Saturday, May 7, 2011

Seniors Review: സീനിയേഴ്സിന്റെ ആഘോഷം മടുപ്പിക്കില്ല


'പോക്കിരിരാജ'യുടെ മാന്ത്രിക വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്സ്' പറയുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാമ്പസില്‍ മടങ്ങിയെത്തുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ്. 

'ചോക്ലേറ്റ്' പോലൊരു കാമ്പസ് ചിത്രമൊരുക്കി ശ്രദ്ധേയരായ സച്ചി- സേതു ടീമാണ് കഥ, തിരക്കഥ, സംഭാഷണമൊരുക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ കഥ തുടങ്ങുന്നതും കാമ്പസ് രംഗങ്ങളുമൊക്കെ 'ചോക്ലേറ്റി'ന്റെ ചുവ തീരെയങ്ങ് വിട്ടുമാറിയിട്ടുമില്ല. ആദ്യ പകുതിയില്‍ ശുദ്ധ എന്റര്‍ടെയ്നറായി തുടങ്ങുന്ന ചിത്രം പിന്നീട് ക്രൈം ത്രില്ലര്‍ രൂപത്തിലേക്ക് മാറുകയാണ്. ആഘോഷ അന്തരീക്ഷത്തില്‍ സിനിമ ചടുലതയോടെ തയാറാക്കാനായതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പപ്പു എന്ന പത്മനാഭന്‍ (ജയറാം), ഇടിക്കുള (ബിജു മേനോന്‍), റെക്സ് (കുഞ്ചാക്കോ ബോബന്‍), മുന്ന (മനോജ് കെ. ജയറാം) എന്നീ നാലു സുഹൃത്തുക്കള്‍ തങ്ങള്‍ പണ്ട് ഒരുമിച്ച് പടിച്ച കോളജില്‍ 12 വര്‍ഷങ്ങള്‍ക്കുശേഷം പി.ജിക്ക് ചേരുന്നതാണ് കഥ. പണ്ട് കോളജില്‍ നടന്ന ഒരു വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയിലില്‍ പോകേണ്ടിവന്ന പപ്പു തിരിച്ചെത്തിയപ്പോള്‍ അയാളുടെ നിര്‍ബന്ധപ്രകാരമാണ് നാല്‍വര്‍സംഘം വീണ്ടും കോളജില്‍ ചേരുന്നത്.

പിന്നീടങ്ങോട്ട് കോളജ് കാഴ്ചകളാണ്. നാല്‍വര്‍ സീനിയേഴ്സ് സംഘം കോളജില്‍ നടത്തുന്ന അട്ടഹാസങ്ങളാണ് ഇടവേള വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്. 

ഇടവേളക്ക് ശേഷം പണ്ടു നടന്ന കൊലപാതകത്തിന്റെ ചുരുകളഴിക്കാനുള്ള ചിലരുടെ ശ്രമമാണ്. കഥാന്ത്യത്തില്‍ മന:ശാസ്ത്രപരമായ സമീപനങ്ങളിലൂടെ കുറ്റവാളിയിലേക്ക് എത്തിപ്പെടുകയും ആന്റി ക്ലൈമാക്സില്‍ കഥ പുതിയതലത്തിലെത്തുകയും ചെയ്യുന്നു.

'ചോക്ലേറ്റി'ല്‍ പെണ്‍കുട്ടികളുടെ കോളജില്‍ പഠിക്കാന്‍ ചെല്ലുന്ന ആണ്‍കുട്ടിയായിരുന്നു കൌതുകഘടകമെങ്കില്‍ 'സീനിയേഴ്സി'ല്‍ അത് പ്രായം കഴിഞ്ഞവര്‍ പഠിക്കാനെത്തുന്നതാണ്. ഈ ഘടകത്തിലെ കൌതുകവും തമാശകളുമാണ് ആദ്യ പകുതി സജീവമാക്കാന്‍ സച്ചി -സേതു തിരഞ്ഞെടുത്തിരിക്കുന്നത്. 

പല തവണ കണ്ടവയാണെങ്കിലും ചടുലമായി കൈകാര്യം ചെയ്തിരിക്കുന്നതിനാലും പ്രധാന കഥാപാത്രങ്ങളുടെ കോമഡി ടൈമിംഗിനാലും ഇവയൊക്കെ തീയറ്ററില്‍ ക്ലിക്കാകുന്നുണ്ട്. ഇടവേളക്ക് ശേഷം കഥ അന്വേഷണവും മറ്റുമൊക്കെയാവുമ്പോഴും ഇഴച്ചില്‍ വരാതെ തിരക്കഥ നീക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുമുണ്ട്. 

കാമ്പസ് അന്തരീക്ഷവും ക്ലൈമാക്സും പറഞ്ഞുപോകുമ്പോള്‍ കുറച്ചു 'ക്ലാസ്മേറ്റ്സും' അവസാനം അല്‍പം 'മണിച്ചിത്രതാഴു'മൊക്കെ പ്രേക്ഷകര്‍ക്ക് ഓര്‍മ വന്നാല്‍ കുറ്റം പറയാനുമാകില്ല. 

