Sunday, June 26, 2011

Adaminte makan abu review: നന്‍മയുടെ വഴിയിലെ അബു



വെള്ളിത്തിരയില്‍ മാത്രമല്ല, മനുഷ്യ മനസിലും നഷ്ടമായിക്കൊണ്ടിരിക്കുന്ന  നന്‍മയുടെ വീണ്ടെടുപ്പാണ് 'ആദാമിന്റെ മകന്‍ അബു'. വഴിത്തിരിവുകളോ അതിവൈകാരികയോ അല്ല ലാളിത്യവും നന്‍മയും മതി പ്രേക്ഷകന്റെ മനസില്‍ തൊടാനെന്ന് 'അബു'വിലൂടെ സംവിധായകന്‍ സലിം അഹമ്മദ് കാട്ടിത്തരുന്നു. 

കണ്ണൂരിനടുത്തെവിടെയോ ഉള്ള കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള അത്തറു വില്‍പനക്കാരന്‍ അബു (സലിം കുമാര്‍) ഭാര്യ ഐശുമ്മയുടേയും കഥയാണീ ചിത്രം. അധ്വാനിച്ച് കിട്ടുന്നതു മതി തങ്ങള്‍ക്ക് ജീവനോപാധിയായെന്ന് കരുതുന്ന ദമ്പതികളുടെ ഏറ്റവും വലിയ സ്വപ്നം വിശുദ്ധ ഹജ്ജാണ്. അത്തറുവിറ്റ് കിട്ടുന്ന ചില്ലറ സ്വരൂക്കൂട്ടി വെക്കുന്നതും ഈ ലക്ഷ്യ സാക്ഷാത്കാരത്തിനാണ്. ആരോടും കൈനീട്ടാതെ, ആരുടെയും ഔദാര്യവും സഹതാപവും പറ്റാതെ ബാക്കി പണം കണ്ടെത്തി ട്രാവല്‍ ഏജന്‍സിയില്‍ അടച്ച് ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള അബുവിന്റെയും ഭാര്യയുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. 

യാത്രാശ്രമത്തിനിടക്ക് ഈ ദമ്പതികളെ വഴികാട്ടുന്നവരും ശക്തി പകരുന്നവരും ഇവര്‍ക്കായി പ്രാര്‍ഥിക്കുന്നവരും നിരവധിയാണ്. നാടന്‍ ചുറ്റുവട്ടത്തെ ഈ മനുഷ്യരുടെ ഇടപെടലുകളും അതിലെ നന്‍മകളുമാണ് ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയില്‍ സംവിധായകന്‍ പറഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്. 

ഒറ്റവരിയില്‍ പറഞ്ഞുപോകാമെന്ന് തോന്നുന്ന കഥക്ക് ബലം പകരാനോ ഉദ്വേഗജനകമാക്കാനോ ഇടക്കിടക്ക് വഴിത്തിരിവുകളോ ദുരന്തങ്ങളോ കുത്തിതിരികിയിട്ടില്ല. അതുപോലെ ജീവിക്കാന്‍ വകയില്ലാത്ത അബുവിന്റെ കുടുംബ വിഷമങ്ങള്‍ അറിയിക്കാന്‍ കണ്ണീര്‍ രംഗങ്ങളുമില്ല. ഒരുപക്ഷേ, അതുതന്നെയാകും ചിത്രത്തെ സ്ഥിരം 'അവാര്‍ഡ്', 'കണ്ണീര്‍' പടങ്ങളില്‍ നിന്ന് വേറിട്ട് അബുവിനെ ഹൃദയ സ്പര്‍ശിയാക്കുന്നതും. 

ഒഴുക്കോടെ കഥ പറയാനും അതിന് അടിത്തറയുള്ള തിരക്കഥയൊരുക്കാനുമറിയാമെങ്കില്‍ ഒറ്റവരിയില്‍ നിന്നുതന്നെ മികച്ച സിനിമ പിറക്കുമെന്ന് തെളിയിക്കുകയാണ് കഥയും സംവിധാനവും തിരക്കഥയുമൊരുക്കിയ സലീം അഹമ്മദ്. കൈയടക്കത്തോടെ കഥ പറഞ്ഞതും മനോഹരവും അര്‍ഥഗര്‍ഭവുമായ സംഭാഷണങ്ങളും ചിത്രത്തിന് മാറ്റേകുന്നു. 

നാടകീയത അനുഭവപ്പെടുന്നതോ മുഴച്ചു നില്‍ക്കുന്നതോ ആയ ഒറ്റ രംഗമോ സംഭാഷണമോ ചിത്രത്തില്‍ കണ്ടെത്താനുമില്ല. നാട്ടിന്‍പുറത്തെ നന്‍മയും കൂട്ടായ്മയും പരസ്പര ബഹുമാനവും കൂടി ചിത്രത്തിലൂടെ സംവിധായകന്‍ വിളിച്ചറിയിക്കുന്നുണ്ട്.

