Sunday, May 22, 2011

Raghuvinte swantham rasiya review: നനഞ്ഞ പടക്കമായി രഘുവും റസിയയും



വിലക്കുകളെ വെല്ലുവിളിച്ച് ചിത്രമൊരുക്കാന്‍ കാട്ടുന്ന തന്റേടം ആ ചിത്രത്തിലെ പ്രമേയത്തിലോ അവതരണത്തിലോ കൊണ്ടുവരാനാകുന്നില്ലെന്നതാണ് സമീപകാല വിനയന്‍ ചിത്രങ്ങള്‍ നല്‍കുന്ന പാഠം. ഈ സ്ഥിതിയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'രഘുവിന്റെ സ്വന്തം റസിയ'യിലും. പ്രേമവും തീവ്രവാദവും പോലെ എക്കാലവും സിനിമക്ക് വിഷയമാകുന്ന സംഗതികള്‍ യാതൊരു ഗൃഹപാഠവുമില്ലാതെ തട്ടിക്കൂട്ടിയിരിക്കുകയാണ് ഈ ചിത്രത്തില്‍. 

പണക്കാരിയായ റസിയ (മേഘനാ രാജ്) യെ പ്രേമം സാക്ഷാത്കരിക്കാന്‍ ജോലി തേടി ബാംഗ്ലൂരിലേക്ക് പോകുന്ന അയല്‍ക്കാരന്‍ രഘു (മുരളീകൃഷ്ണ)വിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അത് ഇരുവരുടെയും കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. സ്വാതന്ത്യ്ര സമര സേനാനിയും പണക്കാരനുമായ ബാപ്പു മുസലിയാരുടെ (ചാരു ഹാസന്‍) ചെറുമകളാണ് റസിയ. മുസലിയാരുടെ അടുത്ത സുഹൃത്ത് സ്വാതന്ത്യ്ര സമരസേനാനിയും കഥാകാരനുമായ കുട്ടപ്പന്‍ ഭാഗവതരുടെ (തിലകന്‍) ചെറുമകനാണ് രഘു. 

അടുത്തടുത്ത വീടുകളിലുള്ള ഇവരുടെ പ്രണയം വിവാദമാകുന്നതോടെ റസിയയുടെ പിതാവ് അബൂബക്കറാണ് (സ്ഫടികം ജോര്‍ജ്) രഘുവിനോട് ഒരു അന്തസുള്ള ജോലി കണ്ടെത്തി വന്നാല്‍ മകളെ വിവാഹം കഴിച്ചുനല്‍കാമെന്ന് പറയുന്നത്. പിന്നീട് റസിയ ഭ്രാന്തിയായി തെരുവിലലയുകയാണ്. എങ്ങനെ റസിയ ഭ്രാന്തിയായി? ജോലി തേടി പോയ രഘുവിനെന്തു സംഭവിച്ചു തുടങ്ങിയ കാര്യങ്ങളാണ് രണ്ടാം പകുതിയില്‍. 

തികച്ചും സാധാരണമായൊരു കഥയാണ് ചിത്രത്തിന് വിനയനും അദ്ദേഹത്തിനൊപ്പം തിരക്കഥയൊരുക്കിയ അഡ്വ. മണിലാലും തിരഞ്ഞെടുത്തിരിക്കുന്നത്. ജനപ്രിയ നാടകങ്ങളുടെ ലോകത്ത് നിന്ന് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്ന മണിലാലിന്റെ സംഭാവനകള്‍ പ്രതീക്ഷിച്ചാണ് തീയറ്ററിലെത്തിയതെങ്കിലും 'യക്ഷിയും ഞാനിലും' കണ്ടതില്‍ കവിഞ്ഞ പക്വതയൊന്നും ഈ വിനയന്‍ ചിത്രത്തിലും കാണാനായില്ല. പ്രണയവും തീവ്രവാദവും പോലെ എക്കാലവും സജീവമായി സിനിമയില്‍ ഉപയോഗിക്കാവുന്ന വിഷയങ്ങളെ എങ്ങനെ ബാലിശമായി കൈകാര്യം ചെയ്യാമെന്ന് രഘുവിന്റെ സ്വന്തം റസിയ കാട്ടിത്തരും. 