ഈ തിരക്കഥ പ്രേക്ഷകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാന്‍ സമയം നല്‍കാതെ ചടുലമായി കൈകാര്യം ചെയ്യാനായതാണ് സംവിധായകന്‍ എന്ന നിലയില്‍ വൈശാഖിന്റെ വിജയം. 'പോക്കിരിരാജ'യിലെ ശുദ്ധ ബോറന്‍ കഥാതന്തുവും കണ്ടിരിക്കാവുന്ന വിധമാക്കിയത് വൈശാഖിന്റെ ഈ കഴിവാണല്ലോ! മഹേഷ് നാരായണന്റെ എഡിറ്റിംഗിനും ഇക്കാര്യത്തില്‍ നന്ദി പറയണം.

എടുത്തു പറയേണ്ട പ്രത്യേകത നാല്‍വര്‍ സംഘം തമ്മിലെ കെമിസ്ട്രിയാണ്. കൂട്ടത്തില്‍ കൈയടി കൂടുതല്‍ നേടിയത് ബിജു മേനോന്റെ ഫിലിപ്പ് ഇടിക്കുളയാണ്. അപാര കോമഡി ടൈമിംഗായിരുന്നു ചിത്രത്തില്‍ ബിജുവിന്റേത്.

 നായക കഥാപാത്രമായിരുന്നെങ്കിലും സ്കോര്‍ ചെയ്യാന്‍ മാത്രമുള്ള രംഗങ്ങള്‍ ജയറാമിന് കിട്ടാതെ പോയി. മനോജ് കെ ജയന്റെ മുന്നയുടെ പഞ്ചാരയടിയും ശ്രദ്ധിക്കപ്പെടും. നാലുപേരില്‍ ടൈമിംഗ് പ്രശ്നങ്ങള്‍ കുറച്ചെങ്കിലുമുള്ളത് കുഞ്ചാക്കോക്കായിരുന്നു. 
മറ്റു കഥാപാത്രങ്ങളില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച തവള തമ്പിയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നുണ്ട്. 

സീനിയേഴ്സിനൊപ്പം മദ്യപിച്ച് തമ്പിയുണ്ടാക്കുന്ന അലമ്പുകള്‍ക്ക് കൈയടി ലഭിക്കുന്നുണ്ട്. കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും അനന്യ, പത്മപ്രിയ, ജഗതി, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങിയവരും അഭിനേതാക്കളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്.

സാങ്കേതിക വിഭാഗങ്ങളില്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കൊള്ളാം. പശ്ചാത്തലത്തിലുള്ള 'തവള', 'അടിയോടടി' തുടങ്ങിയ പ്രയോഗങ്ങളും വ്യത്യസ്തമാണ്. 

മൂന്ന് സംഗീത സംവിധായകര്‍ ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ശ്രവണ സുന്ദരമായ ഒരു ഗാനം പോലുമിലെന്നത് കഷ്ടമാണ്. ജാസി ഗിഫ്റ്റ്, അലക്സ് പോള്‍, അല്‍ഫോണ്‍സ് എന്നിവരാണ് സംഗീതം. രണ്ടു ഗാനരംഗങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യത്തേത് സീനിയേഴ്സ് കോളജില്‍ അടിച്ചു പൊളിക്കുന്ന ഒരു ഗാനം, രണ്ടാമത്തേത് ഐറ്റം ഡാന്‍സ്. 

ചിത്രത്തിന്റെ ആദ്യ പകുതി കഥയില്‍ കാര്യമായ പുരോഗതിയില്ലെങ്കിലും ആഘോഷാന്തരീക്ഷം സൃഷ്ടിക്കാനുള്ളതാണ്. രണ്ടാം പകുതി പഴയ സംഭവങ്ങള്‍ ചികഞ്ഞ് അന്വേഷണത്തിലുടെ കുറ്റവാളിയെ കണ്ടെത്തലും. (സാമാന്യ ബുദ്ധിയുള്ള പ്രേക്ഷകന് കഥയില്‍ അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ കുറ്റവാളിയെ ഊഹിക്കാമെന്നുള്ളത് വേറെ കാര്യം!)

അങ്ങനെ മൊത്തത്തില്‍ വര്‍ണാഭമായ അന്തരീക്ഷത്തില്‍ അധികം യുക്തിയൊന്നും പ്രവര്‍ത്തിപ്പിക്കാതെ അവധിക്കാലത്ത് കണ്ടിരിക്കാവുന്ന ചിത്രമാണ് 'സീനിയേഴ്സ്'. 

-Review by Aashish

seniors review, malayalam film seniors review, malayalam movie seniors, jayaram, kunchacko boban, biju menon, ananya, padmapriya, suraj venjaramoodu, vaishakh, jagathy, sachi sethu, cinemajalakam review

6 comments:

Ramesh said...

appol kandekkam alle?

Rani Hari said...

അവിയല്‍ ആണോ. ഇതൊക്കെ ഹിറ്റ്‌ ആകും തീര്‍ച്ച,

Parameshwar said...

another superhit.
these type of fun filled entertainers are sure shots. dont hesitate to accept it your reviews. You always try to present your ideas , views covered.
thanks for review.

Anonymous said...
This comment has been removed by a blog administrator.
allaboutcinema said...

@everybody..
friends,
pls dont post spoilers or suspense revealing comments.

Sajith said...

boring film

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.