Wednesday, June 29, 2011

Avan Ivan Review: വ്യത്യസ്ത വഴിയില്‍ അവനും ഇവനുംതമിഴ് സിനിമയില്‍ പുതുവഴി തെളിച്ച സംവിധായകന്‍ ബാലയുടെ സേതു, പിതാമഹന്‍, നാന്‍ കടവുള്‍ പോലുള്ള ചിത്രങ്ങളില്‍ നിന്ന് വേറിട്ടൊരു പരീക്ഷണമാണ് അദ്ദേഹത്തിന്റെ 'അവന്‍ ഇവന്‍'. 
ഗൌരവമുള്ള പ്രമേയങ്ങള്‍ ആഴത്തില്‍ കൈകാര്യം ചെയ്യുന്ന ശൈലിവിട്ട് നേര്‍ത്തതും പുതുമയില്ലാത്തതുമായ വിഷയത്തെ പുതുശൈലിയില്‍ ചുടലമായി ആവിഷ്കരിക്കുകയാണ് 'അവന്‍ ഇവനി'ല്‍. വിശ്വസനീയമായ, അല്ലെങ്കില്‍ ആസ്വാദ്യമായ അവിശ്വസീയതകളാണ് ചിത്രമുടനീളം. 

വിശാലും ആര്യയും അവതരിപ്പിക്കുന്ന അര്‍ഥസഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാക്രമം വാള്‍ട്ടര്‍, കുമ്പിടുറേന്‍ സാമി എന്നാണ് ഇരുവരുടേയും പേരുകള്‍. രണ്ടമ്മമാര്‍ക്ക് പിറന്ന ഇവരുടെ തമ്മിലെ തര്‍ക്കങ്ങളും മറ്റുമാണ് ആദ്യ പകുതിയുടെ ജീവന്‍. 
പാരമ്പര്യമായി മോഷ്ടാക്കളായ ഇവരും ആ വഴിയില്‍ കേമന്‍മാരാകണമെന്നാണ് അമ്മമാരുടെ താല്‍പര്യം.  ചില്ലറ മോഷണങ്ങളും തട്ടിപ്പുമൊക്കെയുണ്ടെങ്കിലും ശുദ്ധരായ ഇവര്‍ രണ്ടു പേരും സ്വന്തമായ ലക്ഷ്യങ്ങളും വഴികളുമുള്ളവരാണ്. അഭിനയത്തില്‍ ഭ്രമമുള്ള വാള്‍ട്ടര്‍ക്ക് ആ മേഖലയില്‍ കഴിവുതെളിയിക്കണമെന്നതാണ് ആശ.
 ഇരു സഹോദരന്‍മാരെയും മക്കളെപോലെ സ്നേഹിക്കുന്ന ആളാണ് ഹൈനസ് എന്ന് വിളിക്കപ്പെടുന്ന നാട്ടിലെ അധികാരവും പണവുമൊക്കെ നഷ്ടപ്പെട്ട പഴയ നാട്ടുരാജാവ് (ജി.എം കുമാര്‍). ഇദ്ദേഹത്തിന് ഈ യുവാക്കള്‍ അതിനുള്ള ആദരവും ബഹുമാനവും നല്‍കുന്നുമുണ്ട്. ഹൈനസ് പറഞ്ഞാല്‍ എന്തും ചെയ്യാന്‍ ഇവര്‍ക്ക് മടിയുമില്ല. 

ഇതിനിടക്ക് നാട്ടിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ബേബി (ജനനി അയ്യര്‍)യുമായി വാള്‍ട്ടറും ട്യൂട്ടോറിയല്‍ കോളജ് വിദ്യാര്‍ഥിനി തേന്‍മൊഴിയു (മധു ശാലിനി)മായി സാമിയും ഇഷ്ടത്തിലുമാകുന്നുണ്ട്. 

രണ്ടാം പകുതിയില്‍ അനധികൃത കാലി കടത്ത് നടത്തുന്ന ഒരാളെ (ആര്‍.കെ) ഹൈനസിന്റെ നേതൃത്വത്തില്‍ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുന്നതാണ് പ്രധാന വഴിത്തിരിവ്. ജയില്‍ മോചിതനായ ഇയാള്‍ ഹൈനസിനോട് പക വീട്ടാനെത്തുന്നതും ഇതിന് തിരിച്ചടിക്ക് വാള്‍ട്ടര്‍-സാമി സഹോദരങ്ങള്‍ മുന്നിട്ടിറങ്ങുന്നതും കഥ സജീവമാക്കുന്നു.

ബാലയുടെ തന്നെ മുന്‍കാല സംവിധാന സംരംഭങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് 'അവന്‍ ഇവന്‍'. ഗൌരവമുള്ള ഒരു കഥയോ വിഷയമോ ഒന്നുമല്ല ചര്‍ച്ചക്കെടുത്തിരിക്കുന്നത്. 

വിശാലും ആര്യയും അവതരിപ്പിക്കുന്ന സഹോദര കഥാപാത്രങ്ങളും നാടന്‍ (അതോ കാടനോ?) ജീവിത ശൈലിയും നര്‍മങ്ങളും സംഘര്‍ഷങ്ങളും അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം. സ്ഥിരം ചട്ടകൂടുകള്‍ പാലിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ ശ്രദ്ധേയ ഘടകങ്ങളില്‍ പ്രധാനം.

ഡ്യൂയറ്റോ അനാവശ്യ ഗ്രാമീണ പരിവേഷമോ അതിവൈകാരികതയോ ഒന്നുമില്ല എന്നത് ആശ്വാസമാണ്. ആഖ്യാനശൈലിയും ചടുലമാണ്.

