Wednesday, June 22, 2011

Badrinath Review: ബദ്രിനാഥ് കെട്ടുകാഴ്ച


കോടികള്‍ മുടക്കി ഗീതാ ആര്‍ട്സിനു വേണ്ടി അല്ലു അരവിന്ദ് മകന്‍ അല്ലു അര്‍ജുനെ നായകനാക്കി നിര്‍മിച്ച 'ബദ്രിനാഥ്' വെറും കെട്ടുകാഴ്ചയാണ്. കൂറ്റന്‍ സെറ്റുകളും മനോഹര ലൊക്കേഷനുകളുമുണ്ടെങ്കിലും കഥയോ തിരക്കഥയോ മഷിയിട്ടു നോക്കിയാലും കാണാനാകാത്ത ഈ ചിത്രം വെറും അല്ലു- തമന്ന ഷോ മാത്രമായി ചുരുങ്ങി. തെലുങ്കിനൊപ്പം അതേദിനം തന്നെ മലയാളം പതിപ്പും കേരളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. 

ഭാരതത്തിലെ ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ക്ഷേത്രപാലകരെ പരിശീലിപ്പിക്കാന്‍ മതാചാര്യന്‍മാര്‍ തീരുമാനിക്കുന്നു. ഇതിനായി വയോധികനും ആയോധന കലകളില്‍ നിപുണനുമായ ഭീഷ്മ നാരായണനെ (പ്രകാശ് രാജ്)ചുമതലപ്പെടുത്തുന്നു. ഇദ്ദേഹം പരിശീലിപ്പിച്ച ക്ഷേത്രപാലക യുവാക്കളില്‍ പ്രമുഖനാണ് ബദ്രി (അല്ലു അര്‍ജുന്‍). താഴ്ന്ന ജാതിക്കാരനാണെങ്കിലും കഴിവു കണ്ടറിഞ്ഞു ഗുരു തെരഞ്ഞെടുത്ത ബദ്രി ഇപ്പോള്‍ ബദ്രിനാഥ് ക്ഷേത്ര പാലകനാണ്. 

ഇതിനിടെ ക്ഷേത്രത്തില്‍ മുത്തച്ഛനൊപ്പമെത്തുന്ന അളകനന്ദ (തമന്ന)ക്ക് ചില അപകടങ്ങളില്‍ നിന്ന് രക്ഷിച്ച ബദ്രിയോട് പ്രണയം തോന്നുന്നു. നാട്ടിലെ ശത്രുക്കളും അവളെ തേടി ബദ്രിനാഥില്‍ എത്തുന്നു.
ഒരു പ്രത്യേക ഘട്ടത്തില്‍ അളകയെ സഹായിക്കാമെന്ന് വാക്ക് നല്‍കിയ ബദ്രി അവളുടെ പ്രണയം അംഗീകരിക്കുമോ അതോ ഗുരുവിന്റെ ഇഷ്ടപ്രകാരം ബ്രഹ്മചാരിയായി അവിടെ കഴിയുമോ? അളകനന്ദക്ക് നാട്ടിലെ ശത്രുക്കളില്‍ നിന്ന് രക്ഷനേടാനാകുമോ? ഇതാണ് തുടര്‍ന്നുള്ള കഥ!

ഗുരുവിനു നല്‍കിയ വാക്കു പാലിക്കണോ അതോ പ്രണയവുമായി നില്‍ക്കുന്നവളെ സ്വീകരിക്കണോ എന്ന നായകന്റെ ധര്‍മ സങ്കടമാണ് കഥാഗതി നിയന്ത്രിക്കുന്നത്. പുതുമയൊന്നുമില്ലാത്ത ഈ കഥ അവതരിപ്പിക്കുന്നതിലും പ്രത്യേകതകളൊന്നുമില്ല. മാത്രമല്ല, പല രംഗങ്ങളും കുത്തഴിഞ്ഞ നിലയിലുമാണ്. 

