Thursday, June 9, 2011

ഹോള്‍ഡ് ഓവര്‍ തര്‍ക്കത്തില്‍ തീരുമാനമായി


സിനിമ തീയറ്ററില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് തീയറ്ററുടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന ഹോള്‍ഡ് ഓവര്‍ തര്‍ക്കത്തില്‍ തീരുമാനമായി. ബുധനാഴ്ച മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്.

ഇതു പ്രകാരം ദിവസേനയുള്ള നാലു പ്രദര്‍ശനങ്ങളും കണക്കിലെടുത്താകും ഇനി സിനിമ മാറ്റുന്നത് (ഹോള്‍ഡ് ഓവര്‍ ആകുന്നത്). മുമ്പ് നൂണ്‍ഷോ കണക്കിലെടുക്കാതെ ബാക്കി മൂന്നു പ്രദര്‍ശനങ്ങള്‍ മാത്രമായിരുന്നു ഇതിനുള്ള മാനദണ്ഡം. ഈ പ്രദര്‍ശനങ്ങള്‍ വഴി ലഭിക്കുന്ന തുക ഒരു പ്രദര്‍ശനത്തിന്റെ 80 ശതമാനത്തില്‍ കുറവാണെങ്കില്‍ മുമ്പ് പടം മാറ്റുമായിരുന്നു. പുതിയ ധാരണപ്രകാരം നാലു പ്രദര്‍ശനങ്ങളില്‍ നിന്നുമുള്ള തുക ഒരു പ്രദര്‍ശനത്തിന്റെ വരുമാനത്തിന്റെ 102 ശതമാനമാണെങ്കില്‍ പടം തുടരും. 

സിനിമാ സംഘടനകളുമായി കഴിഞ്ഞ തവണ യോഗം നടത്തിയപ്പോള്‍ ഉണ്ടായ ധാരണപ്രകാരം എ.സി, ഡി.ടി.എസ് സംവിധാനം ഏര്‍പ്പെടുത്താത്ത തീയറ്ററുകളില്‍ റിലീസ് അനുവദിക്കില്ല. ഇവ ഏര്‍പ്പെടുത്താന്‍ മൂന്നുമാസം സമയം നല്‍കും. ആവശ്യമെങ്കില്‍ കുറച്ചു സമയം കൂടി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നല്ലാതെ തീരുമാനം മാറ്റില്ല. 

വ്യാജ സി.ഡിയും ഇന്റര്‍നെറ്റ് വഴിയുള്ള സിനിമാ വ്യാപനവും തടയാന്‍ ആന്റി പൈറസി സെല്‍ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി ഗണേഷ് അറിയിച്ചു. 

നികുതി കുറക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് പിന്നീട് സിനിമാ സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു. തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അതോറിറ്റിയും ഉടന്‍ നിലവില്‍ വരും.
hold over, exhibitors federation, distributors association, k b ganesh kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.