ആദ്യ പകുതി നായകന്‍മാരുടെ മൂപ്പിളമ തര്‍ക്കങ്ങളും അമ്മമാര്‍ തമ്മിലുള്ള പോരും മറ്റുമായി രസകരമായി അവതരിപ്പിക്കുകയായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഹൈനസ് എന്ന ഘടകം പ്രതികാരത്തിനായി ഇവരെ യോജിപ്പിക്കുകയാണ്. രണ്ടു ഭാവങ്ങളിലും ഇരുവരും തിളങ്ങുന്നുമുണ്ട്.

സ്ക്രീന്‍ സ്പേസ് ഇരുനായകന്‍മാര്‍ക്കും ഏതാണ്ട് തുല്യമാണെങ്കിലും വിശാലിനാണ് തിളങ്ങാന്‍ കൂടുതല്‍ അവസരം ലഭിച്ചത്. ശരീരഭാഷയിലും അംഗചലനങ്ങളിലും കോങ്കണ്ണനായ പ്രകടനത്തിലുമൊക്കെയായി ആയാസരഹിത അഭിനയത്തിന്റെ പുതിയ മുഖമാണ് വിശാലില്‍ കാണാനായത്. 
വേദിയില്‍ 'നവരസങ്ങള്‍' വിശാല്‍ അവതരിപ്പിക്കുന്നതും ഒരു നര്‍ത്തകന്റെ വഴക്കത്തോടെയാണ്. കോണ്‍സ്റ്റബിള്‍ ബേബിക്ക് മുന്നില്‍ ശ്രദ്ധ നേടാന്‍ മേക്കപ്പിട്ട് പോകുന്നതും അവിടെ കാട്ടുന്ന മുഖഭാവങ്ങളും ചിരിയുണര്‍ത്തും. ഒരു പക്ഷേ, വിശാല്‍ അഭിനയിക്കാന്‍ അറിയുന്ന നടനാണെന്ന് തെളിയിക്കാന്‍ ആദ്യമായി കിട്ടിയ അവസരമാകും 'അവന്‍ ഇവനി'ല്‍. 

'നാന്‍ കടവുള്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ കഴിവു നേരത്തെ തെളിയിച്ച ആര്യയും വേഷം രസകരമാക്കി. പൂട്ടുപൊളിച്ച ശേഷം പൊലീസ് കാറില്‍ വന്നിറങ്ങുന്നതും നായികയെ കൊണ്ട് കുട്ടികരണം മറിയിക്കുന്നതുമൊക്കെ ശ്രദ്ധേയമാണ്. 

ഹൈനസായി ജി.എം കുമാറും പക്വമായ പ്രകടനമായിരുന്നു. കോമഡി രംഗങ്ങളും വൈകാരിക രംഗങ്ങളും അനായാസം കൈകാര്യം ചെയ്ത കുമാര്‍, ഒരു ഘട്ടത്തില്‍ നഗ്നനായും സ്ക്രീനിലെത്തുന്നുണ്ട്. 
വിശാലിന്റെ മാതാവായി അംബികയും ശ്രദ്ധിക്കപ്പെടും. നായികമാര്‍ക്ക് അഭിനയിച്ചുകൂട്ടാനൊന്നുമില്ലെങ്കിലും ജനനി അയ്യര്‍ ചില നര്‍മ രംഗങ്ങളില്‍ നന്നായി. ഗ്ലാമര്‍ ഇമേജില്‍ നിന്ന് മോചിതയായി മധു ശാലിനിക്ക് തേന്‍ മൊഴിയിലൂടെ ഒരു നാടന്‍ ഭാവവും സംവിധായകന്‍ നല്‍കിയിട്ടുണ്ട്. അതിഥി ആയി നടന്‍ സൂര്യയും എത്തുന്നുണ്ട്. 

മറ്റു സാങ്കേതിക വിഭാഗങ്ങളില്‍ എടുത്തു പറയേണ്ടത് സുരേഷ് അര്‍സിന്റെ എഡിറ്റിംഗാണ്. ഒരുപാടൊന്നും പറയാനില്ലാത്ത കഥയെ ചടുലമാക്കാന്‍ ഇതേറെ സഹായിച്ചു. മണിരത്നം ചിത്രങ്ങളിലും ബാലയുടെ തന്നെ പിതാമഹന്‍, നാന്‍ കടവുള്‍ പോലുള്ള ചിത്രങ്ങളിലും സുരേഷ് അര്‍സിന്റെ കഴിവ് നമ്മള്‍ അനുഭവിച്ചറിഞ്ഞതാണല്ലോ. 

ആര്‍തര്‍ വില്‍സന്റെ ഛായാഗ്രഹണവും നന്നായിട്ടുണ്ട്. സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. സുഖമുള്ള ഗാനങ്ങളൊന്നുമില്ലെങ്കിലും പശ്ചാത്തല സംഗീതം ചിത്രത്തിന് യോജിച്ചതായി.

മൊത്തത്തില്‍, 'അവന്‍ ഇവന്‍' ബാലയുടെ ഇതുവരെയുള്ള സിനിമകളുടെ കൂട്ടത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. കഥയിലോ പശ്ചാത്തലത്തിലോ മികവോ പുതുമയോ അവകാശപ്പെടാനില്ലെങ്കിലും ചടുലമായ അവതരണത്തിലെ വ്യത്യസ്തത ചിത്രത്തെ ആസ്വാദ്യമാക്കുന്നുണ്ട്.  

- Review by Aashish

avan ivan review, avan ivan, avan ivan tamil film, bala, director bala, arya, vishal, janani iyer, madhu salini, madhu salaini stills, actor arya, suresh urs, arther wilson, yuvan shanker raja, cinemajalakam review, aashish review, malayalam film reviews

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.