പലപ്പോഴും അസംഭവ്യമായി തോന്നുന്ന രംഗങ്ങളെ ന്യായീകരിക്കാനോ ബലപ്പെടുത്താനോ തിരക്കഥക്ക് ഒന്നും ചെയ്യാനില്ലാത്തതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. ഏറെ പ്രതീക്ഷയോടെ വമ്പന്‍ ക്യാന്‍വാസില്‍ വന്ന ചിത്രം തിരക്കഥയും സംവിധാനവുമൊരുക്കിയ വി.വി വിനായക്കിന്റെ മോശം സൃഷ്ടികളിലൊന്നാണ്. അനാവശ്യവും ബോറടിപ്പിക്കുന്നതുമായ കോമഡി ട്രാക്ക് മലയാളം പതിപ്പിലെങ്കിലും വെട്ടിക്കളയാമായിരുന്നു.

നായകന്‍ അല്ലു അര്‍ജുന്‍ രൂപം കൊണ്ടും ശരീരഭാഷ കൊണ്ടും കഥാപാത്രത്തിന് അനുയോജ്യനാണ്. ഗാനരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും അപാര മെയ് വഴക്കമാണ് അര്‍ജുന്റെ പ്രത്യേകത. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും ഗാനരംഗങ്ങള്‍ മിഴിവേകി 'ഗ്ളാമര്‍ ഡോളായി' നായിക തമന്നയും ശ്രദ്ധിക്കപ്പെടും. ഗുരുവര്യനായി പ്രകാശ്രാജിനും ഒന്നും ചെയ്യാനില്ല. വില്ലനും മകനുമായി വന്നവരും (പേരറിയില്ല) തീരെ കഥാപാത്രത്തിന് ചേര്‍ന്നവരുമല്ല. 

ആനന്ദ് സായിയുടെ കലാസംവിധാനം മികച്ചുനിന്നു. ബദ്രിനാഥ് ക്ഷേത്രത്തിന്റെ കുറ്റന്‍ സെറ്റ് ശ്രദ്ധേയമാണ്. രവി വര്‍മന്റെ ക്യാമറയും നന്നായി. മലേഷ്യയില്‍ പോയൊക്കെ ആയോധന വിദ്യകള്‍ അഭ്യസിച്ച അല്ലു അര്‍ജുനെ വേണ്ട രീതിയില്‍ ആക്ഷന്‍ രംഗങ്ങളില്‍ ഉപയോഗിക്കാന്‍ പീറ്റര്‍ ഹെയിനിനും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്റ്റണ്ട് കോറിയോഗ്രഫി തീര്‍ത്തും സാധാരണമായിരുന്നു.

എം.എം കീരവാണിയുടെ സംഗീതം ശരാശരി നിലവാരമാണ്. മുട്ടിന് മുട്ടിന് ചേര്‍ത്ത ആറു ഗാനങ്ങളുടെ ചിത്രീകരണവും കുഴപ്പമില്ല. മലയാളം ഡബിംഗും മോശം പറയാനില്ല. റെഡാഖ് ആര്‍ട്സിനു വേണ്ടി ഖാദര്‍ ഹസന്‍ ആണ് മലയാളത്തില്‍ ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. 

ചുരുക്കത്തില്‍, രാം ചരണ്‍ തേജക്ക് 'മഗധീര' പോലെ അല്ലു അര്‍ജുന് 'ബദ്രിനാഥ്' എന്നു കരുതി തീയറ്ററില്‍ കയറുന്നവരെ അപ്പാടെ ചിത്രം നിരാശരാക്കും. അല്ലു അര്‍ജുന്റെ ആക്ഷന്‍ നൃത്ത മികവും തമന്നയുടെ ഗ്ലാമറുള്ള ഗാനങ്ങളും ആസ്വദിക്കാന്‍ മാത്രം താല്‍പര്യമുള്ളവര്‍ക്ക് കാണാവുന്ന ചിത്രമാണ് 'ബദ്രിനാഥ്'. 

-Review by Aashish

badrinath review, badrinath malayalam film, allu arjun, tamanna, tamanna gallery, malayalam actress tamanna, v.v vinayak, allu aravind, prakash raj. 

3 comments:

ajay said...

koothara film

Ramesh said...

allu chtrangalil vere enthanu pratheekshikkuka?

Sajan said...

alllu,,allu....mallu arjun....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.