പതിവ് വിനയന്‍ ചേരുവകള്‍ ഈ ചിത്രത്തിലും ഒഴിവാക്കിയിട്ടില്ല. ബലാല്‍സംഗം ചെയ്യപ്പെടുന്ന നായിക, നായികയുടെ മേനിയഴക്, വികലാംഗ കഥാപാത്രങ്ങള്‍, അതിവൈകാരികത തുടങ്ങിയവ ചേരുംപടി ചേര്‍ത്തിട്ടുണ്ട്. 

എന്നാല്‍ ഈ സംഗതികള്‍ മാന്യമായി ഉള്‍ക്കൊള്ളിച്ച് സാമാന്യം കണ്ടിരിക്കാവുന്ന ചിത്രം എങ്ങനെ ഒരുക്കണമെന്ന് മാത്രം സംവിധായകന്‍ മറന്നു. മുന്‍കാലങ്ങളില്‍ ഇത്തരം നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ് വിനയനെന്നതും ഈയവസരത്തില്‍ ഓര്‍മിക്കണം. സംഭാഷണമാണ് ഏറെ അരോചകം. ആക്ഷേപഹാസ്യവും മറ്റും തീരെ നിലവാരമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തീവ്രവാദവും ഉപദേശവും ഒക്കെയായി അറുപഴഞ്ചന്‍ ആഖ്യാനശൈലി കുറച്ചൊന്നുമല്ല പ്രേക്ഷകരെ മുഷിപ്പിക്കുക. 

രഘുവായി  പുതുമുഖ നായകന്‍ മുരളീ കൃഷ്ണയാണെത്തുന്നത്. ഡയലോഗ് പ്രസന്റേഷനില്‍ ഏറെ മുന്നേറാനുണ്ട് ഈ നായകന്‍. നായിക മേഘന ഗാനരംഗങ്ങളിലും മറ്റും മോശമില്ലാത്ത പ്രകടനമായിരുന്നെങ്കിലും ഭ്രാന്തി വേഷം സാമാന്യം ബോറാക്കി. 'യക്ഷിയും ഞാനും' എന്ന ചിത്രത്തില്‍ നായകനായിരുന്ന ഗൌതമും ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്. ആദ്യ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും ഗൌതം ഏറെ മുന്നേറിയിട്ടുണ്ട്.

സാങ്കേതിക രംഗത്ത് ക്യാമറാമാന്‍ നവാസും എഡിറ്റര്‍ നിഷാദ് യൂസഫും മോശമാക്കിയില്ല.  ആദ്യ ചിത്രമായ 'യക്ഷിയും ഞാനു'മില്‍ ശ്രദ്ധേയ ഗാനങ്ങള്‍ ഒരുക്കിയ സാജന്‍ മാധവ് ഇത്തവണ നല്‍കുന്ന ശരാശരി ഈണങ്ങളാണ്. 

വിലക്കുകള്‍ മൂലം മുന്‍നിര അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും വിട്ടുനിന്നിട്ടും ചിത്രമൊരുക്കാന്‍ കാട്ടിയ സംവിധായകന്റെ തന്റേടം കാണാതെ പോകുന്നില്ല. എങ്കിലും, പുതുതലമുറ ചിത്രങ്ങള്‍ സജീവമായ മലയാള സിനിമാ രംഗത്തെ എല്ലാ അര്‍ഥത്തിലും പിന്നോട്ടടിക്കുന്ന ചിത്രമാണ് 'രഘുവിന്റെ സ്വന്തം റസിയ'. വിനയന്‍ ചിത്രം കണ്ടേ തീരൂ എന്നുള്ളവര്‍ക്ക് മാത്രം തീയറ്ററില്‍ ആസ്വദിക്കാവുന്ന ചിത്രം.

- Review by Aashish

raghuvinte swantham rasiya review, raghuvinte swantham rasiya stills, vinayan, meghana raj, meghna, murali krishna, gautham, thilakan, charu hasan, cinemajalakam review

1 comments:

Ramesh said...

vinayan sarine kondu tottu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.