഫ്രെയിം ടു ഫ്രെയിം' പുതു താരങ്ങളെവെച്ച് വീണ്ടും അവതരിപ്പിച്ചു എന്നു മാത്രമേ പുതിയ പതിപ്പിന് അവകാശപ്പെടാനാകൂ.
സംവിധായകന്റേതായ എന്തെങ്കിലും മേന്‍മ ചിത്രത്തിന് നല്‍കാനോ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനോ ആയില്ലെന്ന് മാത്രമല്ല, ആദ്യപതിപ്പിനുള്ള വൈകാരികമായ ആഴവും പുതിയതിന് സമ്മാനിക്കാനായില്ല. അതായത്, ശ്വേതാ മേനോനെ രതിച്ചേച്ചിയായി കാണണമെന്നുള്ളവര്‍ക്ക് മനസറിഞ്ഞ് ആസ്വദിക്കാവുന്ന ചിത്രം മാത്രമാണ് പുതിയ 'രതിനിര്‍വേദം'.


rathinirvedam, rathinirvedam review, rathinirvedham remake, swetha menon, sreejith vijay, k.p.a.c lalitha, t.k rajeev kumar, m.jayachandran

5 comments:

Ramesh said...

bharathanakan rajeevinu pattumo? anyway, sweta chechy rockzzzz..

Anonymous said...

pattokke adipoli anu.

Sajith said...

enthino oru remake. gud review

Sarath said...

vicharicahthra nannayilla. rajeev kumar original workinodu neethy pularthiyilla

Anonymous said...

ellayidathum chechi tharangam. theatrukal nirangu ozhukunnu..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.