കഥ പറച്ചിലിന് ഭംഗിയുണ്ടെങ്കിലും അത് കൃത്യമായി വെള്ളിത്തിരയിലെത്തിക്കാനാവുന്ന അഭിനേതാവില്ലെങ്കില്‍ ചിത്രം പാളുമായിരുന്നു. അവിടെയാണ് സലീം കുമാറിന്റെ പ്രസക്തി. ചിത്രം തുടങ്ങി ഒരു സന്ദര്‍ഭത്തിലും നമുക്ക് കാലങ്ങളായി സുപരിചിതനായ ഹാസ്യനടന്‍ സലിം കുമാറിനെ ഓര്‍ത്തെടുക്കാനാവില്ല.

അതുകൊണ്ടുതന്നെ, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ 'അബു'വായതിന് സലിംകുമാറിനെ തേടിയെത്തിയതില്‍ ചിത്രം കണ്ട ആര്‍ക്കും അല്‍ഭുതം തോന്നില്ല. 

അബുവിന്റെ ഭാര്യ ഐശുമ്മയായി സറീനാ വഹാബും സലിംകുമാറിന് മികച്ച പിന്തുണ നല്‍കി. ഭര്‍ത്താവിന്റെ വ്യഥകളും പ്രതീക്ഷകളുമൊക്കെ കണ്ടറിഞ്ഞ് പെരുമാറുന്ന നാടന്‍ വീട്ടമ്മയുടെ വേഷം അവര്‍ക്ക് കൈയടക്കത്തോടെ അവതരിപ്പിക്കാനായി.

അബുവിനെ ജ്യേഷ്ഠനെപോലെ കണക്കാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അന്യജാതിക്കാരനായ സ്കൂള്‍ മാഷായി നെടുമുടി വേണുവും പിതാവിനെ പോലെ കണ്ട് ഹജ്ജിനുള്ള ഒരുക്കങ്ങള്‍ക്ക് സഹായിക്കുന്ന ട്രാവല്‍ ഏജന്‍സിയിലെ അഷ്റഫായി മുകേഷും മനസില്‍ തൊടുന്ന കഥാപാത്രങ്ങളാണ്. 

തടിമില്ലുകാരന്‍ ജോണ്‍സനായി കലാഭവന്‍ മണി, ചായക്കടക്കാരന്‍ ഹൈദറായി സുരാജ്, പണക്കാരന്‍ അസൈനാര്‍ ഹാജിയായി ടി.എസ് രാജു, മുന്‍ അയല്‍പക്കക്കാരന്‍ സുലൈമാനായി എം.ആര്‍ ഗോപകുമാര്‍ തുടങ്ങി ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമുണ്ട്. ഉസ്താദിന്റെ മരണശേഷമുള്ള വിഭ്രാന്തി രംഗങ്ങളില്‍ സുരാജ് മാത്രമാണ് അല്‍പം കൈവിട്ട അഭിനയമുള്ളത്.

മധു അമ്പാട്ടിന്റെ ഛായാഗ്രഹണമാണ് സാങ്കേതിക വിഭാഗങ്ങളില്‍ ഏറെ ശ്രദ്ധേയം. പക്വവും ലളിതവും സുന്ദരവുമായ ഫ്രെയിമുകളിലൂടെ ചിത്രത്തിന്റെ 'മൂഡ് ' കൃത്യമായി അദ്ദേഹം പകര്‍ന്നു നല്‍കുന്നു. ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതവും അതിന്റെ ദൌത്യം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. രമേശ് നാരായണ്‍ ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന് ചേരുന്നവയായി. 

മൊത്തത്തില്‍, 'ആദാമിന്റെ മകന്‍ അബു' മലയാള സിനിമയുടെ നന്‍മയിലേക്കുള്ള തിരിച്ചുവരവാണ്. ചിത്രത്തിന്റെ അവസാന രംഗത്തിലേതുപോലെ നാമറിഞ്ഞോ അറിയാതെയോ എപ്പോഴോ ചെയ്ത തെറ്റുകള്‍ക്കൊരു തിരുത്തായി നട്ട പ്രതീക്ഷയുടെ പുതുനാമ്പ്, വളര്‍ത്തി വലുതാക്കേണ്ട നന്‍മയുടെ പുതുനാമ്പ്.

-Review by Aashish

adaminte makan abu review, adaminte makan abu, malayalam film reviews, salim kumar, salim ahamed, madhu ambat, ramesh narayan, sareena wahab, mukesh, kalabhavan mani, cinemajalakam review

5 comments:

Shibu said...

nalla cinemakal undavatte..nalla drishya samskaram valaratte.

Sidhu said...

watched the film..saleem kumar excelled as abu

Tony said...

excellent salim..!

Jishnu said...

abu...salim kumarintey puthiya mukham

Thomas said...

nanmayulla film..good effort

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.